അക്ബര്‍ മാഷ് കെ ആര്‍ മീരയുടെ ഓര്‍മകളില്‍…
ഇന്ന് ഫെബ്രുവരി 17.. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടില്‍ ഓര്‍മയായിട്ട് 2 വര്‍ഷം.
സരസവും ലളിതവുമായ ആഖ്യാനരീതിയിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനംകവര്‍ന്ന സാഹിത്യകാരനായിരുന്നു അക്ബര്‍ കക്കട്ടില്‍. കഥ, ചെറുകഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി എണ്ണമറ്റ എഴുത്തുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന സാധരണക്കാരുടെ ജീവിതാനുഭവങ്ങളാണ് അദ്ദേഹം തന്റെ കാഥാഭൂമികയായി തിരഞ്ഞെടുത്തത്.നാട്ടുഭാഷയില്‍ തന്ന അദ്ദേഹം അവ വളരെ ലളിതവും സരസവുമായി അവതരിപ്പിച്ചു. ആധുനികതയുടെ സ്വാധീനത്തില്‍ നിന്നകന്ന് വേറിട്ട വഴി തുറന്ന എഴുത്തുകാരുടെ മുന്‍നിരയിലാണ് മലയാള സാഹിത്യത്തില്‍ അക്ബര്‍ കക്കട്ടിലിന്റെ സ്ഥാനം. 2016 ഫെബ്രുവരി 17 നാണ് അദ്ദേഹം അര്‍ബുദത്തെതുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.
കാലയവനികയില്‍ മറഞ്ഞുപോയ അദ്ദേഹത്തിന്റെ ഓര്‍മകളിലൂടെ.. കടന്നുപോകുകയാണ് കെ ആര്‍ മീര.. (എന്റെ ജീവിതത്തിലെ ചിലര്‍ എന്ന പുസ്തകത്തില്‍ നിന്ന്)
അക്ബര്‍ മാഷിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്ന്;
അക്ബര്‍ മാഷ് : പീീീീയൂൂൂൂ, മീര പറഞ്ഞത് നീ കേട്ടോ?
പീയൂഷ് ആന്റണി : എന്താ മാഷേ?
അക്ബര്‍ മാഷ് : പുരുഷന് അവനെ ആഹ്ലാദിപ്പിക്കുന്ന സ്ത്രീയെ മാത്രമേ സ്‌നേഹിക്കാന്‍കഴിയൂ, പക്ഷേ, സ്ത്രീക്ക് അവളെ വേദനിപ്പിക്കുന്നവനെയും സ്‌നേഹിക്കാന്‍ സാധിക്കും എന്ന്.
പീയൂഷ് : ശരിയല്ലേ, മാഷേ?
അക്ബര്‍ മാഷ് : അപ്പോള്‍ അവളെന്നെ സ്‌നേഹിക്കാത്തത് ഞാനവളെ വേദനിപ്പിക്കാത്തതുകൊണ്ടാണ്, അല്ലേ പീയൂ?
ഫെബ്രുവരി പതിനേഴിനു രാവിലെ പീയൂഷ് ആ ചാറ്റ് എന്നെ വായിച്ചു കേള്‍പ്പിച്ചു. ഞങ്ങള്‍ കണ്ണീരോടെ ചിരിച്ചു. അക്ബര്‍ മാഷ് പോയിക്കഴിഞ്ഞിരുന്നു. ഡല്‍ഹിയിലെ കോച്ചുന്ന പ്രഭാതത്തണുപ്പില്‍വിളിച്ചുണര്‍ത്തിയത് ആ വാര്‍ത്തയായിരുന്നു. തലേന്ന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങാന്‍ ഹാളിലേക്കു പുറപ്പെടുമ്പോള്‍ ഞാന്‍മൂന്നു പേരെ മാത്രമേ വിളിച്ചുള്ളൂ. അമ്മയെ, പി.കെ. പാറക്കടവിനെ, പിന്നെ അക്ബര്‍ കക്കട്ടിലിനെ. അമ്മയെയും പി.കെ. സാറിനെയും ലൈനില്‍ കിട്ടി. അക്ബര്‍ മാഷിനെ കിട്ടിയില്ല. ഒരിക്കല്‍ക്കൂടി ഡയല്‍ചെയ്യാനൊരുങ്ങിയെങ്കിലും വേണ്ടെന്നുവച്ചു. അവാര്‍ഡ് വാങ്ങിയിട്ടു വിളിക്കാം എന്നു വിചാരിച്ചു. കുറെക്കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. പക്ഷേ, ആ നമ്പര്‍ ഡയല്‍ചെയ്യുന്ന നേരത്ത് മാഷ് ആശുപത്രിയിലാണെന്ന് ഞാനറിഞ്ഞില്ല. എനിക്കു മാത്രമല്ല, പി.കെ. പാറക്കടവ് ഉള്‍പ്പെടെ മാഷിന് ഏറ്റവും അടുപ്പമുള്ളവരിലേറെപ്പേരും അതറിഞ്ഞില്ല. കുടുംബത്തില്‍നിന്ന് ഒരു കണ്ണിയറ്റുപോയതുപോലെ തോന്നി എന്നാണ് മാധവിക്കുട്ടിയുടെ മരണത്തെക്കുറിച്ച് മാഷ് എഴുതിയത്. ”നമ്മുടെ അക്ബര്‍ പോയി” എന്ന പി.കെ. സാറിന്റെ മെസേജ് കണ്ടപ്പോള്‍ എനിക്കു പരിഭ്രാന്തിയാണുണ്ടായത്. തമാശ പറയാനും പരാതി പറയാനും ഇനിയാരുണ്ട്? ഗുരുനാഥനോടെന്നപോലെ അഭിപ്രായം ചോദിക്കാനും കൂട്ടുകാരനോടെന്നപോലെ കളിവാക്കു പറഞ്ഞു
ചിരിക്കാനും ഒരു സീനിയര്‍ എഴുത്തുകാരനായി എന്റെ ജീവിതത്തില്‍ അക്ബര്‍ മാഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഡിസംബറില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ച ശേഷം മാഷ് എന്നെ വിളിച്ചിരുന്നു.
