DCBOOKS
Malayalam News Literature Website

“പ്രവാസജീവിതം സമ്മാനിച്ച അനുഭവങ്ങളുടെ തീച്ചൂടാണ് നോവലിന്റെ പിറവിയ്ക്ക് പിന്നില്‍”; അനില്‍ ദേവസ്സി

2018-ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം ലഭിച്ച യാ ഇലാഹി ടൈംസ് എഴുതിയ അനില്‍ ദേവസ്സിയുമായി നടത്തിയ അഭിമുഖസംഭാഷണം

1. എഴുത്തിന്റെ വഴിയില്‍ എത്തിപ്പെട്ടതെങ്ങനെ?

ഈ ചോദ്യം ഇടയ്ക്കിടയ്ക്ക് ഞാനെന്നോട് തന്നെ ചോദിക്കുന്ന ചോദ്യം തന്നെയാണ്. എന്റെ വീട്ടില്‍ സാഹിത്യലോകവുമായി ബന്ധപ്പെട്ട ആരും തന്നെയില്ലായിരുന്നു. പഠിക്കാനുളള പുസ്തകങ്ങളല്ലാതെ മറ്റു പുസ്തകങ്ങളൊന്നും തന്നെ വീട്ടില്‍ ഇല്ലായിരുന്നു എന്നു തന്നെ പറയാം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മലയാളത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. കണക്കിനോട് വല്ലാത്ത ഭയവും. ചരിത്രം പഠിപ്പിക്കുന്ന ക്ലാസ്സിലെ മേരിക്കുട്ടി ടീച്ചര്‍ എന്നെക്കൊണ്ടായിരുന്നു ടെക്സ്റ്റ് പുസ്തകം വായിപ്പിച്ചിരുന്നത്. ഞാനത് ഏറ്റവും രസിച്ചാണ് ചെയ്തിരുന്നത്. നല്ല ഒച്ചയില്‍ കുത്തിനും കോമയ്ക്കും താളമൊപ്പിച്ച് അക്ഷരത്തെറ്റില്ലാതെ ഒഴുക്കോടെ ഞാന്‍ ചരിത്ര ക്ലാസ്സിലെ അധ്യായങ്ങള്‍ വായിക്കുമായിരുന്നു. പത്താം ക്ലാസ്സുവരെ സാഹിത്യപുസ്തകങ്ങള്‍ ഒന്നും തന്നെ വായിച്ചിട്ടില്ലെന്നു പറയാം. പക്ഷെ മലയാള പുസ്തകത്തിലെ പദ്യങ്ങള്‍ കാണാപാഠം പഠിക്കാനൊക്കെ വലിയ ഉത്സാഹം കാണിച്ചിട്ടുണ്ട്. പ്ലസ്ടു പഠന കാലംതൊട്ടാണ് വായനയിലേക്കും എഴുത്തിലേക്കും കടന്നുചെല്ലുന്നത്. ടെക്സ്റ്റ് പുസ്തകങ്ങളുടെ ഏറ്റവും അവസാനത്തെ ഒഴിഞ്ഞ പേപ്പറില്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചിടാനൊക്കെ തുടങ്ങി. അതൊക്കെ വായിച്ച കൂട്ടുക്കാരാണ് എന്റെയുളളില്‍ സാഹിത്യമുണ്ടെന്ന് പറഞ്ഞുതുടങ്ങിയത്. കവിതകളിലായിരുന്നു എന്റെ ശ്രമങ്ങളത്രയും. അപ്പോഴും വായന അത്ര കാര്യമായിട്ടൊന്നുമില്ലായിരുന്നു. ഡിഗ്രി പഠനം കഴിഞ്ഞ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കോഴ്സ്സ് പഠിക്കാന്‍ തൃശൂര്‍ സി.എ ചാപ്റ്ററില്‍ ചേരുന്നതു മുതലാണ് ഞാന്‍ വായനയുടെ ഒരു വലിയ ലോകത്തിലേക്ക് കടന്നു ചെല്ലുന്നത്.

അതിനു പുറകില്‍ വീട്ടിലാര്‍ക്കുമറിയാത്ത ഒരു കഥയുമുണ്ട്. ഒരു പക്ഷെ ഇതു വായിക്കുമ്പോഴാകും അവര്‍ ഇതൊക്കെ അറിയാന്‍ പോകുന്നത്. സി.എ പഠനവുമായി ബന്ധപ്പെട്ട് തൃശൂര്‍ ചാപ്റ്ററില്‍ പേര് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അവിടെ അടയ്ക്കാനുളള കോഴ്‌സ് ഫീസ് എങ്ങനെ കണ്ടെത്തുമെന്ന് അറിയില്ലായിരുന്നു. വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു.

