DCBOOKS
Malayalam News Literature Website

‘അലകള്‍’; പി കെ നാണു എഴുതിയ കഥ

മാർച്ച് ലക്കം പച്ചക്കുതിരയില്‍

കഥ-പി കെ നാണു
വര: സുധീഷ് കോട്ടേമ്പ്രം

സന്ദര്‍ശകര്‍ ഒരു ചെറിയ ഉപകരണം പുറത്തെടുത്തു. കോവിഡ് കാലത്ത് ആശാവര്‍ക്കര്‍മാര്‍ വീടു വീടാന്തരം കയറി പനിയുടെ അളവെടുക്കുന്ന തെര്‍മല്‍ഗണ്‍മാതിരിയുള്ള ഒരെണ്ണം. ഇത് പക്ഷേ, തെര്‍മല്‍ ഗണ്ണല്ല എന്നെനിക്ക് ഉറപ്പാണ്‌.

ഇതാണ് എന്റെ വീട്ടിലേക്ക് വരാനുള്ള ഗെയ്റ്റ്. ഇതിന്റെ കുറ്റിയിടാറില്ല. പകല്‍ മുഴുവന്‍ തുറന്നു കിടക്കും. കൊളുത്ത് ഒന്ന് മെല്ലെ ഉയര്‍ത്തിയാല്‍ മതി. ഗെയ്റ്റ് നിങ്ങളുടെ മുമ്പില്‍ തുറന്നുവരും. അതെ, അങ്ങനെതന്നെ. വീടിന്റെ മുറ്റംവരെ വെട്ടുകല്ലുകള്‍ പതിച്ച നടവഴിയുണ്ട്.

വന്നോളൂ. ഈ കഥയിലെ കഥാപാത്രമായ ഞാന്‍ വീടിന്റെ വരാന്തയില്‍ ഇരിക്കുന്നുണ്ട്. കഥാപാത്രമെന്ന് പറയാനൊരു കാരണമുണ്ട്. കഥയെഴുതുന്ന ആളല്ല കഥാപാത്രമായ ഞാന്‍ എന്ന് സൂചിപ്പിക്കാനാണിത്. കഥ എഴുതുന്ന ആളിന് പറയാനുള്ള വിചിത്രമായ ചില ആശയങ്ങളും അഭിപ്രായങ്ങളും ചിലപ്പോള്‍ കഥയിലൂടെ അയാള്‍ പറഞ്ഞെന്നിരിക്കും. അങ്ങനെയൊരു സ്വാതന്ത്ര്യം എഴുത്തുകാരനുണ്ടെന്ന് കരുതിയാല്‍ മതി.

ഇതാണെന്റെ വീട്. കാണുന്നില്ലേ, ഞാന്‍ ഈ ചെറിയ വരാന്തയിലെ കസേരയില്‍ ഇരിക്കുന്നുണ്ട്. അടച്ചിട്ട കാലമായതിനാല്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രമേ ഞാന്‍ പുറത്തു പോകാറുള്ളൂ; രാവിലത്തെ നടത്തമൊഴിച്ച്. അത് എനിക്ക് അത്യാവശ്യകാര്യം തന്നെയാണ്. വീട്ടില്‍ ഞാന്‍ മുഖാവരണം ഉപയോഗിക്കാറില്ല. ഇരിപ്പിടത്തിനരികെ, ഒരെണ്ണം വെയ്ക്കും. ഗെയ്റ്റ് തുറന്ന് ആരെങ്കിലും വരുകയാണെങ്കില്‍ ഉപയോഗിക്കാനാണ്.

ഇതാണ് ഞാന്‍. എനിക്കൊരു തകരാറുണ്ട്. കോവിഡ് കാലംമുതല്‍ തുടങ്ങിയതാണ്. ഞാന്‍ പലപ്പോഴും ഞാനല്ലാതായി മാറുന്നു. ചെറിയ കാര്യങ്ങളില്‍ പോലും ക്ഷുഭിതനാവുന്നു. വിഷാദം ചിനുങ്ങിപ്പെയ്ത ആലോചനകള്‍ക്കിടയില്‍, ചില വികൃതരൂപങ്ങള്‍ നിഴലുകളായി വരിവരിയായി പോകുന്നു. കോവിഡ് -19 ഉണ്ട്. ക്വാറന്റൈന്‍ ഉണ്ട്, അടച്ചുപൂട്ടലുകളുണ്ട്, മറ്റ് എന്തൊക്കെയോ ഉണ്ട്.

പതിവ് കാര്യങ്ങള്‍ക്ക് പുറമേ വായന തന്നെയാണ് പ്രധാനമായും. പഴയതുപോലെ ദീര്‍ഘനേരമിരുന്ന് തുടര്‍ച്ചയായി വായിക്കാറില്ലെന്ന് മാത്രം. പക്ഷേ, ഞാന്‍ പലതും കാണുന്നുണ്ട്. അറിയുന്നുണ്ട്. ചിലതൊക്കെ ഞാന്‍ നിരീക്ഷിച്ചു മനനം ചെയ്യാറുമുണ്ട്. ആരൊക്കെയോ നമ്മെ നിയന്ത്രിക്കുവാന്‍ ശ്രമിക്കുന്നില്ലേ എന്നൊരു തോന്നലെനിക്കുണ്ട്. ഉള്‍പരിവര്‍ത്തനം വന്ന ചിലതരം വൈറസുകള്‍ നമുക്ക് ചുറ്റുമുണ്ടെന്ന ഭീതി എന്നെ അസ്വസ്ഥനാക്കുന്നുണ്ട്. ചിലതരം ഭീകരരൂപങ്ങള്‍ എന്റെ സ്വപ്നങ്ങളില്‍ ഇടിച്ചു കയറിവരുന്നു. ഏകാന്തത തോന്നാറുണ്ടെന്നോ? ഇല്ലെന്ന് പറഞ്ഞാല്‍ അത് ഒരു അസ്സല്‍ നുണ. ഇപ്പറഞ്ഞ ഏകാന്തത ഇടയ്ക്കൊക്കെ കേറിവരും. എത്ര ശഠിച്ചാലും ഈ അസത്ത് പെട്ടെന്ന് ഒഴിഞ്ഞു പോകില്ല. അതുകൊണ്ട് ഞാനൊരു സൂത്രപ്പണി ചെയ്തു. ഞാന്‍ ഏകാന്തതയുമായി ചങ്ങാത്തത്തിലായി. ഏകാന്തതയെ മെരുക്കിയെടുക്കാനുള്ള വിദ്യ ഞാന്‍ വശമാക്കി. ചില കാര്യങ്ങള്‍ നമ്മള്‍ തന്നെത്താന്‍ പഠിക്കുന്നു!

പൂര്‍ണ്ണരൂപം 2023 മാർച്ച് ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാർച്ച് ലക്കം ലഭ്യമാണ്‌

Comments are closed.