മാണിക്യക്കല്ല് എന്റെയുള്ളിലെ ഒളിമങ്ങാത്ത സ്വപ്നം: അജയന്‍
“മാണിക്യക്കല്ല് എന്റെ ഉള്ളിലൊരു സ്വപ്നമായിത്തന്നെ അവശേഷിക്കുകയാണ്. എന്റെ മനസ്സിന്റെ സ്‌ക്രീനില്‍ ഒളിമങ്ങാത്ത സീനുകളായി, ലോകോത്തര സിനിമയായി ഓടിക്കൊണ്ടിരിക്കുകയാണ്. അതിലെ കഥാപാത്രങ്ങളെ എനിക്കുമാത്രമേ കാണാനാവുന്നുള്ളൂ. അതിലെ വിഷ്വല്‍ എഫക്ടുള്ള വിസ്മയ രംഗങ്ങള്‍ എനിക്കു മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ. അതിലെ സംഭാഷണങ്ങള്‍ എനിക്കു മാത്രമേ കേള്‍ക്കാനാവുന്നുള്ളൂ. മാണിക്യക്കല്ലിന്റെ പ്രേക്ഷകന്‍ ഒരേയൊരാള്‍ മാത്രം. അതു ഞാനാണ്.” ദേശീയ പുരസ്‌കാരം നേടിയ ‘പെരുന്തച്ചന്റെ’ സംവിധായകന്‍ അജയന്റെ ആത്മകഥയിലെ ചില ഭാഗങ്ങള്‍.
സിനിമയെക്കുറിച്ച് എനിക്ക് ഗൗരവമായ ചിന്തകള്‍ മാത്രമേയുള്ളൂ. സിനിമ ഒരു തട്ടിക്കൂട്ട് കലാസൃഷ്ടിയായി എനിക്കു തോന്നിയിട്ടില്ല. സിനിമയുടെ എല്ലാ സാങ്കേതിക ഘടകങ്ങളും അണിയറ പ്രവര്‍ത്തനങ്ങളും ഏറ്റവും ഉന്നതമായ നിലയില്‍ ആയിരിക്കണം എന്നെനിക്കു നിര്‍ബന്ധമുണ്ട്. മാണിക്യക്കല്ലിന്റെ സ്‌ക്രിപ്റ്റ് വായിച്ചുകഴിഞ്ഞപ്പോള്‍ എന്റെ ആ കാഴ്ചപ്പാടുകള്‍ ശരിയാണെന്നു തോന്നി. സിനിമയെക്കുറിച്ചുള്ള എന്റെ എല്ലാ ധാരണകളും പ്രകടിപ്പിക്കുവാനും ചിത്രീകരിക്കുവാനുമുള്ള എല്ലാ സാധ്യതകളും മാണിക്യക്കല്ലിലുണ്ടായിരുന്നു. അതുകൊണ്ടാണ് മാണിക്യക്കല്ല് എന്റെ സ്വപ്ന പദ്ധതിയായി മാറിയത്. പല പ്രൊഡ്യൂസറുമാരുമായി മാണിക്യക്കല്ല് ചര്‍ച്ച ചെയ്‌തെങ്കിലും സാമ്പത്തിക ചെലവ് താങ്ങാനാവാത്തതുകൊണ്ട് അവരൊക്കെ പിന്മാറി.
