ഭരണഘടനാ ധാര്‍മ്മികത പൗരന് ജന്മസിദ്ധമല്ല; അവന്‍ ആര്‍ജ്ജിക്കുകതന്നെ വേണം
ശശി തരൂരിന്റെ ‘അംബേദ്കര്‍ ഒരു ജീവിതം’ എന്ന പുസ്തകത്തിന് സന്തോഷ് പല്ലശ്ശന എഴുതിയ വായനാനുഭവം
രാജ്യത്തെ ശക്തിപ്പെടുത്തുന്നതില്‍ ഓരോ പൗരനും വലിയ പങ്കുണ്ട്. രാജ്യത്തിന്റെ പൊതു സ്വത്വത്തില്‍ അലിഞ്ഞതുകൊണ്ട് ഒരു വ്യക്തിയുടേയും പ്രാധാന്യം നഷ്ടപ്പെടുന്നില്ല. രാജ്യവും പൗരനും പരസ്പര പൂരകങ്ങളാണ്. രാജ്യത്തിന്റെ ശക്തിപോലെതന്നെ ഓരോ വ്യക്തിക്കും സ്വന്തം നിലയ്ക്ക് സവിശേഷമായ ശക്തി കൈവരിക്കാനവകശമുണ്ട്. ഇതെല്ലാം അംഗീകരിക്കുന്ന, ഒരേ സമയം സാമൂഹികവും വൈയ്യക്തികവുമായ ബഹുമുഖ മാനങ്ങളുള്ള ഒരു ഭരണഘടനയാണ് നമ്മുടേത്.
ഡോ. ഭീംറാവു റാംജി അംബേദ്കറിന്റെ ജീവിതത്തിലെ വലിയൊരു പങ്ക് കടുത്ത അവഗണനയുടേതായിരുന്നു. സാമൂഹിക രൂപീകരണത്തില്‍ യാതൊരു പങ്കുമില്ലാതെ ബോംബെ ഏതെങ്കിലുമൊരു തുണിമില്ലില്‍ തൊഴില്‍ ചെയ്ത്, വിട്ടുമാറാത്ത് ദാരിദ്ര്യത്തില്‍ മെലിഞ്ഞ് മരിച്ചു മണ്ണടിഞ്ഞുപോകേണ്ട ഒരാളായിരുന്നു ബി. ആര്‍. അംബേദ്കര്‍. ഒരു ദളിതന് അതില്‍കൂടുതല്‍ ഒന്നുമാകാന്‍ അന്നത്തെ സാമൂഹ്യ ഘടന അനുവദിച്ചിരുന്നില്ല.
അന്നത്തെ സാമൂഹ്യ നിര്‍മ്മിതി ഉപരിവര്‍ഗ്ഗത്തിന്റെ, ജാതി ഹിന്ദുക്കളുടെ ഒരു ന്യൂനപക്ഷ സമൂഹത്തിന്റെ മാത്രം ഉത്തരവാദിത്തമായിരുന്നു. അതില്‍ ബഹുഭൂരിപക്ഷം വരുന്ന അധസ്ഥിത വര്‍ഗ്ഗത്തിന് അക്ഷരാര്‍ത്ഥത്തില്‍ ഒരു രാജ്യം തന്നെയുണ്ടായിരുന്നില്ല. സ്വന്തമായി ഒരു ദേശമില്ലാത്തവന്‍ ദേശത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ദേശീയ സ്വാതന്ത്ര്യ സമരത്തിലേയ്ക്ക് എടുത്തു ചാടേണ്ടുന്ന ഒരു ഘട്ടം വരുന്നതേയില്ല. വികലമായ ഒരു സാമൂഹിക നിര്‍മ്മിതിയ്ക്കകത്ത് ഓരവല്‍ക്കരിക്കപ്പെട്ട ഒരു വലിയ സമൂഹത്തിന്റെ യാതനയാണ് അംബേദ്കറെ എക്കാലവും, മറ്റെന്തിനെക്കാളും വേദനിപ്പിച്ചത്. അധസ്ഥിത ജനതയുടെ മോചനത്തിനായാണ് വിജ്ഞാന തൃഷ്ണനായ ഒരു അംബേദ്കര്‍ ഉയര്‍ന്നുവരുന്നത്.
