DCBOOKS
Malayalam News Literature Website

ആലപ്പാട് കരിമണല്‍ ഖനനം: സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: കൊല്ലം ജില്ലയിലുള്ള ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനം അനധികൃതമാണെന്നും ഇത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ.എം. ഹുസൈന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനും ഐ.ആര്‍.ഇയ്ക്കും ഹൈക്കോടതി നോട്ടീസ്. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പഠനറിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതുവരെ ഖനനം നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് കെ.എം ഹുസൈന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഖനനം തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് ഒരാഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. ഖനനം ആലപ്പാട് ജില്ലയിലുണ്ടാക്കിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അധ്യക്ഷനായ സമിതി പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമിതി അധ്യക്ഷനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

പതിനായിരം കുടുംബങ്ങളുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തില്‍നിന്നു കരിമണല്‍ ഖനനത്തെ തുടര്‍ന്ന് പകുതിയോളം പേര്‍ സ്ഥലം വിട്ടൊഴിഞ്ഞു പോയിട്ടുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ കായലിനും കടലിനുമിടയിലുള്ള സംരക്ഷണഭിത്തിയായ ആലപ്പാട് എന്ന പ്രദേശം ഇല്ലാതാകുമെന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നത്.

Comments are closed.