DCBOOKS
Malayalam News Literature Website

ആമിഷ് സ്ഥലികളിലൂടെ…. ഒരു വിസ്മയ യാത്ര

യാത്രകള്‍ ഇഷ്ടപ്പെടാത്ത ആരാണ് ഉള്ളത്. കണ്ണിനും മനസ്സിനും കുളിമര്‍മപകരുന്ന കാഴ്ചകള്‍ കണ്ട് പുതിയ സംസ്‌കാരത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും ഭാഗമാകാന്‍ ആഗ്രഹിക്കാത്തവരുണ്ടോ.. പ്രത്യേകിച്ച് ഇന്നിന്റെ തിരക്കുകളില്‍ നിന്നുള്ള രക്ഷപെടലാകുന്ന യാത്രകള്‍. കുംടുബസമേധവും കൂട്ടുകാരൊന്നിച്ചും തനിച്ചും ഒക്കെ പോകാവുന്ന എത്രയെത്ര നാടുകളാണ് ഈ ലോകത്തുള്ളത്. ചിലപ്പോള്‍ ഈ ജന്മംകൊണ്ട് കറങ്ങിതീരാത്തത്ത്രയും സുന്ദരമായ സ്ഥലങ്ങളുണ്ട്. യാത്രകളെ സ്‌നഹിക്കുകയും എന്നാല്‍, വീടിന്റെ., ഓഫീസ് മുറിയുടെ, കെട്ടുപാടുകളുടെ അകത്തളങ്ങളില്‍ തളയക്കപ്പെട്ടവര്‍ക്ക് ഈ യാത്രകള്‍ സമസ്യയായി തുടരും. പക്ഷേ വായനയിലൂടെ കണ്ണെത്താദൂരത്തെ കൈപ്പിടിയിലൊതുക്കാനായി ധാരാളം യാത്രാപുസ്തകങ്ങളാണ് ഇന്ന് ഇറങ്ങന്നത്. ഇതിലൂടെ, നാം കാണാനും അറിയാനുമാഗ്രിച്ച സ്ഥലങ്ങളെക്കുറിച്ചറിയാനും അവിടുത്തെ സംസ്‌കാരത്തിന്റെ പൊരുളറിയാനുമാകും. പറഞ്ഞുവരുന്നതും അത്തരമൊരു പുസ്തകത്തെകുറിച്ചാണ്. എ പി മെഹറലി തയ്യാറാക്കിയ ആമിഷ് സ്ഥലികളിലൂടെ വിസ്മയപൂര്‍വ്വം എന്ന യാത്രാവിവരണഗ്രന്ഥം.

യാത്രാവിവരണവും സാമൂഹിക ശാസ്ത്ര പഠനവും ഒത്തുചേരുന്നതാണ് ആമിഷ് സ്ഥലികളിലൂടെ വിസ്മയപൂര്‍വ്വം എന്ന പുസ്തകം. വികസിതരാജ്യമായ അമേരിക്കന്‍ ഐക്യനാടുകളിലൂടെയുള്ള യാത്രയാണ് ഇതിന്റെ ഉള്ളടക്കം. യാഥാസ്തിക ക്രിസ്ത്യന്‍ വിഭാഗമായ ‘ആമിഷ്’ വിഭാഗത്തില്‍പെട്ടവരുടെ ജീവിതകഥയും അവരുടെ ആചാരമര്യാദകളും അനുഷ്ഠാനുങ്ങളും അവരുടെമാത്രം സ്വന്തമായ സ്ഥലങ്ങളും അക്ഷരങ്ങളില്‍ കുറിച്ചിട്ടിരിക്കുകയാണിവിടെ. ക്രിസ്ത്യാനികള്‍ക്കിടയിലെ പ്രൊട്ടസ്റ്റ്‌ന്റെ വിഭാഗത്തിലെ ഉപവിഭാഗമാണ് ആമിഷ്. ഫോണ്‍, കമ്പ്യൂട്ടര്‍, കാര്‍ തുടങ്ങിയ ആധുിക യന്ത്രങ്ങളും സാങ്കേതിക വിജ്ഞാനം സമ്മാനിച്ച അറിവുകളൊന്നും ഇല്ലാതെ മതവിശ്വാസത്തിന്റെയും കൃഷിയുടെയും മാത്രം പിന്‍ബലത്തില്‍ അമേരിക്കപോലെയുള്ള ഒരു നാട്ടില്‍ ജീവിക്കാന്‍ കഴിയും എന്നുകാട്ടിത്തരുന്നു ഇവര്‍. ഭയമില്ലാതെ ഭക്തിയുടെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന ആമിഷ് വിഭാഗത്തിന്റെ ചരിത്രവും ഈ പുസ്തകം പറഞ്ഞുതരുന്നു. ഇന്നിന്റെ എല്ലാ സൗകര്യങ്ങളും അറിഞ്ഞുജീവിക്കുന്ന നമ്മളെപ്പോലെയുള്ള വായനക്കരന് അത്ഭുതവും വിചിത്രവുമാകുന്നു ഇവരുടെ ജീവിതം.

”യാത്രാവിവരണവും സാമൂഹ്യശാസ്ത്ര പഠനവും ഒന്നിച്ചുചേരുന്ന ഈ പുസ്തകം ഇന്നത്തെക്കാലത്തും മനുഷ്യസമൂഹത്തിന് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാന് കഴിയുമെന്ന് ഉദാഹരണസഹിതം കാണിച്ചുതരുന്നു. വേഗം, മത്സരം, ആര്‍ത്തി, പ്രതികാരം, ഹിംസ, ലാഭക്കൊതി, യന്ത്രസാന്നിധ്യം, പ്രശസ്തി, അധികാരം തുടങ്ങിയ ആധുനികമൂല്യങ്ങള്‍ പാടേ നിരാകരിച്ചുകൊണ്ട് അധ്വാനിച്ച് കൃഷിചെയ്തും കുംടുബബന്ധങ്ങള്‍ മുറുകെപ്പിടിച്ചും ഒരു പാശ്ചാത്യസമൂഹം പുലര്‍ന്നുപോരുന്നതിന്റെ ഹൃദയസ്പര്‍ശിയായ ചിത്രങ്ങളുടെ മനോഹരമായ ആല്‍ബമാണ് ഈ പുസ്തകമെന്ന്” എം എന്‍ കാരശ്ശേരിയും അഭിപ്രായപ്പെടുന്നു.

ഡി സി ബുക്‌സ് പുറത്തിറക്കിയ ഈ ഗ്രന്ഥം വിപണികളില്‍ ലഭ്യമാണ്. പുസ്തകത്തിന്റെ ഇ ബുക്കും ലഭ്യമാണ്.

 

Comments are closed.