”നീയെന്താ അവാര്‍ഡ് തിരിച്ചുകൊടുക്കുമെന്നു പറഞ്ഞത്?”
”മാഷേ, മറ്റാരും സമ്മതിക്കുന്നില്ല. മാഷെങ്കിലും എന്നെയൊന്നു പ്രോല്‍സാഹിപ്പിക്കൂ…”
”നിനക്കെന്താ പ്രാന്തുണ്ടോ? അങ്ങനെ വല്ലതും ചെയ്താല്‍ നിന്നെ ഞാന്‍ അവിടെവന്നു തല്ലും…”
പിന്നീട് മാഷ് പറഞ്ഞു:
”നിനക്ക് ഈ അവാര്‍ഡ് കിട്ടിയതില്‍ നിന്നെക്കാള്‍ സന്തോഷം
എനിക്കുണ്ട്. അതു നീ വാങ്ങുന്നതു നേരില്‍ക്കാണാന്‍ കഴിയുന്നി
ല്ലല്ലോ എന്ന വിഷമം മാത്രമേ ഉള്ളൂ. കേരളത്തിലെവിടെയെങ്കിലുമായിരുന്നെങ്കില്‍ അതു കാണാന്‍ ഞാന്‍ വരുമായിരുന്നു.”
മാഷിന്റെ ശബ്ദം–വലിച്ചു വലിച്ചു പറപറാന്നായി എന്നു ഞാനും പീയൂഷും കളിയാക്കുന്ന ആ ശബ്ദം–അപ്പോള്‍ കുറച്ച് ദുര്‍ബ്ബലമായി. അതു മാഷിന്റെ ആത്മാര്‍ത്ഥതകൊണ്ടാണെന്നു ഞാന്‍ വിചാരിച്ചു. മാഷ് പറഞ്ഞതു വെറുംവാക്കല്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു.
വയലാര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയ ദിവസം ഓര്‍മ്മവന്നു. തിരുവനന്തപുരത്ത് എ.കെ.ജി. ഹാളില്‍വച്ചായിരുന്നു സമ്മാനദാനം. അതു
കഴിഞ്ഞു കുറഞ്ഞതു പതിനഞ്ച് ഇരുപതു മിനിറ്റെങ്കിലും പ്രസംഗിക്കണം എന്ന് അന്നു രാവിലെ മാത്രമാണ് അറിഞ്ഞത്. സന്ദര്‍ശകര്‍ക്കും ഫോണ്‍വിളികള്‍ക്കും ഇടയില്‍ തിരക്കിട്ട് പ്രസംഗം തയ്യാറാക്കി. ഒരുങ്ങിയിറങ്ങിയപ്പോള്‍ വൈകി. സ്റ്റേജില്‍ കയറിയിരുന്നപ്പോള്‍ ഞാന്‍ കുറച്ചു സെന്റിമെന്റലും ആയി. ഒരു വ്യാഴവട്ടം മുമ്പ് പെരുമ്പടവം ശ്രീധരന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയതിനു സാക്ഷ്യം വഹിക്കുമ്പോള്‍ എന്നെങ്കിലും ഞാന്‍ എഴുത്തുകാരിയാകുമെന്നോ ഈ അവാര്‍ഡ് കിട്ടുമെന്നോ വിചാരിച്ചിരുന്നതല്ലല്ലോ. മുമ്പിലെ മേശപ്പുറത്തിരുന്ന വലിയ ശില്പം അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഭാരിച്ചതായിരുന്നു. ഇനിയുള്ള കാലത്ത് ഇതെത്ര വലിയ ബാദ്ധ്യതയാകുമെന്നു ഞാന്‍ വ്യാകു ലപ്പെട്ടു. ഒടുവില്‍ അവാര്‍ഡ് സമ്മാനിക്കപ്പെട്ടു. യാദൃച്ഛികമായാണു പിന്‍നിരയില്‍ എഴുന്നേറ്റുനിന്നു കൈവീശിയ രൂപത്തില്‍ കണ്ണുടക്കിയത്–മുഖം നിറയെ ചിരിയുമായി അക്ബര്‍മാഷ്! എനിക്കു വിശ്വാസം വന്നില്ല. അവാര്‍ഡ് വാങ്ങി ഇരുന്നുകഴിഞ്ഞു നോക്കുമ്പോള്‍ മാഷ് ഇല്ല. കണ്ണുനിറയുംവിധം മനസ്സുനിറഞ്ഞ ഒരു നിമിഷമായിരുന്നു അത്. തിരക്കെല്ലാം ഒഴിഞ്ഞപ്പോള്‍ ഞാന്‍ മാഷെ വിളിച്ചു:
”ശരിക്കും മാഷ് സദസ്സിലുണ്ടായിരുന്നോ? അതോ കണ്ടതായി
എനിക്കു തോന്നിയതാണോ?”
”നീ അവാര്‍ഡ് വാങ്ങുന്നതു കാണാന്‍വേണ്ടി ഓടി വന്നതാണു ഞാന്‍. പക്ഷേ, മുഴുവന്‍ സമയവും അവിടെയിരിക്കാന്‍ പറ്റിയില്ല.
അതുകൊണ്ട് നീ അവാര്‍ഡ് വാങ്ങിയ ഉടനെ ഇറങ്ങി.”