ഫീസിനെക്കുറിച്ചൊന്നും ഞാന്‍ വീട്ടില്‍ പറയാന്‍ പോയില്ല. പറഞ്ഞാല്‍ അതുണ്ടാക്കാന്‍ വേണ്ടി വില്‍ക്കാ നോ പണയം വയ്ക്കാനോ ഒന്നും തന്നെ വീട്ടില്‍ ഉണ്ടായിരുന്നില്ല. അപ്പോ പിന്നെ അവരെക്കൂടി വെറുതേ വിഷമിപ്പിക്കണ്ടല്ലോയെന്നു വച്ച് ഞാന്‍ ക്ലാസ്സിലേക്കെന്ന വ്യാജേന എല്ലാ ദിവസവും വീട്ടില്‍ നിന്നുമിറങ്ങും. സൈക്കിളില്‍ നേരെ ചാലക്കുടി റെയില്‍വേ സ്‌റ്റേഷന്‍. മേല്‍പ്പാലത്തിന്റെ സ്‌റ്റെപ്പുകളില്‍ ചെന്നിരുന്ന് ബാഗിലുളള പുസ്തമെടുത്ത് വായിക്കാന്‍ തുടങ്ങും. നോവലുകള്‍ തന്നെയായിരുന്നു ഇഷ്ടവിഭവം. റെയില്‍വേ സ്‌റ്റേഷനില്‍ എന്നെ അറിയുന്ന എനിക്ക് അറിയുന്ന കുറേ പരിചിതമുഖങ്ങളുണ്ടായിരുന്നു. ചിലര്‍ എറണാക്കുളത്തേക്കുളളവര്‍. മറ്റു ചിലര്‍ തൃശൂര്‍ ഭാഗത്തേക്ക്. എറണാക്കുളത്തേക്ക് രാവിലെ 10.30 ഒരു കണ്ണൂര്‍ ആലപ്പുഴ എക്‌സ്പ്രസ്സുണ്ട്. തൃശൂര്‍ ഭാഗത്തേക്ക് 11 മണിക്ക് ഒരു പരശുറാമും. അതുകഴിഞ്ഞാല്‍ പ്ലാറ്റ്‌ഫോം കാലിയാകും.

മിക്കവാറും ദിവസങ്ങളില്‍ മേല്‍പ്പാലത്തിലിരുന്നുളള വായന കണ്ണുര്‍ എക്‌സ്പ്രസ്സ് പോകുന്നതുവരെ നീളും.അതു കഴിഞ്ഞാല്‍ നേരെ ചാലക്കുടി മുനിസ്സിപ്പല്‍ ലൈബ്രറിയിലേക്ക്. ഒരുവിധപ്പെട്ട എല്ലാ മാസികകളും അവിടെ ലഭ്യമായിരുന്നു. അവിടെ നിന്നും പഴയപുസ്തകങ്ങള്‍ മാറ്റിയെടുത്ത് പുതിയവ ബാഗില്‍ വച്ച് നേരെ ഗവ. ബോയ്‌സ് സ്‌കൂളിന്റെ ഗ്രൗണ്ടില്‍ ചെന്നിരിക്കും. ഉച്ചതിരിഞ്ഞ് ഒരു 2 മണിയൊക്കെ ആകുമ്പോഴേക്കും ഞാന്‍ തിരിച്ച് വീട്ടിലെത്തും.

ചില ദിവസങ്ങളില്‍ നേരെ തൃശൂര്‍ക്ക് വച്ചുപ്പിടിപ്പിക്കും. പൂരപ്പറമ്പില്‍ കറങ്ങും. വടക്കുംനാഥനെ വലംവയ്ക്കും. സാഹിത്യ അക്കാദമിയിലെപ്പോഴും എന്തെങ്കിലുമൊക്കെ പരിപാടികള്‍ കാണും അല്ലെങ്കില്‍ അവിടത്തെ ലൈബ്രറിയില്‍ കൂടും. ഉച്ചയ്ക്കുളള ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങും. ആ കാലമാണ് പുസ്തകങ്ങളെ വല്ലാതെ പ്രണയിച്ച കാലം. എനിക്ക് ഒളിച്ചിരിക്കാന്‍ പുസ്തകങ്ങളാണ് ഇടമൊരുക്കിയത്. ഒരു കാര്യവുമില്ലാതെ വിഷാദമുണ്ടാക്കി അതിലടയിരിക്കാന്‍ തുടങ്ങിയ എന്നെ അതില്‍ നിന്നുമൊക്കെ മോചിപ്പിച്ചത് പുസ്തകങ്ങളാണ്.

