ഒറ്റുകൊടുക്കപ്പെട്ട കേരള മാര്‍ക്സ്; ഒരു വിമത ബുദ്ധിജീവിയുടെ ജീവിതം
ഒന്നര നൂറ്റാണ്ട് മുന്‍പ് ജനിച്ച ഒരു മനുഷ്യന്റെ വാക്കുകള്‍ ഇന്നും കാലത്തിലൂടെ അലടിക്കുന്നുണ്ടെങ്കില്‍ ആ വാക്കുകളില്‍ അസാധാരണമായ അര്‍ഥം അടങ്ങിയിരിക്കുന്നു എന്നു തന്നെയാണര്‍ഥം. പല തലമുറകളെ, വിവിധ ജനസഞ്ചയങ്ങളെ, വ്യത്യസ്ത കാലങ്ങളെ അഭിമുഖീകരിക്കുകയും സംവദിക്കുകയും ചെയ്യുന്ന വാക്ക്. 21-ാം നൂറ്റാണ്ടിലും ആ വാക്കുകളുടെ അര്‍ഥ ധ്വനികള്‍ നിലയ്ക്കുന്നില്ലെന്നു തെളിയിക്കുകയാണ് സുനില്‍ പി. ഇളയിടം. അലയടിക്കുന്ന വാക്ക് എന്ന ഗ്രന്ഥത്തിലൂടെ. പ്രതീക്ഷയുടെ മഹാനായ കുറ്റവാളി എന്ന് എക്കാലത്തെയും വലിയ കവി പാബ്ലോ നെരൂദ വിശേഷിപ്പിച്ച കാള്‍ മാര്‍ക്സിന്റെ പ്രസക്തിയെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊണ്ട്.
അദ്ദേഹം ബിജാവാപം നടത്തിയ പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി എന്നൊന്നുണ്ടെങ്കില്‍ അതെന്താണെന്നു വിശദീകരിച്ചുകൊണ്ട്. സുനില്‍ വിവിധ കാലത്തു നടത്തിയ പ്രഭാഷണങ്ങള്‍, എഴുതിയ കുറിപ്പുകള്‍, ലേഖനങ്ങള്‍ എന്നിവയുടെ സമാഹാരമാണ് അലയടിക്കുന്ന വാക്ക്. മാര്‍ക്സിസം എന്ന ചിന്താദര്‍ശനം എങ്ങനെ ഇതര തത്ത്വശാസ്ത്രങ്ങളുമായി സംവദിക്കുകയും സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുന്നെന്ന് വിശദീകരിക്കുന്ന ലേഖനങ്ങളുണ്ട്.
അംബേദ്കറും മാര്‍ക്സും തമ്മിലുള്ള പൊരുത്തവും എതിര്‍പ്പും മനസ്സിലാക്കാനുള്ള ശ്രമങ്ങളുണ്ട്. മാര്‍ക്സിസത്തിനുവേണ്ടി ജീവിതം ഹോമിച്ച് ഒടുവില്‍ ആ പ്രസ്ഥാനത്താല്‍ തന്നെ വഞ്ചിക്കപ്പെട്ട്, പരിത്യക്തരായവരുടെ ദുരന്ത ജീവിത ചിത്രീകരണങ്ങളുണ്ട്. എല്ലാ അധ്യായങ്ങളെയും സുവര്‍ണ നൂലു പോലെ മാര്‍ക്സ് എന്ന ഒരേ ചരടില്‍ കോര്‍ത്തുനിര്‍ത്തുമ്പോള്‍ വാക്ക് അലയടിക്കുക മാത്രമല്ല, തിരമാലകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
മാര്‍ക്സിന്റെ ചിന്താപദ്ധതികളെക്കുറിച്ചുള്ള പഠനങ്ങള്‍ പോലെ തന്നെ പ്രസക്തമാണ് പ്രസിദ്ധരായ ചില മാര്‍ക്സിസ്റ്റുകളെക്കുറിച്ച് സുനില്‍ നടത്തുന്ന പഠനങ്ങള്‍. അവയില്‍ ഏറ്റവും പ്രധാനം പാട്ടബാക്കി നാടകം എഴുതിയ, കേരള മാര്‍ക്സ് എന്നു വിളിപ്പേര് വീണ കെ. ദാമോദരന്റെ ജീവിതം തന്നെ.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്ന ആദ്യത്തെ മലയാളിയാണ് കെ. ദാമോദരന്‍. മാര്‍ക്സിസ ത്തെക്കുറിച്ചും ഇന്ത്യന്‍ തത്ത്വചിന്തയെക്കുറിച്ചുമെല്ലാം 40-ല്‍ അധികം പുസ്തകങ്ങള്‍ എഴുതിയ പണ്ഡിതന്‍. 18-ാം വയസ്സില്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ച ത്യാഗധീരന്‍. മാര്‍ക്സി സത്തെക്കുറിച്ചുള്ള ചിന്തകള്‍ ജീവവായുവായി ഉള്‍ക്കൊണ്ടു ജീവിച്ച ദാമോദരന്‍ മരിച്ചത് വെറുമൊരു പാര്‍ട്ടി അംഗമായാണ്.
തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളൊന്നുമില്ലാതെ. അനുയായികളാല്‍ വലയം ചെയ്യപ്പെടാതെ. രക്തപതാക പുതപ്പിക്കപ്പെടാതെ. സമരഗാനങ്ങള്‍ അലയടിക്കുന്ന അന്തരീക്ഷത്തില്‍നിന്നു മാറി ഒരു സുഹൃത്തിന്റെ സംരക്ഷണയിലും ഒടുവില്‍ ഒരു ആശുപത്രി മുറിയില്‍ ഭാര്യയ്ക്കരികിലുമായി. എന്നാല്‍ അപ്പോഴും അദ്ദേഹത്തെ വിഷാദം കാര്‍ന്നുതിന്നിരുന്നില്ല എന്നതിന്റെ തെളിവ് ദാമോദരന്റെ വാക്കുകള്‍ തന്നെയാണ്.
‘ ഞാനൊരു ശുഭാപ്തി വിശ്വാസിയാണ്. യുവതലമുറയിലെ പുതിയ വിപ്ലവകാരികള്‍ സന്ദര്‍ഭത്തിനൊത്ത് ഉയരുമെന്ന് എനിക്കുറപ്പുണ്ട്- അവസാന അഭിമുഖത്തില്‍ ദാമോദരന്‍ പറഞ്ഞു.
അതിനും മുന്‍പ് ചെക്കോസ്ലോവാക്യയില്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ ഇടപെടലാണ് ദാമോദരനെ പാര്‍ട്ടിക്കു പുറത്താക്കിയത്. സോവിയറ്റ് യൂണിയന്‍ എന്തു ചെയ്താലും അവയെയെല്ലാം പിന്തുണയ്ക്കുന്ന സഖാക്കളില്‍നിന്നു വ്യത്യസ്തനായി സ്വാതന്ത്ര്യത്തെ കശാപ്പു ചെയ്യുന്ന നടപടിയെ ദാമോദരന്‍ വിമര്‍ശിച്ചു. രൂക്ഷമായിത്തന്നെ. പ്രത്യാഘാതങ്ങള്‍ നോക്കാതെ. പ്രാഗ് വസന്തം സ്വപ്നം കണ്ട ദാമോദരനെ പാര്‍ട്ടി കറിവേപ്പില പോലെ എടുത്തുകളഞ്ഞു. അതദ്ദേഹത്തെ വിഷമിപ്പിച്ചില്ല. യഥാര്‍ഥ വിപ്ലവമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. സമഷ്ടിവാദത്തിന്റെ പൂക്കാലം.
1936 -ല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മലയാള വിവര്‍ത്തനം ദാമോദരന്‍ തയാറാക്കി. സമഷ്ടിവാദ വിജ്ഞാപനം എന്ന പേരില്‍. അച്ചടിശാലക്കാര്‍ ഭയപ്പെടാതിരിക്കാന്‍ കമ്മ്യൂണിസം എന്ന വാക്ക് ഒഴിവാക്കിയാണ് അദ്ദേഹം വിവര്‍ത്തനം തയാറാക്കിയത്. പ്രസ്സില്‍ വച്ച് പ്രൂഫ് തിരുത്തുമ്പോള്‍ സമഷ്ടിവാദം എന്നുള്ളിടത്തെല്ലാം കമ്മ്യൂണിസം എന്നാക്കി അച്ചടിച്ചു. പേര് സമഷ്ടിവാദ വിജ്ഞാപനം എന്നുതന്നെ.
കമ്മ്യൂണിസം എന്ന വാക്കു കേട്ടാല്‍ തന്നെ പലരും വിളറി പിടിക്കുന്ന കാലമായതുകൊണ്ടാണ് അന്നങ്ങനെയൊരു കടുംകൈ അദ്ദേഹത്തിനു ചെയ്യേണ്ടിവന്നത്. എന്നിട്ടും സ്വന്തം പ്രസ്ഥാനത്താല്‍ ഒറ്റുകൊടുക്കപ്പെടേണ്ടിവന്നു അദ്ദേഹത്തിന്. ക്രിയാത്മക വിമര്‍ശനത്തിനു കൊടുക്കേണ്ടിവന്ന വില. ദാമോദരന്റെ ജീവിതത്തില്‍ നിന്ന് പാര്‍ട്ടി എന്തു പഠിച്ചു എന്ന ചോദ്യമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരും സഹായാത്രികരും എന്തു മനസ്സിലാക്കി എന്ന സംശയവുമുണ്ട്. ഇല്ല ഒന്നും പഠിച്ചിട്ടില്ല എന്നുതന്നെയാണ് സമകാലിക സംഭവങ്ങള്‍ തെളിയിക്കുന്നത്.
ചരിത്രത്തില്‍നിന്ന് നാം ഒരു പാഠവും പഠിക്കുന്നില്ല. എങ്കിലും അലയടിക്കുന്നുണ്ട് വാക്ക്. കാള്‍ മാര്‍ക്സിനൊപ്പം കേരള മാര്‍ക്സിന്റെ വാക്കുകളും.
സുനില്‍ പി.ഇളയിടത്തിന്റെ ‘അലയടിക്കുന്ന വാക്ക് ‘ എന്ന പുസ്‌തകത്തിന് ജി പ്രമോദ് എഴുതിയ വായനാനുഭവം
കടപ്പാട്; മനോരമ ഓൺലൈൻ
Comments are closed.