ഡി സി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട നോവല്‍
സ്ത്രീവേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ഓച്ചിറ വേലുക്കുട്ടി എന്ന നായികാനടന്റെ ദ്വന്ദ്വ ജീവിതസംഘര്‍ഷങ്ങള്‍ ആവിഷ്‌കരിക്കുന്ന നോവലാണ് എസ് ഗിരീഷ് കുമാറിന്റെ അലിംഗം. 2018ലെ ഡി സി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട നോവലാണ് അലിംഗം.
തിരുവിതാംകൂറിലെ വാമൊഴികളില്‍ മിത്തിനോളം വളര്‍ന്ന വ്യക്തിത്വമാണ് വേലുക്കുട്ടിയുടേത്. അതേസമയം സ്വന്തം ജീവിതത്തേക്കുറിച്ച് അദ്ദേഹം എവിടെയെങ്കിലും പറയുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ആദ്യകാല നാടകപ്രവര്‍ത്തകരുടെ ഓര്‍മ്മകളിലും ഡോ കെ ശ്രീകുമാര്‍ എഴുതിയജീവചരിത്രത്തിലും മാത്രമാണ് അദ്ദേഹം ജീവിക്കുന്നത്. ഈ ഓര്‍മ്മകളെല്ലാം കൂട്ടിച്ചേര്‍ത്താലും വേലുകുട്ടിയുടെ ജീവിതം പൂര്‍ണ്ണമാവുകയില്ല. മാത്രവുമല്ല അവിടവിടായി ചില പൊരുത്തക്കേടുകളും വിടവുകളും ഉണ്ട്. ആ വിടവുകളുടെ പിന്നാലെയുള്ള നിരന്തരമായ അന്വേഷണം കഥയായി രൂപപ്പെടുത്തിയെടുത്തതാണ് ഈ നോവല്‍. ഓച്ചിറ വേലുക്കുട്ടി അനുഭവിച്ചിരിക്കാനുള്ള ജീവിതത്തെ ഭാവനാപരമായി ആവിഷ്‌കരിച്ചിരിക്കുകയാണ് എസ് ഗിരീഷ്‌കുമാര്‍. മലയാള സംഗീത-നാടകചരിത്രവും ഓച്ചിറവേലുക്കുട്ടിയുടെ ജീവചരിത്രവും ഗൗരവമായി പഠിച്ച് നല്ലതുപോലെ ഗൃഹപാഠംചെയ്തതിന്റെ സൂക്ഷ്മത നോവലിനെ മികവുറ്റതാക്കിയിട്ടുണ്ട്.
‘ഇതൊരു അനുഭവസാക്ഷ്യമാണ്. ഒച്ചിറ വേലുക്കുട്ടിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച സമാനമായ ഒട്ടേറെ സാക്ഷ്യപ്പടുത്തലുകളിലൊന്ന്. കഴിഞ്ഞനൂറ്റാണ്ടില്‍ നമുക്കിടയില്‍ ജീവിച്ച സ്രീത്വം തുളുമ്പുന്ന പുരുഷന്‍ സ്വന്തം ജീവിത്തെ എങ്ങനെയാവും നോക്കിക്കാണുക. പ്രത്യേകിച്ച് ലിംഗപ്രശ്‌നങ്ങള്‍ സജീവമായ ചര്‍ച്ചകള്‍ക്കു വിധേയമാകുന്ന ഒരു കാലത്തുനിന്നുകൊണ്ട് തിരിഞ്ഞുനോക്കുമ്പോള്‍,’ ഇത്തരമൊരു ആലോചനയാണ് തന്നെ ഈ നോവല്‍ രചനയിലേക്ക് എത്തിച്ചത് എന്ന് എസ് ഗിരീഷ്‌കുമാര്‍ പറയുന്നു.
വേലുക്കുട്ടിയെന്ന പെണ്‍നടന്റെ ജീവിതവും വൈയക്തിക ജീവിതം ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആവിഷ്‌കരിക്കുമ്പോള്‍ ഇന്നും സമൂഹം അകറ്റിനിര്‍ത്തുന്ന മൂന്നാം ലിംഗക്കാരുടെ സങ്കീര്‍ണ്ണമായ ജീവിതാവസ്ഥകളിലേക്കുകൂടി വെളിച്ചം വീഴ്ത്തുവാന്‍ ഈ നോവലിനു കഴിയുന്നു. ഒപ്പം ഒട്ടേറെ നാടകപ്രവര്‍ത്തകരും ദേശസംസ്‌കാരത്തിന്റെ ഭാഗമായ കലാചരിത്രവുമൊക്കെ ഓര്‍മ്മിക്കപ്പെടുന്നുണ്ട്.
Comments are closed.