ഒട്ടും കരുണയില്ലാത്ത അപരിഷ്‌കൃതമായ സാമൂഹ്യ നിര്‍മ്മിതിക്കകത്തുനിന്ന് പൊരുതി നിന്നതിന്റെ പക അദ്ദേഹത്തിന്റെ ഓരോ സംവാദത്തിലുമുണ്ടായിരുന്നു. ഓരോ സംവാദത്തിലും അതുകൊണ്ടുതന്നെ അദ്ദേഹം പൊട്ടിത്തെറിച്ചു. സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളായ, ജാതിയില്‍ ഉയര്‍ന്നവരുടെ ദളിത് സ്‌നേഹത്തിന്റെ മനശ്ശാസ്ത്രത്തെപ്പോലും അദ്ദേഹം സംശയത്തോടെയാണ് നോക്കിയിരുന്നത്. ഗാന്ധിയുടെ ഹരിജന സ്‌നേഹത്തിന്റെ നൈതിക രാഹിത്യത്തെ അംബേദ്കര്‍ ആഴത്തില്‍ മനസ്സിലാക്കുകയും അതിനെതിരെ പ്രതിരോധിക്കുകയും ചെയ്തിരുന്നു. ഗാന്ധിയുടെ ഹരിജന സ്‌നേഹത്തിന്റെ പൊള്ളത്തരം മനസ്സിലാക്കണമെങ്കില്‍ അംബേദ്കറിന്റെ ജീവിതവും തത്വചിന്തയും ആഴത്തില്‍ പഠിക്കുകതന്നെവേണം.
മനുഷ്യന്റെ നൈതികബോധവും ആധുനിക മനുഷ്യനുണ്ടാക്കിയ ജനാധിപത്യ ധാര്‍മ്മികതയും ഒന്നല്ല. ജൈവീകമായ മനുഷ്യന്റെ നൈതികബോധം നിര്‍മ്മിച്ചെടുത്ത സമൂഹ്യ നിര്‍മ്മിതിയാണ് ജാതി വ്യവസ്ഥയെയും അതിന്റെ ഉച്ഛ നീചത്വങ്ങളേയും സൃഷ്ടിച്ചത്. എന്നാല്‍ ജനാധിപത്യ ധാര്‍മ്മികത ഒരു മനുഷ്യന്‍ ജനിക്കുമ്പോള്‍ ഒപ്പം ജനിക്കുന്നല്ല. അവനെ ആധുനിക മനുഷ്യനാകാന്‍ അവനെ ഈ ജനാധിപത്യ ധാര്‍മ്മികത പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു.
ഡോ. ബി. ആര്‍. അംബേദ്കര്‍ ലോകത്തിന്റെ ജൈവ ധാര്‍മ്മികതയുടെ (Primitive justice) അധാര്‍മ്മികതയെ നേരിട്ടു കാണുകയും അനുഭവിക്കുകയും ചെയ്ത മനുഷ്യനാണ്. അവിടെ നിന്നാണ് ഇന്ത്യയുടെ ഭരണഘടനയ്ക്ക് അംബേദ്ക്കര്‍ രൂപം കൊടുക്കുന്നത്. ഭരണഘടനാ ധാര്‍മ്മികത ഒരോ മനുഷ്യനേയും പരിശീലിപ്പിക്കേണ്ട, ജനാധിപത്യ സമൂഹത്തിലെ ഒരു ജീവന കലയാണ്. അത് സ്‌കൂളില്‍ ഒന്നാം തരം മുതല്‍ കുട്ടികളെ പഠിപ്പിക്കേണ്ട ഒന്നാകുന്നു. വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും പാലിക്കേണ്ട ജനാധിപത്യ ധാര്‍മ്മികതയെക്കുറിച്ച് കോണ്‍സ്റ്റിറ്റിയുന്റ് അസംബ്ലിയില്‍ അംബേദ്കര്‍ നടത്തിയ പ്രസംഗങ്ങളില്‍ ഊന്നിയൂന്നി പറഞ്ഞിട്ടുണ്ട്.
