DCBOOKS
Malayalam News Literature Website

എഴുത്തിലെ പുതുമകളെ കുറിച്ച് അമീഷ് ത്രിപാഠി

ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പില്‍ പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ അമീഷ് ത്രിപാഠി എത്തുന്നു. ശിവത്രയത്തിലൂടെ ഇന്ത്യന്‍ പുസ്തക വില്പനരംഗത്ത് പുതുചരിത്രങ്ങള്‍ സൃഷ്ടിച്ച അമീഷ് ത്രിപാഠിയെ ഇന്ത്യന്‍ സാഹിത്യലോകത്തെ ആദ്യ പോപ് സ്റ്റാര്‍( ലിറ്റററി പോപ് സ്റ്റാര്‍) എന്നാണ് നടന്‍ ശേഖര്‍ കപൂര്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍നിന്ന് പഠിച്ചിറങ്ങിയ അമീഷ് ഏറെ നാള്‍ ബാങ്കിങ് മേഖലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് മുഴുവന്‍സമയ എഴുത്തിലേക്ക് കടന്നപ്പോള്‍ അവിടെയും അദ്ദേഹത്തിന് നിരാശപ്പെടേണ്ടിവന്നില്ല. അമീഷിന്റെ ശിവത്രയം ഇന്ത്യന്‍ പുസ്തക വില്പന രംഗത്ത് അത്ഭുതങ്ങളാണ് സൃഷ്ടിച്ചത്. ചരിത്രത്തെയും ഭാരതീയ മിതോളജിയെയും കൂട്ടുപിടിച്ച് അതിഗംഭീരമായ കഥാപാത്രങ്ങളെയാണ് അദ്ദേഹം തന്റെ കൃതികളില്‍ സൃഷ്ടിച്ചത്. വാണിജ്യപരമായും സാഹിത്യപരമായും അമീഷിന്റെ രചനകള്‍ മികച്ചു നില്ക്കുന്നു. ശിവപുരാണം പുതുതലമുറയ്ക്ക് ഇഷ്ടപ്പെടുന്ന ഭാഷയിലേക്കു പരുവപ്പെടുത്തി പ്രസിദ്ധീകരിച്ച മെലുഹയിലെ ചിരഞ്ജീവികള്‍, നാഗന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ ശപഥം എന്നീ കൃതികള്‍ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. ഏകദേശം 19-ലധികം ഇന്ത്യന്‍ ഭാഷകളിലേക്കും മറ്റനേകം വിദേശഭാഷകളിലേക്കും നോവലുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ശിവത്രയത്തിനു പിന്നാലെ രചിച്ച രാമചന്ദ്ര സീരിസും ഏറെ ശ്രദ്ധ നേടിയ രചനകളാണ്.

അമീഷ് ത്രിപാഠിയുടെ ബെസ്റ്റ് സെല്ലറുകളായ നോവലുകളെ ആസ്പദമാക്കി Immortal India- Young Country, Timeless Civilization എന്ന വിഷയത്തിലാണ് സംവാദം നടക്കുക. ജനുവരി 10-ന് വ്യാഴാഴ്ച നടക്കുന്ന പരിപാടിയില്‍ പ്രസന്ന കെ. വര്‍മ്മയാണ് അമീഷ് ത്രിപാഠിയുമായുള്ള അഭിമുഖം നടത്തുന്നത്.

കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കി ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ നിരവധി പ്രഗത്ഭരായ എഴുത്തുകാരും ചിന്തകരും ഈ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നു.

കാലിക വിഷയങ്ങളും സാഹിത്യവും കലയും എല്ലാം ചര്‍ച്ചയാകുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ താത്പര്യമുള്ള എല്ലാ സഹൃദയര്‍ക്കും പങ്കുചേരാം.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍  പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക്  രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.