DCBOOKS
Malayalam News Literature Website

ജീവിതം, നാടകം, അനുഭവം; എന്‍. ശശിധരനുമായുള്ള അഭിമുഖസംഭാഷണം

അഭിമുഖം തയ്യാറാക്കിയത്:ഇ.പി രാജഗോപാലന്‍

“എത്രയോ മണിക്കൂറുകള്‍ എന്‍. ശശിധരനുമായി സംസാരിച്ചിട്ടുണ്ട്. 1995 മുതല്‍. പല സ്ഥലങ്ങളില്‍വെച്ച്, ഒന്നിനുമായിട്ടല്ലാതെ ചിലപ്പോള്‍ ചില കാര്യങ്ങളെക്കുറിച്ച് മാത്രമായും. കൂട്ടായി ആലോചിച്ച കാര്യങ്ങള്‍ നടപ്പിലായിട്ടുണ്ട്. അലസിപ്പോയ ആലോചനകള്‍ ഏറെയില്ല എന്നും തോന്നുന്നു. പഴയ തലശ്ശേരി യാത്രകള്‍ ശശിധരന്‍ മാഷ്‌ക്ക് അനിവാര്യമായ പങ്കാളിത്തമുള്ള കൂട്ടായ്മകള്‍ക്കു ചെവി കൊടുക്കാനാണ്. മൊബൈല്‍ ഫോണ്‍ വന്നതോടെ സംസാരിക്കുവാനുള്ള സാധ്യതകള്‍ ഏറി. നേരില്‍ കാണാതിരിക്കാനും. അതോടെ തങ്ങളുടെ ‘വര്‍ത്തമാന സൗഹൃദം’ വല്ലാതെ നേര്‍ത്തുപോവുകയാണുണ്ടായത്. ”കാര്യത്തിനായി വിളിക്കുന്നവരായി” ഇരുവരും സ്വയമാഗ്രഹിക്കാതെ മാറിപ്പോയി.

ഇപ്പോള്‍ ‘പച്ചക്കുതിര’യ്ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ ആ തകരാറ് കുറച്ചെങ്കിലും പരിഹരിക്കപ്പെടുകയാണ്. വായനയുടെയും എഴുത്തിന്റെയും സൗഹൃദത്തിന്റെയും കുടുംബത്തിന്റെയും രാഷ്ട്രീയത്തിന്റെയും ശരീരത്തിന്റെയും മറ്റും മറ്റും വിഷയങ്ങളിലൂടെയാണ് ഈ സംഭാഷണം കടന്നുപോവുന്നത്.

ഇ. പി. രാജഗോപാലന്‍: ഞങ്ങള്‍ ചങ്ങാതിമാര്‍ ജന്മഗ്രാമത്തിന്റെ പേരുചേര്‍ത്ത് മാഷെ ‘എന്‍. എസ്. കുറ്റിയാട്ടൂരെ’ന്ന് തമാശയ്ക്ക് വിളിക്കാറുണ്ട്. ആ വിളി രസിക്കാറുണ്ടോ?

എന്‍. ശശിധരന്‍: കൗതുകം തോന്നാറുണ്ട്. ആ പേരില്‍ കൗമാരകാലത്ത്, കണ്ണൂരില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ദേശമിത്ര’ത്തില്‍ കവിതകള്‍ എഴുതിയിട്ടുണ്ട്. എങ്കിലും ‘എന്‍. എസ്. കുറ്റിയാട്ടൂര്‍’ ഉപേക്ഷിച്ച് എന്‍. ശശിധരനായത് നന്നായി എന്നും തോന്നാറുണ്ട് (ജന്മദേശത്തോടുള്ള വിരോധംകൊണ്ടല്ല). ഒരാള്‍ പിറന്നുവീഴുന്ന ദേശം അയാളുടെ സ്വത്വത്തെ എങ്ങനെ നിര്‍ണ്ണയിക്കുന്നുവെന്ന് കാലംചെല്ലുമ്പോള്‍ മാത്രമേ നമുക്ക് മനസ്സിലാവൂ. എന്റെ പ്രകൃതത്തിന്റെ നിര്‍മ്മിതിയില്‍ കുറ്റിയാട്ടൂര്‍ വലിയ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നു തിരിച്ചറിഞ്ഞിട്ട് അധിക കാലമായില്ല. അനുകൂല ഘടകങ്ങള്‍ പെട്ടെന്നു തിരിച്ചറിയാന്‍ കഴിയില്ലെങ്കിലും എന്റെ പരിമിതികള്‍ക്കു പിന്നിലെ പ്രഭവങ്ങള്‍ കണ്ടെത്താനാവുന്നുണ്ട്. എങ്കിലും, ജന്മനാടിനെ ഞാന്‍ സ്‌നേഹിക്കുന്നു. നടന്‍ മുരളി അവസാനകാലത്ത് എന്നെ ‘കുറ്റിയാട്ടൂരേ…’ എന്നു മാത്രമേ വിളിച്ചിരുന്നുള്ളൂ. ആ വിളിയിലെ സ്‌നേഹവും ആര്‍ദ്രതയും ഇപ്പോഴും കാതിലുണ്ട്.