അപ്പച്ചന്റെ അസുഖവും അതോടനുബന്ധിച്ചുളള തൃശുര്‍ ജൂബിലി ഹോസ്പിറ്റല്‍ ദിവസങ്ങളും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. അതുണ്ടാക്കിയ വലിയ ആഘാതത്തിന്റെ മറവിലാണ് ഞാന്‍ എന്റെ സി.എ പഠനം ഉപേക്ഷിക്കുന്നതെന്ന് പ്രഖ്യാപിച്ച് എറണാക്കുളത്തേക്ക് ജോലിത്തേടി യാത്രയാകുന്നത്. വായനയാകണം എന്റെയുളളില്‍ ഉറങ്ങിക്കിടന്ന എഴുത്തിനെ ഉണര്‍ത്തിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ലൈബ്രറിയില്‍ നിന്നുമെടുത്തുകൊണ്ടു വരുന്ന പുസ്തകങ്ങള്‍ എന്നേക്കാള്‍ മുമ്പേ വായിച്ചു തീര്‍ത്ത് , നീ പുതിയ പുസ്തകം എടുക്കണില്ലേയെന്ന് ചോദിക്കാറുളള അപ്പച്ചനില്‍ നിന്നു തന്നെയാണ് എന്നിലേക്ക് എഴുത്തിന്റെ വിത്തുക്കള്‍ വീണുകിട്ടിയത്. ഞാന്‍ എഴുതിയിരുന്നത് സുഹൃത്തുക്കള്‍ക്ക് വേണ്ടിയിട്ടായിരുന്നു.അന്നൊക്കെ എന്നെ നിരന്തരം എഴുതാന്‍ പ്രോത്സാഹിപ്പിച്ചിരുന്നവരില്‍ പ്രധാനികള്‍ തനു, താപ്പി അവരുടെ അല്ല എന്റെ ഉമ്മച്ചി പിന്നെ ഒരു ഘട്ടത്തില്‍ രാഖി, ജോമോള്‍.

ഇടയ്‌ക്കെവിടെയോ നിന്നു പോയ എഴുത്തും വായനയും വീണ്ടെടുത്ത് തന്നത് എന്റെ ഭാര്യയാണ്. ഇപ്പോള്‍ എഴുത്തിന് കൂട്ടിരിക്കുന്നതും എന്നെ എന്റെ വഴിയിലൂടെ അലയാന്‍ വിടുന്നതും ഭാര്യയുടെ പിന്തുണ ഉളളതുകൊണ്ട് മാത്രമാണ്. ഞങ്ങളുടെ രണ്ടുപേരുടേയും വീടുകളിലുളളവരും എന്റെ എഴുത്തിനെ നല്ല രീതിയില്‍ പിന്തുണയ്ക്കുയും ചെയ്യുന്നുണ്ട്. എഴുത്തിന്റെ മനസ്സുരുകല്‍ നടക്കുന്ന രാത്രികളില്‍ വാശികളൊന്നും കൂടാതെ ഉറങ്ങുന്ന ഞങ്ങളുടെ മോനും എന്നെ എഴുതാന്‍ അനുവദിക്കുന്നു.

പുസ്തക പ്രകാശന ചടങ്ങിനിടെ

എഴുത്തിന്റെ രണ്ടാംഘട്ടം പ്രവാസംകൊണ്ട് മാത്രം സംഭവിച്ചതാണ്. എന്റെ ഓര്‍മ്മകളെയും അനുഭവങ്ങളേയും വേവിച്ചെടുക്കുന്ന കനലായിരുന്നു പ്രവാസം. അതില്‍ നന്ദി പറയേണ്ടത് ഒന്ന് ദുബായിലെ ബുക്കിഷ് ടീം. രണ്ട് കലാകൗമുദി കഥ മാസികയുടെ എഡിറ്റര്‍ ശ്രീ സുനില്‍ സാര്‍. ഞാന്‍ അയച്ചുകൊടുത്തൊരു കഥ കലാകൗമുദി കഥമാസികയില്‍ വളരെ പ്രാധാന്യത്തോടെ അച്ചടിക്കാനും എന്നെ വിളിച്ച് സംസാരിക്കാനും എഴുതൂ എന്നൊക്കെ പറയാനും മനസ്സു കാണിച്ച ഒരാളായിരുന്നു ശ്രീ സുനില്‍ സാര്‍. ഭാഷയോടും സാഹിത്യത്തോടുമുളള ഇഷ്ടം അതിലേക്ക് എന്റേതായ ചില ശ്രമങ്ങള്‍. അതിങ്ങനെ എഴുത്തിലൂടെ തുടരുന്നു.