അങ്ങനെയിരിക്കെയാണ് ആര്‍. എസ്. പ്രഭു ചര്‍ച്ചയ്ക്കു വന്നത്. പ്രഭുവുമായുള്ള ചര്‍ച്ച പൂര്‍ണ്ണമാകാതെ മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചപ്പോഴാണ് ഗുഡ്‌നൈറ്റ് മോഹനന്‍ മാണിക്യക്കല്ല് ചെയ്യാമെന്ന് പറഞ്ഞു വന്നത്. പ്രഭുവുമായുള്ള ചര്‍ച്ചയില്‍ സാമ്പത്തികചെലവിനെക്കുറിച്ച് സംസാരിച്ചിരുന്നു. ബജറ്റ് എത്രത്തോളം വരുമെന്ന് കൃത്യമായി ഒരു പ്രൊഡ്യൂസറോടും പറയാന്‍ കഴിഞ്ഞില്ല. കാരണം ഒരു വിദേശ ടെക്‌നീഷ്യന്റെ സഹായം ഉണ്ടെങ്കിലേ ചെലവ് കണക്കുകൂട്ടുവാനും ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കാനും കഴിയുകയുള്ളൂ. ഡിജിറ്റല്‍ – ഗ്രാഫിക്‌സ് സങ്കേതത്തില്‍ ചിത്രീകരിച്ചെങ്കില്‍ മാത്രമേ എം. ടി. സാറിന്റെ മാണിക്യക്കല്ല് എന്ന ഫാന്റസി ചിത്രം എല്ലാ മികവുകളോടുംകൂടി നിര്‍മ്മിക്കാന്‍ കഴിയൂ. അത്തരത്തില്‍ മാത്രമേ ഞാന്‍ സിനിമ എടുക്കുകയുള്ളൂ എന്ന എന്റെ ഉറച്ച തീരുമാനം പ്രൊഡ്യൂസറുമാരോട് പറഞ്ഞു. ഗുഡ്‌നൈറ്റ് മോഹനന്‍ വന്നപ്പോള്‍ എന്റെ സ്വപ്നപദ്ധതി നടക്കാന്‍ പോകുന്നുവെന്ന് ഞാന്‍ സന്തോഷിച്ചു. കാരണം ‘കിലുക്കം’ സിനിമ നിര്‍മ്മിച്ച് വന്‍ സാമ്പത്തികവിജയം നേടിയ പ്രൊഡ്യൂസറാണ് ഗുഡ്‌നൈറ്റ് മോഹനന്‍. മാണിക്യക്കല്ല് ഏറ്റവും ഉന്നതമായ നിലയില്‍ ചിത്രീകരിച്ചാല്‍ അതിന്റെ ചെലവ് താങ്ങാന്‍ കഴിവുള്ളയാള്‍.
മോഹനനുമായി ചര്‍ച്ച തുടങ്ങി. മാണിക്യക്കല്ല് ചെയ്യാന്‍ പോകുന്ന സാങ്കേതികവശങ്ങളെക്കുറിച്ചും അതിന് വേണ്ടുന്ന ഗ്രാഫിക്‌സിനെ ക്കുറിച്ചും ഞാന്‍ മോഹനനോട് വിശദീകരിച്ചു. ഇതിന് വേണ്ട ഡിജിറ്റല്‍ സംവിധാനം ഇന്ത്യയില്‍ ഇല്ലാത്തതു കൊണ്ട് വിദേശ ടെക്‌നോളജി തേടി പോകണമെന്ന് പറഞ്ഞു. അമേരിക്കയില്‍ ആ ടെക്‌നോളജി ഉണ്ടെന്ന് എനിക്കറിയാം. അവിടെ മുഖ്യധാരയില്‍ നില്‍ക്കുന്ന റിച്ചാര്‍ഡ് ഐലന്റ് എന്ന ടെക്‌നീഷ്യനെക്കുറിച്ചുള്ള വിവരങ്ങള്‍ ഞാന്‍ ശേഖരിച്ചു. സംസാരമധ്യേ ഈ വിവരം പറഞ്ഞപ്പോള്‍ മോഹനനു താത്പര്യമായി. പെരുന്തച്ചന്‍ പ്രദര്‍ശന വിജയവും അവാര്‍ഡുകളും നേടി ചര്‍ച്ച ചെയ്യുന്നഘട്ടത്തില്‍ അതിന്റെ സംവിധായകന്‍ എന്ന നിലയില്‍ മാണിക്യക്കല്ലില്‍ ഞാന്‍ എന്തൊക്കെ ചെയ്യുമെന്ന് മോഹനന് അറിയാം. അങ്ങനെ അമേരിക്കയില്‍ പോയി ടെക്‌നീഷ്യനെ കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മോഹനനും