DCBOOKS
Malayalam News Literature Website

‘അല്ലോഹലൻ’ തോറ്റവന്റെ ചരിത്രം പറയുന്ന നോവൽ

അംബികാസുതന്‍ മാങ്ങാടിന്റെ ‘അല്ലോ ഹലന്‍’ എന്ന നോവലിനെക്കുറിച്ച് ഇ. ഉണ്ണികൃഷ്ണൻ പങ്കുവെച്ച കുറിപ്പ് 

ഒറ്റയിരിപ്പിന് വായിച്ചു തീർക്കുമായിരുന്ന പുസ്തകമായിരുന്നു അല്ലോഹലൻ. പലവിധ പങ്കപ്പാടുകൾക്കിടയിൽ ഇപ്പോൾ വായിച്ചു തീർന്നതേ ഉള്ളൂ. മാർത്താണ്ഡവർമയിൽ തുടങ്ങിയ മലയാളത്തിലെ ചരിത്രനോവൽ പ്രസ്ഥാനം തെക്കിൽ നിന്നും വടക്കിന്റെ
രാഷ്ട്രിയ ഭൂമികയിൽ അല്ലോഹലനിലൂടെ എത്തുമ്പോഴും ചത്തും കൊന്നും ചതിച്ചും വെന്നി നേടിയ എല്ലാ രാജാധിപത്യങ്ങളുടെയും അന്തർധാരകൾ ഒന്നാകുന്നു എന്ന സാദൃശ്യമുണ്ട്.

എട്ടു വീട്ടിൽ പിള്ളമാരിൽ നിന്നും എട്ടു കുടക്കീഴിൽ പ്രഭുക്കളിൽ എത്തുമ്പോൾ; മാർത്താണ്ഡവർമയുടെയും അനന്തപത്മനാഭന്റെ
യും അധൃഷ്യതയിൽ നിന്നും കോലത്തിരിയുടെ അജയ്യതയിൽ എത്തുമ്പോൾ കഥയ്ക്കല്ല മാറ്റം. ആഖ്യാതാവിന്റെ
Textനിലപാട് തറയ്ക്കാണ് . തോറ്റവന്റെ ചരിത്രമാണ് അംബികാസുതൻ മാഷ് പറയുന്നത്. വെന്നിനേടുന്നവന് ഒപ്പം നിന്ന് പ്രകടിപ്പിക്കുന്ന ധർമരാജയിലെയും മാർത്താണ്ഡവർമയിലെയും രാജഭക്തിയല്ല വീഴ്ത്തപ്പെട്ടവന് ഒപ്പം നിന്ന് പൂരിപ്പിക്കുന്ന അവന്റെ ചരിത്രമാണ് അല്ലോഹലനെ വ്യത്യസ്തമാക്കുന്നത്. ഉഗ്രപഞ്ചാനന ഭാഷയുടെ ഢാംഭികതയെ തുളുനാടൻ നാട്ടുമൊഴി കൊണ്ട് പകരം വെക്കുകയാണ് അല്ലോഹലനിൽ . രേഖകളില്ലാത്ത ചരിത്രത്തെ വാമൊഴി ക്കഥകളിൽ നിന്നും തെയ്യം വാചാലിൽ നിന്നും കണ്ടെടുത്ത് പൂരിപ്പിക്കുകയെന്ന അയത്നസാധ്യമല്ലാത്ത പ്രവൃത്തിയാണ് നോവലിസ്റ്റ് സാധ്യമാക്കിയിരിക്കുന്നത്.

അള്ളട നാടിന്റെ ചരിത്രമെന്നത് നീലേശ്വരം രാജവംശത്തിന്റെ ചരിത്രമായി മാത്രം കേട്ടുറച്ചവരെ മറ്റൊരു പൂർവ ചരിത്രം ഉണ്ടെന്ന് ഓർമിപ്പിക്കുന്നു ഈ നോവൽ. അഭിമാന പ്രഭുക്കളായി വടക്കൻ കേരളം ദൈവരൂപത്തിൽ കൊണ്ടാടുന്ന ക്ഷേത്രപാലകനും വീരഭദ്രനും ഒക്കെ അർധശരീരമായി കുടിലബുദ്ധികളായ മനുഷ്യ പ്രാതിനിധ്യങ്ങൾ ഉണ്ടായിരുന്നുവെന്നും അവരും തോറ്റവരാലും തോല്പിക്കപ്പെട്ടവരാലും ഇന്ന് ആരാധിക്കപ്പെടുന്നു എന്നുമുള്ള വൈരുധ്യമുണ്ട്. തെക്കൻ നാട്ടിലെ സത്യപാലന്മാർക്ക് എളുപ്പം പിടികൊടുക്കാത്ത ഇന്നാട്ടിന്റെ ഉൾക്കൊള്ളലുകളുടെ വിചിത്രാചാരങ്ങൾ.

കേട്ടറിവുള്ള അനേകം തെയ്യം മിത്തുകൾ അല്ലോഹലനിൽ ഇഴചേർത്തിട്ടുണ്ട്. രേഖകളില്ലാത്ത ചരിത്രത്തിന്റെ കടലിലുയർന്നു നില്ക്കുന്ന ഭാവനയുടെ ചിറകുള്ള മൈനാകങ്ങളാണ് അവ . അഞ്ചാറു നൂറ്റാണ്ടുകൾക്കപ്പുറത്ത് , ചെറുശ്ശേരി കൃഷ്ണപ്പാട്ടെഴുതിത്തുടങ്ങിയ കാലത്തിലേക്ക്, പങ്കിപ്പിള്ളിയാതിരിയുടെ പ്രണയ പുരാവൃത്തത്തിലേക്ക് നാട്ടറിവുകളുടെയും കേട്ടറിവുകളുടെയും പട്ടോലപ്പഴമകളുടെയും അല്പ ദൃശ്യമായ മൈനാകങ്ങൾ ചവുട്ടി കൊണ്ട് ഒരു ഇതിഹാസഭാവന തീർത്തിരിക്കുകയാണ് പ്രിയപ്പെട്ട കഥാകാരൻ.

ഡോ. പി.എം. മധുവിന്റെ “വേജ്ജരായ ചരിതം, ” ബാലകൃഷ്ണൻ എരുവേശി /ഷിനോജ്.കെ.ചേർന്നെഴുതിയ “മന്നനാർ ” തുടങ്ങി ജയിച്ച രാജാക്കന്മാരുടെ കഥകൾ പറയുന്ന ഇതിഹാസ നോവൽ പാരമ്പര്യത്തെ തോറ്റവരുടെ ചരിത്രം കൊണ്ട് പകരം വെക്കുന്ന ചില കൃതികൾ അടുത്തിടെ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെന്നത് ശുഭോദർക്കമാണ്. വടക്കിന്റെ ഈ പ്രതിചരിത്രാഖ്യാന ആഖ്യായികാ തുടർച്ചകളുടെ നട്ടെല്ലാണ് അല്ലോഹലനിൽ നിവർന്നുനില്ക്കുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

ഇ. ഉണ്ണികൃഷ്ണന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.