DCBOOKS
Malayalam News Literature Website

മാപ്പിളപ്പാട്ടില്‍ ചിട്ടപ്പെടുത്തിയ വാത്മീകി രാമായണം

മാപ്പിളപ്പാട്ടുരചനാരംഗത്തെ ഇന്നത്തെ പ്രമുഖമായ പേരുകളിലൊന്നാണ് ഒ. എം. കരുവാരക്കുണ്ട് എന്ന ഒറ്റമാളിയേക്കല്‍ മുത്തുക്കോയ തങ്ങള്‍. മൂന്നുവര്‍ഷത്തെ പ്രയത്‌നത്തിനുശേഷം അദ്ദേഹം വാത്മീകിരാമായണത്തെ മാപ്പിളപ്പാട്ടുരൂപത്തിലേക്ക് ചിട്ടപ്പെടുത്തി. ‘ഇശല്‍ രാമായണം’ എന്ന ആ കൃതിയിലേക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും മാപ്പിളപ്പാട്ടിനെക്കുറിച്ച് പൊതുവായും അദ്ദേഹം ഡോ. അസീസ് തരുവണയോട് സംസാരിക്കുന്നു.

ത്രീ ഹണ്‍ഡ്രഡ് രാമായണാസ്: ഫൈവ് എക്‌സാംപിള്‍സ് ആന്റ് ത്രീ തോട്‌സ് ഓണ്‍ ട്രാന്‍സ്‌ലേഷന്‍സ്’ എന്ന ഉപന്യാസത്തില്‍ എ.കെ. രാമാനുജന്‍ ഒരു നാടോടിക്കഥ ഉദ്ധരിക്കുന്നുണ്ട്. രാമന്റെ നഷ്ടപ്പെട്ട മോതിരം കണ്ടെത്താനായി പാതാളത്തിലെത്തിയ ഹനുമാനെക്കുറിച്ചാണ് കഥ. പാതാളാധിപനും പ്രേതാത്മാക്കളുടെ രാജാവും ചേര്‍ന്ന് ഒരു താലത്തില്‍ അനേകം മോതിരങ്ങള്‍ ഹനുമാനു മുമ്പില്‍വെക്കുന്നു. അവയെല്ലാം രാമന്റേതായിരുന്നു. ഹനുമാന്‍ ആകെ കുഴങ്ങി. അപ്പോള്‍ പ്രേതാത്മാക്കളുടെ രാജാവ് ഇങ്ങനെ പറഞ്ഞു: ”എത്ര രാമന്മാരുണ്ടോ അത്രയും മോതിരങ്ങളും ഇതിലുണ്ട്. രാമന്റെ ഒരവതാരം പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹത്തിന്റെ മോതിരം ഊരിപ്പോകും. ഞാനവയെല്ലാം ശേഖരിച്ചു സൂക്ഷിക്കുകയായിരുന്നു. തന്റെ രാമന്റെ മോതിരം തിരഞ്ഞെടുത്തുകൊള്ളാന്‍ ഹനുമാനോട് പ്രേതാത്മാവ് ആവശ്യപ്പെട്ടു. ഒപ്പം, ലവകുശന്മാരെ രാജ്യഭാരമേല്‍പ്പിച്ച് ഹനുമാന്റെ രാമന്‍ സരയൂവില്‍ പ്രവേശിച്ചു കഴിഞ്ഞു എന്നും അറിയിച്ചു.”

