DCBOOKS
Malayalam News Literature Website

ചരിത്രവും ഭാവനയും: അംബികാസുതന്‍ മാങ്ങാട്

ഉത്തരമലബാറിലെ തോറ്റംപാട്ടിൽനിന്ന് ഒരു നോവൽ

ഏറ്റവും പുതിയ നോവല്‍ ‘അല്ലോഹലനെ’ക്കുറിച്ച് അംബികാസുതന്‍ മാങ്ങാട്

തുലാപ്പത്ത് പിറന്നാൽ ഉത്തരകേരളത്തിൽ തെയ്യക്കാലമായി.

കാവുകളിലും പള്ളിയറകളിലും തറവാടുകളിലും മുണ്ട്യകളിലും കഴ​കങ്ങളിലും കോട്ടങ്ങളിലും താനങ്ങളിലും പതികളിലും കളരികളിലും മാടങ്ങളിലുമെല്ലാം ദീപംതിരിയേറ്റ് വാങ്ങി അണിയലങ്ങളണിഞ്ഞും ചുവപ്പുടുത്തും തിരുമുടി ചൂടിയും അനുഗ്രഹവചസ്സുകളോടെ തെയ്യങ്ങൾ ഉറഞ്ഞാടും.

തട്ടകത്തിൽ ഉറഞ്ഞു തുള്ളിയശേഷം ഉരിയാട്ടനേരമാകുമ്പോൾ ഓരോ തെയ്യവും വന്നുകൂടിയ പുരുഷാരത്തെ വ്യത്യസ്ത ജാതിസമൂഹങ്ങളായിട്ടാണ് തിരിച്ചറിയുന്നതും അഭിസംബോധന ചെയ്യുന്നതും. തന്നെ ദർശിക്കാനെത്തിയ വ്യക്തികളുടെ പേരുകൾ–ആൾ എത്ര വലിയ​വനായാലും ചെറിയവനായാലും–ഒരിക്കലും തെയ്യം ഉച്ചരിക്കുകയില്ല. ഓരോ ജാതിക്കാരെയും വിളിച്ചുചൊല്ലാന്‍ തെയ്യത്തിന്റെ ഭാഷയിൽ പ്രത്യേകം പേരുകളുണ്ട്. ‘എട്ടില്ലം കരുമനേ, വാ, കൈയെടുക്ക്’ എന്നു പറഞ്ഞാൽ തീയജാതിക്കാർ മുന്നോട്ട് വരും. വാണിയജാതിക്കാരെ “ഒമ്പതില്ലം’ എന്നും നായന്മാരെ “അകമ്പടീ’ എന്നും മുസ്‌ലിങ്ങളെ “മാടായി നഗരേ’ എന്നും ബ്രാഹ്മണരെ “പെരിഞ്ചല്ലൂർ ഗ്രാമേ’ എന്നും ഗണികരെ “സമ്പ്രദായേ’ എന്നും വിളിക്കുന്നു. മേൽജാതിക്കാരെ ചൊല്ലിവിളിച്ചതിനു ശേഷമേ തെയ്യങ്ങൾ കീഴ്ജാതിക്കാരെ അഭിസംബോധന ചെയ്യാറുള്ളു. അതാണ് തെയ്യങ്ങൾ തുടരുന്ന പതിവ്.
Textകാസർകോട് ജില്ലയിലെ കുഗ്രാമമായ ബാരയിൽ ജനിച്ചതുകൊണ്ട് തെയ്യാട്ടപ്പറമ്പുകളിൽ അലഞ്ഞുതിരിഞ്ഞു രൂപപ്പെട്ടതാണ് എന്റെയും കുട്ടിക്കാലം. ചെണ്ടക്കൂറ്റിലും ചൂട്ടുവെളിച്ചത്തിലും തുള്ളിത്തിമർക്കുന്ന വർണ്ണശബളമായ കാഴ്ചയായിരുന്നു അന്നെനിക്ക് തെയ്യങ്ങൾ. എഴുത്തും വായനയുമൊക്കെ തുടങ്ങിയ കാലമായതോടെ തെയ്യം മനുഷ്യരെ അഭിസംബോധന ചെയ്യാനുപയോഗിക്കുന്ന വാക്കുകളോരോന്നും എന്നെ ആലോചനാമഗ്നനാക്കിത്തുടങ്ങി. എന്തുകൊണ്ടാണ് ഞാനുൾപ്പെടുന്ന ജാതിക്കാരെ തെയ്യം ‘അഞ്ഞൂറകമ്പടിമാരേ’ എന്ന് അഭിസംബോധന ചെയ്യുന്നത്? ആരാണീ അഞ്ഞൂറകമ്പടിമാർ? ആർക്കാണിവർ അകമ്പടി സേവിച്ചത്? കാലക്രമേണ ഈ വാക്കിനുള്ളിൽ നിഗൂഹനം ചെയ്യപ്പെട്ട ചരിത്രം മനസ്സിലായിത്തുടങ്ങി. പണ്ട് രാജാക്കന്മാരെ ആയുധങ്ങളുമായി അകമ്പടി സേവിച്ചുവന്നവരാണ് ഇന്നാട്ടിലെ നായർ ജാതിക്കാർ. പുരുഷന്മാരെ ജാതികളായി തിരിച്ചറിയുന്ന തെയ്യം പക്ഷേ, സ്ത്രീകളെ അങ്ങനെ അഭിസംബോധന ചെയ്യുന്ന പതിവില്ല. സ്ത്രീകളെയും കുട്ടികളെയും ‘പൈതങ്ങളേ’ എന്ന ഒറ്റ വാക്കിൽ ഉൾപ്പെടുത്തും. എല്ലാവരെയുംപോലെ യുവാവായതോടുകൂടിയാണ് എന്നെയും തെയ്യം ജാതിയുടെ കൂടെ തറവാടും ചേർത്ത് ‘മുല്ലച്ചേരി അകമ്പടീ’ എന്നു വിളിക്കാന്‍ തുട​ങ്ങിയത്. ‘ജാതി ചോദിക്കരുത്, പറയരുത്’ എന്ന വ്യവസ്ഥ തെയ്യത്തട്ടകത്തിൽ ഇന്നും സാധ്യമല്ല. അവിടെ വന്നുകൂടിയവരുടെയെല്ലാം ജാതിയും തറവാടും ഇല്ലവുമെല്ലാം പരസ്യമാക്കപ്പെടും. അടിമുടി ജാതിവ്യവസ്ഥയിൽ കെട്ടുപിണഞ്ഞതാണ് തെയ്യമെന്ന അനുഷ്ഠാന കലാരൂപം.

