അറേബ്യന്‍ മണ്ണിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’
അറബിനാടിന്റെ രാഷ്ട്രീയവും ഭരണവും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ജെ.സി.ബി സാഹിത്യ പുരസ്‌കാരജേതാവായ ബെന്യാമിന്‍ രചിച്ച നോവലാണ് അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി. അറബ് നാടുകളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവമാണ് നോവലിന്റെ പശ്ചാത്തലം. ആരും എത്തിനോക്കുക പോലും ചെയ്യാതിരുന്ന പ്രവാസ ജീവിതത്തിലെ പ്രശ്‌നങ്ങളും മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയത്തിലേക്കുമാണ് ബെന്യാമിന്‍ തന്റെ നോട്ടമെത്തിച്ചത്. അതിന്റെ അനന്തരഫലമാണ് ബെന്യമിന്റെ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി. ഈ നോവലിന്റെ തുടര്‍ച്ചയായി എഴുതിയ മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയായ ജാസ്മിന്‍ ഡേയ്സാണ് ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യപുരസ്‌കാരത്തിന് അര്‍ഹമായത്.
ഒരു വിദേശ നോവലിസ്റ്റിന് നോവല്‍ എഴുതാനുള്ള വിവരശേഖരണത്തിനായാണ് കനേഡിയന്‍ പൗരത്വമുള്ള ഇന്ത്യന്‍ പത്രപ്രവര്‍ത്തകനായ പ്രതാപ് ആ അറബ് തുറമുഖ നഗരത്തില്‍ എത്തിച്ചേരുന്നത്. അവിടെ എത്തുന്ന അയാള്‍ ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെല്‍’ എന്ന പുസ്തകത്തെക്കുറിച്ച് അറിയുന്നു. എന്നാല്‍ പുസ്തകത്തെപ്പറ്റിയോ എഴുത്തുകാരിയായ സമീറ പര്‍വീണിനെക്കുറിച്ചോ ഒരു വാക്കുപോലും എങ്ങും അടയാളപ്പെടുത്തിയിരുന്നില്ല. സമീറയെയും പുസ്തകത്തെയും തേടിയുള്ള പ്രതാപിന്റെ അന്വേഷണം ചെന്നെത്തുന്നത് അറബ് നാടുകളില്‍ അലയടിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ ബാക്കിപത്രങ്ങളിലേയ്ക്കാണ്. തുടര്‍ന്ന് ഉണ്ടാകുന്ന സംഭവപരമ്പരകളാണ് അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി എന്ന നോവലിലൂടെ ബെന്യാമിന്‍ പറയുന്നത്.
നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ആടുജീവിതം, മഞ്ഞ വെയില്‍ മരണങ്ങള്‍, മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്നീ കൃതികള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഷഹനാസ് ഹബീബ് തന്നെയാണ് അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിയും വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ജഗര്‍നോട്ടാണ് പ്രസാധകര്‍.
Comments are closed.