രാമന്റെ അനേകം മോതിരങ്ങള്‍ എന്നപോലെ, അനേകം രാമായണങ്ങളും അവ അവതരിപ്പിക്കുന്ന ഭിന്നപാഠരൂപങ്ങളിലുള്ള രാമന്മാരുമുണ്ട്. വരമൊഴിയിലെന്നപോലെ വാമൊഴിയിലും രാമായണങ്ങള്‍ അനവധിയാണ്. ഫാദര്‍ കാമില്‍ ബുല്‍ക്കെ, ‘രാമകഥ: ഉത്ഭവവും വളര്‍ച്ചയും’ എന്ന പ്രഖ്യാതകൃതിയില്‍ മുന്നൂറ് രാമായണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ശ്രീരാമദാസ ഗൗഡര്‍ തന്റെ ‘ഹിന്ദുത്വം’ എന്ന ഗ്രന്ഥത്തില്‍ മഹര്‍ഷിമാര്‍ രചിച്ച 19 രാമായണങ്ങളിലെ കഥാവസ്തുവിന്റെ സംക്ഷേപം കൊടുത്തിട്ടുണ്ട്. വാമൊഴിയിലാകട്ടെ, എണ്ണിത്തിട്ടപ്പെടുത്തുവാനാകാത്ത വിധം വിപുലമാണ് രാമായണ പാഠരൂപങ്ങള്‍.

കഴിഞ്ഞ രണ്ടര സഹസ്രാബ്ദത്തിനിടയില്‍ നിരന്തരം വളര്‍ന്നു വികസിച്ച വടവൃക്ഷമാണ് രാമായണസാഹിത്യം. അതിന് ആഴമാര്‍ന്ന വേരുകളും ശാഖോപശാഖകളുമുണ്ട്. അതിന്റെ വേരുകള്‍ ഭാരതീയമാണെങ്കിലും ശാഖകള്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കാകെ വളര്‍ന്നു പന്തലിക്കുകയും അവിടങ്ങളിലെ സംസ്‌കൃതികളെ കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക സ്ഥാനം ആര്‍ജ്ജിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതത്തിലെയും സമീപരാജ്യങ്ങളിലെയും വാമൊഴി, വരമൊഴി സാഹിത്യരൂപങ്ങളെ ഇത്രമേല്‍ അഗാധമായി സ്വാധീനിച്ച മറ്റൊരു ഇതിവൃത്തമില്ലെന്ന് നിസ്സംശയം പറയാം.

ഇന്ത്യയ്ക്ക് പുറമേ, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, തായ്‌ലാന്റ്, ചൈന, ജപ്പാന്‍, ബൂട്ടാന്‍, ബര്‍മ്മ, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ തുടങ്ങി ഒട്ടേറെ ഏഷ്യന്‍ രാജ്യങ്ങളില്‍ രാമായണസാഹിത്യത്തിന്റെ ബഹുരൂപങ്ങള്‍ നിലവിലുണ്ട്. അതേപോലെതന്നെ, ഹൈന്ദവ-ബൗദ്ധ, ജൈന-മുസ്‌ലിം-ദലിത്-ആദിവാസി രാമായണ പാഠരൂപങ്ങളുണ്ട്. രാമായണം ഗ്രന്ഥരൂപത്തില്‍ മാത്രമല്ല, ചിത്രങ്ങളായും നാടകങ്ങളായും പാട്ടുകളായും സിനിമകളായും നോവലുകളായും മറ്റും ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഇന്തോനേഷ്യയിലെ രാമായണ പാവനാടകങ്ങള്‍ ഏറെ പ്രസിദ്ധമാണ്. അവ അവതരിപ്പിക്കുന്ന കലാകാരന്മാരേറെയും മുസ്‌ലിങ്ങളാണ്. താടി വളര്‍ത്തിയ, മുസ്‌ലിം പുരുഷന്മാരെപ്പോലെ വസ്ത്രധാരണം ചെയ്യുന്ന രാമലക്ഷ്മണന്മാരെയാണ്  അവിടത്തെ രാമായണ നാടകങ്ങളില്‍ അവതരിപ്പിക്കുന്നത്. ഇന്തോനേഷ്യയിലെ ‘ഹിക്കായത്ത് സെരിരാം’ എന്ന രാമായണം മുഴുവന്‍ മുസ്‌ലിം പശ്ചാത്തലമുള്ളതാണ്. ഈ പാഠത്തില്‍ രാമനും രാവണനും പ്രാര്‍ത്ഥിക്കുന്നത് അല്ലാഹുവിനോടാണ്. ജാവയിലെ സേരത്തു കാണ്ഡത്തിലെ രാമകഥ സെരീരാമില്‍നിന്നും ഒട്ടും ഭിന്നമല്ല. ഇതിന്റെ വിസ്തൃതമായ ഭൂമികയില്‍ മുഹമ്മദ് നബിയുടെയും ആദം നബിയുടെയും കഥകള്‍ കാണാം.

ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ രാമായണങ്ങളില്‍ ഇസ്‌ലാമിക മുദ്രകള്‍ ആഴത്തില്‍ പതിഞ്ഞതായി കാണാം. മലേഷ്യന്‍ മുസ്‌ലിം രാമായണ പാരമ്പര്യത്തെപ്പറ്റി മുന്‍ ഉപപ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം  ഒരഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെ: ”ഞാന്‍ അഞ്ചുനേരവും പ്രാര്‍ത്ഥിക്കുന്ന മുസ്‌ലിമാണ്. ഞങ്ങളുടെ സാംസ്‌കാരികാഘോഷങ്ങളില്‍ രാമായണത്തിനും മഹാഭാരതത്തിനും നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. മലേഷ്യയുടെ മിക്ക ഭാഗങ്ങളിലും ഇവ പതിവായി പാരായണം ചെയ്യുന്ന മുസ്‌ലിംകളുണ്ട്… ഞങ്ങളുടെ രാമായണ-മഹാഭാരതാദികള്‍ ഒരു പക്ഷേ, ഇന്ത്യയില്‍ നിങ്ങള്‍ കാണുന്ന അതേ പ്രകാരത്തില്‍ ആയിക്കൊള്ളണമെന്നില്ല. എനിക്കു തോന്നുന്നത് അവ മലേഷ്യയില്‍ ഇസ്‌ലാമികമായി മാറ്റിയെഴുതപ്പെട്ടിട്ടുണ്ട് എന്നാണ്. ഞങ്ങളുടെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് സംസ്‌കാരത്തിന്റെ ഭാഗമായി ഈ ഇതിഹാസങ്ങളെ ഉള്‍ക്കൊണ്ടു എന്നതാണ്.” ഇവ്വിധം, തങ്ങളുടെ സാംസ്‌കാരികാവിഷ്‌കാരങ്ങളിലേക്ക് രാമായണത്തെ സന്നിവേശിപ്പിക്കുവാനുള്ള എളിയശ്രമങ്ങള്‍ ഇന്ത്യയില്‍ പലേടത്തുമുണ്ടായിട്ടുണ്ട്. മുഗള്‍ ചക്രവര്‍ത്തിമാര്‍ രാമായണ-മഹാഭാരതസാഹിത്യത്തെ ഉറുദു-പേര്‍ഷ്യന്‍ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യുന്നതിനും മറ്റും വളരെയേറെ പ്രോത്സാഹനം ചെയ്തിരുന്നു. അക്ബറുടെ ആവശ്യാനുസരണം അല്‍ ബദായൂനി (അബ്ദുല്‍ ഖാദിര്‍ ഇബ്‌നു ഇ-മുലൂക്ക ശാഹ്) ക്രിസ്തുവര്‍ഷം 1584-1589 ല്‍ വാല്മീകി രാമായണം പദ്യരൂപത്തില്‍ പേര്‍ഷ്യന്‍ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുകയുണ്ടായി.

