DCBOOKS
Malayalam News Literature Website

പുരസ്‌കാര വിവാദം: പ്രശ്‌നം ഭക്തിയില്‍ രാഷ്ട്രീയം കാണുന്നവര്‍ക്കെന്ന് പ്രഭാവര്‍മ്മ

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന ജ്ഞാനപ്പാന പുരസ്‌കാരം കവി പ്രഭാവര്‍മ്മയ്ക്ക് നല്‍കിയതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ശ്യാമമാധവം എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. അവാര്‍ഡ് സമര്‍പ്പണത്തിനെതിരെ ചിലര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതോടെ ഹൈക്കോടതി അവാര്‍ഡ് വിതരണം സ്‌റ്റേ ചെയ്തിരുന്നു. വിവാദങ്ങള്‍ക്കിടെ ശ്യാമമാധവത്തിന്റെ എട്ടാം പതിപ്പ് പുറത്തിറങ്ങുകയും ചെയ്തു. ആകസ്മികമായുണ്ടായ വിവാദങ്ങളോട് പുസ്തകത്തിന്റെ രചയിതാവ് പ്രഭാവര്‍മ്മ ഡി സി ബുക്‌സിനോട് പ്രതികരിക്കുന്നു.

പുരസ്‌കാരം ലഭിച്ച വിവരം നേരത്തെ വിളിച്ചറിയിക്കുകയോ, പുരസ്‌കാരത്തിനായി അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്തിരുന്നോ?

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിളിച്ചറിയിക്കുമ്പോള്‍ മാത്രമാണ് പുരസ്‌കാര വിവരം അറിയുന്നത്. അവാര്‍ഡിനായി ആരെയും സമീപിക്കുകയോ അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്തിരുന്നില്ല.

ശ്യാമമാധവം എന്ന കൃതിയില്‍ എപ്പോഴെങ്കിലും കൃഷ്ണനിന്ദ കടന്നുവന്നതായി തോന്നിയിട്ടുണ്ടോ?

ഏതെങ്കിലും തരത്തില്‍ കൃഷ്ണനിന്ദയുള്ള പുസ്തകമല്ല ശ്യാമമാധവം.കൃഷ്ണനെ ഇകഴ്ത്താനോ പുകഴ്ത്താനോ ഞാന്‍ ആളല്ല. ഞാന്‍ ഇകഴ്ത്തിയാല്‍ തകര്‍ന്നു പോകുന്നതാണ് കൃഷ്ണന്റെ പ്രതിച്ഛായ എന്ന് കരുതാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍. കൃഷ്ണനെ കുറിച്ച് എന്റെ മനസ്സില്‍ തോന്നിയ ചില കാര്യങ്ങള്‍ എഴുതി. വെണ്ണ കട്ടു കഴിക്കുന്നവന്‍, ഗോപികമാരുടെ വസ്ത്രം മോഷ്ടിക്കുന്നവന്‍ തുടങ്ങിയ നിലകളില്‍ കൃഷ്ണ കണ്ടശേഷം അദ്ദേഹത്തെ ആനന്ദചിന്മയന്‍ എന്നു വിളിക്കുന്ന പ്രവണതയാണ് പൊതുവേയുള്ളത്. എന്റെ കൃഷ്ണ സങ്കല്‍പ്പം മറ്റൊന്നായിരുന്നു.

ഗര്‍ഭാവസ്ഥയില്‍ തടങ്കലില്‍ കിടന്ന, തടങ്കലില്‍ ജനിച്ച, അര്‍ദ്ധരാത്രിയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന, മാതാപിതാക്കളെ കാണാനാകാത്ത, എവിടെയും മരണം പതിയിരിക്കുന്ന, ചെറുപ്പത്തിലെ മോഷ്ടാവെന്ന പേരു കേള്‍ക്കേണ്ടി വന്ന, എന്നും ആക്ഷേപങ്ങല്‍ക്ക് പാത്രമാകേണ്ടി വന്ന കൃഷ്ണന്‍. പിന്നീടൊരു പ്രണയിനി കടന്നു വന്ന് അവളോട് നീതി പുലര്‍ത്താന്‍ കഴിയാതെ പോയ കൃഷ്ണന്‍. യുദ്ധത്തിലൂടെ ഒരുപാടാളുകളുടെ മരണത്തിന് കാരണക്കാരനാകേണ്ടി വന്നയാള്‍. ഗാന്ധാരി ശാപമേറ്റയാള്‍. ഇതൊക്കെയല്ലേ കൃഷ്ണന്‍? ഇവിടെ എങ്ങനെ കൃഷ്ണന് ആനന്ദചിന്മയനായി ഇരിക്കാനാകും. ഈ കൃഷ്ണനെയാണ് ഞാന്‍ കണ്ടെത്തിയത്. ഇതില്‍ കൃഷ്ണനിന്ദ എന്നൊരു വിഷയത്തെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല.

എട്ടു വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു വിമര്‍ശനം ഇതാദ്യമായാണ് ഉയരുന്നത്. വയലാര്‍ അവാര്‍ഡും, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ടു. അന്നൊന്നും വിവാദങ്ങള്‍ ഉടലെടുത്തിരുന്നില്ല.

ജ്ഞാനപ്പാന പുരസ്‌കാരം ഭക്തികൃതികള്‍ക്ക് മാത്രം നല്‍കുന്ന പുരസ്‌കാരമാണ് എന്ന് ചിലര്‍ പറയുന്നു. ഇതിനോട് യോജിക്കുന്നുണ്ടോ?

