അനന്തമൂര്‍ത്തിയെ ഞാന്‍ രണ്ടുവട്ടം വിവാഹം ചെയ്തു…!
എഴുത്തുകാരൻ, വിദ്യാഭ്യാസചിന്തകൻ തുടങ്ങി ബഹുമുഖതലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച യു ആർ അനന്തമൂർത്തിയോടൊത്ത് അഞ്ചരദശകങ്ങളോളം നീണ്ട ജീവിതകാലത്തെക്കുറിച്ചുള്ള ഭാര്യ എസ്തറിന്റെ ഓർമ്മകളുടെ സമാഹാരമാണ് അനന്തസ്മൃതി. പുസ്തകത്തിൽ നിന്നും ഒരുഭാഗം വായിക്കാം
നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഞാൻ കേവലം എഴു വയസ്സുകാരി പെൺകുട്ടിയായിരുന്നു. സ്വരാജിനുവേണ്ടിയുള്ള പോരാട്ടം അത്യുച്ചനിലയിലെത്തിയ ദിവസങ്ങളായിരുന്നു അവ. കർഫ്യൂ നിലവിലുണ്ടായിരുന്നു. ഞങ്ങൾക്ക് പുറത്തുപോകാൻ പാടില്ലായിരുന്നു. വീടിനു പുറത്തുള്ള കാഴ്ച്‌ചകൾ കാണണമെന്ന ആഗ്രഹത്താൽ ജനാലമേൽ കയറി പുറത്തേക്ക് നോക്കിയപ്പോൾ കണ്ട വെടിവെപ്പിൻ്റെ ദൃശ്യം എനിക്കിപ്പോഴും ഭയാനകമായ ഓർമ്മയാണ്. തെരുവിലൂടെ നടക്കാൻ സാദ്ധ്യമല്ലാതിരുന്ന ദിനങ്ങളിൽ കുട്ടികളായ ഞങ്ങൾ മുതിർന്നവരുടെ കൈപിടിച്ച് ഓടുമേഞ്ഞ മേൽപ്പുരയിലൂടെ നടന്ന് അയൽവീട്ടിലേക്ക് പോകുമായിരുന്നു. അക്കാലത്ത് കോൺക്രീറ്റ് വീടുകൾ അധികമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ജനം ഇങ്ങനെ ചെയ്യുന്നതെന്ന് ഞാൻ ആശ്ചര്യപ്പെട്ടിരുന്നു. ഇന്ന് ഓർക്കുമ്പോൾ സ്വാതന്ത്ര്യസമരത്തിന്റെ ആ ദിവസങ്ങളിലുണ്ടായിരുന്ന ഭീതിയും ഉത്കണ്ഠയും മനസ്സിലാകുന്നുണ്ട്.
എന്റെ അച്ഛൻ ജി.കെ. ആനന്ദ കെ. എന്നാൽ കൃഷ്‌ണപ്പ എന്നാണ്. എന്റെ മുത്തച്ഛൻ നാരായണപ്പ, മുത്തശ്ശി മീനാക്ഷമ്മ, എന്റെ അമ്മയുടെ പേര് ഫ്രീഡാ. ഞങ്ങൾ ക്രിസ്‌തുമതാനുയായികളാണ്. എന്റെ മുത്തച്ഛൻ്റെ വീട്ടിൽ മരിച്ചുപോയ ഒരു സ്ത്രീയുടെ ഫോട്ടോ കണ്ടിട്ടുണ്ട്. അത് ഞങ്ങളുടെ കുടുംബത്തിലെ പൂർവ്വികരായ സ്ത്രീകളിൽ ഒരാളാണെന്ന് മുതിർന്നവർ പറഞ്ഞിരുന്നത് എനിക്കോർമ്മയുണ്ട്. അത് ഞങ്ങളുടെ കുടുംബം മതം മാറുന്നതിനുമുമ്പുള്ള ഫോട്ടോ ആയിരിക്കണം. എൻ്റെ അച്ഛനും മുത്തച്ഛനുമൊക്കെ അവരുടെ ഹിന്ദുപേരുകൾതന്നെ നിലനിർത്തി. ഞങ്ങൾ പള്ളിയിൽ പോകാറുണ്ട്. ക്രിസ്‌മസ്സും മറ്റും ആചരിക്കാറുണ്ട്. ഞങ്ങളുടേത് വിഗ്രഹാരാധനയുടെ വഴിയല്ലായിരുന്നു.
