DCBOOKS
Malayalam News Literature Website

ഡെങ്കിപ്പനി തിരിച്ചുവരുമോ ?

Dengue fever vaccine shown to have 80 percent efficacy
കൊറോണക്കു മുൻപ്, നിപ്പക്കും വെള്ളപ്പൊക്കത്തിനും മുൻപ് കേരളം ഒന്നിച്ച് പനിച്ചു വിറച്ച ഒരു കാലം ഓർമ്മയില്ലേ? ആശുപത്രികളിലെ വാർഡുകൾ നിറഞ്ഞ് കവിഞ്ഞ് നിലത്തും വരാന്തയിലും പനിരോഗികളെ കിടത്തേണ്ടി വന്നത്? കേരളം മുഴുവൻ പ്ലേറ്റ്ലെറ്റ് കൗണ്ടിനെ കുറിച്ച് ചർച്ച ചെയ്തത്? പ്ലേറ്റ്ലെറ്റ് കൂട്ടാൻ വേണ്ടി നാളിതുവരെ കേൾക്കാത്ത വിദേശ പഴങ്ങൾക്ക് വേണ്ടി കാശു കളഞ്ഞത്? പപ്പായയുടെ കറ കൊണ്ട് വായ പൊള്ളിയത്, കണക്കില്ലാത്ത അളവിൽ ഉറുമാമ്പഴം അകത്താക്കി മൾട്ടികളറിൽ വയറ്റിൽ നിന്ന് പോയത്?
അതേ, 2017 വർഷം – കേരളത്തിൽ ഇന്നേ വരെ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ ആളുകളെ രോഗികൾ ആക്കിയ ഡെങ്കിപ്പനിയുടെ എപ്പിഡമിക് ആയിരുന്നു അത്. കേരള സർക്കാരിൻറെ ഔദ്യോഗിക കണക്കു പ്രകാരം 211993 ആളുകളാണ് ഡെങ്കിപ്പനി വന്ന് ആശുപത്രികളിൽ ചികിത്സ തേടിയത്. 165 പേർ മരണപ്പെട്ടു. അതിനുശേഷം ഇത്രയും വലിയ ഒരു പ്രഹരം ഡെങ്കി മലയാളികൾക്ക് ഏൽപ്പിച്ചിട്ടില്ല.

❓️അതേപോലെ ഒരു ഒരു എപിഡമിക് ഇനി കേരളത്തിൽ വരാൻ സാധ്യതയുണ്ടോ?

❓️എന്തൊക്കെ ഘടകങ്ങളാണ് ഡെങ്കിപ്പനി പടർന്നു പിടിക്കുന്നതിനെ സ്വാധീനിക്കുന്നത്?

🔴ഏതൊരു സാംക്രമിക രോഗവും പടരുന്നത് തീരുമാനിക്കുന്ന ചില പൊതു ഘടകങ്ങളുണ്ട്.

👉രോഗമുണ്ടാക്കുന്ന അണുവിന്റെ പ്രത്യേകതകൾ.

👉അണു മനുഷ്യനിലേക്കെത്തിക്കുന്ന ഇടനിലക്കാരനായ ജീവിയുടെ ( ഡെങ്കി പനിയുടെ കാര്യത്തിൽ കൊതുക്) പ്രത്യേകതകൾ.

👉അണുവിനെ സ്വീകരിക്കാനും നിരാകരിക്കാനും കഴിയുന്ന മനുഷ്യ ശരീരത്തിന്റെ പ്രത്യേകതകൾ

👉അന്തരീക്ഷത്തിന്റെയും കാലാവസ്ഥയുടേയും മാറ്റങ്ങൾ.

വേറിട്ട ഘടകങ്ങളായി പറയുന്നു എങ്കിലും ഇതെല്ലാം പരസ്പരപൂരകങ്ങളായാണ് രോഗം ഉണ്ടാക്കുന്നതിൽ പ്രവർത്തിക്കുന്നത് എന്നും ഓർക്കേണ്ടതാണ്.

