‘ബാഹുബലി’ എന്ന ചലച്ചിത്രം ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട നോവലുകൾ
ആനന്ദ് നീലകണ്ഠന്റെ ബാഹുബലി സീരീസിലെ പുസ്തകങ്ങൾക്ക് ശ്രീശോഭിന്‍ പി ഡി എഴുതിയ വായനാനുഭവം
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കിയ രാജമൗലിയുടെ വാക്കുകൾ ആവർത്തിച്ചാൽ ബാഹുബലി സൃഷ്ടിച്ചപ്പോൾ വർ ഒരു ധർമ്മ സങ്കടത്തിലായിരുന്നുവത്രെ. മഹിഷ്മതിയുടെ കഥാലോകം വളർന്നുകൊണ്ടിരുന്നുവെന്നും മഹിഷ്മതിയുടെ കഥകൾ ഒരു സിനിമയുടെ എന്നല്ല, രണ്ട് ഭാഗങ്ങളുള്ള സിനിമയിൽ പോലും ഉൾക്കൊള്ളിക്കുവാൻ കഴിയുമായിരുന്നില്ല എന്നുമാണ്.
ആ കഥയിൽ നിന്ന് ഉയർന്നുവന്ന ആകർഷകമായ കഥാലോകത്തെ ഉപേക്ഷിക്കുവാനും അവർക്ക് ആകുമായിരുന്നില്ല. അങ്ങനെ ആണ് ബാഹുബലി 1, 2 സിനിമകൾക്കും മുൻപ് നടന്ന കഥകളെ മൂന്ന് ഭാഗങ്ങളായി ‘ശിവഗാമിയുടെ ഉദയം, ചതുരംഗം, മഹിഷ്മതിയുടെ റാണി’ എന്നിങ്ങനെ മൂന്ന് പുസ്തകങ്ങൾ ആക്കിയത്.
രാജ്യദ്രോഹം ചുമത്തപ്പെട്ടു വധിക്കപ്പെട്ട ഒരു ഭൂമിപതിയുടെ മകളായ ശിവഗാമിയുടെ അനാഥാലയത്തിൽ നിന്നും അധികാരത്തിലേക്കുള്ള വളർച്ചയാണ് ശിവഗാമിയുടെ ഉദയം എന്ന ആദ്യ നോവൽ.
ഉദ്വേഗജനകമായ ഒരുപാട് രംഗങ്ങളുള്ളതാണു ഈ കഥ. ബിജ്ജാല ദേവന്റെ അച്ഛനായ സോമദേവ ഭരിക്കുന്ന കാലത്താണ് ഈ കഥ നടക്കുന്നത്. ഭൂരിഭാഗം കഥാപാത്രങ്ങളെയും നമുക്ക് പരിചയം കാണില്ല എന്ന് അറിയാവുന്നത് കൊണ്ട് ആകും നോവലിന്റെ തുടക്കത്തിലെ മൂന്നാലു പേജുകൾ കഥാപാത്രങ്ങളുടെ ചുരുക്കത്തിലുള്ള പരിചയപ്പെടുത്തലിനു വേണ്ടി മാറ്റി വച്ചിട്ടുണ്ട്. നമ്മളിൽ ഭൂരിഭാഗം പേർക്കും പരിചയമുള്ള കഥാപാത്രങ്ങൾ ആയി ബിജ്ജാല, കട്ടപ്പ, ശിവഗാമി എന്നിങ്ങനെ വിരലിലെണ്ണാവുന്നവർ മാത്രമേ ഈ നോവലിലുള്ളൂ എന്നത് കൊണ്ട് ആകാം ഈ നല്ല തീരുമാനം.
ചതിയും വഞ്ചനയും നിറഞ്ഞ മഹിഷ്മതി സാമ്രാജ്യത്തിൽ രാജ്യദ്രോഹികളും അധികാര മോഹികളും ചെയ്യുന്ന സ്വാർത്ഥതയും ചതി പ്രയോഗങ്ങളും നമുക്കു മുന്നിൽ വെളിവാക്കുന്നുണ്ട് ഈ നോവൽ. ആ കാലഘട്ടത്തിലെ മഹിഷ്മതി സാമ്രാജ്യത്തിന്റെയും ചുറ്റുപാടുമുള്ള ഗൗരീ പർവ്വതത്തിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന കഥയാണ് ഈ പുസ്തകത്തിൽ പ്രധാനമായും പറയുന്നത്.