2. ഈ നോവലെഴുതാനുണ്ടായ സാഹചര്യം എന്താണ്?

പ്രവാസം തന്നെയാണ് ഈ നോവലെഴുതാനുണ്ടായ കാരണം. അത് പക്ഷെ എന്റെ വീടിനെക്കുറിച്ചുളള ഓര്‍മ്മകളുടെ പൊളളലില്‍ നിന്നോ, ഗൃഹാതുരത്വത്തില്‍ നിന്നോ ആയിരുന്നില്ല. പ്രവാസം കാണിച്ചു തന്ന പല പല കാഴ്ചകളില്‍ നിന്നുമാണ് ഇങ്ങനെയൊരു നോവലിന്റെ ശ്രമങ്ങള്‍ ആരംഭിക്കുന്നത്. നാട്ടില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു അന്തരീക്ഷമായിരുന്നു പ്രവാസിയായ എനിക്കു ചുറ്റിലുമുണ്ടായിരുന്നത്. പല പല രാജ്യങ്ങളില്‍ നിന്നുമുളള മനുഷ്യര്‍. ചില രാജ്യങ്ങളുടെ പേരുപോലും ഞാനിവിടെ വന്നതിനുശേഷമാണ് കേള്‍ക്കുന്നത് തന്നെ. പല സംസ്‌കാരങ്ങള്‍ കൂടിക്കലര്‍ന്നൊഴുകുന്ന ഒരു പുതിയലോകം. അതൊക്കെ എനിക്ക് കൗതുകമുണര്‍ത്തുന്ന കാഴ്ചകളായിരുന്നു. മറ്റു രാജ്യക്കാരായ എന്റെ സഹപ്രവര്‍ത്തകരുമായിട്ടുളള നിരന്തര സംഭാഷണങ്ങളില്‍ നിന്നുമാണ് സാര്‍വ്വദേശീയമാനമുള്ള എന്തെങ്കിലുമൊന്ന് എഴുതണമെന്ന ആശയം രൂപപ്പെടുന്നത്.

അതുമായി ബന്ധപ്പെട്ട് എനിക്ക് വലിയ നന്ദിയോടെ ഓര്‍ക്കേണ്ട പേരാണ് എന്റെ സഹപ്രവര്‍ത്തകനായ ശ്രീ. സലിമിന്റേത്. അദ്ദേഹവുമായിട്ടുളള സംസാരത്തില്‍ നിന്നും കിട്ടിയ ചിലക്കാര്യങ്ങളുമൊക്കെ എന്റെ മനസ്സിലങ്ങനെ കെട്ടികിടന്നിരുന്നു. ചെറുകഥകളെഴുതാനുളള ശ്രമങ്ങളാണ് ആദ്യം എന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. എന്നാല്‍ ഒരു കഥയില്‍ ഒതുങ്ങില്ലെന്നും കുറച്ചു വിശാലമായി തന്നെ ഇത്തരം വിഷയങ്ങള്‍ അവതരിപ്പിക്കണമെന്നും തോന്നിയപ്പോഴാണ് നോവല്‍ ശ്രമം ആരംഭിച്ചത്. ഇടയ്ക്ക് പലപ്രാവശ്യം എഴുത്ത് മുടങ്ങിപ്പോയിട്ടുണ്ട്. നോവല്‍ ശ്രമം പാടേയുപേക്ഷിച്ച ഘട്ടമുണ്ടായിട്ടുണ്ട്. പക്ഷെ ചില കഥാപാത്രങ്ങള്‍ മനസ്സില്‍ നിന്നും ഇറങ്ങിപോകുന്നില്ലായിരുന്നു. അവരെന്നെ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു. ഞാനവരുമായി നിരന്തരം തര്‍ക്കിച്ചുകൊണ്ടിരുന്നു. അവരുടെയൊക്കെ പ്രശ്‌നങ്ങളെ അവരെന്റെ തലയില്‍കെട്ടിവച്ച് കൈയ്യുംകെട്ടി നില്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് നോവല്‍ രചനയ്ക്ക് പുതിയൊരു വേഗം കൈവന്നത്.