”മാഷേ, അതെന്തൊരു സര്‍പ്രൈസ് ആയിരുന്നു, എന്റെ കണ്ണു
നിറഞ്ഞുപോയി.”
”ആ വലിയ അവാര്‍ഡ് നീ താങ്ങിപ്പിടിക്കുന്നതു കണ്ട് എന്റെയും കണ്ണു നിറഞ്ഞു.” മാഷ് പറഞ്ഞു.
ഞങ്ങള്‍ ചിരിച്ചു. പിന്നെ മാഷ് പറഞ്ഞു:
”നീ ജോലി രാജിവച്ചപ്പോള്‍ എനിക്കു വലിയ ദേഷ്യം തോന്നിയി
രുന്നു. നിന്റെ ലോകപ്രസിദ്ധമായ അഹങ്കാരംകൊണ്ടാണു നീ ജോലി രാജിവയ്ക്കുന്നത് എന്നാണ് അന്നു വിചാരിച്ചത്. അതറിഞ്ഞയുടന്‍ദിലീപിനെ ഞാന്‍ ഒരുപാടു വഴക്കും പറഞ്ഞു. അവള്‍ എടുത്തുചാട്ടം കാണിക്കുന്നതിനു നീ കൂട്ടുനില്‍ക്കുന്നോ എന്ന്. പക്ഷേ, പിന്നെ എനിക്കു തോന്നി, ആ തീരുമാനം ശരിയായി. ആരാച്ചാര്‍പോലെ ഒരു വലിയ നോവല്‍ എഴുതിയല്ലോ. ഒരു വയലാര്‍ അവാര്‍ഡ് ഒക്കെ വീട്ടില്‍ കൊണ്ടുവന്നു വച്ചല്ലോ.”
പിന്നെ പതിവുപോലെ സുഹാനയുടെയും സിതാരയുടെയും
വിശേഷങ്ങള്‍ക്കു ശേഷം പറഞ്ഞു:
”നിനക്ക് ഈ അവാര്‍ഡ് കിട്ടിയതില്‍ എന്റെ ഏറ്റവും വലിയ സന്തോഷം ഇതോടെ നിന്നെക്കൊണ്ടുള്ള ഉപദ്രവം ഒഴിഞ്ഞു എന്നതിലാണ്. അടുത്ത കൊല്ലംമുതല്‍ എന്നോടു മല്‍സരിക്കാന്‍ നീയില്ലല്ലോ.”
”ഞാന്‍ കാത്തിരിക്കാന്‍ തയ്യാറായിരുന്നു മാഷേ, മാഷിന്റെ പുസ്തകത്തോടു മല്‍സരിച്ച് അവാര്‍ഡ് കിട്ടുന്നതായിരുന്നു എനിക്കു സന്തോഷം.”
”അതെനിക്ക് അനുഭവമുള്ളതല്ലേ, അതുകൊണ്ട് ഇക്കൊല്ലംതന്നെ എല്ലാ അവാര്‍ഡും നിനക്കുതന്നെ കിട്ടണേ എന്നാണ് എന്റെ പ്രാര്‍ത്ഥന.”
”അതെനിക്ക് അനുഭവമുള്ളതല്ലേ,” എന്നു മാഷ് ചോദിച്ചപ്പോള്‍ പഴയ ഹരിതവിദ്യാലയം ദിവസങ്ങള്‍ ഓര്‍മ്മവന്നു. 2010-11 കാലം. എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വിക്ടേഴ്‌സ് ചാനലും ചേര്‍ന്ന് എയ്ഡഡ്, പൊതുമേഖലാ സ്‌കൂളുകളെ പങ്കെടുപ്പിച്ചു നടത്തിയ വിദ്യാഭ്യാസ റിയാലിറ്റി ഷോ. ഓരോ മാസവും ഒരാഴ്ചയോളം ഷൂട്ടിങ് ഉണ്ടാകും. സ്ഥിരം ജൂറിയില്‍ അംഗങ്ങള്‍ ഞങ്ങള്‍ നാലു പേര്‍–ഡോ. ആര്‍.വി.ജി. മേനോന്‍, യുനിസെഫില്‍ സോഷ്യല്‍ പോളിസി ഓഫിസര്‍ ആയ ഡോ. പീയൂഷ് ആന്റണി, അക്ബര്‍മാഷ്, പിന്നെ ഞാനും. മാഷിന്റെ പരുക്കന്‍ ശബ്ദത്തില്‍ വിളിക്കുമ്പോള്‍ എന്റെ പേര് മീറ എന്നാകും. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞു ഹോട്ടലിലേക്കുള്ള യാത്രയില്‍ കാറിലിരിക്കെ മാഷ് പറഞ്ഞു: ”മീറേ, നിനക്ക് കഥയ്ക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ എന്റെ പുസ്തകവും മല്‍സരത്തിനുണ്ടായിരുന്നു. കാക്കനാടനായിരുന്നു ഒരു ജഡ്ജ്. കാക്കനാടന്‍ എനിക്കാണ് ഒന്നാം സ്ഥാനം തന്നത്.”