‘ശിവഗാമിയുടെ ഉദയം’ എന്ന ഒന്നാം ഭാഗത്തിന്റെ തുടർച്ചയാണ് ‘ചതുരംഗം’. ശിവഗാമിയുടെ അച്ഛൻ ദേവരായ എന്ന പ്രഗത്ഭനായ രാജ സേവകന്റെ ചിത്രവധം എങ്ങനെ ആയിരുന്നു എന്നും കുഞ്ഞു ശിവഗാമിയുടെ നഷ്ടം എത്ര വലുതായിരുന്നു എന്നും എന്തു കൊണ്ട് അവൾക്ക് മഹിഷ്മതി സാമ്രാജ്യത്തോട് ഇത്ര വെറുപ്പ് വന്നു എന്നുമെല്ലാം ഈ പുസ്തകം പറഞ്ഞു തരുന്നു.
‘ശിവഗാമിയുടെ ഉദയത്തി’നും ‘ചതുരംഗ’ത്തിനും ശേഷമുള്ള മൂന്നാമത്തെയും അവസാനത്തെയും പുസ്തകമാണ് ‘മഹിഷ്മതിയുടെ റാണി’. മഹിഷ്മതി വലിയൊരു അപകടത്തിലാണ്. ശത്രുക്കളെല്ലാം ഒരുമിച്ച് രാജ്യത്തിനെതിരേ ആക്രമണം അഴിച്ചു വിടുമ്പോൾ മഹാരാജാവ് സോമദേവ ചതിയിൽ പെട്ട് പരാജയപ്പെടുമ്പോൾ… ബിജ്ജാല ദേവ സ്വാർത്ഥ താല്പര്യങ്ങൾക്കായി ചതിയ്ക്കുമ്പോൾ… മഹാദേവ പോലും രാജധർമ്മത്തെക്കാൾ സത്യവും നീതിയും പിന്തുടരുമ്പോൾ മുഴുവൻ ഉത്തരവാദിത്വങ്ങളും ശിവകാമിയിൽ നിക്ഷിപ്തമാകുന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ പ്രതികാരത്തെക്കാൾ വലുത് പ്രതിരോധമാണെന്ന് ശിവഗാമി തിരിച്ചറിയുന്നു.
എന്നെന്നും വിശ്വസ്തനും വീര പരാക്രമിയുമായ കട്ടപ്പ, ശിവഗാമിയ്ക്ക് വേണ്ടി എന്തിനും തയ്യാറായ ഗുണ്ടു രാമു എന്നിവർക്കും കടൽക്കൊള്ളക്കാരനെങ്കിലും ഒട്ടേറെ കഴിവുകളുള്ള ജീമോതയുടെയും ഒപ്പം നേരിന്റെയും നന്മയുടെയും മുഖമായ വിക്രമ ദേവ മഹാദേവയും ശിവഗാമിയോട് കൂടി അണി ചേരുമ്പോൾ ആവേശഭരിതമായ പോരിനാണ് മഹിഷ്മതി സാക്ഷിയാകുന്നത്. ഗൗരീ പർവ്വതത്തിലും ആഴക്കടലിലും കൊട്ടാരത്തിലുമെല്ലാമായി നടക്കുന്ന ഗംഭീരമായ യുദ്ധ വിവരണങ്ങളാൽ സമ്പന്നമാണ് ഈ മൂന്നാം ഭാഗം. ഗരുഡ പക്ഷികളുടെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമെല്ലാം വായനക്കാരെ മുൾമുനയിൽ നിർത്തുമെന്ന് തീർച്ച. മഹിഷ്മതി സാമ്രാജ്യത്തെ വിറപ്പിച്ച വിസ്മയ ഭരിതമായ, കേട്ടു കേൾവി പോലും ഇല്ലാത്ത അനേകം യുദ്ധങ്ങളുടെയും തന്ത്രങ്ങളുടെയും കഥ പറയുന്ന ബാഹുബലി സീരീസിലെ മൂന്നാമത്തെയും അവസാനത്തെ പുസ്തകം ആണ് ‘മഹിഷ്മതിയുടെ റാണി’.
ഈ പുസ്തകത്തിന്റെ അവസാനത്തിൽ നിന്നാണ് ബാഹുബലി എന്ന ബ്രഹ്മാണ്ഠ ചലച്ചിത്രം ആരംഭിയ്ക്കുന്നത് തന്നെ. ബാഹുബലി എന്ന ചിത്രത്തെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിയ്ക്കേണ്ടവയാണ് ഈ മൂന്നു പുസ്തകങ്ങളും.
Comments are closed.