DCBOOKS
Malayalam News Literature Website

ആടിന്റെ നിറം

മജീദ് സെയ്ദിന്റെ ‘അഖില ലോക ആടുകമ്പനി’ എന്ന നോവലിന് അബ്ദുല്‍ വാഹിദ് തവളേങ്ങല്‍ എഴുതിയ വായനാനുഭവം

ബഷീറിന്റെ ‘പാത്തുമ്മായുടെ ആടും’ ബെന്യാമിന്റെ ‘ആടുജീവിതവു’മെല്ലാം മലയാളിക്ക് പരിചിതമാണ്. എന്നാല്‍ മറ്റൊരു ആടിന്റെയും അതിനെ ചുറ്റിപ്പറ്റിയുള്ള മനുഷ്യരുടെയും കഥ പറയുകയാണ് യുവകഥാകൃത്ത് മജീദ് സെയ്ദ് അഖില ലോക ആടുകമ്പനി എന്ന ലഘുനോവലിലൂടെ.

ഇത് വെറും ഒരു ആടല്ല. വിശുദ്ധതയുടെ പരിവേഷമുള്ള, പലപ്പോഴും മനുഷ്യരെപ്പോലെ പെരുമാറുന്ന ഒരു ജീവിയാണിത്. രാജസ്ഥാനിലെ ഥാര്‍ മരുഭൂമിക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ ജനിക്കുകയും അവിടെനിന്ന് ബേബി എന്ന മലയാളി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരികയും ചെയ്യുന്നതാണ് ഈ ആടിനെ. കേരളത്തില്‍ നിന്നും രാജസ്ഥാനിലേക്കും മറ്റും ചരക്ക് കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവറായ ബേബി ചായകുടിക്കാന്‍ കയറുന്ന കടയില്‍നിന്ന് നിരന്തരം കേള്‍ക്കുന്ന ആടിനെക്കുറിച്ചുള്ള ദിവ്യകഥകളാണ് Textആടുകടത്തിലേക്ക് നയിച്ച പ്രചോദനം. ആടിന്റെ സാന്നിധ്യം സ്വന്തം വീട്ടില്‍ ഐശ്വര്യം നിറയ്ക്കുമെന്നും ജീവിതത്തില്‍ സമൃദ്ധി നിറയ്ക്കുമെന്നും കരുതി ബേബി ആടിനെ കേരളത്തിലെ വീട്ടിലെത്തിക്കുകയാണ്. വരുന്ന വഴിയില്‍ അഭിമുഖീകരിക്കുന്ന അനു
ഭവങ്ങളും കാഴ്ചകളും നോവലിനെ ഒരു രാഷ്ട്രീയ ഉള്ളടക്കമുള്ളതാക്കി മാറ്റുന്നു. ബേബിയുടെ വീട്ടില്‍ ആടിന് കൗതുകകരവും അത്ഭുതകരവുമായ പരിഗണനയാണ് ലഭിക്കുന്നത്. ആളുകള്‍ വരികയും അനുഗ്രഹത്തിനുവേണ്ടി പലതും കാണിക്കുകയും ചെയ്യുന്നു. ബേബി ആടിന് നെറ്റിയില്‍ കുരിശുവരച്ച് രാരിച്ചന്‍ എന്ന പേരിടുന്നുണ്ട്. റാണാസിംഗായിരുന്ന ആടിന്റെ പേര് മാറ്റുമ്പോള്‍ ബ്രാഹ്മണശാപം ഏല്‍ക്കുമോ എന്ന ആശങ്ക രൂപപ്പെടുന്നു. പ്രതീക്ഷിച്ചപോലെ ഐശ്വര്യമൊന്നും ജീവിതത്തില്‍ വന്നു കയറിയതുമില്ല. കഴിഞ്ഞ ജന്മത്തില്‍ ഡമാസ്‌കസില്‍ പോക്കര്‍ ആയി ജീവിച്ച മനുഷ്യനാണ് ആടെന്നും ഈ ജന്മത്തില്‍ അവനു താത്പര്യം മൂന്നാം വേദക്കാരോടാണെന്നും അതുകൊണ്ടണ്ട് എത്രയും പെട്ടെന്ന് മുസ്‌ലിങ്ങള്‍ക്ക് കൈമാറണമെന്നുമാണ് ജ്യോതിഷിന്റെ അഭിപ്രായം. കൈമാറിയാല്‍ മാത്രം പോരാ, പോക്കറെന്നുതന്നെ ആടിനെ പേര് വിളിക്കണമെന്ന് അദ്ദേഹം പറയുന്നു.

ഭര്‍ത്താവിന്റെ തിരിച്ചുവരവിനു വേണ്ടി ഉള്ളാള്‍ ദര്‍ഗയിലേക്ക് ആടിനെ നേര്‍ച്ചയാക്കിയാല്‍ മതിയെന്ന വിശ്വാസത്തില്‍ ബള്‍ക്കീസെന്ന സ്ത്രീയുടെ കൈയില്‍ പിന്നീട് ഈ ആടെത്തുകയും ഒടുവില്‍ അതൊരു ബലിമൃഗമായി ചുരുങ്ങുകയും ചെയ്യുന്നതാണ് കഥ.

ഒരു മൃഗത്തിന് നിയോഗമായി കാത്തിരിക്കുന്ന വിധി വെറും മാംസം ആകാനാണെന്ന സന്ദേശം ഇതിലുണ്ട്. ദിവ്യപരിവേഷങ്ങളിലേക്കും മനുഷ്യരുടെ അതിമോഹങ്ങളുടെ കാര്യകാരണകേന്ദ്രങ്ങളിലേക്കും പരിണമിച്ചും അല്ലാതെയുമെല്ലാം ഒടുവില്‍ ആട് ഒരു മൃഗം മാത്രമായി നമ്മെ നോക്കി തലയാട്ടുന്നു.

ആടിന്റെ ജൈവികത മാനിക്കാതെ അതുപയോഗിക്കുന്ന ആളുടെ മതത്തിലേക്ക് ചുരുട്ടികെട്ടുന്ന രീതി, പുതിയ കാലത്തെ സന്ദിഗ്ദ്ധത വെളിപ്പെടുത്തുന്നു. മനുഷ്യര്‍ക്ക് മാത്രമല്ല അവരോട് ഓരം ചേര്‍ന്ന് കഴിയുന്ന മൃഗങ്ങള്‍ക്കും ജാതിയും മതവും നിശ്ചയിക്കുന്ന കാലം
നോവലിസ്റ്റ് പ്രവചിക്കുന്നു.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.