ഇന്ത്യയില്‍ അഭിപ്രായസ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തനവും അപകടംപിടിച്ച അവസ്ഥയില്‍: വിക്രം സേത്ത്
ഷാര്‍ജ: ഇന്ത്യയില്‍ അഭിപ്രായസ്വാതന്ത്ര്യവും മാദ്ധ്യമപ്രവര്‍ത്തനവും അപകടംപിടിച്ച അവസ്ഥയിലെന്ന് പ്രശസ്ത നോവലിസ്റ്റും കവിയുമായ വിക്രം സേത്ത്. സാഹിത്യകാരന്മാരും മാദ്ധ്യമപ്രവര്‍ത്തകരും തുടര്‍ച്ചയായി വധിക്കപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. 38-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംവദിക്കുകയായിരുന്നു വിക്രം സേത്ത്.
തന്റെ എഴുത്തിന്റെ പ്രമേയത്തെയും ഉള്ളടക്കത്തെയും തനിക്ക് ചുറ്റുമുള്ള സാമൂഹ്യരാഷ്ട്രീയപരിസരങ്ങള്‍ ഏറെ സ്വാധീനിക്കാറുണ്ടെന്ന് വിക്രം സേത്ത് പറഞ്ഞു. എഴുത്തുകാരനും രാജ്യത്തെ പൗരനാണെന്നും എഴുത്തുകാര്‍ തങ്ങളുടെ വികാരങ്ങള്‍ എഴുത്തിലൂടെയാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എഴുത്തുകാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും വിവേചനത്തിനെതിരെ പോരാടാനുമുള്ള അവകാശവുമുണ്ട്.
എഴുത്തുകാര്‍ എഴുതാന്‍ കൈക്കൊള്ളുന്ന ഭൂമിക ചുരുങ്ങിവരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് എഴുത്തുകാര്‍ സ്വയം സെന്‍സറിങ്ങിന് വിധേയരാകുകയാണെന്ന് വിക്രം സേത്ത് മറുപടി നല്‍കി.’സ്യൂട്ടബിള്‍ ഗേള്‍’ എന്ന തന്റെ പുതിയ നോവല്‍ യുക്തമായ സമയത്ത് പുറത്തിറങ്ങും.
സാമൂഹ്യമാദ്ധ്യങ്ങളില്‍ താന്‍ ഒട്ടും സജീവമല്ല. തന്റെ ഇമെയില്‍ അക്കൗണ്ടുകള്‍ പോലും താന്‍ പലപ്പോഴും പരിശോധിക്കാറില്ല. തന്റെ പേരില്‍ പ്രചരിക്കുന്ന ട്വിറ്റര്‍- ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ മറ്റാരൊക്കെയോ കൈകാര്യം ചെയ്യുന്നതാണ്. എഴുത്തുകാര്‍ തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കി പ്രതിഷേധിക്കുന്ന സംഭവങ്ങളെ കുറിച്ച് പരാമര്‍ശിക്കവേ, താന്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയില്ലെന്നും അതിലും വ്യത്യസ്തമായ പ്രതിഷേധമാര്‍ഗ്ഗങ്ങളുണ്ടെന്നും വിക്രം സേത്ത് പറഞ്ഞു. സാഹിത്യ അക്കാദമി എന്നത് മഹത്തായ സ്ഥാപനമാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലെയുള്ള മഹാന്മാരായ നമ്മുടെ രാഷ്ട്രനേതാക്കളാണ് സാഹിത്യ അക്കാദമിക്ക് രൂപം നല്‍കിയത്. പ്രതിഷേധം പ്രകടിപ്പിക്കുന്നത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തികച്ചും വ്യക്തിധിഷ്ഠിതമാണ്.
എഴുതാനുള്ള പ്രചോദനത്തിന് യാത്ര ഒരു അനിവാര്യഘടകമല്ലെന്ന് വിക്രം സേത്ത് പറഞ്ഞു. തുളസീദാസോ സൂര്‍ദാസോ ഷേക്‌സ്പിയറോ യാത്ര ചെയ്തിട്ടല്ല, സാഹിത്യരചനകള്‍ നടത്തിയിരുന്നത്. ചുറ്റുമുള്ള ജീവിതത്തെ നോക്കിക്കാണുന്നതാണ് പ്രധാനം. എഴുത്തുകാര്‍ സ്വന്തം കൃതികളോടും എഴുത്തിനോടും സത്യസന്ധത പുലര്‍ത്തണമെന്നതാണ് തന്റെ അഭിപ്രായം. ചിലപ്പോഴൊക്കെ, ചിലതെല്ലാം ആക്ഷേപഹാസ്യരൂപത്തില്‍ എഴുതുന്നതാണ് കൂടുതല്‍ ഫലപ്രദം.
കവിതയെഴുത്തിനും നോവല്‍ രചനയ്ക്കും അവയുടേതായ ലഘുത്വവും സങ്കീര്‍ണ്ണതയും ഉണ്ടെന്ന് വിക്രം സേത്ത് അഭിപ്രായപ്പെട്ടു. വൃത്തബദ്ധമായി കവിതയെഴുതുമ്പോള്‍ പദങ്ങളുടെ തിരഞ്ഞെടുപ്പും ഉപയോഗവും കൂടുതല്‍ ശ്രമകരമാകുന്നു. എന്നാല്‍ നോവലെഴുതുമ്പോള്‍, വാക്കുകള്‍ തിരഞ്ഞെടുക്കുന്നതിന് കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്. അതേ സമയം, കവിത ഹൃസ്വവും, കൂടുതല്‍ കാല്പനികത നിറഞ്ഞതുമാണ്. എന്നാല്‍ നോവലാകട്ടെ, വളരെ ദീര്‍ഘവും, ഗൗരവമേറിയ എഴുത്ത് ആവശ്യപ്പെടുന്നതുമാണ്.
നോവലെഴുതുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്, കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും തീരുമാനിച്ചുകഴിഞ്ഞാല്‍ എഴുതുകയും തുടര്‍ച്ചയായി തിരുത്തിയെഴുതുകയുമാണ് വേണ്ടതെന്ന് വിക്രം സേത്ത് പറഞ്ഞു. അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതുമല്ല, പ്രചോദനം ലഭിക്കുകയെന്നതാണ് പ്രധാനം.എഴുതാനുള്ള തന്റെ പ്രചോദനം പലപ്പോഴും പലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.വ്യത്യസ്തകോണുകളില്‍ നിന്നുള്ള വ്യത്യസ്തകാര്യങ്ങള്‍ തന്നെ പ്രചോദിപ്പിക്കുന്നു.
തന്റെ എഴുത്തനുഭവങ്ങള്‍ സദസ്സിനോട് പങ്കുവെച്ച വിക്രം സേത്തുമായുള്ള സംവാദം ഒരുമണിക്കൂറിലേറെ നീണ്ടുനിന്നു. മാധ്യമപ്രവര്‍ത്തക അഞ്ജന ശങ്കറായിരുന്നു മോഡറേറ്റര്‍.
Comments are closed.