DCBOOKS
Malayalam News Literature Website

ഇടത്തട്ടുനില എന്ന പ്രായോഗിക രൂപകം

ശിവകുമാർ ആർ പി

വിദ്യ തങ്ങളുടെ സാമൂഹിക പദവിക്ക് വേണ്ട സഹായം ചെയ്യും എന്നു വിശ്വസിച്ച ഇടത്തട്ടുകാരാണ് കേരളത്തിലെ എന്നത്തേയും അതിന്റെ മികച്ച ഉപഭോക്താക്കള്‍. ആശയുംപ്രതീക്ഷയും ഭാവിയും സ്വപ്നവുമൊക്കെ അടുത്ത തലമുറയെ ലാക്കാക്കി വിതച്ചിട്ട പ്രധാന വിളഭൂമിയാണ് ഇവിടെ എല്ലാക്കാലവും വിദ്യാഭ്യാസമേഖല. സ്‌കൂള്‍ വിദ്യാഭ്യാസഘട്ടത്തിന്റെ രൂപരേഖ തയ്യാറാക്കിയവരെല്ലാം ഏറ്റവും അധികം വെട്ടുകയും തിരുത്തുകയും കൈയാങ്കളി നടത്തുകയും ചെയ്തത്, സ്‌കൂളിനും കോളേജിനും ഇടയ്ക്കുള്ളപിയുസി എന്നും ഇന്റര്‍മീഡിയറ്റ് എന്നും പ്രീഡിഗ്രിയെന്നും ഹയര്‍ സെക്കന്ററിയെന്നും പേരുകള്‍ മാറിയും തിരിഞ്ഞും വന്ന അന്തരാളകാലത്തെയാണെന്ന് വിദ്യാഭ്യാസഘട്ടപരിഷ്‌കാരത്തിന്റെ ഈ നീണ്ട ചരിത്രം നോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും. ഇത് ആകസ്മികമല്ല : വിദ്യാഭ്യാസപരിഷ്‌ക്കാരങ്ങളുടെ ചരിത്രത്തിലൂടെയുള്ള വിശകലനം.

ഇന്ത്യയിലെ ഒന്നാമത്തെ സ്വാതന്ത്ര്യസമരം എന്ന് അറിയപ്പെടുന്ന സൈനികപ്രക്ഷോഭം നടന്ന അതേ വര്‍ഷമാണ് ബംഗാള്‍, ബോംബെ, മദ്രാസ് തുടങ്ങിയ നഗരങ്ങളില്‍ ലണ്ടന്‍ മാതൃകയില്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കപ്പെടുന്നതും; 1857-ല്‍. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണസമിതി പ്രസിഡന്റായിരുന്ന സര്‍ ചാള്‍സ് വുഡിന്റെ നിര്‍ദ്ദേശങ്ങളുടെ തുടര്‍ച്ചയാണ് ഈ സ്ഥാപനങ്ങള്‍. ‘പ്രയോജനപ്രദമായ വിദ്യാഭ്യാസത്തില്‍നിന്ന് ഉദ്ഭൂതമാകുന്ന, ധാര്‍മ്മികവും ഭൗതികവും അതിവിപുലവുമായ അനുഗ്രഹം ഇന്ത്യയിലെ നാട്ടുകാര്‍ക്കും ലഭ്യമാകുന്നതിന് ഉപകരണമായി ഭവിക്കുകയെന്നത് നമ്മില്‍ നിക്ഷിപ്തമായ പവിത്രമായ കര്‍ത്തവ്യമാണെന്ന്’ വിവരിക്കുന്ന വുഡ്, പൂര്‍വദേശത്തിലെ അറിവിന്റെ ഭാഗമായ ശാസ്ത്രവും തത്ത്വശാസ്ത്രവും വമ്പിച്ച അബദ്ധങ്ങള്‍ നിറഞ്ഞതാണെന്നും കമ്പനിഭരണാധികാരികള്‍ക്ക് കൂടുതല്‍ വിശ്വാസ്യതയോടെ ചുമതലകള്‍ ഏല്‍പ്പിച്ചു കൊടുക്കുന്നതിനു പറ്റിയ സേവകന്മാരെ സൃഷ്ടിക്കാന്‍ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കണമെന്നും അതില്‍ എഴുതിവച്ചിട്ടുണ്ട്.

പാരമ്പര്യമതവിശ്വാസത്തെ മുറിപ്പെടുത്തുന്ന ഒരു പ്രചരണത്തെ ഇന്ധനമാക്കി അധിനിവേശശക്തിയ്‌ക്കെതിരേയുള്ള പ്രക്ഷോഭം, ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പിന്റെ അവസരത്തില്‍തന്നെ ഉയര്‍ന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഇന്ത്യയുടെ ആധുനികീകരണത്തിലേക്കുള്ള ചരിത്രസന്ദര്‍ഭങ്ങളിലെല്ലാം ഏറിയോ കുറഞ്ഞോ യാഥാസ്ഥിതികതയും പാരമ്പര്യവിശ്വാസവും പുരോഗമനതാത്പര്യങ്ങളും വിമോചനാഭിലാഷങ്ങളുംപോലെ പരസ്പരം പോരടിക്കുന്ന വൈരുദ്ധ്യങ്ങള്‍ കൂടിക്കലരുന്നത് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യക്കാരെ ബുദ്ധിയിലും ധാര്‍മ്മികബോധത്തിലും ബ്രിട്ടീഷ് ആക്കിത്തീര്‍ക്കാന്‍ സ്ഥാപിക്കപ്പെട്ട കല്‍ക്കട്ടാ സര്‍വകലാശാലയില്‍നിന്ന് ആദ്യബിരുദം നേടിയവരില്‍ ഒരാളായ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ് പിന്നീട് സന്ന്യാസിമാരുടെ വിപ്ലവം വിഭാവന ചെയ്തതും ‘വന്ദേ മാതരം’ എഴുതിയതും എന്നുകൂടി ഓര്‍മ്മിക്കുക. വിദ്യാഭ്യാസപരിഷ്‌കരണത്തിനായി ബ്രിട്ടീഷുകാരും മിഷണറിമാരും നാട്ടുഭരണാധികാരികളും ചേര്‍ന്നു നടത്തിയ രാഷ്ട്രീയ സാംസ്‌കാരിക സാമ്പത്തിക മൂലധനനിക്ഷേപങ്ങളെ ആധുനികീകരണപ്രക്രിയയ്ക്കുള്ളിലെ വിരുദ്ധഘടകങ്ങളും ചേര്‍ന്നാണ് സ്വാധീനിച്ചിട്ടുള്ളത്. പാഠ്യപദ്ധതിരൂപീകരണങ്ങളെയും വിദ്യാഭ്യാസ ഘടനാനിര്‍ണ്ണയങ്ങളെയുമൊക്കെ സംബന്ധിക്കുന്ന പൊതുധാരണകള്‍ക്കുള്ളില്‍ അവ പുറമേക്ക് കാണാനാവാതെ നിലകൊള്ളുകയും ചെയ്യുന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ ആഗസ്റ്റ് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

Comments are closed.