‘ഞാന്‍ ജീവിതങ്ങളിലേക്ക് ഒളിഞ്ഞുനോക്കുന്നു’
പുതിയ കഥാകൃത്തുക്കളില്‍ പ്രമുഖനായ ഫ്രാന്‍സിസ് നൊറോണ കാതുസൂത്രം എന്ന പുതിയ കഥാസമാഹാരത്തെ മുന്‍നിര്‍ത്തി തന്റെ എഴുത്തു ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. ഫ്രാന്‍സിസ് നൊറോണയുമായി രാജശ്രീ നിലമ്പൂര്‍ നടത്തിയ അഭിമുഖം.
തഴപ്പായ നെയ്യുംപോലെ ഓരോ ഓലയും ചേര്‍ത്ത് വിടര്‍ന്നുവരുന്ന കഥകള്‍. ഇടയിലെവിടെയൊക്കെയോ ഒളിപ്പിച്ചുവെച്ച മുള്ളുകള്‍ കൊള്ളുമ്പോള്‍ വായിക്കുന്നവരുടെ നെഞ്ചു പിടയും. പുസ്തകമടച്ചുവച്ചാലും കുഞ്ഞാടും തൊട്ടപ്പനും മാഗിയും നടാലിയയും നീറ്റലാകും. കുട്ടികള്‍ ആഖ്യാതാക്കളാകുന്നവ, മരണശേഷം കഥ പൂരിപ്പിക്കാന്‍ യേശുദേവനായും മനുഷ്യനായും തുടരുന്നവ, രക്തസാക്ഷിത്വത്തിന്റെ പിന്നാമ്പുറങ്ങള്‍, അരമനകളിലെ ചൂഷണങ്ങളും സഹനങ്ങളും, പലതരത്തിലുളള ദാരിദ്ര്യം, രതി, പീഡനം, പക, പ്രതികാരം, വന്യത, ക്രൗര്യം… ഫ്രാന്‍സിസ് നൊറോണയുടെ കഥകളിലുള്ളത് ഇതൊക്കെയാണ്.
കാതുസൂത്രം വായിച്ചവര്‍ ആദ്യവായനയില്‍ സ്തബ്ധരാകും. രണ്ടാം വായനയില്‍ അവനവനെയോ പ്രിയപ്പെട്ടവരെയോ തിരിച്ചറിയും. കഥാകൃത്തിന്റെ ഫോണിലേക്ക് സന്ദേശങ്ങള്‍ പ്രവഹിച്ചു, ഇതെന്റെ കഥയാണല്ലോ എന്നു പറഞ്ഞ്. ഏറെ സ്വീകാര്യത ലഭിച്ച തൊട്ടപ്പനുശേഷമാണ് കാതുസൂത്രം എന്ന കഥാസമാഹാരം പുറത്തിറങ്ങിയത്.
കാതുസൂത്രം പുറത്തിറങ്ങുമ്പോള്‍ വായനക്കാരുമായി പങ്കുവയ്ക്കാനുള്ളത്?
തൊട്ടപ്പനില്‍നിന്ന് കാതുസൂത്രത്തിലെത്തുമ്പോള്‍ എഴുത്തിന്റെ ഭൂമിക കുറച്ചുകൂടി വിസ്തൃതമാണ്. ഗാര്‍ഹികാന്തരീക്ഷത്തില്‍ സ്ത്രീയുടെ പരിമിതികള്‍, സ്വത്വ സംഘര്‍ഷങ്ങള്‍ ഇതൊക്കെയാണ് കാതുസൂത്രത്തിലുള്ളത്. സ്ത്രീക്ക് ഒരുപാട് സ്വാതന്ത്ര്യമുണ്ട്, വരുമാനമാര്‍ഗങ്ങളുണ്ട് തുടങ്ങിയ സങ്കല്‍പ്പത്തില്‍ നാം കഴിയുമ്പോഴും ഗാര്‍ഹികാന്തരീക്ഷം അവളെ വരിഞ്ഞുമുറുക്കുന്നു. സ്ത്രീ എന്താണ് ആഗ്രഹിക്കുന്നതെന്ന് ഒരു പുരുഷനും വിവരിക്കാനാകില്ല. ഭാമ എന്ന കഥാപാത്രത്തിന്റെ മകളിലൂടെ കഥ പറയാനാണ് ശ്രമിച്ചത്. എന്റെ കഥകള്‍ ജീവിതങ്ങളിലേക്കുള്ള ഒരു ഒളിഞ്ഞുനോട്ടമാണ്.
