ആൽപ്‌സും കുറേ പച്ചമരുന്നുകളും: ഡോ. എ .രാജഗോപാൽ കമ്മത്ത് എഴുതുന്നു
ബോട്ട്‌ജെട്ടിക്കടുത്തെ ചെറിയൊരു ചായക്കടയില്‍ വച്ചാണ് സ്വിറ്റസർലാൻഡുകാരിയായ അഗതയെ പരിചയപ്പെടുന്നത്. കോളജ് കാലത്ത് കംബൈന്‍ സ്റ്റഡിചെയ്ത് മുഷിഞ്ഞപ്പോള്‍ ചായ കുടിക്കാന്‍ എത്തിയതാണ് ഞാനും സുഹൃത്തും. അഗതാ കൃസ്റ്റിയൊക്കെ വായിച്ചിട്ടുള്ളതു കൊണ്ട് മദ്ധ്യവയസ്‌കയായ ആ ടൂറിസ്റ്റുമായി സൗഹൃദം സ്ഥാപിച്ചു. നോബല്‍ സമ്മാനിതനായ ഒരു ഗവേഷകനൊപ്പം പരീക്ഷണശാലയില്‍ സഹായിയായിരുന്നു അഗത. ഞങ്ങള്‍ ബയോകെമിസ്റ്റ്രി പഠിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഒരു രാസവസ്തുവിന്റെ ഫോര്മുല ചോദിച്ചു. ഉത്തരം നല്കാനാകാതെ വിയര്ത്തവപ്പോള്‍ അടുത്ത ദിവസം ആലപ്പുഴയ്ക്ക് ബോട്ടുസവാരിക്കു പോകുന്നു. രാവിലെ വന്ന് ഉത്തരം പറഞ്ഞു കേൾപ്പിക്കണം എന്നാജ്ഞ. കൊല്ലത്തെ എസ്എന്‍ കോളജിലായതു കൊണ്ട് ചമ്മലും മറ്റുമില്ല. രാവിലെതന്നെ വന്നു കാണാം എന്ന് വാഗ്ദാനം ചെയ്ത് ‘ഗുഡ് മോണിങ്’ പറഞ്ഞു പിരിഞ്ഞു.
പിറ്റേദിവസം രാവിലെ തന്നെ അഗതയെ ബോട്ടുജെട്ടിയില്‍ വച്ച് കണ്ടുമുട്ടി ഉത്തരം പറഞ്ഞ് ബോധിപ്പിച്ചു. എട്ടു മണിക്കൂറാണ് ആലപ്പുഴയിലേയ്ക്കുള്ള ബോട്ടുയാത്ര എന്നത് പുതിയൊരറിവായിരുന്നു. അങ്ങനെ ഞാനും ആ യാത്രയില്‍ കൂടി. ബോട്ടില്‍ ധാരാളം വിദേശികളുണ്ടായിരുന്നു. കായലിലൂടെയും ആറുകളിലൂടെയുമുള്ള ആ യാത്ര അവീസ്മരണീയമായിരുന്നു. അന്നുവരെ കാണാത്ത കേരളം. ഇടയ്ക്ക് ചായയ്ക്കും ഊണിനുമായി കരയടുത്തപ്പോള്‍ നാടന്‍ വിഭവങ്ങളുടെ രുചിയുമറിഞ്ഞു. സായഹ്നത്തില്‍ കുട്ടനാട്ടിലൂടെ കടന്നപ്പോള്‍ ചക്രവാളത്തില്‍ വലിയ ചുമന്നതളിക പോലെ സൂര്യന്‍. ആ കാഴ്ച്ച പിന്നീടൊരിക്കലും അനുഭവിക്കാനായില്ല. പ്രത്യേക കാലയളവുകളില്‍ സൂര്യബിംബത്തിന് ചിലയിടങ്ങളില്‍ നിന്നു നോക്കുമ്പോള്‍ വലുപ്പം തോന്നിക്കുന്ന മായാജാലം. ആഫ്രിക്കയിലും മറ്റും ഇപ്രകാരം കാണാനാകും എന്ന് അഗതയുടെ വിദഗ്ധ ഭാഷ്യം.
