‘അമ്മ’; മാക്സിം ഗോര്‍ക്കിയുടെ വിഖ്യാതനോവല്‍
വിഖ്യാത എഴുത്തുകാരനും സോഷ്യലിസ്റ്റ് റിയലിസ്റ്റിക് സാഹിത്യരൂപത്തിന്റെ സ്ഥാപകനും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന മാക്‌സിം ഗോര്‍ക്കിയുടെ പ്രശസ്ത നോവലാണ് അമ്മ. സോവിയറ്റ് യൂണിയനിലെ ഔദ്യോഗിക സാഹിത്യ സങ്കല്പത്തിന്റെ നായകനായ ഗോര്‍ക്കിയുടെ നോവല്‍ യൂറോപ്പിലെ തൊഴിലാളി വര്‍ഗ്ഗത്തിന് ഊര്‍ജ്ജം പകര്‍ന്ന കൃതിയാണ്. ഈ കൃതി ഒക്ടോബര്‍ വിപ്ലവത്തിനും ആക്കം കൂട്ടി. ചൂഷണത്തിനെതിരെ ആഞ്ഞടിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ കഥ പറയുന്ന അമ്മയില്‍ കാല്പനികതയും യാഥാര്‍ത്ഥ്യവും ഒത്തുചേരുന്നു.
റഷ്യന്‍ വിപ്ലവം (1917) നടക്കുന്നതിന് ഒരു ദശകം മുമ്പാണ് ഗോര്‍ക്കിയുടെ അമ്മ പുറത്തുവന്നത്. റഷ്യയിലെ തൊഴിലാളി വര്‍ഗം സോഷ്യലിസ്റ്റ് ആശയങ്ങളാല്‍പ്രചോദിതമായി ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന്റെ കഥ പറഞ്ഞ അമ്മ ഇംഗ്ലീഷ് ഭാഷയിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. അതും മുതലാളിത്തരാജ്യമായ അമേരിക്കയില്‍. 1906 ഡിസംബര്‍ മുതല്‍ 1907 ഫെബ്രുവരി വരെ ന്യൂയോര്‍ക്കിലെ ആപ്പിള്‍ടണ്‍ മാഗസിനിലാണ് അമ്മ പ്രസിദ്ധപ്പെടുത്തയത്. 1907-ല്‍ സ്‌നാനിയെ എന്ന റഷ്യന്‍ പ്രസിദ്ധീകരണത്തിലും അമ്മ അച്ചടിച്ചുവന്നു. കടുത്ത സെന്‍സര്‍ഷിപ്പുണ്ടായിരുന്നതിനാല്‍ 1917-ല്‍ ഒക്ടോബര്‍ വിപ്ലവം നടന്ന ശേഷമാണ് നോവല്‍ പൂര്‍ണ്ണരൂപത്തില്‍ റഷ്യയില്‍ പ്രസിദ്ധപ്പെടുത്തിയത്. ഒക്ടോബര്‍ വിപ്ലവത്തിന് എണ്ണ പകര്‍ന്ന കൃതിയായിരുന്നു അമ്മ . ഉണ്ടായ കാലത്തുതന്നെ യൂറോപ്യന്‍ ഭാഷകളില്‍ നോവലിന് വ്യാപകമായ പ്രചാരം കിട്ടി. യൂറോപ്പിലെങ്ങും തൊഴിലാളി വര്‍ഗ്ഗത്തിന് അതു പ്രചോദനം നല്‍കി. ലെനിന്റെ ബോള്‍ഷെവിക് പാര്‍ട്ടിയുടെ ഭാഗമായി അമേരിക്കന്‍ പര്യടനം നടത്തിയ കാലത്താണ് 1906-ല്‍ ഗോര്‍ക്കി അമ്മ എഴുതാന്‍ തുടങ്ങിയത്. കാല്പനികതയും യാഥാര്‍ത്ഥ്യവും യോജിക്കുന്ന അമ്മ പിന്നീടു വികസിച്ചുവന്ന പ്രതിജ്ഞാബദ്ധസാഹിത്യത്തിനും സോഷ്യലിസ്റ്റ് റിയലിസത്തിനും അടിത്തറയൊരുക്കുമായിരുന്നു. ‘വിഡ്ഢികളെ നിങ്ങള്‍ ജനങ്ങളുടെ വെറുപ്പ് വാങ്ങിക്കൂട്ടും. അതു നിങ്ങളുടെ മേല്‍ത്തന്നെ വന്നുവീഴുമെന്നു’ പൊലീസുകാരെ ശപിച്ചുകൊണ്ട് അടിയേറ്റ് വീഴുന്ന പിലഗേയ നീലോവ്‌ന എന്ന അമ്മയുടെ കഥ കോടിക്കണക്കിനു സാധാരണക്കാര്‍ക്കു പ്രത്യാശയുടെ പുസ്തകമായിരുന്നു.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന മാക്‌സിം ഗോര്‍ക്കിയുടെ അമ്മ യുടെ സംഗ്രഹീത പുനരാഖ്യാനം സെബാസ്റ്റ്യന്‍ പള്ളിത്തോടാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. വിശ്വസാഹിത്യമാല വിഭാഗത്തില്‍ പ്രസിദ്ധപ്പെടുത്തിയ കൃതിയുടെ ജനറല്‍ എഡിറ്റര്‍ ഡോ.പി.കെ രാജശേഖരനാണ്.
ttps://ebooks.dcbooks.com/amma-viswasahithyamala
ആദ്യം ഡൗൺലോഡ് ചെയ്യുന്ന ആയിരം പേർക്ക് മാത്രം
Comments are closed.