അതെനിക്ക് അറിയാമായിരുന്നു. അവാര്‍ഡുവാര്‍ത്ത വന്നപ്പോള്‍നടന്‍ ജനാര്‍ദ്ദനന്‍ചേട്ടന്‍ എന്നെ വിളിച്ച് അഭിനന്ദിച്ചു. അദ്ദേഹം പറഞ്ഞു: ”നമ്മുടെ ബേബിച്ചായനുണ്ടായിരുന്നു ജൂറിയില്‍. അദ്ദേഹത്തെ ഒന്നു വിളിച്ച് സന്തോഷം അറിയിക്കണം. മീര വിളിക്കുമെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്.” അദ്ദേഹം നമ്പര്‍ തന്നു. ഞാന്‍ കാക്കനാടനെ വിളിച്ചു. ശാസ്താംകോട്ടയിലെ കുട്ടിക്കാലംമുതല്‍ ധാരാളം കേട്ടറിവുണ്ടായിരുന്നെങ്കിലും ഒരിക്കല്‍ കണ്ടിട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് എന്നെ അറിയാമെന്ന് തീരെ ഉറപ്പില്ലാതെയാണു വിളിച്ചത്. ഞാന്‍ പേരു പറഞ്ഞതും കാക്കനാടന്‍ പറഞ്ഞു: ”ങ്ഹാ, അവാര്‍ഡ് മീരയ്ക്കാണല്ലോ, അല്ലേ? അഭിനന്ദനങ്ങള്‍. പക്ഷേ, ഞാന്‍ മീരയ്ക്കല്ല ഒന്നാം സ്ഥാനം തന്നത്. ഞാന്‍ പത്തില്‍ പത്തും കൊടുത്തത് നമ്മുടെ അക്ബറിനാണ്. അവനുള്ളപ്പോള്‍ അവനല്ലേ കൊടുക്കാന്‍പറ്റൂ? അവന്‍നമ്മുടെ പയ്യനല്ലേ?”
അക്ബര്‍ മാഷ്പറഞ്ഞു: ”കഥയ്‌ക്കൊഴികെ അക്കാദമിയുടെ പല അവാര്‍ഡുകളും എനിക്കു കിട്ടിയിട്ടുണ്ട്. പക്ഷേ, കഥയ്ക്കുള്ള അവാര്‍ഡ് ആണ് സ്റ്റാര്‍ അവാര്‍ഡ്. സത്യത്തില്‍, ആ അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ എന്നെനിക്കു വലിയ ആഗ്രഹവുമുണ്ടായിരുന്നു. പക്ഷേ, അതു നിനക്കാണെന്ന് അറിഞ്ഞപ്പോള്‍ എന്റെ വിഷമം മാറി. കാരണം, നിനക്കാണ് അതിന് അര്‍ഹത.”
കാറിന്റെ മുന്‍സീറ്റിലിരുന്ന് മാഷ് ഇതു പറയുമ്പോള്‍ പിന്‍സീറ്റിലിരുന്ന ഞാന്‍ ആ വാക്കുകളിലെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞു നിശ്ശബ്ദയായി. അന്നു മുറിയിലെത്തിയപ്പോള്‍ മാഷിന്റെ വാക്കുകള്‍ വീണ്ടും മനസ്സില്‍വന്നു. മാഷ് നാല്പതോളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. മാതൃഭൂമി ബാലപംക്തിയിലെ കുട്ടേട്ടനായി എത്രയോ കുട്ടികള്‍ക്ക് വഴികാട്ടിയും കൂട്ടുകാരനുമായിട്ടുണ്ട്. മാഷിന് കിട്ടാത്ത അവാര്‍ഡുകള്‍ കുറവ്. മാഷ് ഇല്ലാത്ത കമ്മിറ്റികളും മാഷിനെ അറിയാത്ത വായനക്കാരും ഇല്ല. എനിക്ക് കണ്ടും കേട്ടും പരിചയമുള്ള ചില എഴുത്തുകാരെ ഓര്‍ത്തുനോക്കി. അവരിലാരെങ്കിലും എന്നെപ്പോലെ ഒരു എഴുത്തുകാരിയോട് ഇതേ വാക്കുകള്‍ പറയുമോ? ഞാന്‍ കണ്ടിട്ടുള്ള സീനിയര്‍ എഴുത്തുകാരില്‍ ചിലരെങ്കിലും വലിയ അസഹിഷ്ണുതയും മല്‍സരബുദ്ധിയുമുള്ളവരാണ്. അവര്‍ക്കിടയില്‍നിന്നാണ് ഒരാള്‍ പറയുന്നത്–”ആ അവാര്‍ഡ് ഞാനാഗ്രഹിച്ചിരുന്നു. പക്ഷേ, അതു നിനക്കു കിട്ടിയതില്‍ എനിക്കു സന്തോഷം തോന്നി” എന്ന്. അങ്ങനെ പറയാനും മലയാളത്തില്‍ എഴുത്തുകാരുണ്ട് എന്നതില്‍ എനിക്ക്
അഭിമാനമുണ്ടായി.