മുന്‍പേ എഴുതി വച്ചിരുന്നത് മൊത്തം പൊളിച്ചെഴുതാനും അതുവരെ തുടര്‍ന്ന കഥ പറയല്‍ രീതി മാറ്റിപിടിക്കാനും ഒരു ആശയം വീണുകിട്ടുകയായിരുന്നു. കുറേ തടസ്സങ്ങള്‍ നേരിട്ടിട്ടും എഴുതി തീര്‍ത്താലെ എനിക്കൊരു സമാധാനം കിട്ടൂ എന്നുളള അവസ്ഥയിലേക്ക് ഞാന്‍ എത്തിപ്പെട്ടിരുന്നു. എല്ലാവരുമുറങ്ങുന്ന രാത്രികളില്‍ ഞാനവരുമായി സഞ്ചരിച്ചു. അതിപ്പോള്‍ ഒരു നോവല്‍ രൂപത്തില്‍ വായനക്കാരിലേക്ക് എത്തി നില്‍ക്കുന്നു. എന്റെയുളളില്‍ നിന്നും അവര്‍ ഇറങ്ങിപോയെന്നുളളതാണ് നോവല്‍ എഴുതി തീര്‍ന്നപ്പോള്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ ആശ്വാസം. ഇതൊരു പുസ്തകമാക്കാനോ, ആളുകള്‍ വായിക്കുമെന്നോ എന്നൊന്നുമുളള യാതൊരു വക ചിന്തകളും എനിക്കുണ്ടായിരുന്നില്ല. എന്റെ മനസ്സിന്റെ അസ്വസ്ഥതകള്‍ ഇല്ലാതായി എന്നതു മാത്രമായിരുന്നു നോവല്‍ രചന കഴിഞ്ഞപ്പോള്‍ എനിക്ക് കിട്ടിയ ആനന്ദം.

3. ഈ നോവലിന്റെ പ്രത്യകത എന്താണ്?

മലയാളിക്ക് അത്ര പരിചയമില്ലാത്ത ചിലയിടങ്ങളിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതാണ് ഈ നോവലിന്റെ പ്രത്യേകത. മലയാളി കഥാപാത്രങ്ങളില്ലാത്ത മലയാള നോവല്‍. ദുബായ് കേന്ദ്രമായി ഒരു നോവല്‍ രചിക്കുമ്പോള്‍ മലയാളി കഥാപാത്രങ്ങളെ വളരെ എളുപ്പത്തില്‍ നിര്മ്മി ച്ചെടുക്കാനാകും. പക്ഷെ അങ്ങനെയൊരു കഥാപാത്രത്തെ ഈ നോവലില്‍ സൃഷ്ടിച്ചെടുത്തിട്ടില്ല. നോവലില്‍ നിന്നും ഒരു ഭാഗം താഴെ ചേര്‍ക്കുന്നു.

നിങ്ങളനുഭവിക്കുന്ന സമാധാനം അത് മറ്റൊരു ജനതയുടെ ദുരിതമാണ്
നിങ്ങളനുഭവിക്കുന്ന സമൃദ്ധി അത് മറ്റൊരു ജനതയുടെ വരള്‍ച്ചയാണ്
നിങ്ങളനുഭവിക്കുന്ന സന്തോഷം അത് മറ്റൊരു ജനതയുടെ സങ്കടമാണ്
നിങ്ങളനുഭവിക്കുന്ന സമ്പത്ത് അത് മറ്റൊരു ജനതയുടെ ദാരിദ്ര്യമാണ്
നിങ്ങളുടെ വയറുകള്‍ നിറയുമ്പോള്‍ മറ്റൊരു ജനത പട്ടിണിയിലാണ്
നിങ്ങള്‍ ആരോഗ്യത്തോടെ ജീവിക്കുമ്പോള്‍ മറ്റൊരു ജനത മരണത്തോട് മല്ലിടുകയാണ്

നമ്മള്‍ മലയാളികള്‍ വലിയ വലിയ ദുരന്തമുഖങ്ങളിലൂടെയൊന്നും കടന്നുപോയിട്ടില്ലെന്നു തോന്നുന്നു. യുദ്ധവും അതിനോടനുബന്ധിച്ചുളള പലായനങ്ങളും വിശപ്പും മരണങ്ങളും നമ്മള്‍ അനുഭവിച്ചിട്ടില്ല.നമ്മുടെ സമാധാനം മറ്റൊരു ജനതയുടെ ദുരിതമാണ്. ഈ നോവല്‍ ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുന്നതും അതു തന്നെയാണ്. നമ്മളനുഭവിക്കുന്ന സമാധാനത്തിന്റെ മറുവശം അതിഭയാനകമായ ഒരു ജീവിതം നയിക്കുന്നവരുടേതാണ്.

