DCBOOKS
Malayalam News Literature Website

ബോബി ജോസ് കട്ടികാടിന്റെ പ്രബോധനങ്ങളില്‍നിന്നു തിരഞ്ഞെടുത്ത കുറിപ്പുകള്‍

ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ബോബി ജോസ് കട്ടികാടിന്റെ ആദ്ധ്യാത്മികചിന്തകളാണ് ‘രമണീയം ഈ ജീവിതം’. വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാന്‍ ജീവിതം സമര്‍പ്പിച്ച ഒരു ആത്മീയരുരുവിന്റെ പ്രബോധനങ്ങളില്‍നിന്നു തിരഞ്ഞെടുത്ത കുറുപ്പുകളാണിവ.

സെബാസ്റ്റ്യന്‍ പുസ്തകത്തിനെഴുതിയ കുറിപ്പ്…

രക്ഷിക്കപ്പെട്ടവന്റെ കൃതജ്ഞത

‘മരങ്ങള്‍ക്ക് വേരുകള്‍ വേണമെന്നപോലെ മനുഷ്യനും വേരുകള്‍ വേണം. വേരുകള്‍ക്ക് മണ്ണിലേക്ക് ഇറങ്ങാനേ കഴിയൂ. മരത്തിനു വളര്‍ന്നു പോകാന്‍, ഇലപ്പടര്‍പ്പുകളുണ്ടാകാന്‍, ആയിരക്കണക്കിനു പൂക്കള്‍ ഉണ്ടാകാന്‍ തുറന്ന ആകാശം വേണം. അപ്പോള്‍ മാത്രമേ മരം പൂര്‍ണ്ണത നേടുന്നുള്ളൂ. അപ്പോള്‍ മാത്രമേ മരത്തിന് പ്രാധാന്യവും അര്‍ത്ഥവും ഉണ്ടാകൂ. ജീവിതം പ്രസക്തമാകൂ.’- ഓഷോ

അല്പം വെളിച്ചം ഉള്ളിലുള്ളവര്‍ക്ക് മറുലോകത്തുള്ള, ആന്തരികലോകത്തുള്ള, തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാന്‍ ജീവിതം സമര്‍പ്പിച്ച ഒരു ആത്മീയഗുരുവിന്റെ പ്രബോധനങ്ങളില്‍നിന്നും തെരഞ്ഞെടുത്ത ചില കുറിപ്പുകളുടെ സമാഹാരമാണിത്. ‘രക്ഷിക്കപ്പെട്ടവന്റെ കൃതജ്ഞത’ എന്ന് സങ്കീര്‍ത്തകനെപ്പോലെ ഞാന്‍ ഈ സംരംഭത്തെ വിളിക്കട്ടെ. ഫാദര്‍ ബോബി ജോസ് കട്ടികാട് എന്ന അതിസാധാരണനായ മനുഷ്യന്റെ, ഗുരുവിന്റെ വാക്കുകള്‍ തെരഞ്ഞെടുക്കുവാന്‍ യോഗ്യമാക്കി എന്നെ ഉയര്‍ത്തി, രക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലാക്കിയവനുള്ള കൃതജ്ഞത.

‘സത്യസന്ധര്‍ക്കായി അന്യൂനമായ ജ്ഞാനം ദൈവം കരുതിവയ്ക്കുന്നു’ എന്ന് സോളമന്‍ സുഭാഷിതങ്ങളില്‍ പറയുന്നു. ‘ഈശ്വരന്‍ കരുതിവെച്ച ജ്ഞാനത്തിന്റെ ഉപ്പുകലര്‍ത്തിയ വാക്കുകളേ’ – എന്ന് ഈ പുസ്തകത്തെ നമസ്‌കരിക്കാം. പിന്നെ എത്രയോ വര്‍ഷങ്ങളായി പിന്തുടരുന്ന ആ കാല്പാദങ്ങളെ കൂടുതല്‍ സൂക്ഷ്മതയോടെ, വിസ്മയത്തോടെ പിന്തുടരാം. എന്നിട്ട് ഈ ഗുരുവിന്റെ ഗുരുവായ വലിയ ഗുരുവിനെ നമസ്‌കരിക്കാം. പിന്നെ നമ്മളെ പൊതിയുന്ന ദൈവത്തിന്റെ ചിറകുകള്‍ ഈ ഇതളുകള്‍ എന്നു തിരിച്ചറിയുകയും ചെയ്യാം.

Comments are closed.