DCBOOKS
Malayalam News Literature Website

പ്രധാനമന്ത്രിയുടെ ജീവന് ഭീഷണി; ആഭ്യന്തര മന്ത്രാലയം സുരക്ഷ ശക്തമാക്കുന്നു


ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കടുത്ത സുരക്ഷാ ഭീഷണിയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട്. സുരക്ഷ ശക്തമാക്കാനായി ആഭ്യന്തര മന്ത്രാലയം പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന റോഡ് ഷോകളും പൊതുപരിപാടികളും കുറയ്ക്കാനും പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം കഴിയുന്നത്ര ഒഴിവാക്കണമെന്നുമുള്ള സുപ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയം കൈമാറി.

ഇനിമുതല്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ അദ്ദേഹത്തിന്റെ തൊട്ടടുത്തേക്ക് പ്രവേശനം നിയന്ത്രിക്കും. പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെ കനത്ത പരിശോധനക്ക് ശേഷമേ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രിയുടെ സമീപത്ത് എത്താനാകൂ. പ്രധാനമന്ത്രിക്കുള്ള സുരക്ഷാഭീഷണിയെ കുറിച്ചും സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഛത്തീസ്ഖണ്ഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കുറിച്ച് കടുത്ത ആശങ്കയാണ് ആഭ്യന്തരമന്ത്രാലയം പങ്കുവെക്കുന്നത്.

തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടികളുടെ എണ്ണം കുറയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച വഴികളിലൂടെയുള്ള റോഡ് ഷോകള്‍ വലിയ സുരക്ഷാ ഭീഷണിയുള്ളതാണെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന സ്ഥലങ്ങളിലെല്ലാം പൊലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടേയും പ്രത്യേക സുരക്ഷാവലയം ഒരുക്കും. അതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ സുരക്ഷക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന കമാന്‍ഡോസംഘത്തിന്റെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ 15 ദിവസം മുന്‍പ് മുതല്‍ സുരക്ഷാ പരിശോധനയും കര്‍ശനമാക്കും.

കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മാതൃകയില്‍ നരേന്ദ്രമോദിയെ വധിക്കാന്‍ നീക്കം നടക്കുന്നതായി അടുത്തിടെ പൂനെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് സംഘടനകളില്‍ നിന്നുള്ള ഭീഷണികളെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

 

Comments are closed.