ഹരിതവിദ്യാലയത്തിനു മുമ്പ്, എനിക്ക് അക്ബര്‍ മാഷോട് അടുപ്പമുണ്ടായിരുന്നില്ല. കൃത്യമായ കാരണങ്ങളൊന്നുമില്ലാതെ ഒരു ഇഷ്ടക്കേട് ഉണ്ടായിരുന്നുതാനും. മാഷിന് ഞാന്‍ കൂട്ടുകാരനായ ദിലീപിന്റെ ഭാര്യയായിരുന്നു. ആ അടുപ്പം എന്നോടും കാട്ടി. എനിക്കു പക്ഷേ, മാഷിന്റെ സ്‌നേഹപ്രകടനം ദുഃസ്വാതന്ത്ര്യമെടുക്കലായി അനുഭവപ്പെട്ടു. മനുഷ്യരെ മനസ്സിലാക്കുന്നതില്‍ ഞാനൊരു വമ്പന്‍ പരാജയമാണ്. ഹരിതവിദ്യാലയത്തിന്റെ ജൂറിയില്‍ അക്ബര്‍ കക്കട്ടില്‍ ഉണ്ടെന്നറിഞ്ഞ് ഞാന്‍ എത്രയോ അസ്വസ്ഥത അനുഭവിച്ചു. ”ആ മാഷ് എന്നെ ഭരിക്കാന്‍വരും, അവസാനം ഞാനെന്തെങ്കിലും പറയും, ഒരു ആജീവനാന്ത ശത്രുകൂടിയാകും” എന്നു ഞാന്‍ ദിലീപിനോടു പരാതിപ്പെട്ടു. ”അക്ബര്‍ മാഷ് ഒരു പാവമാണ്.” ദിലീപ് പറഞ്ഞു. ദിലീപ് പാവമെന്നു വിശേഷിപ്പിച്ചാല്‍ ഒന്നുകില്‍ അറുബോറനായിരിക്കും. അല്ലെങ്കില്‍കൊടും മെയില്‍ ഷോവനിസ്റ്റ്. രണ്ടും ചേര്‍ന്ന ഒരാളാണ് മാഷ് എന്നായിരുന്നു എന്റെ കണക്കുകൂട്ടല്‍. പക്ഷേ, ദിലീപിന് അക്ബര്‍ മാഷിനെ വലിയ ഇഷ്ടമാണെന്ന് എനിക്കറിയാമായിരുന്നു. മാഷിന്റെ മകള്‍ സുഹാനയുടെ വിവാഹത്തില്‍ കുടുംബസമേതം പങ്കെടുക്കാന്‍ ദിലീപ് സഹിച്ച ബുദ്ധിമുട്ടുകള്‍ ചെറുതല്ല. നമ്മള്‍ ഇത്രയേറെ ബുദ്ധിമുട്ടണോ എന്നു ഞാന്‍ ന്യായമായും സംശയിച്ചു. പക്ഷേ, ”സുഹൃത്തുക്കളെ കൈമെയ് മറന്നു സഹായിക്കുന്ന പഹയന്‍ എന്ന് എന്നെക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. അന്നുമിന്നും ശക്തിയും ദൗര്‍ബല്യവും ആസ്തിയും സുഹൃത്തുക്കളാണ്” എന്ന് മാഷ് എഴുതിയത് സത്യമായിരുന്നു. മാഷിനെപ്പോലെ ഒരാള്‍ക്കുവേണ്ടി എത്ര ബുദ്ധിമുട്ടിയാലും അധികമല്ല. അത്തരം നിരുപാധിക സൗഹൃദം അധികമൊന്നും ലോകത്ത് ബാക്കിയില്ല.
”മലയാളത്തില്‍ ഒരു അധ്യാപകന്‍ പ്രകാശിപ്പിക്കുന്ന ആദ്യത്തെ സര്‍വീസ് സ്റ്റോറി എന്ന നിലയില്‍ ചരിത്രപ്രാധാന്യം നേടിയ കൃതി” യെന്ന് എം. കെ. സാനുമാഷ് വിശേഷിപ്പിച്ച ‘പാഠം മുപ്പത്’ എന്ന പുസ്തകത്തില്‍ അക്ബര്‍ മാഷ് എഴുതി: ഓരോ കുട്ടിയും വീട്ടിലെ കുട്ടിയെപ്പോലെയായി. അവരുടെ എല്ലാ വിശദാംശങ്ങളും അറിയാം. കുട്ടിയെ കാണാതെ, ആ കുട്ടിയുടെ ഏതെങ്കിലും പ്രശ്‌നങ്ങള്‍ കൈ
കാര്യം ചെയ്യേണ്ടിവന്നാല്‍ ഉടനെ ഗോവിന്ദന്‍നമ്പ്യാര്‍ മാഷ് പറയും –എ.കെ.ബിയെ (അക്ബര്‍ മാഷിന്റെ ഇനീഷ്യല്‍) വിളിക്ക്. രേഖകള്‍നോക്കാതെ അതിനപ്പുറത്തുകൂടിയുള്ള വിവരങ്ങള്‍ കൊടുക്കും.
ഓരോ അധ്യയനവര്‍ഷാവസാനത്തിലും ഞങ്ങളുടെ ക്ലാസ്സിന്റെ
യാത്രയയപ്പു യോഗം അവിസ്മരണീയമായിരുന്നു, അതില്‍ പങ്കെടുത്തവര്‍ക്കെല്ലാം. ഞാന്‍ സംസാരിച്ചു തുടങ്ങുമ്പോഴേക്ക് കുട്ടികള്‍
കരയാനാരംഭിക്കും. എനിക്കും തൊണ്ടയിടറിയിട്ട് സംസാരിക്കാനാവില്ല. അപ്പുറത്ത് ഞാനുള്ളതറിയാതെ ഒരിക്കല്‍ നമ്പ്യാര്‍മാഷ് കെ.എം.കെ.യോട് ചോദിക്കുന്നതു കേട്ടിട്ടുണ്ട്–”നമ്മള്‍ എത്ര കാലമായി കെ.എം.കെ, കുട്ടികളെ പഠിപ്പിക്കുന്നു? കുട്ടികളുമായി അക്ബര്‍ ഉണ്ടാക്കുന്ന അറ്റാച്ച്‌മെന്റ് എന്താ നമുക്കുണ്ടാക്കാനാവാത്തത്?”
”പുതിയ കുട്ട്യോളല്ലേ? അവര്‍ക്ക് മനഃശാസ്ത്രം അറിയാം ടീജീ.” കുട്ടി കള്‍ക്ക് ആത്മാര്‍ത്ഥമായ സ്‌നേഹം കൊടുത്താല്‍ അത് അവര്‍ തിരിച്ചറിഞ്ഞാല്‍ ഇരട്ടിയായി അതു നമുക്കു തിരിച്ചുതരും. മറ്റൊരു മനഃശാസ്ത്രവും അതിലുണ്ടായിരുന്നില്ല.”