മാഷ് കുറെക്കാലം കുടുംബസമേതം കാസര്‍ഗോഡിന്റെ കിഴക്കന്‍ ദിക്കുകളിലൊന്നായ കാടക (കാറഡുക്ക)ത്തായിരുന്നു. ഇപ്പോള്‍ വല്ലപ്പോഴും കാടകത്തേക്കു പോകുമ്പോള്‍ എന്താണ് തോന്നാറ്?

കാടകം എന്റെ മറ്റൊരു ജന്മദേശമാണ്. കുടുംബജീവിതവും എഴുത്തുജീവിതവും ആരംഭിച്ചത് അവിടെയാണ്. കാടകത്തെ പ്രകൃതിയുടെയും മനുഷ്യരുടെയും അസംസ്‌കൃത സ്വഭാവമാവണം പുസ്തകങ്ങളെക്കാള്‍ കൂടുതലായി എന്നെ എഴുത്തിലേക്കു നയിച്ചിട്ടുണ്ടാവുക. നാടകം എന്ന സാഹിത്യരൂപം എന്റെ പ്രധാന മാധ്യമമായി തിരഞ്ഞെടുക്കാനുള്ള കാരണവും കാടകംതന്നെ. ഏതാണ്ട് ഒരു വ്യാഴവട്ടക്കാലത്തെ താമസത്തിനിടയില്‍ കൊടിയ സംഘര്‍ഷങ്ങള്‍ക്കിടയിലും ഒരു മനുഷ്യവിരോധിയാവാതെ വരുംകാലങ്ങളിലേക്ക് എന്നെ ബാക്കിനിര്‍ത്തിയതും ആ മണ്ണിന്റെ ഊര്‍ജ്ജമാണെന്നു പറയാം. ഏത് വ്യസനത്തെയും സാന്ത്വനിപ്പിക്കുന്ന ഏത് പ്രതിസന്ധിയെയും അതിജീവിക്കാന്‍ പ്രേരിപ്പിക്കുന്ന സാത്വികമായ നിര്‍മമത എന്നിലേക്കു കാടകം പക
ര്‍ന്നു. മുപ്പതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാന്‍ കാടകം വിട്ടുപോന്നിട്ട്. ആദ്യമൊക്കെ മാസത്തിലൊരിക്കല്‍… ഇപ്പോള്‍ വല്ലപ്പോഴുമൊരിക്കല്‍, ഇങ്ങനെയായിത്തീര്‍ന്നിട്ടുണ്ട് കാടകത്തേക്കുള്ള എന്റെ യാത്രകള്‍. ആ യാത്രകള്‍ക്കുശേഷം ഞാനനുഭവിക്കുന്ന ഗൃഹാതുരതയും നഷ്ടബോധവും വല്ലപ്പോഴും കുറ്റിയാട്ടൂരിലേക്കു പോകുമ്പോള്‍പോലും ഉണ്ടാകാറില്ല. കാടകത്തിന്റെ പിറക്കാതെപോയ മകനാണ് ഞാന്‍.

മുപ്പതിലേറെ കൊല്ലമായി മാഷ് താമസിക്കുന്ന തലശ്ശേരിക്ക് അറിവിന്റെയും വിനിമയത്തിന്റെയും സജീവവും നിരന്തരവുമായ ചരിത്രമുണ്ട്. മാഷുടെ വീടുള്ള കാവുംഭാഗം എന്ന നഗരപ്രാന്തം ഒരു തരത്തില്‍ കാല്പനികമായ സ്ഥലമാണ്. പുഴ, വെള്ളക്കെട്ട്, വെളിച്ചം, കാറ്റ്, നീര്‍പ്പക്ഷികള്‍, കുറുകിയ മരങ്ങള്‍, ചെറുതോണികള്‍, മീന്‍പിടിത്തം, പാലം, റെയില്‍പ്പാളം എന്നിവ ഈ പ്രകൃതിയോടു ചേര്‍ന്നുനില്‍ക്കുന്നതായാണ് തോന്നാറ്. ഈ വിവരണം യുക്തിസഹമാണോ? തലശ്ശേരി പ്രചോദനം തരുന്ന ഒന്നാണോ?