🔵രോഗാണു:

ഡെങ്കി എന്നു തന്നെ പേരുള്ള വൈറസാണ് ഡെങ്കിപ്പനി ഉണ്ടാക്കുന്നത്. ഒന്നു മുതൽ നാലു വരെ നമ്പറിൽ അറിയപ്പെടുന്ന നാലു തരം ഡെങ്കി വൈറസുകൾ ഉണ്ട്. പനിയുടെ കാരണം ഡെങ്കി വൈറസ് ആണ് എന്ന് കണ്ടെത്താൻ വളരെ ലളിതമായ ടെസ്റ്റുകൾ മതിയെങ്കിൽ ഡെങ്കി വൈറസിന്റെ ഈ പറഞ്ഞ നാല് തരത്തിൽ ഏതാണെന്ന് തീരുമാനിക്കൽ അത്ര എളുപ്പമല്ല. അതിന് വളരെ സങ്കീർണമായ ടെസ്റ്റുകൾ ആവശ്യമായി വരും. വലിയ വൈറോളജി ലാബുകളിലേ അത് സാദ്ധ്യമാവുകയുള്ളൂ. ചികിത്സ തീരുമാനിക്കാൻ ഏത് ടൈപ്പ് ഡെങ്കി വൈറസ് ആണ് എന്ന് കണ്ടെത്തുന്നതിന്റെ ആവശ്യമില്ല. ഇതിൽ നാലാമത്തെ തരം ഒഴികെ ബാക്കിയെല്ലാം കേരളത്തിൽ പല തവണയായി രോഗങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

🔵മനുഷ്യ ഘടകങ്ങൾ:

എല്ലാ പ്രായത്തിലുള്ള ആളുകളെയും ഡെങ്കിപ്പനി ബാധിക്കാം. ഏറ്റവും നിർണായകമാകുന്നത് ഒരാളുടെ ഡെങ്കിപ്പനിക്കെതിരെ ഉള്ള രോഗപ്രതിരോധശക്തി ആണ്. മറ്റു പല വൈറൽ പനികൾ പോലെ ഡെങ്കി പനി ഒരിക്കൽ വന്നാൽ ജീവിതകാലം മുഴുവൻ വരാനുള്ള സാധ്യതയില്ല എന്ന് നമുക്ക് പറയാൻ കഴിയില്ല. ഇതിന് കാരണം നാല് തരത്തിലുള്ള വൈറസ് ഉണ്ട് എന്നുള്ളത് തന്നെയാണ്. ഒരു ടൈപ്പ് ഡെങ്കി വൈറസ് കൊണ്ട് അണുബാധ ഉണ്ടായിക്കഴിഞ്ഞാൽ മറ്റ് ടൈപ്പ് ഡെങ്കിപ്പനിക്കെതിരെ അത് പ്രതിരോധശക്തി നൽകില്ല. അതായത് ഡെങ്കി വൈറസ് 1 ഒരിക്കൽ പനി ഉണ്ടാക്കിയ ഒരാൾക്ക് ഡെങ്കി വൈറസ് 2 കാരണം പിന്നീടൊരിക്കൽ പനി ഉണ്ടാകാം. ഇത് ആദ്യത്തേതിനേക്കാൾ കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്യാം. ഒരു സമൂഹത്തിലേക്ക് ഒരുതരം ഡെങ്കി വൈറസിന് പ്രവേശനം ലഭിക്കുകയും ആ സമൂഹത്തിലെ ഭൂരിപക്ഷം ആളുകൾക്കും ആ വൈറസിനെതിരേ രോഗപ്രതിരോധശക്തി ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ഇത് വലിയൊരു എപിഡമിക് ആയി മാറാം. 2017 ന് ശേഷം വലിയ ഒരു എണ്ണത്തിൽ ഡെങ്കിപ്പനി കേരളത്തിൽ ഉണ്ടാവാത്ത കാരണം രോഗപ്രതിരോധ ശക്തി ഇല്ലാത്ത ആളുകളുടെ എണ്ണം സ്വാഭാവികമായും ഇപ്പോൾ വർദ്ധിച്ചു കാണാനിടയുണ്ട്. ഡെങ്കിപ്പനി ടൈപ്പ് നാല് പോലത്തെ ഒരു വൈറസ് ഇപ്പോൾ ഇവിടെ അണുബാധ ഉണ്ടാക്കുകയാണെങ്കിൽ അത് വളരെ വലിയ രീതിയിൽ തന്നെ വാപിക്കാനും സാധ്യതയുണ്ട്.

