DCBOOKS
Malayalam News Literature Website

ബദല്‍ സാഹിത്യ നൊബേല്‍ കരീബിയന്‍ സാഹിത്യകാരി മാരിസ് കോന്‍ഡേയ്ക്ക്

സ്വീഡന്‍: സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് ബദലായി ഏര്‍പ്പെടുത്തിയ ന്യൂ അക്കാദമി പ്രൈസ് ഇന്‍ ലിറ്ററേച്ചര്‍ കരീബിയന്‍ എഴുത്തുകാരി മാരിസ് കോന്‍ഡേയ്ക്ക്. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് സ്വീഡിഷ് അക്കാദമി സാഹിത്യ നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് സ്വീഡനിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബദല്‍ സാഹിത്യ നൊബേല്‍ എന്ന ആശയവുമായി മുന്നോട്ടു വന്നത്.

കരീബിയന്‍ ദ്വീപുകളിലെ ഫ്രഞ്ച് അധീനപ്രദേശമായ ഗ്വാഡലൂപിലാണ് മാരിസ് കോന്‍ഡേ ജനിച്ചത്. ഫ്രഞ്ച് ഭാഷയിലെഴുതുന്ന കോന്‍ഡേയുടെ നിരവധി കൃതികള്‍ അനേകം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സെഗു, ക്രോസിങ് ദി മാങ്‌ഗ്രോവ് തുടങ്ങി ഇരുപതോളം നോവലുകളെഴുതിയിട്ടുള്ള മാരിസ് കോളനിവത്കരണത്തിന് ശേഷമുള്ള രാജ്യത്തിന്റെ ഭീതിദമായ അവസ്ഥയെ ആണ് എഴുത്തിലൂടെ തുറന്നു കാട്ടിയത്.

നൊബേല്‍ പുരസ്‌കാര നിര്‍ണ്ണയത്തില്‍ നിന്നും വ്യത്യസ്തമായി പൊതുവോട്ടിങ്ങിന്റെയും ജൂറി തീരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച 87,000 പൗണ്ടാണു പുരസ്‌കാരതുകയായി ലഭിക്കുന്നത്. ഡിസംബര്‍ 9-നാണ് പുരസ്‌കാരസമര്‍പ്പണം.

ബ്രിട്ടീഷ് നോവലിസ്റ്റ് നെയില്‍ ഗെയ്മന്‍, ജാപ്പനീസ് എഴുത്തുകാരന്‍ ഹാരുകി മുറകാമി, കിം തുയി, മാരിസ് കോന്‍ഡേ എന്നീ നാലു പേരായിരുന്നു പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചവര്‍. എന്നാല്‍ മുറകാമി മത്സരത്തില്‍ നിന്ന് സ്വമേധയാ പിന്മാറുകയായിരുന്നു.

Comments are closed.