നെറോണ എന്ന എഴുത്തുകാരന്‍ രംഗപ്രവേശം ചെയ്യാന്‍ വൈകിയോ?
എഴുത്തുകാരനാകുമെന്ന് കരുതിയിരുന്നില്ല. ധാരാളം വായിക്കുമായിരുന്നു. പ്രീഡിഗ്രിയും ബികോമും പാസായി. തുടര്‍പഠനം വഴിമുട്ടി. ആ സമയത്തൊരു ജോലി ലഭിച്ചു. ആലപ്പുഴ അതിരൂപതയുടെ ‘മുഖരേഖ’ മാസികയില്‍. അക്കൗണ്ടന്റായി 20 വര്‍ഷത്തോളം. മുഖരേഖയുടെ നിലവാരമുയര്‍ത്താന്‍ പലതും ചെയ്തു. അഭിമുഖം, ലേഖനം, കഥ, കവിത എല്ലാം പല പേരുകളില്‍ എഴുതി. പല സൃഷ്ടികള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദാമിന്റെ മുഴ എന്ന കഥയെഴുതി അവിടുത്തെ വൈദികനെ കാണിച്ചപ്പോള്‍ നല്ലതാണെന്ന അഭിപ്രായത്തോടെ വേറൊരു മാസികയ്ക്ക് അയക്കാന്‍ നിര്‍ദേശിച്ചു. അങ്ങനെയാണ് ഡി സി ബുക്‌സിലെ അരവിന്ദന്‍ കെ.എസ്.മംഗലത്തിന് കഥ വായിക്കാന്‍ കൊടുക്കുന്നത്. ഒരു രാത്രി മൊബൈല്‍ ഫോണില്‍ ‘എഴുത്തിന്റെ ദൈവം നിന്നോട് കൂടെ’യുണ്ടെന്ന അരവിന്ദന്‍ സാറിന്റെ മെസേജ്. 2014-ല്‍ കലാകൗമുദിയില്‍ കഥ വന്നു. രണ്ട് വര്‍ഷം കഴിഞ്ഞാണ് കടവരാല്‍ എഴുതിയത്. പിന്നീട് പെണ്ണാച്ചിയും തൊട്ടപ്പനും. തൊട്ടപ്പനിലെ കഥാപാത്രങ്ങളെ പൂര്‍ണമായും ഉള്‍ക്കൊണ്ട് ഷാനവാസ് കെ ബാവക്കുട്ടി അത് സിനിമയാക്കി.
അശരണരുടെ സുവിശേഷം എന്ന നോവല്‍ എങ്ങനെ സംഭവിച്ചു?
1910-2016 കാലത്തെ കഥയാണത്. അക്കാലത്തെ ആളുകളുടെ ജീവിതം പഠിക്കാനുള്ള ഗവേഷണം അഞ്ചരവര്‍ഷംകൊണ്ടാണ് പൂര്‍ത്തിയായത്. അന്നത്തെ ജീവിതരീതി, മതചടങ്ങുകള്‍, ഭക്ഷണരീതികള്‍, ആഘോഷങ്ങള്‍ ഇതെല്ലാം പുതിയ അറിവുകളായിരുന്നു. പള്ളികളില്‍ കുര്‍ബാന തമിഴിലായിരുന്നു. ക്രിസ്മസിനു പകരം കടലോരത്ത് ‘നത്താള്‍’ എന്ന പേരിലാണ് തിരുപ്പിറവി ആഘോഷിക്കപ്പെട്ടിരുന്നത്. കടലോരത്തെ അനാഥബാല്യങ്ങളെയും അവരെ സനാഥരാക്കിയ പുരോഹിതന്റെയും കഥയാണ് ഈ നോവല്‍.
തീരദേശത്തിന്റെ കഥാകാരനാണെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ടോ?
