പൗലോ കൊയ്‌ലോയുടെ ‘അലെഫ്’ മൂന്നാം പതിപ്പില്‍
പ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന നോവലാണ് അലെഫ്. തന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവമാണ് നോവലിനാസ്പദം. ജീവിതാംശം ഉള്‍കൊള്ളുന്ന നോവേലാണെങ്കില്‍കൂടി സങ്കല്പികം/തത്വശാസ്ത്രം എന്ന വിഭാഗത്തിലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തെ ആത്മീയതയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം വിവരിക്കുന്നു.
വിശ്വാസം സംബന്ധിച്ച് ഗൗരവമായൊരു പ്രതിസന്ധി ഘട്ടം നേരിടുന്ന പൗലോ ആത്മീയമായൊരു പുനരുജ്ജീവനത്തിനും വളര്‍ച്ചയ്ക്കുമായി ഒരു യാത്രക്ക് ഇറങ്ങി പുറപ്പെടുന്നു പുതുമകള്‍ തേടി. ലോകജനതയുമായുള്ള ബന്ധങ്ങള്‍ പുതുക്കി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക അങ്ങനെ വ്യത്യസ്ത രാജ്യങ്ങളിലൂടെ, അനുഭവങ്ങളിലൂടെ ഒരു യാത്ര. ആ യാത്രയ്ക്കിടയില്‍ പൗലോ കണ്ടുമുട്ടുന്നു ഹിലാലിനെ- 500 വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ജന്മത്തില്‍ അയാള്‍ പ്രണയിച്ചിരുന്നൊരു യുവതി; വേണമെങ്കില്‍ രക്ഷിക്കാമായിരുന്നിട്ടും അതിനു മുതിരാതെ, മരണശിക്ഷയ്ക്ക് അയാള്‍ വിട്ടുകൊടുത്ത യുവതി. സമയകാലങ്ങള്‍ക്കും ഭൂതവര്‍ത്തമാനങ്ങള്‍ക്കും ഇടയിലൂടെ സ്വന്തം വിധി മാറ്റി എഴുതാനുള്ള അവസരം തേടിയൊരു ദീര്‍ഘയാത്ര.
സ്വന്തം പോരായ്മകളും ഭീതികളുമായുള്ളൊരു ഏറ്റുമുട്ടലാണ് അലെഫ്. ജീവിതത്തിലെ അനിവാര്യമായ വെല്ലുവിളികള്‍ നേരിടാനുള്ള ധൈര്യമാണിത്. രമാ മേനോനാണ് ഈ കൃതി വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന അലെഫിന്റെ മൂന്നാം പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
Comments are closed.