ഒ.എം. കരുവാരക്കുണ്ട് മഹാകവി അക്കിത്തത്തോടൊപ്പം

കേരളത്തിലും ഇത്തരത്തിലുള്ള ചില ഉദ്യമങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. പാലക്കാട് സ്വദേശിയായ ഇസ്‌ലാമിക പണ്ഡിതന്‍ കരുമന്‍ കുരിക്കള്‍ രചിച്ച ‘നവീന രാമായണം’ ഏറെ പ്രസിദ്ധമാണ്. 720 പുറങ്ങളുള്ള ഈ പദ്യകൃതിക്ക് അവതാരികയെഴുതിയത് വടവന്നൂര്‍ വടക്കേപ്പാട്ട് നാരായണന്‍നായരാണ്. കേരളത്തിലെ മാപ്പിള മുസ്‌ലിംകളുടെ തനതുസാഹിത്യശാഖയായ മാപ്പിളപ്പാട്ടില്‍ മാപ്പിള രാമായണം എന്നൊരു കാവ്യമുണ്ട്. 143 വരികളുള്ള ഈ കൃതി ഏറെക്കുറെ പാരഡിസ്വഭാവത്തിലുള്ളതാണ്. എങ്കിലും കേരളത്തിലെ മാപ്പിള മുസ്‌ലിം സാമുദായിക ജീവിതാംശവുമായി രാമന്‍, രാവണന്‍, സീത, ലക്ഷ്മണന്‍, ശൂര്‍പ്പണഖ എന്നീ കഥാപാത്രങ്ങളെ ബന്ധിപ്പിക്കുന്നു.

ഇശല്‍ രാമായണം എന്ന കൃതിയുടെ രചനയിലൂടെ മാപ്പിളപ്പാട്ടുശാഖയുടെ ചരിത്രത്തില്‍ നൂതനാധ്യായം എഴുതിച്ചേര്‍ക്കുകയാണ് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിയായ ഒറ്റമാളിയേക്കല്‍ മുത്തുക്കോയ തങ്ങള്‍ എന്ന ഒ.എം. കരുവാരക്കുണ്ട്. മാപ്പിളപ്പാട്ട്‌രചനയുടെ മൂന്നരപതിറ്റാണ്ടുകള്‍ പിന്നിട്ട കരുവാരക്കുണ്ട്, ഇതിനകം ആയിരത്തിലേറെ മാപ്പിളപ്പാട്ടുകള്‍ രചിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ തനതുപാരമ്പര്യ രീതിയില്‍ രചന നിര്‍വ്വഹിക്കുന്ന ഇദ്ദേഹം, മാപ്പിളപ്പാട്ടിന്റെ ന്യൂജെന്‍ പ്രവണതകളുടെ ശക്തനായ വിമര്‍ശകന്‍കൂടിയാണ്. ആദ്യ മാപ്പിളപ്പാട്ട് മ്യൂസിക് ആല്‍ബമായ ‘മിദാദി’ന്റെ രചയിതാവായ ഒ.എം. വിവിധ മാപ്പിളപ്പാട്ട് റിയാലിറ്റിഷോകളിലെ സ്ഥിരം വിധികര്‍ത്താക്കളിലൊരാളാണ്. വൈദ്യര്‍ സ്മാരകത്തിന്റെ പുലിക്കോട്ടില്‍ ഹൈദര്‍ പുരസ്‌കാരം, എം.എ. മലയാളി അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള ദുബൈ ഹരിതചന്ദ്രിക അവാര്‍ഡ് തുടങ്ങി നൂറോളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. വാല്മീകി രാമായണത്തെ മാപ്പിളപ്പാട്ടിന്റെ തനതുരീതിയില്‍ ആവിഷ്‌കരിക്കുന്ന ‘ഇശല്‍ രാമായണ’ മെന്ന കൃതിയുടെ രചന പൂര്‍ത്തീകരിച്ചിരിക്കുകയാണ് ഒ.എം. കരുവാരക്കുണ്ട്. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളില്‍ നിന്ന്:

അസീസ് തരുവണ: താങ്കളുടെ രചനപൂര്‍ത്തിയായ ‘ഇശല്‍ രാമായണം’, ഭാവിയില്‍ മാപ്പിളപ്പാട്ടുശാഖയിലെ വേറിട്ടൊരു അധ്യായമാകുമെന്നതില്‍ സംശയമില്ല. എന്താണ് താങ്കള്‍ ഈ രചനയിലൂടെ ലക്ഷ്യമാക്കുന്നത്?

