ആനന്ദ് നീലകണ്ഠന്റെ ബാഹുബലി സീരീസിലെ മൂന്ന് പുസ്തകങ്ങൾ മലയാളത്തിൽ
ആനന്ദ് നീലകണ്ഠന്റെ ബാഹുബലി സീരീസിലെ മൂന്ന് പുസ്തകങ്ങൾ ഇപ്പോൾ മലയാളത്തിലും. ശിവഗാമിയുടെ ഉദയം, ചതുരംഗം, മഹിഷ്മതിയുടെ റാണി എന്നിങ്ങനെ പേരിട്ടിരിക്കുന്ന പുസ്തകങ്ങൾ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സുരേഷ് എം ജിയുടേതാണ് വിവർത്തനം.
ശിവഗാമിയുടെ ഉദയം മഹിഷ്മതി സമൃദ്ധമായ ഒരു സാമ്രാജ്യമാണ്. പവിത്രമായ ഗൗരീപര്‍വ്വതത്താല്‍ അനുഗ്രഹിക്കപ്പെട്ട മഹിഷ്മതിയുടെ രാജാവ് സോമദേവയോട് കടുത്ത പകയുമായി ജീവിക്കുകയാണ് ശിവഗാമി. രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെട്ട തന്റെ പിതാവിന്റെ മരണത്തിന് പിന്നിലെ രഹസ്യം തേടിയിറങ്ങുന്ന ശിവഗാമി, അധികാരത്തിന്റെയും പ്രതികാരത്തിന്റെയും വഞ്ചനയുടെയും ഗൂഢാലോചനയുടെയും ലോകത്തേക്കാണ് എത്തിപ്പെടുന്നത്. ശക്തമായ ഈ രാജ്യം യഥാര്‍ത്ഥത്തില്‍ ദൃശ്യമാകുന്നതുപോലെ തന്നെയാണോ, അതോ ആരേയും ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ അവിടെ ഒളിഞ്ഞിരിക്കുന്നുണ്ടോ? അനാഥയായ ശിവഗാമി എങ്ങനെയാണ് മഹിഷ്മതി സാമ്രാജ്യത്തിന്റെ അധിപയായി മാറിയത്? മഹിഷ്മതിയുടെ അറിയാക്കഥകള്‍ വായനക്കാരിലേക്കെത്തിക്കുന്ന ബാഹുബലി സീരീസിലെ ഒന്നാമത്തെ പുസ്തകം.
ചതുരംഗം പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിയുകയാണ് ശിവഗാമി. ഭൂമിപതി സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടപ്പോൾ തന്റെ ലക്ഷ്യത്തോട് കൂടുതൽ അടുക്കുവാനുള്ള അവസരമാണതെന്ന് അവൾ മനസ്സിലാക്കുന്നു. എന്നാൽ രാഷ്ട്രീയതന്ത്രങ്ങളുടെ ചതുരംഗക്കളി യിൽ ശത്രുക്കളോട് പൊരുതി ജയിക്കുവാൻ ശിവഗാമിക്ക് കഴിയുമോ? മനസ്സിൽ തോന്നിയ പ്രണയം ലക്ഷ്യത്തിനായി ഉപേക്ഷിക്കേണ്ടി വരുമോ? ശക്തരായ നിരവധി കളിക്കാരുള്ള ഈ ചതുരംഗക്കളിയുടെ അവസാനം മഹിഷ്മതി ആര് ഭരിക്കും? വെളിപ്പെടുത്തലുകൾകൊണ്ട് വായനക്കാരനെ ഞെട്ടിക്കുന്ന ബാഹുബലി സീരീസിലെ രണ്ടാം പുസ്തകം.
മഹിഷ്മതിയുടെ റാണി മഹിഷ്മതി അപകടത്തിലാണ്. രാജ്യത്തിനെതിരേ ശത്രുക്കളെല്ലാം ഒരുമിച്ച് ആക്രമണം അഴിച്ചു വിടുമ്പോള്‍ പ്രതികാരത്തെക്കാള്‍ വലുത് പ്രതിരോധമാണെന്ന് ശിവഗാമി തിരിച്ചറിയുന്നു. നിശ്ചയദാര്‍ഢ്യത്തിന്റെ മുഖങ്ങളായി മാറിയ കട്ടപ്പ മഹാദേവ, ഗുണ്ടു രാമു എന്നിവര്‍ക്കൊപ്പം അവള്‍ ചേരുമ്പോള്‍ ആവേശഭരിതമായ പോരിനാണ് മഹിഷ്മതി സാക്ഷിയാകുന്നത്. റാണിയാകാനുള്ള ശിവഗാമിയുടെ യാത്രയില്‍ എത്ര ദൂരം അവള്‍ക്ക് പോകാനാകും? എന്തൊക്കെ നഷ്ടപ്പെടുത്തേണ്ടി വരും? മഹിഷ്മതിയുടെ അറിയാക്കഥകള്‍ വായനക്കാരിലേക്കെത്തിച്ച ബാഹുബലി സീരീസിലെ മൂന്നാമത്തെയും അവസാനത്തെയും പുസ്തകം.
Comments are closed.