🔵ഇടനിലക്കാരൻ അഥവാ കൊതുക്:

ഡെങ്കിപ്പനി പരത്തുന്നത് ഈഡിസ് കൊതുകുകളാണ് എന്നത് എല്ലാവർക്കും അറിവുള്ളതാണല്ലോ. ഇത്തരം കൊതുകുകളുടെ സാന്നിധ്യം എല്ലാ സീസണിലും കേരളത്തിൽ ഉണ്ട്. വീടിന് ചുറ്റും അല്ലെങ്കിൽ വീടിനകത്ത് വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യം കിട്ടിയാൽ മാത്രം മതി ഈ കൊതുകിന് മുട്ട ഇടാനും എണ്ണം വർധിപ്പിക്കാനും. കൊതുകുകളുടെ എണ്ണം പെരുകുന്നത് അനുസരിച്ച് ഡെങ്കിപ്പനി ബാധിക്കാൻ സാധ്യതയുള്ള ആളുകളുടെ എണ്ണവും കൂടും.

🔵കാലാവസ്ഥ:

മറ്റു പല സാംക്രമിക രോഗങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോൾ ഡെങ്കിപ്പനിക്ക് കാലാവസ്ഥയുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് ഒരുപാട് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

🔹വർദ്ധിക്കുന്ന ഊഷ്മാവ്:

അന്തരീക്ഷത്തിലെ ഊഷ്മാവ് വർദ്ധിക്കുന്തോറും കൊതുകുകളിൽ വൈറസ് പെട്ടെന്ന് വികാസം പ്രാപിക്കുന്നത് ആയി കാണപ്പെട്ടു. കുറഞ്ഞ ഊഷ്മാവിൽ ഇതിന് പതിനഞ്ചും ഇരുപതും ദിവസം എടുക്കുമ്പോൾ കൂടിയ ഊഷ്മാവിൽ അഞ്ചോ ആറോ ദിവസം കൊണ്ട് കൊതുകിന്റെ ശരീരത്തിൽ വെച്ച് വൈറസുകൾ പൂർണ്ണ വികാസത്തിൽ എത്തുന്നു. കൊതുകിന്റെ ശരീരത്തിൽ വൈറസിന്റെ വികാസത്തിന് എടുക്കുന്ന സമയം കുറയും തോറും രോഗവ്യാപനത്തിന് ഉള്ള സാധ്യത വർദ്ധിച്ചു വരുന്നു. ചുരുക്കിപ്പറഞ്ഞാൽ ചൂട് വർദ്ധിക്കുന്തോറും ഡെങ്കിപ്പനിയുടെ സാധ്യത വർദ്ധിച്ചു വരുന്നു. ഇന്ത്യയിലെ തന്നെ പല സംസ്ഥാനങ്ങളും തമ്മിൽ താരതമ്യം ചെയ്ത് പഠിച്ചപ്പോൾ കേരളത്തിലെ ഊഷ്മാവ് ആണ് വൈറസ് വികാസത്തിന് ഏറ്റവും അഭികാമ്യമെന്ന് കണ്ടെത്തിയിട്ടുണ്ട് . കഴിഞ്ഞ കുറേ വർഷങ്ങളിൽ ആയിരത്തിൽ ഒരാൾക്ക് ഡെങ്കിപ്പനി വരുന്ന സാധ്യതയുടെ കണക്ക് നോക്കിയാൽ അത് ഏറ്റവും കൂടുതൽ കേരളത്തിലാണെന്നും കാണാൻ കഴിയും.

🔹മഴ:
മഴക്കാലവും ഡെങ്കി വൈറസ് വ്യാപനവും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. ശക്തമായ മഴ പെയ്തു തുടങ്ങുന്നതിനെ തുടർന്ന് ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം കുത്തനെ കൂടുന്നതായി കാണാറില്ലേ? അതിന് കാരണം മഴ ഉണ്ടാക്കുന്ന വെള്ളക്കെട്ടുകൾ തന്നെ. കൊതുകിന് മുട്ട ഇടാനും പെരുകാനും ഉള്ള ഏറ്റവും നല്ല സാഹചര്യമാണ് മഴക്കാലം നൽകുന്നത്. എന്നാൽ വേനൽക്കാലത്ത് വീടിനകത്ത് ശേഖരിച്ചു വെക്കുന്ന വെള്ളവും പലപ്പോഴും ഈഡിസ് കൊതുകുകൾ മുട്ടയിടാനായി ഉപയോഗിക്കാറുണ്ട്.