അതോടൊപ്പം പുതിയ കാലത്തിന്റെ സംഘര്‍ഷങ്ങളും ജീവിതാവസ്ഥകളും രാഷ്ട്രീയവും രേഖപ്പെടുത്താനുളള ശ്രമം ഈ നോവലിലുടനീളം കാണാം. പുതിയ കാലത്തിന്റെ ടെക്‌നോളജിയും അതിന്റെ ഗുണങ്ങളും ദോഷങ്ങളും ചെറിയരീതിയില്‍ നോവലില്‍ വരച്ചിടുന്നുണ്ട്. പണത്തിന്റെ വിവിധ മുഖങ്ങള്‍. വിവിധ രാജ്യങ്ങളിലെ മാനുഷികാവസ്ഥകള്‍ എന്നിവയെല്ലാം പറഞ്ഞുവയ്ക്കാനുളള ശ്രമങ്ങളും നോവലിന്റെ പ്രത്യേകതകളായി ഞാന്‍ കാണുന്നു.

എന്റെ നോവലിനെപ്പറ്റി ഞാന്‍ പറയുന്നതിനേക്കാള്‍ നല്ലത് വായനക്കാര്‍ പറയുന്നതായിരിക്കും. പുസ്തകമിപ്പോള്‍ അവരുടേതാണ്. ഞാന്‍ ആകാക്ഷാപൂര്‍വ്വം കാത്തിരിക്കുന്നത് അവരുടെ വാക്കുകള്‍ക്ക് വേണ്ടിയാണ്. അവര്‍ എന്ത് പ്രത്യേകതയായിരിക്കും എന്റെ നോവലില്‍ കണ്ടെത്തിയത് എന്നറിയാന്‍ ഞാനും കാത്തിരിക്കുകയാണ്.

4. നോവല്‍ തന്നെയാണോ നിങ്ങളുടെ സാഹിത്യരൂപം, മറ്റെഴുത്തുകള്‍ എന്താണ്?

കവിതകളിലാണ് തുടങ്ങിയത്. പിന്നെ കഥകളെഴുതി. ഒരു പടികൂടി മുന്നോട്ടേക്ക് കടന്ന് ആദ്യ നോവലും.കഥകളെഴുതാന്‍ ഇഷ്ടമാണ്. കഥകളിലൂടെയാണ് എന്നെ ചിലരെങ്കിലും ശ്രദ്ധിച്ചുതുടങ്ങിയത്. കഥകള്‍ക്ക് കിട്ടിയ ചില പുരസ്‌കാരങ്ങളാണ് മുന്നോട്ടേക്ക് എഴുതാനുളള കരുത്തായി മാറിയത്. കവിതയാണോ കഥയാണോ എനിക്ക് ഇണങ്ങുന്നതെന്ന് ഞാനും സംശയത്തോടെ നോക്കിയിരുന്ന കാര്യം തന്നെയാണ്. കഥയാണ് കുറച്ചുകൂടി നന്നായി വഴങ്ങുന്നതെന്ന് തോന്നിയിട്ടുണ്ട്. നോവല്‍ ഒരു എടുത്താല്‍ പൊന്താത്ത കാര്യത്തിനുളള ശ്രമമായിരുന്നു. അതില്‍ പകുതി വിജയിച്ച സന്തോഷം ഇല്ലാതില്ല. നിലവില്‍ കഥകളും ചില കഥയില്ലാത്ത കഥാപാത്രങ്ങളും മാത്രമേ മനസ്സിലുളളൂ.

5) ഇനിയെഴുതാന്‍ പോകുന്ന പുസ്തകം?

അടുത്തൊരു പുസ്തകത്തെ പറ്റിയുളള പദ്ധതികളൊന്നും മനസ്സില്‍ ഇല്ല. എന്റെ കുറച്ചു കഥകള്‍ കോര്‍ത്തുകെട്ടി ഒരു കഥാസമാഹരം ചെയ്യണമെന്ന മോഹം ഉളളിലുണ്ട്. അതിനുവേണ്ടി പ്രസിദ്ധീകരിച്ച കഥകളൊക്കെയും തുന്നിക്കെട്ടുകയും പിന്നെ മടിപിടിച്ച് മെല്ലേപോക്ക് നയം സ്വീകരിക്കുകയും ചെയ്തു. എന്റെ കുട്ടിക്കാലവും നാടുമായി ബന്ധപ്പെട്ട മറ്റൊരു നോവല്‍ ശ്രമം കുറെ മുന്‍പ്് ആരംഭിച്ചിട്ടുണ്ടായിരുന്നു. അത് തീര്‍ക്കണം. ഇടയ്‌ക്കൊന്ന് മുടങ്ങിപ്പോയ ആ നോവലിലേക്ക് തന്നെയാണ് എന്റെ പുതിയ ശ്രമങ്ങളെ ഞാന്‍ തിരിച്ചുവിടാന്‍ പോകുന്നത്. രണ്ടു ഭാഗങ്ങളായി കഥപറയുന്ന ആ നോവല്‍ തീര്‍ക്കുകയെന്നതു തന്നെയാണ് ഇപ്പോഴത്തെ ആഗ്രഹം. ബാക്കിയെല്ലാം പോകുന്ന പോക്കില്‍ വീണുകിട്ടുകയല്ലേ. ചിലതൊക്കെ പെറുക്കിയെടുത്ത് സൂക്ഷിക്കുന്നുണ്ട്. അതൊക്കെ കഥയായോ നോവലായോ ജനിച്ചേക്കാം.