ജ്ഞാനപ്പാന പുരസ്‌കാരം ലഭിച്ചപ്പോള്‍ മാത്രമാണ് ശ്യാമമാധവം സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നത്. ഈ പുരസ്‌കാരം കൃഷ്ണനെ വിമര്‍ശിക്കുന്ന കൃതിക്ക് കൊടുക്കരുത് എന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍. ജ്ഞാനപ്പാന എങ്ങനെയാണ് ഭക്തികാവ്യമാകുന്നത് ? നിശിതമായ സാമൂഹികവിമര്‍ശനത്തിന്റെ കൃതിയാണ് ജ്ഞാനപ്പാന. കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ദ്ദനാ എന്നാണ് ജ്ഞാനപ്പാന ആരംഭിക്കുന്നതെങ്കിലും പിന്നീടങ്ങോട്ട് സാമൂഹ്യാതിക്രമങ്ങളും അതിന്റെ വിമര്‍ശനങ്ങളും മറ്റുമൊക്കെയാണ് അവിടെ കാണാന്‍ കഴിയുന്നത്. പല പരാമര്‍ശങ്ങളും യഥാര്‍ത്ഥത്തില്‍ ഒരു കലാപത്തിന്റെ ഫലം ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ജ്ഞാനപ്പാന പുരസ്‌കാരത്തിന് ഭക്തി എങ്ങനെ മാനദണ്ഡമാകും? പുരസ്‌കാരത്തിന് ഭക്തി മാനദണ്ഡമാക്കിയാല്‍ അത് പൂന്താനത്തോട് കാട്ടുന്ന നിന്ദയാകും. കൃഷ്ണസങ്കല്‍പ്പം ബൃഹത്താണ്. ജ്ഞാനപ്പാന അറിവിന്റെ പാനയാണ്. ഭക്തിയുടേതല്ല.

ഭക്തികാവ്യത്തിനേ കൊടുക്കാന്‍ കഴിയൂ എന്ന വാദം അടിസ്ഥാനരഹിതമാണ്. ഭക്തികാവ്യത്തിനുമാത്രമാണ് പുരസ്‌കാരമെങ്കില്‍ എം.പി വീരേന്ദ്രകുമാര്‍, ഡോ.എം.ലീലാവതി എന്നിവര്‍ക്ക് പുരസ്‌കാരം കൊടുത്തത് എന്തിന്റെ പേരിലാണ് ?

ഭക്തി എന്ന പദത്തിന്റെ അര്‍ത്ഥതലങ്ങള്‍ തന്നെ മാറിമറിഞ്ഞതായി തോന്നുന്നുണ്ടോ?

ഏറ്റവും വലിയ ഭക്തന്‍ ഗായകന്‍ യേശുദാസിനെ ഇന്നും ഗുരുവായൂര്‍ അമ്പലത്തില്‍ കയറ്റുന്നില്ല. യഥാര്‍ത്ഥ ഭക്തിയാണ് പല കാര്യങ്ങളുടെയും മാനദണ്ഡമെങ്കില്‍ യേശുദാസിനെ പോലുള്ള ഭക്തന്മാര്‍ക്ക് എന്തുകൊണ്ട് ഗുരുവായൂരില്‍ പ്രവേശനം അനുവദിക്കുന്നില്ല. ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിര്‍വഹിക്കാനുള്ള മാനദണ്ഡം മാത്രമാണ് ഇന്ന് ഭക്തി.

സമൂഹമാധ്യമങ്ങളിലും മറ്റും ഉയരുന്ന വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

ഒരു തവണ പോലും പുസ്തകം വായിക്കാതെ സുഹൃത്തുക്കള്‍ പറഞ്ഞതിന്റെ പേരില്‍ മാത്രമാണ് പലരും പുസ്തകത്തെ വിമര്‍ശിക്കുന്നത്. വായിക്കാന്‍ പോലും കഴിയാത്ത വിധത്തിലുള്ള അസഭ്യങ്ങളും വിമര്‍ശനങ്ങളുമാണ് ശ്യാമമാധവത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

താങ്കളെ പ്രതിചേര്‍ത്ത് കേസ് പുരോഗമിക്കുന്നതായി വാര്‍ത്തകള്‍ ഉയരുന്നുണ്ടല്ലോ, ഇത് സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചോ?

ദേവസ്വം ബോര്‍ഡില്‍ നിന്ന് കേസ് സംബന്ധിച്ച് ഒരു വിധത്തിലുള്ള സൂചനകളും ലഭിച്ചിട്ടില്ല. കോടതിയില്‍ നിന്നും  ലഭിച്ച ഉത്തരവ് പ്രകാരം വരുന്ന 16-ാം തീയതി കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. സന്യാസി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെ മോശമായ വിധത്തില്‍ കൃതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഇത്തരത്തില്‍ കൃതികളെ ക്രൂരമായി ഇല്ലാതാക്കിയാല്‍ മലയാളത്തില്‍ ഏത് രചനയാണ് നിലനില്‍ക്കുക. രാഷ്ട്രീയത്തിന്റെ കണ്ണടകള്‍ ഊരിമാറ്റാന്‍ പലരും തയ്യാറായില്ലെങ്കില്‍ കാളിദാസന്‍ മുതല്‍ എഴുത്തച്ഛന്‍ വരെ, ആശാന്‍ മുതല്‍ എം.ടി വരെ നാളെ നിരോധിക്കപ്പെടില്ലേ?

Comments are closed.