മേൽപ്പറഞ്ഞ ഘടകങ്ങൾ ക്രോഡീകരിച്ച് പറഞ്ഞാൽ കേരളത്തിലെ സാഹചര്യങ്ങൾ ഡെങ്കിപ്പനി വ്യാപനത്തിന് എത്രമാത്രം സഹായകരമാണ് എന്നുള്ളത് വളരെ എളുപ്പത്തിൽ മനസ്സിലാക്കാം.

📌വലിയ ഒരു രീതിയിലുള്ള അണു വ്യാപനം നടന്ന് കുറച്ചുവർഷങ്ങൾ ആയതിനാൽ രോഗപ്രതിരോധ ശക്തി കുറഞ്ഞു കൊണ്ടിരിക്കുന്ന ഒരു ജനത,

📌ഇതുവരെ നമ്മുടെ നാട്ടിൽ അത്ര വലിയ രീതിയിൽ വ്യാപിക്കാതിരുന്ന ഡെങ്കി വൈറസ് 4 പോലെയുള്ള ഒരു വൈറസിന്റെ സാധ്യത,

📌വൈറസിന്റെ വികാസം എളുപ്പമാക്കുന്ന വർധിച്ചു വരുന്ന താപനില,

📌കൊതുകിന് മുട്ട ഇടാനും പെരുകാനും വളരെ എളുപ്പത്തിൽ സാധിക്കുന്ന മഴക്കാലം, അതിനുശേഷം വരുന്ന വെള്ളക്കെട്ടുകൾ,

ഈ ഘടകങ്ങളെല്ലാം ഡെങ്കിപ്പനിയുടെ വലിയ രീതിയിലുള്ള വ്യാപനം സാധ്യമാക്കുമെന്ന് നമ്മൾ തിരിച്ചറിയേണ്ടതാണ്.

ഡെങ്കിപ്പനിയുടെ വ്യാപനത്തെ കുറിച്ച് പഠിച്ച ചില പഠനങ്ങളിൽ കണ്ടെത്തിയത് പനി ബാധിച്ച് ഏറ്റവും കൂടുതൽ രോഗികൾ വരുന്ന സീസണിലെ (മഴക്കാലം) പനിക്കാരുടെ എണ്ണം പ്രവചിക്കാൻ സീസണുകൾക്കിടയിൽ കാണപ്പെടുന്ന ഡെങ്കിപ്പനിയുടെ എണ്ണം നോക്കിയാൽ മതി; മഴക്കാലത്തിന് മുൻപുള്ള മാസങ്ങളിൽ ഡെങ്കി വലിയ എണ്ണത്തിൽ കാണുകയാണെങ്കിൽ അത് അടുത്ത മഴക്കു ശേഷം വലിയൊരു എപ്പിഡമികിന്റെ സാധ്യത പ്രവചിക്കുന്നു എന്നാണ്. അങ്ങനെ കണക്കാക്കുകയാണെങ്കിൽ ഈ കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ കണ്ടതിനേക്കാൾ കൂടുതൽ ഡെങ്കിപ്പനി കാണുന്നുണ്ട് എന്നുള്ളത് നമ്മെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇത് അടുത്ത മഴക്കാലത്തിനുശേഷം വലിയ ഒരു എപ്പിഡമിക് വരാനുള്ള ഒരു സൂചനയായി നമ്മൾ കണക്കാക്കുക തന്നെ വേണം.