ഒ.എം. കരുവാരക്കുണ്ട്: രണ്ട് വര്‍ഷം മുമ്പ്, ‘ഇശല്‍ രാമായണ’ത്തിന്റെ രചന ആരംഭിക്കുമ്പോള്‍ ഒട്ടേറെ ചിന്തകള്‍ എന്റെ മനസ്സിലുണ്ടായിരുന്നു. അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുന്ന മതേതര ഇന്ത്യയുടെ സാമൂഹിക മണ്ഡലത്തില്‍ സഹവര്‍ത്തിത്വത്തിന്റെയും പരസ്പരം ഉള്‍ക്കൊള്ളലിന്റെയും സമന്വയത്തിന്റെതുമായ ഒരു പുത്തന്‍ അധ്യായം തന്നാല്‍ ആവുംവിധം കൂട്ടിച്ചേര്‍ക്കുക എന്നതാണ് അതിലൊന്ന്.  രാമായണം ഇത്തരത്തില്‍ വിവിധസമുദായങ്ങള്‍ക്കിടയിലേക്ക് പല വിതാനത്തില്‍ പരന്നൊഴുകീട്ടുള്ള ഇതിഹാസമാണ്. ഹൈന്ദവര്‍ക്കെന്ന പോലെ ബൗദ്ധ-ജൈന-ദലിത്-മുസ്‌ലിം-ആദിവാസി രാമായണ പാഠരൂപങ്ങള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഇന്തോനേഷ്യയിലും മലേഷ്യയിലും ഫിലിപ്പൈന്‍സിലുമെല്ലാം രാമായണത്തിന്റെ മുസ്‌ലിം പാഠരൂപങ്ങള്‍ പ്രചാരത്തിലുണ്ട്. കേരളത്തിലുള്‍പ്പെടെ ഇന്ത്യയില്‍ പലേടത്തും രാമായണത്തിന് മുസ്‌ലിം വേര്‍ഷനുകള്‍ കാണാം. ഇതെല്ലാം സൂചിപ്പിക്കുന്നത് രാമായണത്തിന്റെ അനന്തസാധ്യതകളാണ്. നാടോടിപ്പാട്ടുകളായും ചുമര്‍ച്ചിത്രങ്ങളായും പാവനാടകങ്ങളായും കഥകളായും നോവലുകളായും നാടകങ്ങളായും രാമായണത്തിന് നിരവധി ആഖ്യാനങ്ങളും പാഠരൂപങ്ങളും ഉണ്ടായിട്ടുണ്ട്.

