DCBOOKS
Malayalam News Literature Website

ബാലി-സുഗ്രീവന്‍മാരുടെ കഥ പറയുന്ന ‘വാനര’; ആനന്ദ് നീലകണ്ഠന്റെ പുതിയ പുസ്തകമെത്തുന്നു

മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്റെ പുതിയ പുസ്തകമായ വാനര പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു. വാനര ദി ലെജന്റ് ഓഫ് ബാലി, സുഗ്രീവ ആന്‍ഡ് താര എന്ന പുതിയ കൃതിയുടെ കവര്‍ പേജ് പുറത്തിറങ്ങിയിട്ടുണ്ട്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പ്രസിദ്ധീകരിക്കുന്ന നോവല്‍ ദസറയോടനുബന്ധിച്ച് നവംബര്‍ 13-ന് പുറത്തിറങ്ങും.

ഇതിഹാസസന്ദര്‍ഭങ്ങളെയും ചരിത്രകഥകളെയും ഉപജീവിച്ചെഴുതിയ ആനന്ദ് നീലകണ്ഠന്റെ കൃതികള്‍ക്ക് ഇന്ത്യയില്‍ വായനക്കാര്‍ ഏറെയാണ്. അദ്ദേഹത്തിന്റെ അഞ്ചാമത്തെ കൃതിയാണ് വാനര. രാമായണത്തിലെ വീരകഥാപാത്രങ്ങളായ ബാലി, സുഗ്രീവന്‍, ബാലിപത്‌നി താര എന്നിവരിലൂടെയാണ് കഥാഗതി വികസിക്കുന്നത്. നോവലിന്റെ കഥ വായനക്കാരെ ഏറെ ഭ്രമിപ്പിക്കുന്നതാണെന്ന് ആനന്ദ് നീലകണ്ഠന്‍ പറഞ്ഞു.

പുസ്തകപ്രേമികള്‍ വായിച്ചിരിക്കേണ്ട നൂറു പുസ്തകങ്ങളുടെ ഗണത്തിലാണ് ആമസോണ്‍ ആനന്ദ് നീലകണ്ഠന്റെ ആദ്യകൃതിയായ അസുര ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2012-ല്‍ ഏറ്റവുമധികം വില്പന നേടിയ പുസ്തകങ്ങളില്‍ ഈ കൃതിയും ഇടംപിടിച്ചിരുന്നു. അജയ: റോള്‍ ഓഫ് ദി ഡൈസ്, അജയ: റൈസ് ഓഫ് കാളി, ദി റൈസ് ഓഫ് ശിവഗാമി, ഭൂമിജ: സീത, ശാന്ത: ( ദി സ്റ്റോറി ഓഫ് സിസ്റ്റര്‍ ഓഫ് രാമ) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍.

തൃപ്പൂണിത്തുറ സ്വദേശിയായ ആനന്ദ് നീലകണ്ഠന്‍ മുംബൈയിലാണ് താമസം. സ്റ്റാര്‍ പ്ലസ്, സോണി, കളേഴ്‌സ് ഉള്‍പ്പെടെയുള്ള ചാനലുകളില്‍ പുരാണ സീരിയലുകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കുന്ന അദ്ദേഹം ഇപ്പോള്‍ സീരിയല്‍ നിര്‍മ്മാണ രംഗത്തും സജീവമാണ്.

Comments are closed.