അക്ബര്‍ മാഷിന്റെ വാക്കുകളെ സംശയിക്കേണ്ടതില്ല. വേണമെന്നു വച്ച് ആരെയെങ്കിലും ഇഷ്ടപ്പെടാനോ വെറുക്കാനോ എനിക്കു സാധ്യമല്ല. ഇഷ്ടപ്പെട്ടാല്‍ ഇഷ്ടപ്പെട്ടു. ഇല്ലെങ്കില്‍ ഇല്ല. ഇഷ്ടപ്പെടാത്തവരുടെ വഴിയില്‍നിന്നു മാറിനടക്കും. അത്തരക്കാരോടു സംസാരിക്കുന്നതും ഇടപെടുന്നതും ആലോചിക്കുമ്പോഴേ അസ്വസ്ഥയാകും. അങ്ങനെയുള്ള എനിക്കുപോലും ഏതാനും ദിവസങ്ങള്‍കൊണ്ട് ഇത്ര വലിയ അറ്റാച്ച്‌മെന്റ് ഉണ്ടാക്കാന്‍ മാഷിനു സാധിക്കുമെങ്കില്‍ ചെറിയ കുട്ടികളുടെ കാര്യം പറയാനെന്തിരിക്കുന്നു! മാഷ് തന്നത് ആത്മാര്‍ത്ഥമായ സ്‌നേഹമാണ്. അത് ഇരട്ടിയായി തിരിച്ചുകൊടുക്കാതിരിക്കാന്‍ കുട്ടികളെപ്പോലെ, മുതിര്‍ന്നവര്‍ക്കും സാധിക്കില്ല.
കേരള സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് മാഷ് വന്നത് ഒരു വിവാദത്തെത്തുടര്‍ന്നായിരുന്നു. അതിനുമുമ്പ് ആ പദവിയിലിരുന്ന ബാലചന്ദ്രന്‍ വടക്കേടത്താണ് എന്നെ അക്കാര്യം അറിയിച്ചത്. ബാലചന്ദ്രന്‍ വടക്കേടത്തിനെ ഒരു ബഹ്‌റൈന്‍ യാത്രയിലാണ് പരിചയപ്പെട്ടത്. അക്കാദമി രാഷ്ട്രീയത്തിലൊന്നും എനിക്കൊരു താത്പര്യവും ഇല്ല. എങ്കിലും പുതിയ വൈസ് പ്രസിഡന്റ് അക്ബര്‍മാഷ് ആണെന്നു കേട്ടപ്പോള്‍ ഞാന്‍ മാഷെ വിളിച്ചു. അധികാര ദുര്‍മോഹിയാകരുത്, മാഷേ എന്നു പരിഹസിച്ചു. മാഷ് ചിരിച്ചു: ”വടക്കേടത്ത് നിന്നെ വിളിച്ചോ? അവന്‍ രാജിവച്ചതിലോ പകരം ഞാന്‍ വരുന്നതിലോ എനിക്ക് ഒരു പങ്കും ഇല്ലെന്ന് ഏറ്റവും നന്നായി അറിയുന്നത് അവനാണ്. സത്യത്തില്‍ ഈ പദവി ഒരു വലിയ തലവേദനയാണ്. പക്ഷേ, മന്ത്രി എന്നെ വിളിച്ചു–ഒരു വാചകമേ പറഞ്ഞുള്ളൂ–സഹായിക്കണം. എനിക്ക് അതു നിഷേധിക്കാന്‍ സാധിച്ചില്ല. ഞാന്‍ പറഞ്ഞു, ഞാനായിട്ട് ഒരു കുഴപ്പവും വരുത്തുകയില്ല.”
അക്കാദമി ഉപാദ്ധ്യക്ഷനായതോടെ മാഷിനു തിരക്കായി. വിളിക്കുന്നത് വല്ലപ്പോഴും വല്ല മീറ്റിങ്ങുകള്‍ക്കുമാണെന്ന അവസ്ഥയായി. ഒന്നോ രണ്ടോ മീറ്റിങ്ങുകളില്‍ ഞങ്ങള്‍ ഒന്നിച്ചു പങ്കെടുക്കുകയും ചെയ്തു. എനിക്കും അതു ക്ലേശങ്ങളുടെ കാലമായിരുന്നു. രണ്ടായിരത്തിപ്പതിനാലില്‍ അക്കാദമിയുടെ നോവല്‍ അവാര്‍ഡിന് എന്റെ ആരാച്ചാര്‍ ആണു തിരഞ്ഞെടുക്കപ്പെട്ടത്. അവാര്‍ഡുദാനമൊക്കെ കഴിഞ്ഞപ്പോള്‍മാഷ് പറഞ്ഞു: ”ഈ അവാര്‍ഡ് എനിക്കു വലിയ തലവേദനയായി
രുന്നു മീരേ. നിന്റെ പുസ്തകം കുറഞ്ഞ കാലത്തിനുള്ളില്‍ വളരെ സ്വീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തതാണ്.