ഒരു ദേശത്തിന്റെ ചരിത്രം, സംസ്‌കാരം, ഭൂപ്രകൃതി എന്നിവയാല്‍ ഒരു മനുഷ്യനും ഒരു ദേശത്തെ ജൈവികമായി ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. കഴിഞ്ഞ മൂന്നു ദശകങ്ങള്‍ക്കിടയില്‍ തലശ്ശേരി വല്ലാതെ മാറിയിട്ടുണ്ട്. സാംസ്‌കാരികമായ പാരമ്പര്യവും ഭൂമിശാസ്ത്രപരമായ കാല്പനികതയും നിലനില്‍ക്കെത്തന്നെ മനുഷ്യര്‍ക്കിടയില്‍ പല തലങ്ങളിലായി മതിലുകള്‍ ഉയരുന്നതു കാണാതിരിക്കാനാവില്ല. ഗ്രാമീണമായ നന്മകള്‍ വലിയൊര
ളവില്‍ ഇപ്പോഴും സൂക്ഷിക്കുന്ന സാധാരണ മനുഷ്യര്‍ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ വിഘടിക്കപ്പെടുന്നതു കാണുമ്പോള്‍ വേദന തോന്നാറുണ്ട്.

‘Personal is Political’ എന്ന പറച്ചിലിനെ മാഷ് എങ്ങനെ നോക്കിക്കാണുന്നു?

രാഷ്ട്രീയമെന്നത് ഒരാള്‍ ലോകത്തെ കാണുന്ന രീതിയാണ്. അഥവാ അയാളുടെ കാഴ്ചപ്പാടാണ്. ആ നിലയ്ക്ക് വ്യക്തിപരം എന്നു പറയാവുന്ന എല്ലാ അനുഭവങ്ങളും പൊളിറ്റിക്കലാണ്. നമ്മുടെ കാലത്ത് ആ

ഗോളതലത്തില്‍ മനുഷ്യര്‍ നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികളും വ്യക്തിയും അയാളുള്‍പ്പെട്ട സമൂഹവും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍നിന്ന് ഉളവാകുന്നതാണ്. അതാകട്ടെ അധികാരഘടനകളുടെ പലവിധ സമ്മര്‍ദ്ദങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്നതുമാണ്. അതിനാല്‍ ഏറ്റവും അടിത്തട്ടിലെ മനുഷ്യരുടെ സ്വകാര്യദുഃഖങ്ങള്‍പോലും രാഷ്ട്രീയമാനങ്ങള്‍ നേടുന്ന ഒരവസ്ഥയുണ്ട്. ദുരധികാരത്തിനെതിരേയുള്ള പ്രതിരോധത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം പരിഗണനയില്‍ വരേണ്ടത് ഇതാണെന്ന് തോന്നുന്നു.

സൗഹൃദം, തുറസ്സ്, മാനവികത തുടങ്ങിയവയാണ് മാഷുടെ കുടുംബബന്ധങ്ങളില്‍ തെളിയുന്ന മൂല്യങ്ങളെന്ന് എനിക്കു തോന്നുന്നു. കേരളത്തിലെ കുടുംബങ്ങള്‍ പൊതുവേ ഇപ്പോഴും ‘Premodern’ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നവയാണ് എന്നും തോന്നുന്നു. ഈ രണ്ടു കാര്യങ്ങളെപ്പറ്റിയും പറയാമോ?