കൊവിഡിൻ്റെ കൂടെ ഒരു ഡെങ്കി വ്യാപനം കൂടി ഉൾക്കൊള്ളാൻ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്ക് സാധിക്കില്ല. കൊവിഡ് പ്രതിരോധത്തിലെ പ്രാഥമിക കാര്യങ്ങളായ ശാരീരിക അകലം പാലിക്കലും ആശുപത്രിയിലെ തിരക്കു കുറക്കലും പ്രായോഗികമല്ലാതെ വരും. ചികിത്സിക്കാനുള്ള സൗകര്യങ്ങൾ അപര്യാപ്തമാവും. ആശുപത്രികൾ രോഗവ്യാപനത്തിൻ്റെ കേന്ദ്രങ്ങളാവും. ഇവ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല.

ഡെങ്കി പടർത്തുന്ന ഘടകങ്ങളിൽ പലതും നമ്മുടെ നിയന്ത്രണത്തിന് അപ്പുറം ആണെങ്കിലും നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന കുറെ ഡെങ്കിപ്പനിയുടെ കാര്യത്തിൽ ഉണ്ട് എന്നുള്ളത് മറന്നു കൂടാ. ഇതിൽ ഏറ്റവും പ്രധാനം വില്ലന്മാരായ കൊതുകുകളെ നിയന്ത്രിക്കുക എന്നത് തന്നെയാണ്. മാലിന്യനിർമാർജ്ജനത്തിൽ നാം വരുത്തുന്ന വലിയൊരു വീഴ്ചയാണ് കൊതുകുകളെ വളർച്ചയ്ക്ക് സഹായിക്കുന്നത് എന്നത് ഒരു വാസ്തവമാണ്. ഈ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചേ മതിയാവൂ.

⏩️ഈഡിസ് കൊതുകുകൾ നമ്മുടെ വീടിനു ചുറ്റിപ്പറ്റി വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ വളരുന്നതിനാൽ ഈ ഭാഗത്ത് പ്രത്യേകം കണ്ണുവേണം.

🔸നമ്മുടെ ചുറ്റുപാടും നിരന്തരം നിരീക്ഷിക്കുകയും, ചിരട്ട, പ്ലാസ്റ്റിക് കവർ, പാത്രങ്ങൾ, ടയർ തുടങ്ങി വെള്ളം നിൽക്കാൻ സാധ്യതയുള്ളതെല്ലാം നശിപ്പിക്കണം. ലോക്ഡൗൺ കാലം കൂടുതൽ സമയം വീടുകളിൽ ചിലവഴിക്കുമ്പോൾ എല്ലാവർക്കും എളുപ്പം ചെയ്യാവുന്നതാണ് ഇവ.

🔸ഇത് കൂടാതെ വെള്ള ടാങ്കുകൾ കുളങ്ങൾ തുടങ്ങിയ കൊതുക് വളരാൻ സാധ്യതയുള്ള ഉള്ള സ്ഥലങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുത്തുകയും അവരെക്കൊണ്ട് ആവശ്യമായ നടപടികൾ ചെയ്യിക്കുകയും വേണം.

⏩️ഉറവിടനശീകരണം പോലെ തന്നെ വളരെ പ്രധാനമാണ് സ്വയം കൊതുകു കടിയിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗങ്ങളും.

🔸പുറത്ത് ജോലി ചെയ്യുന്നവർ ശരീരം മറയുന്ന രീതിയിൽ വസ്ത്രം ധരിച്ച് ജോലി ചെയ്യാൻ ശ്രമിക്കുക,

🔸കൊതുകുവല ഉപയോഗിക്കുക,

🔸കൊതുകുകളെ വർജിക്കുന്ന ക്രീമുകൾ, കോയിലുകൾ എന്നിവ ഉപയോഗിക്കുക

എന്നതൊക്കെ പ്രധാനം തന്നെ.

ഓർക്കുക…
കോവിഡിൻ്റെ കൂടെ ഡെങ്കിപ്പനി കൂടി താങ്ങാനുള്ള ശക്തി നമ്മുടെ സമൂഹത്തിനില്ല. നമുക്ക് തടയാൻ കഴിയുന്ന ഒരു രോഗമാണ് ഡെങ്കി. അതിന് ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ജാഗ്രതയാണ് ആവശ്യം.

എഴുതിയത്: ഡോ. ഷമീർ. വി. കെ
ഇൻഫോ ക്ലിനിക്‌

Comments are closed.