ഞാനും, ഗവേഷണമനോഭാവമുള്ള ഛായാഗ്രാഹകന്‍ മധു അമ്പാട്ടിനെയും കൂട്ടി ബോംബെ എയര്‍പോര്‍ട്ടിലെത്തി. അവിടെ ഹോട്ടലില്‍ ഞങ്ങള്‍ ചെന്നപ്പോള്‍ പ്രിയദര്‍ശന്‍ ഉണ്ട്. സിനിമയുടെ ആവശ്യത്തിലേക്ക് അമേരിക്കയില്‍ പോകുന്ന സന്തോഷത്തിന് ഞങ്ങള്‍ ഹോട്ടലിലിരുന്ന് മദ്യപിച്ചു. എയര്‍പോര്‍ട്ടിലേക്കു പോകാന്‍ നേരം പ്രിയദര്‍ശന്‍ പറഞ്ഞു: ”പോയി അടിച്ചുകലക്കീട്ടു വാ…”
ഞങ്ങള്‍ അമേരിക്കയില്‍ ലോസ് എയ്ഞ്ചല്‍സിലെത്തി. അവിടെ ഹോട്ടലില്‍ മുറിയെടുത്തു. ടെക്‌നീഷ്യന്‍സായിപ്പിനെ കണ്ടുപിടിച്ചു. അയാള്‍ ഞങ്ങളോട് ഷൂട്ടിങ് സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു. ഷൂട്ടിങ് സ്‌ക്രിപ്റ്റ് കണ്ടെങ്കിലേ എത്ര ചെലവ് വരുമെന്ന് അയാള്‍ക്ക് പറയാന്‍ കഴിയൂ. അമേരിക്കയിലേക്കു വരാന്‍ തയ്യാറെടുക്കുന്ന അവസരത്തില്‍ മാണിക്യക്കല്ലിന്റെ ഷൂട്ടിങ് സ്‌ക്രിപ്റ്റ് ഞാന്‍ മോഹനനെ ഏല്പിച്ചു. എം. ടി. സാറിന്റെ മുന്നിലിരുന്നാണ് ഷൂട്ടിങ് സ്‌ക്രിപ്റ്റ് എഴുതിയത്. വിദേശ ടെക്‌നീഷ്യന്‍ വായിക്കേണ്ടതുകൊണ്ട് ഷൂട്ടിങ് സ്‌ക്രിപ്റ്റ് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തണം. അതിനായി ഒരാള്‍ വന്നിട്ടുണ്ട്. അയാളും ഞാനും മോഹനനും കൂടി വര്‍ക്കിങ് സ്‌ക്രിപ്റ്റ് തയ്യാറാക്കി. ഗ്രാഫിക്‌സ് സാധ്യതകളുള്ള സീനുകളെല്ലാം പ്രത്യേകമായി അടയാളപ്പെടുത്തി, വര്‍ക്കിങ് സ്‌ക്രിപ്റ്റ് പൂര്‍ണ്ണമാക്കി മോഹനനെ ഏല്പിച്ചു.
സായിപ്പ് ആവശ്യപ്പെടുമ്പോള്‍ വര്‍ക്കിങ് സ്‌ക്രിപ്റ്റ് കൊടുക്കാന്‍ മോഹനന്റെ കൈവശമില്ല. മോഹനന്‍ അത് കൊണ്ടുവന്നിട്ടില്ല. പിന്നെ വര്‍ക്കിങ് സ്‌ക്രിപ്റ്റ് ഇല്ലാതെതന്നെ മാണിക്യക്കല്ലിനെക്കുറിച്ച് സായിപ്പിന് ഞാന്‍ വിശദീകരിച്ചുകൊടുത്തു. അതുവെച്ചുകൊണ്ട് സായിപ്പ് ഒരു വിവരണം തന്നു. സാമ്പത്തികചെലവിനെപ്പറ്റി ഏകദേശമായ സൂചന തന്നു. അത് ഭാരിച്ച ഒരു ബാധ്യതയാണെന്ന് മോഹനന്റെ മുഖത്തുനിന്ന് ഞാന്‍ വായിച്ചെടുത്തു. സായിപ്പുമായുള്ള ചര്‍ച്ച കഴിഞ്ഞ് ഒരു ദിവസം നേരത്തേ ഞാന്‍ മുറിയിലേക്കു പോയി. അല്പം മദ്യം കഴിച്ചു. കുറെ കഴിഞ്ഞ് മോഹനന്‍ വന്നു. അപ്പോഴും സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഇന്ത്യയിലെ അഞ്ച് ഭാഷകളില്‍ മാണിക്യക്കല്ല് ചെയ്യാന്‍ മോഹനന്‍ സമ്മതിച്ചിരുന്നു.