കക്കുകളി, പെണ്ണാച്ചി, ഇരുള്‍ രതി തുടങ്ങിയ കഥകളിലാണ് കടലോരവാസികളുടെ ഭാഷ ഉപയോഗിച്ചത്. കടവരാലില്‍ കടല്‍ കടന്നുവരുന്നേയില്ല. ഉറുക്കിന് മുസ്‌ലിം പശ്ചാത്തലമാണ്. ഉറുക്ക് എന്നെ വല്ലാതെ ഉലച്ചു. എലേടെ സുഷിരങ്ങള്‍ അരങ്ങേറുന്നത് തീര്‍ത്തും വ്യത്യസ്തമായ ഭൂമികയിലാണ്. പിന്നീട് തെമ്മാടി പുണ്യാളനിലും തീരദേശഭാഷ ഉപയോഗിച്ചു. ഒരു കഥ എന്താണോ ആവശ്യപ്പെടുന്നത്, ആ ഭാഷ നല്‍കുന്നുവെന്നേയുള്ളൂ. കടലോരത്തെ ആളുകളുടെ ഭാഷയും ജീവിതരീതിയും മനസ്സിലാക്കാന്‍ ഞാനവരുടെ കൂടെ നടന്നും ഉണ്ടും ഉറങ്ങിയും കഴിഞ്ഞു. കടലില്‍ പോയും മറ്റും ഒരുപാട് സമയം പഠനത്തിനായി ചെലവിട്ടു. ഒരു ഭാഷയില്‍ത്തന്നെ ഉറച്ചുനിന്നാല്‍ അത് മടുപ്പുണ്ടാക്കും. കൊച്ചുകൊച്ചു വാക്കുകളിലൂടെ കഥകള്‍ പറയുക എന്നത് വലിയ സ്വപ്‌നമായിരുന്നു. സക്കറിയ, സാറാ ജോസഫ് തുടങ്ങിയവരുടെയെല്ലാം വാചകങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചവയാണ്.
തൊട്ടപ്പന്‍ മതപരമായി എതിര്‍പ്പുകള്‍ക്ക് കാരണമായോ?
ഇതുവരെ അത്തരം എതിര്‍പ്പുകളുണ്ടായിട്ടില്ല. വൈദികരുമായും കന്യാസ്ത്രീകളുമായും സൗഹൃദത്തിലാണ്. ‘അശരണരുടെ സുവിശേഷം’ എഴുതാന്‍ സഹായിച്ചത് ഒരു മദറാണ്. കന്യാസ്ത്രീയുടെ ജീവിതത്തിലെ സഹനങ്ങളും തിരുവസ്ത്രം ഉപേക്ഷിച്ചുവരുന്ന നടാലിയയുടെ ജീവിതവുമെല്ലാമാണ് കക്കുകളിയില്‍. ഒരു കന്യാസ്ത്രീക്ക് ആ ജീവിതത്തില്‍നിന്ന് തിരിച്ചുപോക്കില്ലെന്ന അവസ്ഥ ചൂണ്ടിക്കാണിക്കാനാണ് ശ്രമിച്ചത്. സെമിനാരിയില്‍നിന്ന് പുരുഷന് പുറത്തുപോരാം. പക്ഷേ, കന്യാസ്ത്രീ അതിന് തുനിഞ്ഞാല്‍ വലിയ കോലാഹലമാണ്. അവളുടെ വിവാഹത്തിന് എല്ലാ തടസ്സവും സൃഷ്ടിക്കും. ഞാന്‍ എപ്പോഴും പറയുന്നത് ദൈവവിളിക്യാമ്പുകള്‍ നിര്‍ത്തണമെന്നാണ്. താല്‍പ്പര്യമുള്ളവര്‍ വരട്ടെ. അവര്‍ക്ക് മടുക്കുമ്പോള്‍ തിരികെപോട്ടെ. ആലപ്പുഴയില്‍ കക്കുകളിയുടെ നാടകാവിഷ്‌കാരം അരങ്ങേറുമ്പോള്‍ മുന്‍നിരയില്‍ കന്യാസ്ത്രീകളുമുണ്ടായിരുന്നു.