അംബേദ്കര്‍: ഒരു ജീവിതം എന്ന പുസ്തകം
എഴുത്തിലും രാഷ്ട്രീയത്തിലും ഇന്ത്യ കണ്ട വലിയ വ്യക്തിത്വങ്ങളിലൊരാളായ ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ഇന്ത്യന്‍ സമൂഹത്തിന്റെ മുഖ്യ ശില്‍പിയായ ഡോ. ബി. ആര്‍. അംബേദ്കറെക്കുറിച്ച് എഴുതിയ അംബേദ്കര്‍-ഒരു ജീവിതം എന്ന പുസ്തകം.
അംബേദ്ക്കറിന്റെ ജനനം, സ്‌കൂള്‍-കോളജ് ജീവിതം, ദളിത് സമൂഹത്തിന്റെ മോചന പോരാട്ടങ്ങള്‍, ഗാന്ധിയുമായുണ്ടായ ആശയ സംഘട്ടനങ്ങള്‍, ജനാധിപത്യ കാഴ്ച്ചപ്പാടുകള്‍, ബുദ്ധമതത്തിലേയ്ക്കുള്ള പരിവര്‍ത്തനം തുടങ്ങിയവയെക്കുറിച്ച് ഏറെക്കുറെ സംക്ഷിപ്തവും എന്നാല്‍ സുപ്രധാനമായ ഘട്ടങ്ങളില്‍ഏറെക്കുറെ സമഗ്രവുമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണിത്. അംബേദ്കറിന്റെ കൃതികളിലൂടെ സഞ്ചരിക്കാനും ആഴത്തില്‍ ഉള്‍ക്കൊള്ളാനുമുള്ള ഒരു പ്രചോദനം ഒരോ സാധാരണ വായനക്കാരനും നല്‍കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ നന്മ.
ഗോത്രനീതിയില്‍ നിന്ന് ജനാധിപത്യ മൂല്യങ്ങളിലേയ്ക്ക്
മഹാത്മാ ഗാന്ധിയുമായി കലഹിക്കുക എന്നത് ബി. ആര്‍. അംബേദ്കറിന്റെ ഒരു ചരിത്ര ദൗത്യമായിരുന്നു. ഹിന്ദുമതത്തിന്റെ വര്‍ണ്ണാശ്രമ ധര്‍മ്മത്തിനകത്തെ കറകളെ മായ്ച്ചു കളയുകയും എന്നാല്‍ ആ ഗോത്രനീതിയെ അതേ പടി നിലല്‍നിര്‍ത്തിക്കൊണ്ട് ഒരു ഹിന്ദു ഐക്യം സ്ഥാപിച്ചെടുക്കാനുമുള്ള ഗാന്ധിയുടെ ചിന്തയുമായി അംബേദ്കറിന് കലഹിക്കാതിരിക്കുക സാധ്യമല്ലായിരുന്നു. ജന്മംതന്നെ ഒരു കുറ്റമാകുന്ന ദളിത് ജീവിതത്തിന്റെ അവസ്ഥകളില്‍ നിന്നുകൊണ്ട് ഒരിക്കലും ഗാന്ധിയന്‍ ധാര്‍മ്മികതയെ മഹത്തരമായി കാണാന്‍ അംബേദ്കറിനു സാധിക്കുമായിരുന്നില്ല. പൂനെ പാക്ട് എന്നറിയപ്പെട്ട-ദളിതര്‍ക്കുള്ള പ്രത്യേക നിയോജക മണ്ഡലമെന്ന ആശയത്തിനെതിരെ ഗാന്ധി നടത്തിയ നിരാഹാര സമരവും അതുയര്‍ത്തി സഹതാപ തരംഗവും പിന്നീട് ഗാന്ധി നേടിയ വിജയവുമൊക്കെ താല്‍ക്കാലികമായിരുന്നു. ഈ നിലപാടില്‍ അംബേദ്ക്കറാണ് ശരിയെന്ന് പിന്നീട് കാലം തെളിയിച്ചു. ഇന്നും രാജ്യത്ത് ഒരിടത്തും ഒരു ജനറല്‍ സീറ്റിലും ദളിതന്‍ മത്സരിച്ചു ജിയിക്കുന്നത് കാണാന്‍ സാധിക്കില്ല. ഗാന്ധിയാണോ അംബേദ്കറാണൊ ശരി എന്നതല്ല ഇവിടെ വിഷയം രണ്ടുപേരുടേയും ആശയ സംഘട്ടനങ്ങളുടെ ഗുണം ഈ രാജ്യത്തിനു ലഭിച്ചു എന്നതുതന്നെയാണ് ഒരു ചരിത്ര വിദ്യാര്‍ത്ഥി മനസ്സിലേക്കേണ്ടത്.