എന്നാല്‍ മാപ്പിളപ്പാട്ടു ശാഖയിലേക്ക് രാമായണത്തെ മുഴുവനായി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കാര്യമായൊന്നും മുമ്പുണ്ടായിട്ടില്ല. മാപ്പിളപ്പാട്ട് ശാഖയിലും അറബി- മലയാളത്തിലും ധാരാളം ഗദ്യപദ്യഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗവേഷകനായ കെ.കെ. അബ്ദുല്‍ കരീമിന്റെ അഭിപ്രായത്തില്‍ 6000ത്തോളം പദ്യഗ്രന്ഥങ്ങളും 1200ലേറെ ഗദ്യഗ്രന്ഥങ്ങളും അറബി-മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. കൊണ്ടോട്ടിയില്‍ സ്ഥിതിചെയ്യുന്ന മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ സ്മാരകം ഇത്തരത്തിലുള്ള നിരവധിഗ്രന്ഥങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, കൃഷി സംബന്ധമായ കൃതികള്‍, ഗോളശാസ്ത്രം, ചരിത്രം, സഞ്ചാരസാഹിത്യം, മാലപ്പാട്ടുകള്‍, പടപ്പാട്ടുകള്‍, നോവലുകള്‍, വിവര്‍ത്തനങ്ങള്‍, പരിഭാഷകള്‍ തുടങ്ങി നിലവിലുണ്ടായിരുന്ന ഒട്ടുമിക്ക വൈജ്ഞാനിക-സാഹിത്യശാഖകളിലുമുള്ള കൃതികള്‍ അറബി-മലയാള സാഹിത്യത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. ശീലാവതി (കണക്കു സംബന്ധിയായ സംസ്‌കൃതഗ്രന്ഥം) അഷ്ടാംഗഹൃദയം (വൈദ്യശാസ്ത്രം) തുടങ്ങി സംസ്‌കൃതത്തില്‍ പ്രചാരത്തിലുള്ള നിരവധി ഗ്രന്ഥങ്ങള്‍ക്ക് അറബി- മലയാളത്തില്‍ പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ രാമായണത്തിന് അറബി-മലയാളത്തിന്റെ ഗാനശാഖയായ മാപ്പിളപ്പാട്ടില്‍ വേണ്ടവിധം ഇടംകിട്ടിയിട്ടില്ല. ഇതൊരു പോരായ്മതന്നെയാണ്. അതിനാല്‍ മാപ്പിളപ്പാട്ടിന്റെ ഗണത്തില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയ് ക്കൊടുവിലാണ് ‘ഇശല്‍ രാമായണം’ എന്ന ആശയം മനസ്സിലുദിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായിട്ട് ഞാനിതിന്റെ പ്രയത്‌നത്തിലായിരുന്നു.

‘മാപ്പിള രാമായണം’ ഇതിനു മുമ്പേ മാപ്പിളപ്പാട്ട് ശാഖയില്‍ ഉണ്ടായിട്ടുണ്ടല്ലോ ?

അത് കേവലം 143 വരികളുള്ള നാലു പാട്ടുകളാണ്. ഏറെക്കുറേ പാരഡി സ്വഭാവമാണ് അതിനുള്ളത്. ‘ഇശല്‍ രാമായണ’ത്തില്‍ 140 പാട്ടുകളാണുള്ളത്. രാമായണത്തിലെ ആശയങ്ങള്‍, കഥാസന്ദര്‍ഭങ്ങള്‍, മൂലകൃതികളിലെ ആശയങ്ങള്‍ ചോരാതെ തനത് മാപ്പിളപ്പാട്ട് രൂപത്തിലേക്ക് മാറ്റുകയാണ് ഞാന്‍ ചെയ്തത്. മാപ്പിളപ്പാട്ട് പ്രാസനിയമങ്ങളായ കമ്പി, കഴുത്ത്, വാല്‍ക്കമ്പി, വാലുമ്മക്കമ്പി തുടങ്ങിയവ പാലിച്ച ലക്ഷണമൊത്ത ചതുഷ്‌ക്കങ്ങളായാണ് മുഴുവന്‍ പാട്ടുകളും ഞാന്‍ ഒരുക്കിയിട്ടുള്ളത്.

രാമായണംപോലുള്ള ഒരു ഇതിഹാസത്തെ മാപ്പിളപ്പാട്ട് ശാഖയില്‍ ആവിഷ്‌കരിക്കുമ്പോള്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിടുവാനുള്ള സാധ്യതകള്‍ ഉണ്ടല്ലോ?  ഭാഷയുമായി ബന്ധപ്പെട്ടതാണ് അതിലൊന്ന്. രാമായണത്തെ ആവിഷ്‌കരിക്കുവാന്‍ മാത്രം മാപ്പിളപ്പാട്ട് ശക്തമാണോ?