പിന്നീട് വളരെക്കാലം കഴിഞ്ഞാണ് അഗതയെ വീണ്ടും കാണുന്നത്. ആൽപ്സിൽ മഞ്ഞു നിറയുമ്പോള്‍ സ്‌കേറ്റിങ് അവിടുത്തുകാര്ക്ക് ഒഴിച്ചുകൂടാനാകാത്ത വിനോദമാണ്. കഴിഞ്ഞ ശൈത്യകാലത്ത് തെന്നിവീണ് കാലുളുക്കി. അതു നേരെയാക്കാന്‍ മദ്ധ്യകേരളത്തിലെ ആയുർവേദ ചികിത്സാ കേന്ദ്രത്തില്‍ എത്തിയതാണ്. അതുകേട്ട് വിസ്മയിച്ചു. കേരളത്തിലെ നാട്ടുചികിത്സാ രീതികളെക്കുറിച്ച് അഗതയാണ് എന്നെ ബോദ്ധ്യപ്പെടുത്തിയത്. ശ്ശെടാ, ഇത്രയും നല്ലതാണോ ഇതൊക്കെ എന്നു തോന്നി. അഗത പറഞ്ഞ ചികിത്സയെല്ലാം എനിക്ക് നല്ല പരിചയമുള്ളതാണെന്ന രീതിയില്‍ ഗൗരവത്തില്‍ ഇരുന്നു. കുട്ടിക്കാലത്ത് ഓമക്കഷായവും ഏതോ ലേഹ്യവുമൊക്കെ കഴിച്ച ഓര്മ മാത്രം. പിന്നെ ടാബ്ലറ്റും ഇഞ്ചക്ഷനും ഒക്കെയുള്ള ആധുനികം. കേരളത്തിലെ പച്ചമരുന്നുകളുടെ ബാഹുല്യമറിഞ്ഞത് അഗതയില്‍ നിന്ന്. ചിലയിനം അവരുടെ പരീക്ഷണശാലയില്‍ ഔഷധങ്ങള്‍ വിപുലീകരിക്കാനായി പരീക്ഷിക്കുന്നു. ഔഷധസസ്യങ്ങളുടെയും അവയുടെ ഉപയോഗപ്രദമായ ഭാഗങ്ങള്‍, ഇല, വേര് തുടങ്ങിയവയെക്കുറിച്ച് ലെക്ചര്‍. സൈലന്റ് വാലിയില്‍ പോകണം അവിടെ അമൂല്യമായ പച്ചമരുന്നു ശേഖരമുണ്ട്. ഗവേഷണത്തിനു താത്പര്യമുണ്ടെങ്കില്‍ സഹായിക്കാം എന്നു വാഗ്ദാനം. ശരിയാണ് താമസിയാതെ സൈലന്റ് വാലി സന്ദര്ശിച്ചപ്പോള്‍ കേട്ടതു ശരിയെന്നു ബോദ്ധ്യമായി. പശ്ചിമഘട്ടം എന്ന വരദാനം. അവിടെ അമൂല്യമായ അനേകം മൃതസഞ്ജീവനികള്‍. കുന്തിപ്പുഴയ്ക്കരികിലേക്ക് പോകുന്നയിടങ്ങളില്‍ സുഗന്ധം പരത്തുന്ന ധാരാളം സസ്യങ്ങള്‍..പച്ചമരുന്നുകളുടെ ബാഹുല്യം തിരിച്ചറിഞ്ഞ് അവയെ സംരക്ഷിക്കാന്‍ എന്തും ചെയ്യണമെന്നൊക്കെ തോന്നി.