ഇന്ത്യയുടെ മേല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൊളോണിയല്‍ ചൂഷണത്തെ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടുള്ളതാണ് കൊളംബിയ യുണിവേഴ്‌സിറ്റിയില്‍ അംബേദ്കര്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധംതന്നെ. വിദ്യാഭ്യാസം സിദ്ധിക്കുന്നതിനൊ, തൊഴില്‍ സമ്പാദിക്കുന്നതിനൊ, എന്തിന് പൊതുടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനൊ പോലും അവകാശമില്ലാത്ത ഒരു ജനതയുടെ ഏറ്റവും വലിയ ശത്രു അവന്‍ നിലനില്‍ക്കുന്ന ആ സമൂഹം തന്നെയാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സഹായത്തോടെ ദളിതന്റെ സാമൂഹ്യ സ്ഥിതിയില്‍ കാതലായ മാറ്റം കൊണ്ടുവരാന്‍ അംബേദ്കര്‍ ആഗ്രഹിച്ചു. ഗാന്ധിയുടെകൂടെ ദേശീയ സമരത്തില്‍ ഇറങ്ങിയിരുന്നുവെങ്കില്‍ ദളിത് ജനതയുടെ സ്ഥിതി ഇതിലും പരിതാപകരമാകുമായിരുന്നു എന്ന് അംബേദ്കറെന്ന വിവേകശാലിക്ക് ഉറപ്പായിരുന്നു.
ബറോഡ മഹാരാജാവായ സയാജി റാവോ ഗെയ്ക്‌വാഡിന്റെ സഹായത്തോടെ പഠിച്ച്, അവിടെത്തന്നെ ഫൈനാന്‍സ് മിനിസ്റ്ററായി ജോലി ചെയ്യവെ അംബേദ്ക്കര്‍ക്ക് ഒരു കോപ്പ വെള്ളംപോലും കൊടുക്കാന്‍ തയ്യാറാകാതിരുന്ന ജാതി ഹിന്ദുവായ പ്യൂണിനെക്കുറിച്ച് ഈ പുസ്തകത്തിലും ഏറെക്കുറെ വിശദമായി ധനഞ്ജയ് കീര്‍ എഴുതിയ അംബേദ്ക്കറുടെ ജീവ ചരിത്രത്തിലും പറയുന്നുണ്ട്. ഒരു ‘മനുഷ്യന്‍’ എന്നുള്ള നിലയ്ക്കുള്ള ഒരു സാമൂഹിക അംഗീകരാമായിരുന്നു അംബേദ്കര്‍ ലക്ഷ്യം വെച്ചിരുന്നത്.
ഗാന്ധിയും ദാമോദര്‍ സവര്‍ക്കറുമൊക്കെ ഹിന്ദുമതത്തില്‍ നിന്ന് വര്‍ണ്ണവെറിയുടെ കറയെ കഴുകിക്കളഞ്ഞ് ഹിന്ദുമത്തെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരായിരുന്നു. ആദ്യ ഘട്ടത്തില്‍ അംബേദ്ക്കറും സവര്‍ക്കറുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. അംബേദ്ക്കര്‍ ആരുമായി സഹകരിക്കുമ്പോഴും ഒരേയൊരു ലക്ഷ്യമേയുണ്ടായിരുന്നുള്ളു. തന്റെ ജനതയെ യാതനകളില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യം മാത്രം. ഗാന്ധി ഹിന്ദുമതത്തിന്റെ കറകള്‍ കഴുകിക്കളഞ്ഞ്, പരിഷ്‌കരിച്ച് അനശ്വരമാക്കാനാഗ്രഹിച്ചപ്പോള്‍ ദാമോദര്‍ സവര്‍ക്കര്‍ എന്ന നിരീശ്വരവാദി ‘ഹിന്ദുത്വ’ എന്ന രാഷ്ട്രീയ തത്വശാസ്ത്രത്തിലൂടെ ഹിന്ദുക്കള്‍ക്കുമാത്രമായി ഒരു ദേശത്തെ സൃഷ്ടിക്കാനും അപരമതത്തെ വെറുക്കാനും പഠിപ്പിച്ചു. അംബേദ്കര്‍ എന്ന ദളിത് മിശിഹ, സവര്‍ക്കറുമായി സഹകരിക്കുന്നത് ദളിതുകള്‍ക്കു ലഭിക്കേണ്ട സാമൂഹിക അംഗീകാരത്തെ സംബന്ധിച്ചുമാത്രമാണ്. എന്നാലിന്ന് പലരും സവര്‍ക്കറെ വെള്ളപൂശാനായി ഈ ചരിത്ര ദശാസന്ധിയെ അംബേദ്കറുമായി കൂട്ടിക്കെട്ടുന്നതിനായി ഉപയോഗിച്ചു കാണുന്നുണ്ട്.
