DCBOOKS
Malayalam News Literature Website

സാഹിത്യനഗരിക്ക് കെ എൽ എഫിൻ്റെ ആദരം

26-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം മനു എസ്. പിള്ള നിര്‍വഹിച്ചു

കോഴിക്കോട്: മലയാളത്തിലെ എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും അണിനിരന്ന പ്രൗഢഗംഭീരമായ സദസിൽ സാഹിത്യനഗരിക്ക് കെ എൽ എഫിൻ്റെ ആദരം. തളി അബ്ദുറഹിമാൻ സാഹിബ് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ അക്ഷരാർപ്പണം നടത്തി കോഴിക്കോടിന് ആദരമേകി.

കോഴിക്കോടിന് യുനെസ്‌കോ സാഹിത്യനഗരപദവി ലഭിച്ചതിനോടനുബന്ധിച്ച് കോഴിക്കോടിന്റെ സമകാലിക സാഹിത്യ-സാംസ്കാരിക സവിശേഷതകളെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലും ഡി സി ബുക്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പുതിയ തലമുറ കാത്തിരിക്കുന്ന ഫെസ്റ്റിവലാണ് കെ.എൽ.എഫ് എന്നും ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തുമുള്ള പ്രമുഖ എഴുത്തുകാരെ കേരളത്തിലേക്കെത്തിക്കാൻ കെ.എൽ.എഫിനായെന്നും എം.കെ മുനീർ എം.എൽ.എ പറഞ്ഞു. കെ. സച്ചിദാനന്ദൻ,
കെ.എൽ.എഫ് ചെയർമാൻ എ.പ്രദീപ് കുമാർ, ചീഫ് ഫെസിലിറ്റേറ്റർ രവി ഡിസി, പ്രോഗ്രാം കൺവീനർ കെ.വി ശശി, ഡി സി ബുക്സ് പബ്ലിക്കേഷൻ മാനേജർ എ.വി ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

പുതിയതായി പുറത്തിറക്കിയ 16 പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. ഇതോടനുബന്ധിച്ച് നടന്ന 26-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം എന്‍.എസ്. മാധവന്‍ ഉദ്ഘാടനം ചെയ്തു. കെ. സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ‘എന്താണ് ചരിത്രം’ എന്ന വിഷയത്തില്‍ ചരിത്രകാരന്‍ മനു എസ്. പിള്ള സ്മാരകപ്രഭാഷണം നടത്തി. സാഹിത്യനഗരവും സാഹിത്യോത്സവങ്ങളും എന്ന വിഷയത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, എ. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. വി.ജെ. ജയിംസ്, ഷീല ടോമി, ഫ്രാൻസിസ് നൊറോണ, എ.കെ അബ്ദുൾ ഹക്കീം എന്നിവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫിക് നറേറ്റീവിന്റെ പ്രദർശനവും നടന്നു. തുടര്‍ന്ന് സ്പെയിനിലെ സാംസ്‌കാരികസംഘടനയായ Casa de la India യുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന TARIQA MYSTIC TRAVELLERS എന്ന സംഗീത നൃത്ത-കവിതാസമന്വയവും സംഘടിപ്പിച്ചു.

Comments are closed.