5. പല നാടുകളിലെ മനുഷ്യാവസ്ഥയെ പ്രമേയമാക്കുന്ന പല അടരുകളുള്ള ആഖ്യാനം എന്നാണ് നോവലിനെക്കുറിച്ച് വിധികര്‍ത്താക്കള്‍ പറഞ്ഞ സവിശേഷതകളിലൊന്ന്. ഇങ്ങനെ അര്‍ത്ഥത്തിന്റെ പല അടരുകളെപ്പറ്റിയുള്ള ബോധം എഴുതുമ്പോള്‍ ഉണ്ടായിരുന്നോ?

ഉണ്ടായിരുന്നു. അത്തരമൊരു സാധ്യതയുളളതു തന്നെയായിരുന്നു ഇത്തരമൊരു വിഷയവുമായി മുന്നോട്ടേക്ക് പോകാനുളള ശക്തി. എന്നാല്‍ അതേ സാധ്യത തന്നെയായിരുന്നു എന്റെ പ്രധാന വെല്ലുവിളിയും.ഒരു നോവലിലേക്ക് എങ്ങനെ പല പല രാജ്യത്തെ പ്രശ്‌നങ്ങളെ കൊണ്ടുവരാം എന്നതായിരുന്നു ഞാന്‍ നേരിട്ട വെല്ലുവിളി. അതിനു വേണ്ടി കഥാപാത്രസൃഷ്ടി നടത്താതെ കഥയിലെ മുഖ്യകഥാപാത്രങ്ങളെ പല പല രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ തുറന്നുവിടുകയും അവര്‍ അവരുടെ യാത്രകളില്‍ അനുഭവിച്ച അവസ്ഥകളെ രേഖപ്പെടുത്തി വയ്ക്കുകയുമായിരുന്നു എന്റെ ദൗത്യം.

യുദ്ധം എങ്ങനെ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നുവെന്നും അവരുടെ ജീവിതം എങ്ങനെയാണ് മുന്നോട്ടേക്ക് പോകുന്നതുമെന്നും അവരുടെ പലായനങ്ങളുടെ ജയപരാജയങ്ങളേക്കുറിച്ചുമൊക്കെ പറഞ്ഞുപോകുമ്പോള്‍ സ്വഭാവികമായിട്ടും പലത്തരം ജീവിതാവസ്ഥകള്‍ കടന്നുവരും. അതിന്റെയൊക്കെ രാഷ്ട്രീയമാനങ്ങള്‍ എന്താണെന്നുമൊക്കെ പറയാനാണ് ഞാന്‍ ശ്രമിച്ചിട്ടുളളത്. അതോടൊപ്പം പുതിയ കാലത്തിന്റെ സംഘര്‍ഷങ്ങളും വരച്ചുചേര്‍ത്തിട്ടുണ്ട്.

6. പുരസ്‌കാരം ലഭിച്ചപ്പോഴുളള മാനസികാവസ്ഥ എന്തായിരുന്നു?

നോവല്‍ എഴുതി പൂര്‍ത്തിയാക്കി ഡി.സി നോവല്‍ മത്സരത്തിലേക്ക് അയക്കുമ്പോള്‍ വലിയ പ്രതീക്ഷകളൊന്നുമുണ്ടായിരുന്നില്ല. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന അഞ്ചു നോവലുകളും പുസ്തകമാക്കും എന്നൊരു മോഹിപ്പിക്കുന്ന വാചകം മനസ്സിലുണ്ടായിരുന്നു. ആ അഞ്ചിലൊന്നായി കേറിപറ്റിയാല്‍ ആദ്യപുസ്തകമെന്ന സ്വപ്നം പൂവണിയുമല്ലോയെന്ന ആവേശമായിരുന്നു നോവല്‍ എഴുതി പൂര്‍ത്തിരയാക്കാന്‍ ഇന്ധനമായത്. നോവല്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസത്തെ അവസാന മണിക്കൂറിലാണ് എന്റെ അനിയന്‍ നോവല്‍ പ്രിന്റെടുത്ത് ഡി.സി യുടെ ഓഫീസിലെത്തിക്കുന്നത്.