പ്രണയം, ഭക്തി, പ്രകീര്‍ത്തനം, വിനോദം തുടങ്ങി ആകാശത്തിനു ചുവട്ടിലുള്ള ഏതു വിഷയവും മാപ്പിളപ്പാട്ടിനു വഴങ്ങും. എന്റെ ഗുരു ആലപ്പുഴ എം.എം റസാഖ് മാപ്പിളപ്പാട്ട് ആറുവിധമുണ്ടെന്നാണ് പഠിപ്പിച്ചത്. പേരിമ്പം, ചിറ്റിമ്പം, ഒയ്യാരം, വിസ്താരം, ആശ്, മധുരക്കവി എന്നിവയാണവ. ഇതില്‍ ഭക്തിഗാനങ്ങള്‍ പേരിമ്പം, ലൗകികകാര്യങ്ങള്‍ ചിറ്റിമ്പം, ആശ് പ്രകീര്‍ത്തനവും, ഒയ്യാരം ശോകവും മധുരക്കവി പ്രണയവുമാണ്. പടപ്പാട്ടുകളും കിസ്സപ്പാട്ടുകളുമടങ്ങുന്ന (ചരിത്രഗാനങ്ങള്‍) ഖണ്ഡകാവ്യങ്ങള്‍ വിസ്താരവും. അതിനാല്‍ മാപ്പിളപ്പാട്ടില്‍ രാമായണമെന്നല്ല, എന്തും ആവിഷ്‌കരിക്കുവാനാകും. അവസരോചിതമായി മറ്റു ഭാഷാപദങ്ങള്‍ സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യവും മാപ്പിളപ്പാട്ടിലുണ്ട്. മോയിന്‍കുട്ടിവൈദ്യര്‍, മലയാളപദങ്ങള്‍ക്കു പുറമേ, തമിഴ്, സംസ്‌കൃതം, അറബി, പേര്‍ഷ്യന്‍ തുടങ്ങി പല ഭാഷാപദങ്ങളും പാട്ടിലുപയോഗിച്ചിട്ടുണ്ട്. ഇതൊരു അനന്തസാധ്യതയാണ്, പരിമിതിയല്ല. ‘ഇശല്‍ രാമായണ’ത്തില്‍ പരമാവധി പരിചിത മലയാളപദങ്ങള്‍ തന്നെയാണ് ഞാനുപയോഗിച്ചിട്ടുള്ള്. മാപ്പിളപ്പാട്ടിന്റെ പ്രാസ, വൃത്ത നിയമങ്ങള്‍ പാലിക്കുവാനാവശ്യമായ ചില അറബി പദങ്ങളും മറ്റും ഞാനുപയോഗിച്ചിട്ടുണ്ട്.

ഒരു പാട്ട് മാപ്പിളപ്പാട്ടാണോ അല്ലയോ എന്ന് ഒരു സാമാന്യ ശ്രോതാവ് വ്യവച്ഛേദിച്ചറിയുന്നത് അതിന്റെ താളവും ഈണവും തിരിച്ചറിഞ്ഞാണല്ലോ, ‘ഇശല്‍ രാമായണ’ത്തില്‍ ഏതൊക്കെ ‘ഇശലു’കളാണ് താങ്കള്‍ ഉപയോഗിച്ചിട്ടുള്ളത്?