മുല്ലച്ചേരി എന്നത് എന്റെ അമ്മയുടെ തറവാട്ടുപേരാണ്. അമ്മവഴിക്ക് ഞാനും മുല്ലച്ചേരിയായി. ഈ നോവലിൽ പ്രധാനമായി പരാമർശിക്കപ്പെടുന്ന തറവാട് മൂലച്ചേരിയാണ്. രണ്ടും രണ്ടാണ്. മൂലച്ചേരി തെക്കുനിന്നും അള്ളടത്തിലേക്ക് കുടിയേറിയതാണെങ്കിൽ മുല്ലച്ചേരി വടക്കുനിന്നും കുടിയേറിയ വിഭാഗമാണ്. എന്റെ അമ്മയുടെ തറവാട്ടിലെ തുളുത്തെയ്യ​ങ്ങൾ ഞങ്ങളെ ‘അകമ്പടീ’ എന്നല്ല, ‘ബല്ലാൾക്കളേ’ എന്നാണ് വിളിക്കുന്നത്.(ഇവിടെത്തന്നെയുള്ള മലയർ കെട്ടുന്ന തെയ്യങ്ങൾ അകമ്പടീ എന്നുതന്നെ വിളിക്കും.) ഈ വാക്കും എന്നെ ചിന്താധീനനാക്കിയിരുന്നു. ഈ വാക്കിന് പിന്നാലെ അന്വേഷിച്ചുനടന്നപ്പോഴാണ്, തുളുനാട്ടിലെ ജൈനമത വിശ്വാസികളായ ബല്ലാളന്മാർ നായന്മാരായിരുന്നു എന്നും അവരാണ് മുല്ലച്ചേരി പോലുള്ള തറവാടുകളായത് എന്നും മനസ്സിലായത്. ചുരുക്കത്തിൽ അകമ്പടീ, ബല്ലാൾക്കൾ, എട്ടില്ലം കരുമന തുടങ്ങിയ വാക്കുകൾ ദശകങ്ങൾക്ക് മുമ്പേ എന്നെ ചരിത്രകുതുകിയാക്കി. ഈ നോവലിന്റെ രചന​യുടെ അടിവേരുകൾ ഈ കുതൂഹലമാണെന്ന് വെളിപ്പെടുത്തട്ടെ. പക്ഷേ, ചരിത്രഗ്രന്ഥങ്ങൾ തപ്പിത്തുടങ്ങിയപ്പോഴാണ് ആ നടുക്കുന്ന സത്യം ബോധ്യപ്പെട്ടത്. ഉത്തരകേരളത്തിന്റെ ചരിത്രം വേണ്ടുംവിധം ഖനിച്ചെ​ടുക്കാതെ ഇപ്പോഴും ഇരുളടഞ്ഞു കിടക്കുകയാണ്.

പതിനാലാം നൂറ്റാണ്ടിൽ കോലത്തിരിയുടെ സാമന്തന്മാരായി അള്ളടം മുക്കാതം നാട് വാണിരുന്നത് കോലാന്‍ ജാതിക്കാരായ (മണിയാണി) അല്ലോഹലനും മന്നോഹലനും ഉൾപ്പെടുന്ന എട്ടുകുടക്കീഴിൽ പ്രഭുക്കളാണ്. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലുള്ള പയ്യന്നൂരമ്പലത്തിന്റെ വടക്കേ അതിരുതൊട്ട് കാസർകോട് ജില്ലയിലെ ചിത്താരിപ്പുഴ വരെ നീണ്ടു കിട​ക്കുന്ന മൂന്ന് കാതം (പതിനെട്ട് നാഴിക ദൂരം) ദേശമാണ് അള്ളടം. നിർ​ഭാഗ്യവശാൽ അല്ലോഹലനെക്കുറിച്ചോ മറ്റ് സാമന്തന്മാരായ നാടുവാഴിക​ളെക്കുറിച്ചോ ചരിത്രഗ്രന്ഥങ്ങളിലൊന്നും ഒരു സൂചനയുമില്ല. എ. ശ്രീധര​മേനോന്റെ ‘കേരളചരിത്ര’ത്തിൽ നാനൂറ്റമ്പത് പുറങ്ങളുള്ളതിൽ ആകെ ഒന്നരപ്പേജ് മാത്രമാണ്, ഉത്തരകേരളം നൂറ്റാണ്ടുകൾ ഭരിച്ച കോലത്തിരിക്ക് ഭാഗം വെച്ചു കിട്ടിയത്! ഈ ഗ്രന്ഥത്തിലും അല്ലോഹലനോ മറ്റ് എട്ടുകുടക്കീഴിൽ പ്രഭുക്കന്മാരോ പരാമർശിക്കപ്പെടുന്നില്ല.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.