DCBOOKS
Malayalam News Literature Website

ഭാരതീയര്‍ ഇതിഹാസങ്ങളേയും പുരാണങ്ങളേയും അന്ധമായി വിശ്വസിക്കുന്നു: ആനന്ദ് നീലകണ്ഠന്‍

ഇതിഹാസങ്ങളിലും പുരാണങ്ങളിലും എഴുതിവച്ചിരിക്കുന്നതിനെ ഭാരതീയര്‍ അന്ധമായി വിശ്വസിച്ചുപോരുകയാണെന്ന് എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍. സ്വന്തം യുക്തിക്കനുസരിച്ച് ഉപദേശങ്ങളെ തള്ളുകയോ കൊള്ളുകയോ ചെയ്യണമെന്ന് കൃഷ്ണന്‍ അര്‍ജ്ജുനന് ഉപദേശം നല്‍കിയത് ഭാരതീയര്‍ ശ്രദ്ധിക്കുന്നതേയില്ല. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിനത്തില്‍ ഇന്റലക്ച്വല്‍ ഹാളില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ആനന്ദ് നീലകണ്ഠന്‍.

കാലഘട്ടത്തിന് നിരക്കുന്ന ആദര്‍ശങ്ങള്‍ക്കും ആശയങ്ങള്‍ക്കും ജീവന്‍ നല്‍കേണ്ടുന്നതിന് പകരം ഭാരതീയര്‍ ഇപ്പോഴും അഹിംസ, ആത്മസാക്ഷാത്കാരം തുടങ്ങിയ പദങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.സമൂഹത്തിന് ഒരു വിധത്തിലും ഗുണകരമാകാത്ത ചിട്ടകളും ശീലങ്ങളുമാണ് ഹിന്ദുമതത്തിലും ഭാരതജന്യമായ മറ്റ് മതങ്ങളിലും ഇപ്പോഴുമുള്ളത്. ഒന്നിനേയും നോവിക്കാതെ ദിഗംബരന്മാരായി നടക്കുന്ന ജൈനസാധുക്കളുടെ ജീവിതശൈലി ഇതിന് ഉദാഹരണമാണ്. ഇത്തരം ശൈലികളെയാണ് ഭാരതീയപൈതൃകമെന്ന് വിശേഷിപ്പിക്കുന്നതെങ്കില്‍, ആ പൈതൃകത്തിന്റെ അവകാശിയാകാന്‍ താനില്ലെന്ന് ആനന്ദ് നീലകണ്ഠന്‍ പറഞ്ഞു.

സമ്പന്നമായ പൈതൃകങ്ങളുടെയും സങ്കല്‍പ്പങ്ങളുടെയും ബിംബങ്ങളുടെയും യഥാര്‍ത്ഥസത്തകളെ ഉള്‍ക്കൊള്ളുന്നതിന് പകരം ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറി, പരമശിവന്റെ ലേസര്‍ നേത്രങ്ങള്‍ തുടങ്ങിയ വിഡ്ഢിത്തങ്ങളിലാണ് ഭാരതീയര്‍ ഊറ്റം കൊള്ളുന്നത്.

ഹിന്ദുത്വം എന്നത് അടിസ്ഥാനപരമായി ഗോത്രവര്‍ഗ്ഗവിശ്വാസങ്ങളുടെ ആകെത്തുകയാണെന്ന് പറഞ്ഞ ആനന്ദ് നീലകണ്ഠന്‍, ദാര്‍ശനികമായ ഒട്ടേറെ ഔന്നത്യങ്ങള്‍ ഹിന്ദുമതത്തിന് അവകാശപ്പെടാനുണ്ടെങ്കിലും ആധുനികമനുഷ്യജീവിതത്തിന് പ്രായോഗികമാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ ഹിന്ദുമതത്തിന് ഫലപ്രദമായി ഇടപെടാനാകുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. ആധുനികമനുഷ്യന് മനസ്സിലാകുന്ന തരത്തില്‍ ഹിന്ദുത്വത്തെ ലളിതവത്ക്കരിക്കാനുള്ള ശ്രമമെന്ന നിലയിലാണ് അദ്വൈതസിദ്ധാന്തക്കാരായിരുന്നിട്ടും, ശങ്കരാചാര്യരും ശ്രീനാരായണഗുരുവും ക്ഷേത്രങ്ങള്‍ സ്ഥാപിച്ചതും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചതും. സാധാരണമനുഷ്യന് എളുപ്പം ദഹിക്കാത്ത അദ്വൈതവേദാന്തദര്‍ശനങ്ങളില്‍ നിന്ന് താഴേക്കിറങ്ങിവന്നവര്‍ രൂപം നല്‍കിയ ഭക്തിപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടെയാണ് ഹിന്ദുത്വം ഒരു മതമായി മാറിയത്.

ആധുനികമായ ഭൂരിപക്ഷം കണ്ടുപിടുത്തങ്ങളും പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സംഭാവനയാണ്. ആനന്ദ് നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. ആ കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നില്‍ ഭാരതത്തിന്റെയോ ചൈനയുടെയോ ദര്‍ശനങ്ങളും പൈതൃകങ്ങളുമായി വിദൂരബന്ധം ചിലപ്പോള്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. ആധുനികകാലത്തിന് ചേര്‍ന്ന സങ്കല്‍പ്പങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിന് പകരം ഭാരതീയര്‍ തങ്ങളുടെ പഴമകളില്‍ അഭിരമിക്കുകയാണ്. പടിഞ്ഞാറന്‍ ആശയങ്ങളുടെ വിജയത്തിന് മുന്നില്‍ സ്വന്തം അരക്ഷിതബോധം മൂലം ഇന്ത്യക്കാര്‍ വിഡ്ഢിത്തങ്ങള്‍ നിറഞ്ഞ തങ്ങളുടെ പഴമ വിളമ്പുകയാണ്.

ഭാരതത്തിലെ ഋഷിമാരൊന്നും മനുഷ്യകുലത്തിന് ഉപകാരപ്രദമായ ഒന്നും കണ്ടുപിടിച്ചിട്ടില്ല. പകരം സര്‍വ്വവിനാശകരമായ ആണവായുധങ്ങളാണ് അവര്‍ ബ്രഹ്മാസ്ത്രങ്ങളുടെ രൂപത്തില്‍ കണ്ടുപിടിച്ചത്. ശാസ്ത്രം എന്നത് സാര്‍വ്വദേശീയമാണ്. റഷ്യന്‍ സയന്‍സ്, അമേരിക്കന്‍ സയന്‍സ് എന്ന് ശാസ്ത്രത്തെ വേര്‍തിരിക്കാനാകില്ല. ഇന്ത്യയില്‍ നിന്ന് നോബല്‍ സമ്മാനം നേടിയവരുടെ എണ്ണം കുറവായിരിക്കുന്നതിന്റെ കാരണം, കാലത്തിനൊത്ത് ചിന്തിക്കാതിരുന്നതുമൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ പുസ്തകങ്ങളെയും രചനാരീതികളെയും കുറിച്ചും ആനന്ദ് നീലകണ്ഠന്‍ സദസ്സുമായി സംവദിച്ചു.ആനന്ദ് നീലകണ്ഠന്റെ പുസ്തകങ്ങളെ അധികരിച്ചുള്ള ചോദ്യങ്ങള്‍ക്ക് സദസ്സില്‍ നിന്ന് ശരിയുത്തരം പറഞ്ഞ കുട്ടികള്‍ക്ക്, അദ്ദേഹത്തിന്റെ കൈയ്യൊപ്പിട്ട പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.

Comments are closed.