അതിന് അവാര്‍ഡ് കിട്ടാതെ പോയാല്‍ ആളുകള്‍ ചോദ്യം ചെയ്യും. കിട്ടിയാലോ? ലിസ്റ്റില്‍ പല സീനിയര്‍ എഴുത്തുകാരുടെയും പുസ്തകങ്ങളുണ്ട്. അവരില്‍ ചിലര്‍ എന്റെ അടുത്ത സുഹൃത്തുക്കളും. നിനക്കു കിട്ടിയില്ലെങ്കിലും അവര്‍ക്കു കിട്ടിയില്ലെങ്കിലും എനിക്കു ബേജാറാകും. അവസാനം ആ ദിവസം വന്നു. യോഗത്തില്‍ ജഡ്ജിമാര്‍ അയച്ച മാര്‍ക്ക് ലിസ്റ്റിന്റെ കവറുകള്‍ ചെയര്‍മാന്‍ പൊട്ടിക്കുകയാണ്. നോവലിന് ആര്‍ക്കാണ് അവാര്‍ഡ് എന്നറിയാനാണ് ഞാന്‍ കാത്തിരിക്കുന്നത്. ചെയര്‍മാന്‍ ആദ്യത്തെ കവര്‍ പൊട്ടിച്ച് അതില്‍ ഒന്നാം സ്ഥാനത്ത് ആരാച്ചാര്‍. പക്ഷേ, അതുകൊണ്ടു കാര്യമില്ല. ഇനിയും രണ്ടു കവറുകള്‍ ബാക്കിയുണ്ട്. അടുത്തതും പൊട്ടിച്ചു– അതിലും ഒന്നാമത് ആരാച്ചാര്‍. അതോടെ അവാര്‍ഡ് എന്തായാലും നിനക്കുതന്നെ എന്നു തീര്‍ച്ചയായി. കാരണം മൂന്നാമത്തെയാള്‍ ഒന്നാം സ്ഥാനം തന്നില്ലെങ്കില്‍പ്പോലും നിനക്കുതന്നെയായിരിക്കും ഏറ്റവും കൂടുതല്‍ മാര്‍ക്ക്. അപ്പോള്‍ മൂന്നാമത്തെ കവറും പൊട്ടിച്ചു–അതിലും ഒന്നാം സ്ഥാനം ആരാച്ചാര്‍ക്ക്. ഒരു പരാതിക്കുമിടയില്ലാത്ത വിധമായിരുന്നു തിരഞ്ഞെടുപ്പ്. എനിക്കു സമാധാനമായി.”
ഹരിതവിദ്യാലയം ദിവസങ്ങള്‍ എത്ര രസകരമായിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ അങ്ങനെയൊരു പരിപാടി ആസൂത്രണം ചെയ്ത അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയോടും അതില്‍ പങ്കെടുക്കാന്‍ എന്നെ നിര്‍ബന്ധിച്ച ഡോ. ബി. ഇക്ബാലിനോടും അവസാനിക്കാത്ത നന്ദിയുണ്ട്. ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റ ലിലുണ്ടായിരുന്ന എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ ”എന്‍ജിനീയറിങ് പഠിക്കുന്നെങ്കില്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍
പഠിക്കണം, ആര്‍.വി.ജി. സാറിന്റെ ക്ലാസ്സിലിരിക്കണം” എന്നു പറഞ്ഞു കേട്ടതുമുതല്‍ സാറിന്റെ പേര് മനസ്സിലുണ്ടായിരുന്നു. ആര്‍.വി.ജി. സാറിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്നതാണ് ഹരിതവിദ്യാലയം നല്‍കിയ ഒരു സന്തോഷം. പിന്നെ, രണ്ട് ആത്മബന്ധങ്ങള്‍– പീയൂഷും അക്ബര്‍മാഷും.
ഡോ. പീയൂഷ് ആന്റണിയാണ് നാലാമത്തെ ജൂറി അംഗം എന്നു കേട്ടപ്പോള്‍ എല്ലാവരും ആദ്യം പ്രതീക്ഷിച്ചത് ഒരു പുരുഷനെയായിരുന്നു. ഉദ്ഘാടന ദിവസം പീയൂഷിന് എത്താന്‍ സാധിച്ചില്ല. രണ്ടാമത്തെ ദിവസം രാവിലെ ഞാന്‍ ഒരുങ്ങിയിറങ്ങി ഹോട്ടല്‍ലോബിയിലെത്തിയപ്പോഴാണ് പീയൂഷ് വന്നു പരിചയപ്പെട്ടത്. അവള്‍ക്ക് എന്നെ ഓര്‍മ്മയുണ്ടായിരുന്നില്ല. പക്ഷേ, ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചങ്ങനാശേരി എസ്.ബി. സ്‌കൂളില്‍വച്ചു നടത്തിയ നേതൃത്വപരിശീലന ക്യാമ്പില്‍വച്ച് എന്നെ പ്രസംഗമല്‍സരത്തില്‍ തോല്‍പ്പിക്കുകയും ബെസ്റ്റ് ക്യാമ്പര്‍ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഓമനത്തമുള്ള കുട്ടിയെ ഞാന്‍ ഓര്‍ത്തെടുത്തു. അതൊരു രസകരമായ നിമിഷമായിരുന്നു. അതിനെക്കാള്‍ രസകരം, ഹരിതവിദ്യാലയത്തിന്റെ അവസാന റൗണ്ടില്‍ സ്‌കൂള്‍ പരിശോധനയ്ക്കായി ഞങ്ങള്‍ ഇരുവരും അതേ എസ്.ബി. സ്‌കൂളില്‍ത്തന്നെ എത്തിയതാണ്. എസ്.ബി. സ്‌കൂളിനായിരുന്നു ഹരിതവിദ്യാലയത്തില്‍ മൂന്നാം സ്ഥാനം.