എന്റെ അച്ഛനമ്മമാർ സ്നേഹിച്ച് വിവാഹം കഴിച്ചതായിരുന്നു. അച്ഛൻ സർവ്വേവകുപ്പിൽ ഉദ്യോഗസ്ഥൻ. അദ്ദേഹത്തിൻ്റെ ശമ്പളം വീട് നടത്തിക്കൊണ്ടുപോകാൻ മതിയാവാതെ വരുമ്പോൾ അമ്മ തയ്യൽപ്പണി ചെയ്ത് സഹായിച്ചു. എന്റെ അമ്മ അത്യന്തം സുന്ദരിയായിരുന്നു. അടുത്തകാലത്ത് മരിക്കുന്നത് വരെയും അവരുടെ ഊഷ്മളമായ മടിത്തട്ടിന്റെ അഭയം എനിക്കുണ്ടായിരുന്നു.
“ഞാൻ ജനിച്ചതും സ്‌കൂളിൽ പഠിച്ചതുമെല്ലാം ബെംഗളൂരുവിലാണ്. മൂന്ന് പെണ്ണും രണ്ടാണും ചേർന്ന അഞ്ചുമക്കളിൽ ഞാൻ രണ്ടാമത്തേതാണ്. ഞങ്ങളുടെ പൂർവ്വികർ മൗലികമായി എവിടുന്നുള്ളവരാണ് എന്ന് എനിക്കറിയില്ല. വാണിവിലാസ് ആസ്പത്രിയുടെ മുമ്പിലുള്ള ഒരു വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. തെരേസാ കോൺവെന്റിൽനിന്നാണ് ഞാൻ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് അച്ഛന് ഹാസനയിലേക്കു സ്ഥലമാറ്റം കിട്ടി. ഞങ്ങളുടെ കുടുംബ ജീവിതത്തിന്റെ വണ്ടി അങ്ങനെ ഹാസനയിലേക്കു പുറപ്പെട്ടു.
ഹാസനയിലെ സെൻ്റ് ഫിലോമിനാസിൽ മിഡിൽ സ്കൂളം ഹൈസ്‌കൂളും പൂർത്തിയാക്കി. പിന്നീട് ഗവൺമെന്റ് ഗേൾസ് കോളേജിൽ പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സിനു ചേർന്നു. ഞങ്ങൾക്ക് ഒരു ഇംഗ്ലീഷദ്ധ്യാപകൻ ഉണ്ടായിരുന്നു. മൈസൂരു സർവ്വകലാ ശാലയിൽനിന്ന് എം.എ. പൂർത്തിയാക്കി ലക്‌ചററായി ചേർന്ന അദ്ദേഹത്തിന്റെ പേര് അനന്തമൂർത്തിയെന്നാണെന്ന് ഞാൻ മനസ്സിലാക്കി എന്തുകൊണ്ടോ ആദ്യനോട്ടത്തിൽത്തന്നെ എനിക്ക് അദ്ദേഹത്തെ ഇഷ്ടമായി. ഒരിക്കൽ കോളേജിൽ ഏതോ ഒരു പരിപാടിയുണ്ടായിരുന്നു. വീട്ടിലേക്ക് മടങ്ങാൻ നേരം വൈകി. എന്നോടൊപ്പം വേറെയും പെൺകുട്ടികൾ ഉണ്ടായിരുന്നു. നേരം സന്ധ്യയാവാറായി. എങ്ങനെ വീട്ടിലേക്ക് മടങ്ങും എന്ന ചിന്തയിലായിരുന്നു ഞങ്ങൾ. അപ്പോൾ അനന്തമൂർത്തിമാഷ് പറഞ്ഞു: “ഞാൻ നിങ്ങളെ കൊണ്ടുവിടാം.” അന്ന് ഇന്നത്തെപ്പോലെ വാഹനങ്ങളൊന്നും ഇല്ലായിരുന്നു. അനന്തമൂർത്തിയുടെ വീട്ടിൽ നിന്ന് ഞങ്ങളുടെ വീട്ടിലേക്ക് വലിയ ദൂരമില്ല. ഞാൻ അദ്ദേഹത്തിന്റെ കൂടെ നടന്നുവന്നത് എൻ്റെ വീട്ടുകാർ അറിഞ്ഞതോടെ അവിടത്തെ സമാധാനം നഷ്ടപ്പെട്ടു. “അങ്ങനെയൊന്നും വരാൻ പാടില്ലായിരുന്നു” എന്ന ഉദ്ബോധനവുമുണ്ടായി.
തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ
കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.