ഇന്ത്യന്‍ ഭരണഘടന ഒരിക്കലും പരാജയപ്പെടുകയില്ല
അംബേദ്ക്കര്‍ കോണ്‍സ്റ്റിയുവന്റ് അസംബ്ലിയില്‍ പറയുന്നുണ്ട് ‘ഈ ഭരണഘടന ഒരിക്കലും പരാജയപ്പെടുകയില്ല. പക്ഷെ നമ്മള്‍ പരാജയപ്പെടാം.’ ഗോത്ര നീതിയും ജാതി ഹിന്ദുവും തന്റെ പ്രാകൃതമായ സാമൂഹിക നിര്‍മ്മിതിയുമായി തിരിച്ചുവരുന്ന നിമിഷം നമ്മുടെ രാജ്യം പരാജയപ്പെടുകതന്നെ ചെയ്യും. ഭരണഘടന എന്നത് ഒരു പ്രാകൃത നീതിയല്ല എന്നതുകൊണ്ടാണ് അങ്ങിനെ സംഭവിക്കുന്നത്. പൗരന്‍ ഭരണഘടനാ ധാര്‍മ്മികതയില്‍ നിന്ന് അകന്നുപോയാല്‍, ഒരു ജനാധിപത്യ പൗരന്റെ കടമയും ഉത്തരവാദിത്വവും അതിന്റെ സെക്യുലര്‍ മൂല്യങ്ങളും പഠിക്കാതെ വന്നാല്‍ രാജ്യം പരാജയപ്പെടാം, പക്ഷെ ഭരണഘടന പരാജയമല്ല. ഫാസിസത്തിന് നിലനില്‍പ്പില്ല. അടിച്ചമര്‍ത്തപ്പെടുന്ന പൗരന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ആധുനികമായ ജനാധിപത്യ മൂല്യങ്ങളിലേയ്ക്കുതന്നെയായിരിക്കും.
ഭരണഘടന മൂല്യങ്ങളെ സ്റ്റേറ്റിനു കീഴില്‍ അതിനെ സംരക്ഷിക്കുന്ന ഒരു നിയമവ്യവസ്ഥയിലൂടെ നിലനിര്‍ത്തുന്നു. രാജ്യം പരാജയപ്പെടുന്നതെപ്പോഴാണ്? സ്‌റ്റേറ്റ് ഭരണഘടന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും ലെജിസ്ലേച്ചറും, എക്‌സിക്യുട്ടീവും, ജുഡീഷ്യറിയും വഴിതെറ്റുന്ന ഒരു സാഹചര്യം വന്നാല്‍ രാജ്യം പരാജയപ്പെട്ടേക്കാം. അത് ഭരണഘടനയുടെ കുഴപ്പമല്ല. ഇന്ത്യ ഇന്ന് നേരിടുന്ന പ്രതിസന്ധി ഭരണഘടനയുടേതല്ല… രാജ്യത്തിന്റെ പരാജയമാണ്… ജനതയുടെ പരാജയമാണ്.
ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ തിരിച്ചുവരവിന്റെ കാലത്ത് അംബേദ്ക്കറുടെ ജീവിതത്തെക്കുറിച്ച് വായിക്കുന്നതും പഠിക്കുന്നതും ഒരു വലിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ട്.
Comments are closed.