പീയൂഷ് എത്തിയതോടെ എന്റെ ബോറടി മാറി. അടുത്തടുത്ത സീറ്റുകള്‍ പിടിച്ച് സമയം കിട്ടിയപ്പോഴൊക്കെ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു ഞങ്ങള്‍ നാല്‍പതാം കാലത്ത് ഹൈസ്‌കൂള്‍ പ്രായത്തെ തിരിച്ചുപിടിച്ചു. ഒന്നാമത് ഞാന്‍, പിന്നെ പീയൂഷ്, അക്ബര്‍മാഷ്, ആര്‍.വി.ജി. സാര്‍, അതും കഴിഞ്ഞ് അതിഥികള്‍ ഇതായിരുന്നു ഞങ്ങളുടെ ഇരിപ്പിന്റെ ക്രമം. ദുഷ്ടബുദ്ധിയായ സംവിധായകന്‍ എനിക്കും പീയൂഷിനുമിടയില്‍ മാഷിനെ പ്രതിഷ്ഠിച്ചു. എന്തു ഫലം? ഞങ്ങള്‍ക്കൊപ്പം മാഷും ഹൈസ്‌കൂള്‍ കാലത്തേക്കു ടി.സി. വാങ്ങി. ഞങ്ങള്‍ക്കിടയില്‍ ഇരിപ്പായതോടെ മാഷ് ഫുള്‍ഫോമിലായി. നാവില്‍ സദാ വികടത്തരംതന്നെ. സാത്വികതയുടെ നിറകുടമായ ആര്‍.വി.ജി. സാര്‍ നിയന്ത്രണം വിട്ട് എപ്പോഴാണു ഞങ്ങളെ ഗറ്റൗട്ട് അടിക്കുന്നതെന്നു ഞാന്‍ പേടിച്ചിട്ടുണ്ട്. ഞങ്ങളുടെ ചിരിച്ചുമറിയല്‍ സഹിക്കവയ്യാതെ സംവിധായകന്‍ ഷൂട്ടിങ് നിര്‍ത്തിവയ്ക്കുകപോലുമുണ്ടായിട്ടുണ്ട്. പക്ഷേ, അക്ബര്‍ മാഷിന്റെ അടുത്തിരിക്കെ ഗൗരവം പാലിക്കുക അസാധ്യമായിരുന്നു. ഞങ്ങളെ ചിരിപ്പിച്ചു പാഠം പഠിപ്പിക്കണമെന്നു മാഷ് വാശി പിടിച്ചു. സ്റ്റേജില്‍ സ്‌കൂള്‍ടീം വന്നിരിക്കുന്ന സമയമായിരിക്കും. എല്ലാവരുടെയും കണ്ണുകള്‍ ഞങ്ങളിലായിരിക്കും. ഞങ്ങള്‍ ജഡ്ജിമാര്‍ ജാടയില്‍ ബലം പിടിച്ചിരിക്കുമ്പോഴായിരിക്കും മാഷ് ഒരു കമന്റടിക്കുന്നത്. അതു പറഞ്ഞ മാഷും കേട്ട ഞങ്ങളും ചിരിക്കും. ഞാനോ പീയൂഷോ മാഷിന് മറുപടി കൊടുക്കും. അപ്പോഴും ഞങ്ങള്‍ മൂന്നു പേരും ചിരിക്കും. എന്താണ് ഇത്രയ്ക്കു ചിരിക്കാന്‍ എന്ന് കാണുന്നവര്‍ അമ്പരക്കും. ചിരിസംഘത്തില്‍ അംഗത്വമുള്ളവര്‍ക്കു മാത്രം മനസ്സിലാകുന്ന ഈ തമാശകള്‍ മറ്റുള്ളവര്‍ക്കു പങ്കിടാന്‍ കഴിയാതെ ഞങ്ങള്‍ കുട്ടികളെപ്പോലെ നിരാശപ്പെടും.
മാഷിന്റെ തമാശകളൊന്നും മറ്റുള്ളവരെ ചെറുതാക്കാനോ സ്വയം മഹത്ത്വവല്‍ക്കരിക്കാനോ ആയിരുന്നില്ല എന്നു പീയൂഷ് പറയാറുണ്ട്. മാഷിന്റെ തമാശകള്‍ ഞങ്ങളെ ചിരിപ്പിക്കാന്‍വേണ്ടി മാത്രമായിരുന്നു. മാഷിന്റെ തമാശകളില്‍ കല്മഷമില്ല. കാവ്യഭംഗിയും നാടകീയതയും തികഞ്ഞ നര്‍മ്മമേയുള്ളൂ. എല്ലാത്തിലുമേറെ, അതേ നാണയത്തില്‍ തിരിച്ചടിച്ചാലും ഉത്തരം മുട്ടിച്ചാലും മാഷിന് സാധാരണ പുരുഷന്മാരില്‍ കാണുന്ന ഈഗോ പ്രശ്‌നമൊന്നുമില്ല. നല്ല ഫലിതം കേട്ടാല്‍, അതു തന്നെക്കുറിച്ചാണെങ്കില്‍ക്കൂടി, മാഷും പൊട്ടിച്ചിരിക്കും. നവോദയ സ്‌കൂളില്‍ പഠിപ്പിക്കുന്ന കാലത്ത് സ്‌കൂളിന്റെ മുറ്റത്തെ മരച്ചുവട്ടില്‍ പാട്ടും കളിയുമായി വട്ടം കൂടിയിരുന്നപ്പോള്‍ തണുത്തു വിറച്ച അമ്പിളി എന്ന കുട്ടിയോട് മാഷ്, ”അമ്പിളീ, കമ്പിളി വേണോ” എന്നു ചോദിച്ചതുപോലെ മാഷിന്റെ നാവിലെപ്പോഴും ഒരു വികൃതിക്കുട്ടി കളിയാടി. തൃശ്ശൂരിലെ ഒരു ലോഡ്ജില്‍ കണ്ട കുങ്ഫു വിദ്യാര്‍ത്ഥികളോട്, ”ക്രിയാത്മകശക്തി ഇങ്ങനെ വായുവിലിടിച്ചു കളയണോ” എന്നു ചോദിച്ച സംഭവം ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും ചിരിപൊട്ടും.
Comments are closed.