ചോദ്യത്തിന്റെ ആദ്യഭാഗത്തെ സൈദ്ധാന്തികമായി മാത്രമേ എനിക്ക് അംഗീകരിക്കാന്‍ പറ്റൂ. സൗഹൃദം, തുറസ്സ്, മാനവികത എന്നിവയിലൂന്നുന്ന ഒരു കുടുംബാന്തരീക്ഷം സ്വായത്തമാക്കാന്‍ ഞാന്‍ ബോധപൂര്‍വ്വം ഒരു ശ്രമവും നടത്തിയിട്ടില്ല. ഒരു സാധാരണ നെയ്ത്തുതൊഴിലാളിയും കമ്മ്യൂണിസ്റ്റുമായിരുന്ന എന്റെ അച്ഛന്‍ ജന്മനാട്ടില്‍ നടത്തിയ സാമൂഹികമായ ഇടപെടലുകളുടെയും മാനവികതയുടെയും ഭാഗമായി പകര്‍ന്നുകിട്ടിയതാവണം ഈ ഗൃഹാന്തരീക്ഷം. ജാതി-മത-പ്രായ-ലിംഗഭേദമന്യേ മനുഷ്യരുമായി സമഭാവനയില്‍ പെരുമാറുന്നതിനും അവരുടെ വ്യക്തിജീവിതങ്ങളില്‍ തുണയായി നില്‍ക്കുന്നതിനുമുള്ള അസാമാന്യമായ ഒരു ശേഷി നിരക്ഷരനായ ആ മനുഷ്യന് ഉണ്ടായിരുന്നു. പിന്നീട് പാര്‍ട്ടിപ്രവര്‍ത്തനത്തിനിടയിലാണ് അദ്ദേഹം സാക്ഷരനായത്. അച്ഛന്റെ നെയ്ത്തുപുരയിലെ തൊഴിലാളികളുമായി അദ്ദേഹം പുലര്‍ത്തിയ ആത്മബന്ധം അധ്യാപികയായ അമ്മയ്‌ക്കോ ഞങ്ങള്‍ കുട്ടികള്‍ക്കോ അന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, അച്ഛന്റെ രാഷ്ട്രീയനിഷ്ഠകൊണ്ടാവണം എന്റെ ബാല്യം കഴിയുന്നതിനുമുമ്പേ, രാജഗോപാലന്‍ പറഞ്ഞതുപോലുള്ള ഒരന്തരീക്ഷം വീട്ടിലുണ്ടായി. അത് എന്നിലൂടെ, എന്റെ മക്കളിലൂടെ മറ്റൊരു വഴിയില്‍ ഇപ്പോഴും തുടരുന്നുണ്ടാവാം.

മലയാളികുടുംബങ്ങള്‍ ഇപ്പോഴും വലിയൊരളവില്‍ ‘Premodern’ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നു എന്ന നിരീക്ഷണം നൂറു ശതമാനം ശരിയാണ്. നവോത്ഥാനം നമ്മുടെ രാഷ്ട്രീയ അജണ്ടയായിരുന്നെങ്കിലും അതൊരു ജനകീയ അജണ്ടയായി മാറ്റുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു എന്നു തോന്നുന്നു. കേസരി ബാലകൃഷ്ണപിള്ള ദീര്‍ഘദര്‍ശനം ചെയ്ത മലയാളിയുടെ കാല്പനികസ്വഭാവം, വരേണ്യസംസ്‌കൃതിയുമായി സ്വയം ബന്ധപ്പെടുത്താന്‍ എക്കാലത്തും വ്യഗ്രത കാട്ടിയിരുന്നു. അടിത്തട്ടിലെ വൈരുദ്ധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതിനും അവയ്ക്ക് ക്രിയാത്മകമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിലും കേരളത്തിലെ ഇടതുപക്ഷം പരാജയപ്പെട്ടു എന്ന് പറയാതെവയ്യ. ‘മീശ’ നോവലിന്റെ കാര്യത്തിലും ശബരിമലപ്രവേശനത്തിലും വിശ്വാസവെല്ലുവിളികള്‍ കണ്ടെത്തി മനുഷ്യര്‍ തെരുവിലിറങ്ങിയ ആഭാസകരമായ കാഴ്ച, തച്ചുടയ്ക്കപ്പെടേണ്ട ‘Premodern’ മൂല്യങ്ങളെക്കുറിച്ചുള്ള പുനരാലോചനകളിലേക്കു വഴിതെളിക്കേണ്ടതാണ്…”

തുടര്‍ന്നു വായിക്കാം

എന്‍.ശശിധരന്‍ ഇ.പി രാജഗോപാലനുമായി നടത്തിയ അഭിമുഖസംഭാഷണത്തിന്റെ പൂര്‍ണ്ണരൂപം ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

Comments are closed.