ഞാന്‍ ദുബായിലായിരുന്നതുകൊണ്ട് അനിയന്റെ ഫോണ്‍ നമ്പറായിരുന്നു നോവലിനൊപ്പം വച്ചിട്ടുണ്ടായിരുന്നത്. അതുകൊണ്ട് വിളികാത്തിരിക്കുന്ന ആകാംക്ഷയൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസം കാലത്ത് അവനെനിക്ക് വാട്‌സപ്പിട്ടു ഗുഡ് ന്യൂസ്സ് ഉണ്ടെന്ന് പറഞ്ഞ്. കാര്യം ചോദിച്ചപ്പോള്‍ നമ്മുടെ നോവല്‍ തിരഞ്ഞെടുത്ത അഞ്ചിലൊന്നായിട്ടുണ്ടെന്ന്.ഭയങ്കര സന്തോഷം തോന്നി. ആദ്യപുസ്തകം വരാന്‍ പോകുന്നു. അതു മാത്രം മതിയായിരുന്നു എന്നെ സന്തോഷിപ്പിക്കാന്‍.

പുരസ്‌കാരം പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ ഓഫീസിലായിരുന്നു. നല്ല തിരക്കുളള ദിവസം. അനിയന്‍ തന്നെയാണ് എന്നിക്ക് പകരം പുരസ്‌കാര വേദിയിലേക്ക് പോയത്. അതൊരു നല്ല ദിവസം തന്നെയായിരുന്നു. കാരണം അനിയന് ഒരു മോള്‍ ജനിച്ചത് അന്ന് കാലത്തായിരുന്നു. ഞങ്ങളുടെ വീട്ടിലെ പുതിയ അതിഥി. ഞാന്‍ ഓഫീസിലിരുന്ന് ഡി.സി ബുക്‌സിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ലൈവായിട്ട് എല്ലാം കാണുന്നുണ്ടായിരുന്നു. ബെന്യാമിന്‍ സാര്‍ അഞ്ചു നോവലുകളും പരിചയപ്പെടുത്തി ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ആ സമയം ഞാന്‍ ഓഫീസില്‍ നിന്നും പുറത്തേക്കിറങ്ങി വാഷ്‌റൂമിലേക്കുളള കോറിഡോറിന്റെയരികില്‍ ചെന്നു നിന്നു. ബെന്യാമിന്‍ സാര്‍ പുരസ്‌കാരം ലഭിച്ചത് യാ ഇലാഹി ടൈംസ് രചിച്ച അനില്‍ ദേവസ്സിക്ക് എന്നു പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ ദൈവമേയെന്ന് വിളിച്ച് ആ ചില്ലുഡോറിലേക്ക് ചാരിപ്പോയി. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു പുസ്തകം ഇറങ്ങുന്നു എന്നത് തന്നെ എന്നെ സ്വപ്നലോകത്തെത്തിച്ചിരുന്നു. ഞാന്‍ ഏറെ ആരാധിക്കുന്ന പ്രിയപ്പെട്ട എഴുത്തുകാരുടെ കൈയ്യില്‍ നിന്നും ആ പുരസ്‌ക്കാരം ഏറ്റു വാങ്ങാന്‍ സാധിക്കാത്തതിലും അവര്‍ക്കൊപ്പം പങ്കിടാന്‍ കിട്ടിയ വലിയൊരു വേദി നഷ്ടമായതിലും കുറെ സങ്കടം. എന്നാലും അവസാന നിമിഷം നോവല്‍ കൊണ്ടുക്കൊടുത്ത എന്റെ അനിയന്‍ തന്നെ ആ പുരസ്‌കാരം എനിക്ക് വേണ്ടി ഏറ്റുവാങ്ങുന്നതു കാണുമ്പോള്‍ മനസ്സ് സന്തോഷം കൊണ്ടു നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു.

പുതിയ എഴുത്തുക്കാര്‍ക്ക് വലിയ പ്രോത്സാഹനം തന്നെയാണ് ഡി.സി ബുക്‌സ് പോലുളള പ്രസാധകര്‍ നല്‍കിവരുന്നത്. ഡി.സി ബുക്‌സ് നല്‍കിയ ഈ പ്രോത്സാഹനത്തിന് നന്ദി.

Comments are closed.