മാപ്പിളപ്പാട്ടിനു മാത്രം അവകാശപ്പെടാവുന്ന നിരവധി സവിശേഷതകളിലൊന്നാണ് അതിന്റെ ഈണം. മാപ്പിളപ്പാട്ടിന്റെ ഈണം മാത്രമെടുത്ത് ഭാസ്‌കരന്‍മാഷ് എഴുതിയതാണ് ‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരീ’ എന്ന ഗാനം. ഇതില്‍ ചില ഏറനാടന്‍ പദങ്ങളും പ്രയോഗിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ ചിട്ടവട്ടങ്ങളെല്ലാം പാലിച്ചുകൊണ്ടുള്ള പൂര്‍ണ്ണരൂപത്തിലുള്ള മാപ്പിളപ്പാട്ടല്ല അത്. മോയിന്‍കുട്ടിവൈദ്യരുടെ പ്രസിദ്ധമായ ഒരു പാട്ടിന്റെ ഇശലിലാണ് ‘കായലരികത്തിന്റെ’ രചന. എങ്കിലും കേള്‍വിക്കാരന് പെട്ടെന്നുതന്നെ ഒരീണത്തില്‍നിന്ന്, ഇശലില്‍നിന്ന് ഒരു പാട്ടിനെ മാപ്പിളപ്പാട്ടാണോ അല്ലയോ എന്ന് തിരിച്ചറിയുവാനാകും. ‘ഇശല്‍രാമായണ’ത്തില്‍ മാപ്പിളപ്പാട്ട് ശാഖയില്‍ പ്രചാരത്തിലുള്ള ഒട്ടുമിക്ക പ്രസിദ്ധ ഇശലുകളും ഞാനുപയോഗിച്ചിട്ടുണ്ട്. കൊമ്പ്, കുമ്മിയടി, ചിന്ത്, പദം, മുഹിബ്ബുന്നൂര്‍, ആകാശഭൂമി, ആരമ്പ, പുക്കൈനാര്‍, ഒപ്പനച്ചായല്‍, പൂമകളാണെ, ആരമ്പം തുളുമ്പും, തൊങ്ങല്‍, പാരം എനിക്കതാല്‍, ഉണ്ടേനും മിശ്ക്കാത്തില്‍, വന്തുള്ളമേഘത്തില്‍, ഒയ്യെതിക്കുണ്ട്, ഹഖാന, വമ്പുറ്റ ഹംസ, കണ്ടാരകടുമ്മല്‍, മാരന്നബി ആയിശ, ബദറുല്‍ഹുദാ, ഖത്താബിന്‍ റഹ്മമത്തുടെ, താമരപ്പൂങ്കാവനത്തില്‍, ഉരത്ത്‌യാ മൗലന്‍, ബിസ്മിയും ഹംദും തുടങ്ങി മാനിത കൊതി ഖല്‍ബില്‍ വരെയുള്ള ഒട്ടേറെ ഇശലുകള്‍. ഓരോ ഗാനത്തിനും ആവശ്യമായ ഇശലുകളാണ്  ഉപയോഗിച്ചത്. മന്ഥരയുടെ വാക്കുകളില്‍ വശംവദയായി കൈകേയി രാമനെ വനവാസത്തിനയയ്ക്കാനും തന്റെ പുത്രന്‍ ഭരതനെ രാജാവായി വാഴിക്കാനും നീക്കം നടത്തിയതറിഞ്ഞ ഭരതന്‍ വികാരാധീനനാകുന്ന രംഗം ഇങ്ങനെയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

വാഴ്‌കെയെന്നുള്ളോരാവാക്ക് 

കേട്ടാരെ

ഭരതനും പൊട്ടിത്തെറിക്കുന്നെ

വേണ്ടായെനിക്കൊട്ടും 

വേണ്ടാ രാജാവിന്‍

പട്ടം എന്നേറ്റു പറയുന്നേ

ആകുലം തന്നിലെന്‍ 

താതനെമുക്കി

കൊന്നതിന്‍ ഹേതു ഇതാണല്ലോ

അര്‍ഹിച്ച ജ്യേഷ്ഠനെ കാട്ടില്‍ വിട്ടിട്ട്

അധികാരിയാവാന്‍ ഞാനില്ലല്ലോ

‘വമ്പുറ്റ ഹംസ’ എന്ന പ്രസിദ്ധ ഗാനത്തിന്റെ ഇശലിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

 

ഒ.എം കരുവാരക്കുണ്ടുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

Comments are closed.