DCBOOKS
Malayalam News Literature Website

മാധ്യമനിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ര, ദൃശ്യമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്രസമ്മേളനങ്ങള്‍ക്കു പുറമേ സര്‍ക്കാരുമായുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യതയോടെയും ഫലപ്രദമായും മാധ്യമങ്ങളെ അറിയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പബ്ലിക് റിലേഷന്‍സ് വിഭാഗം മുഖേന ഏകോപിപ്പിക്കുന്നതിനുള്ള പൊതുനിര്‍ദ്ദേശമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളതെന്നും മുഖ്യന്ത്രി പറഞ്ഞു. നിയമസഭയില്‍ കെ.സി.ജോസഫ് എം.എല്‍.എയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ നല്‍കിയ മറുപടിയുടെ പൂര്‍ണ്ണരൂപം

അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്ക് ഫലപ്രദമായി അവരുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും സെക്രട്ടേറിയറ്റിലുള്‍പ്പെടെ ഒരുക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തിക്കൊണ്ട് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനല്ല, മറിച്ച്, മാധ്യമങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് സാഹചര്യമൊരുക്കുകയാണ് ഉദ്ദേശ്യം.

മുഖ്യമന്ത്രിയും മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും സംസ്ഥാന ജില്ലാതലങ്ങളില്‍ നടത്തുന്ന പത്രസമ്മേളനങ്ങള്‍, പ്രതികരണങ്ങള്‍ എന്നിവയെല്ലാം എല്ലാ മാധ്യമങ്ങള്‍ക്കും ഒരുപോലെ ലഭിക്കുന്നതിനുള്ള ക്രമീകരണമാണ് ലക്ഷ്യം വച്ചത്. അതിന് നിലവിലുള്ള തടസ്സം ഒഴിവാക്കുന്നതിനായി എല്ലാ മാധ്യമങ്ങള്‍ക്കും കൃത്യമായ അറിയിപ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഐ ആന്‍ഡ് പി.ആര്‍.ഡി വഴി സംവിധാനമൊരുക്കും. ഇതിനായി ഒരു മൊബൈല്‍ ആപ്പ് തയാറാക്കാന്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.

ഔദ്യോഗിക പരിപാടികളിലും മറ്റും അക്രഡിറ്റേഷനോ എന്‍ട്രി പാസ്സോ ഉള്ള എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം നല്‍കും. യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ദൃശ്യമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും കൂടുതല്‍ സജീവമായ ഇക്കാലത്ത് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ക്കായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതു സമയത്തും അവരെ സമീപിക്കേണ്ടി വരുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഇത്തരം പ്രതികരണങ്ങള്‍ എല്ലാവര്‍ക്കും സുഗമമായി ലഭിക്കുന്നതിന് മുന്‍കൂട്ടി എല്ലാവര്‍ക്കും അറിയിപ്പ് ലഭ്യമാക്കുക എന്ന ഒരു നിര്‍ദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. പത്രസമ്മേളനങ്ങള്‍ക്ക് പുറമേ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യതയോടെയും ഫലപ്രദമായും മാധ്യമങ്ങളെ അറിയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പി.ആര്‍.ഡി മുഖേന ഏകോപിപ്പിക്കുന്നതിനുള്ള പൊതു നിര്‍ദ്ദേശമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ചില മാനദണ്ഡങ്ങള്‍ നേരത്തെ നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളില്‍ ചിലര്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ച് യുക്തമായ ഭേദഗതി വരുത്തുന്നതാണ്.

Comments are closed.