വീട്ടുവളപ്പിലും പാതയോരത്തും ഒരു പരിചരണവുമില്ലാതെ പടര്ന്നു പന്തലിക്കുന്ന അമൂല്യ ഔഷധങ്ങള്‍. ശരീരത്തിന് ഒരു കുഴപ്പവും വരുത്താത്ത ഔഷധക്കൂട്ടുകള്‍ വീട്ടില്‍ ത്തന്നെ തയ്യാറാക്കാം. വിദേശികള്‍ ഇതൊക്കെ എന്നേ തിരിച്ചറിഞ്ഞു..അങ്ങനെയിരിക്കെ കൊല്ലത്തെ ആല്ത്തെറമൂട്ടിലെ കല്ലടവൈദ്യനെ കണ്ടുപിടിച്ചു. ആ വൈദ്യശാല സ്‌കൂൾകാലം മുതല്ക്കു തന്നെ അറിയാം. മുതിര്ന്നവര്ക്കായി അരിഷ്ടവും മറ്റും വാങ്ങാനായി പോകുമായിരുന്നു. വൈദ്യശാലയില്‍ കഷായവും ലേഹ്യവും നിറച്ച കുപ്പികളാക്കി സുസ്‌മേരവദനനായ കല്ലട വൈദ്യന്‍( കുമാരന്‍ വൈദ്യന്‍) വളരെക്കാലം അവിടെയുണ്ടായിരുന്നു. വൈദ്യശാലയ്ക്കടുത്തു ചെല്ലുമ്പോള്‍ തന്നെ ലേഹ്യത്തിന്റെയും മറ്റും ഗന്ധമേല്ക്കുമ്പോള്‍ വല്ലാത്തൊരു ഉന്മേഷം. നാട്ടറിവുകള്‍ ചോർത്താൻ പല സായാഹ്നങ്ങളിലും അവിടെ പോയി. ഒരോരുത്തര്ക്കും
വ്യത്യസ്തമായാണ് മരുന്നുസേവ വിധിക്കുന്നതെന്ന് മനസ്സിലാക്കി. ശരീരപ്രകൃതവും സ്വഭാവവും ആഹാരരീതികളും അനുസരിച്ചുള്ള കുറിപ്പടി. പലവേളകളിലും മാറാതെ കൂടിയ പല വ്യാധികള്ക്കും ശമനം നല്കിയത് ആ കുറിപ്പടികളാണ്. പല സുഹൃത്തുക്കള്ക്കും ആശ്വാസം നല്കിയ ചികിത്സാ രീതികള്‍. ഒരിക്കല്‍ അഗസ്ത്യകൂടം സന്ദര്ശിക്കാന്‍ പോകുന്നു എന്നു പറഞ്ഞപ്പോള്‍ അല്പം പുൽത്തൈലം കൊണ്ടു വരാമോ എന്നു ചോദിച്ചു. ആ മലകളിലെ പുല്മേംടുകളില്‍ ഇഞ്ചിപ്പുല്ല്(ലെമണ്‍ ഗ്രാസ്) യഥേഷ്ടം വളരുന്നു. പശ്ചിമഘട്ടത്തിലെമ്പാടും ഇനിയും നമ്മള്‍ തിരിച്ചറിയാത്തവലിയ സസ്യശേഖരമുണ്ട്. നല്ല പ്രായമായപ്പോളും വൈദ്യന്റെ മുടിയല്പം വെളുത്തുപോയതല്ലാതെ ഉന്മേഷത്തിനും പുഞ്ചിരിക്കും ഒരു കുറവും വന്നില്ല. വീട്ടുവിശേഷങ്ങളറിഞ്ഞും തമാശപറഞ്ഞുമൊക്കെയുള്ള ചികിത്സാ പദ്ധതി. നൂറുവയസ്സിനടുപ്പിച്ചു വരെ പോയെന്നറിഞ്ഞു. എന്റെ വിവാഹത്തില്‍ സംബന്ധിക്കാനായി അഗതയും എത്തി. വൈദ്യനും അഗതയുമായി നല്ല സൗഹൃദമായി.തിരികെ ഒരു പെട്ടി നിറയെ ഔഷധങ്ങളുമായാണ് പോയത്. അഗത സമ്മാനിച്ച ബുക്‌ലെറ്റുകളില്‍ ഇന്ത്യയിലെ പലയിനം പച്ചമരുന്നുകളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു. അവര്‍ സ്വയം തയ്യാറാക്കി സുഹൃത്തുക്കൾക്കും സമ്മാനിച്ചിരുന്നവ. കേരളത്തിലെ പലയിടങ്ങളിലും ഇത്തരത്തിലുള്ള നാട്ടുവൈദ്യന്മാരുണ്ടെന്ന് മനസ്സിലാക്കി. ഒരു നൂറ് രോഗശമന കഥകളും. നമുക്ക് നഷടപ്പെടുന്നത് എന്തൊക്കെയാണ്?
Comments are closed.