കഥകളില്‍ കൃത്യമായ രാഷ്ട്രീയമുണ്ട് എന്നാണ് വിശ്വാസം. രതിയുടെ ലാവണ്യത്തിനും കൊലപാതകത്തിന്റെ പൈശാചികതയ്ക്കുമെല്ലാം അപ്പുറത്ത് വ്യക്തമായി അത് പറയാന്‍ ശ്രമിക്കാറുണ്ട്. കടവരാലില്‍ രാജ്യത്തെ സാമൂഹ്യാവസ്ഥയാണ് അടയാളപ്പെടുത്താന്‍ ശ്രമിച്ചത്. രണ്ട് പെണ്‍മക്കളടങ്ങിയ കുടുംബം പുലര്‍ത്താനായി ജോലിക്ക് പോകുന്ന ദമ്പതിമാരാണ് പ്രകാശനും ചിമിരിയും. റിസോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായ പ്രകാശന് രാത്രിയും തുണിക്കടയില്‍ സെയില്‍സ് ഗേളായ ചിമിരിക്ക് പകലുമാണ് ജോലി. രണ്ടുപേര്‍ക്കും ആഴ്ചയില്‍ ഏഴ് ദിവസവും കണ്ടുമുട്ടാന്‍ സാഹചര്യമില്ല. പരസ്പരം സാന്ത്വനിപ്പിക്കാനോ ദാമ്പത്യജീവിതം പുലര്‍ത്താനോ കഴിയാത്ത പ്രക്ഷുബ്്ധത. റിസോര്‍ട്ടില്‍ വിദേശികള്‍ നടത്തുന്ന കാമകേളികളുടെ നേര്‍ക്കാഴ്ചയില്‍, ചിമിരിയുടെ സാമീപ്യം കൊതിച്ച് അസ്വസ്ഥനാകുന്ന പ്രകാശന്‍ വല്ലാതെ ഉലച്ച കഥാപാത്രമാണ്.
എന്തൊക്കെയാണ് ഇനി വായനക്കാര്‍ക്കായി ഒരുങ്ങുന്നത്?
ഓര്‍മകളുടെ സമാഹാരമായ മുണ്ടന്‍ പറുങ്കി ഈയിടെ പുറത്തിറങ്ങി. ആളുകള്‍ നിറഞ്ഞ സഭയില്‍, മുണ്ടുടുക്കുന്നവര്‍ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തില്‍ പെടുമോയെന്ന ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനും ഇളയപ്പനും മാത്രമായിരുന്നു അന്നവിടെ മുണ്ടുടുത്തിരുന്നത്. ആ വിചാരണയുടെ ഉള്ളുരുക്കത്തില്‍നിന്നാണ് മുണ്ടന്‍ പറുങ്കി എന്ന പേരിട്ടത്. ഈ സമൂഹത്തിലെ സാമ്പത്തിക, ജാതീയ വേര്‍തിരിവുകള്‍ അതില്‍ വിവരിക്കുന്നുണ്ട്. കഥയുടെ കാര്യത്തിലാണെങ്കില്‍ ഓരോ കഥ കഴിയുമ്പോഴും ഞാന്‍ ശൂന്യനാവുകയാണ്. പുതിയ എഴുത്തുകാരനാകുകയാണ് ഓരോ കഥയ്ക്കുശേഷവും.
പാചകവും എഴുത്തുമായി ബന്ധമുണ്ടെന്ന് ഒരിക്കല്‍ എവിടെയോ പറഞ്ഞത് വായിച്ചിരുന്നു?
പാചകം ഇഷ്ടമാണ്. അമ്മച്ചി പഠിപ്പിച്ച താറാവുകറി വയ്ക്കാറുണ്ട്. സമര്‍പ്പണത്തോടെയാണത് ചെയ്യാറ്. അതിനാലാകണം വളരെ രുചികരമാണെന്ന് കഴിക്കുന്നവര്‍ പറയുന്നത്. പാചകവും എഴുത്തുമായി അഭേദ്യബന്ധമുണ്ട്. ഒരേ കോഴി, തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെ വ്യത്യസ്ത രീതിയിലാണ് പാചകം ചെയ്യുന്നത്. മസാല, സമയം, ചൂട്, രീതി ഒക്കെയാണ് കറിയെ വ്യത്യസ്തമാക്കുന്നത്. മിക്ക കഥകളിലും പ്രമേയങ്ങള്‍ക്ക് സാമ്യമുണ്ടാകാം. എന്നാല്‍, ചേരുവ, ശ്രദ്ധ, സമര്‍പ്പണം ഇതിലെല്ലാം വ്യത്യസ്തതയുണ്ടാകും.
കടപ്പാട്: ദേശാഭിമാനി ദിനപത്രം
Comments are closed.