അതൊക്കെ ഏറ്റിട്ടാണ് മോഹനന്‍ അമേരിക്കയില്‍ വന്നത്. മലയാളത്തിലടക്കം എല്ലാ ഭാഷകളിലും സൂപ്പര്‍സ്റ്റാറുകളെ വച്ച് പടമെടുക്കുന്ന കാര്യമാണ് മുറിയിലേക്കു വന്ന മോഹനന്‍ പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി മുടക്കുന്ന പണം തിരിച്ചെടുക്കുന്നതിനുള്ള ബിസിനസ്സ് തന്ത്രമാണ് മോഹനന്‍ പിന്നെ പറഞ്ഞത്. കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളായി വരുന്ന ഫാന്റസി ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് യാതൊരു സ്ഥാനവും ഇല്ല. മോഹനന്‍ പറയുന്നതുപോലെ ചെയ്താല്‍ സ്‌ക്രിപ്റ്റ് അടപടലേ മാറ്റണം. കാരണം എന്റെ ഭാവനയില്‍ വികസിപ്പിച്ചെടുത്ത മാണിക്യക്കല്ലിനെക്കുറിച്ചല്ല ഇപ്പോള്‍ മോഹനന്‍ പറയുന്നത്. മോഹനന്റെ ഭാവനയിലെ മാണിക്യക്കല്ലാണത്. അത് എം.ടി.യുടെ മാണിക്യക്കല്ലുമല്ല. മാണിക്യക്കല്ലിനുവേണ്ടി മുടക്കുന്ന പണം തിരിച്ചെടുക്കണമെങ്കില്‍ ഇങ്ങനെയൊക്കെ വേണം എന്ന ചിന്തകൊണ്ടായിരിക്കാം മോഹനന്‍ അങ്ങനെ പറഞ്ഞത്. ഹിന്ദിയില്‍ സല്‍മാന്‍ ഖാനും, മലയാളത്തിലും തമിഴിലും അന്നത്തെ സൂപ്പര്‍സ്റ്റാറുകളും ഉണ്ടെങ്കിലേ കളക്ഷന്‍ നേടാന്‍ കഴിയൂ എന്ന് മോഹനന്‍ പറഞ്ഞു. അതിനെക്കുറിച്ചു പറഞ്ഞ് ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി. മാണിക്യക്കല്ല് സര്‍വ്വകാല കളക്ഷന്‍ റിക്കാര്‍ഡ് ഭേദിക്കുമെന്നു മാത്രമല്ല, ലോകസിനിമയില്‍ ചലനമുണ്ടാക്കി ചര്‍ച്ച ചെയ്യപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. പക്ഷേ, ആ ഉറപ്പ് മോഹനനു കൊടുത്തപ്പോള്‍ എന്നില്‍ വിശ്വാസമില്ലാത്തതുപോലെ മോഹനന്‍ സംസാരിച്ചു. അങ്ങനെ അവിടെവച്ച് ഞങ്ങള്‍ മാനസികമായി അകന്നു. അമേരിക്കയില്‍ നിന്നും മടങ്ങി വരുന്നതുവരെ പെരുമാറ്റത്തില്‍ ആ അകല്‍ച്ച പ്രകടമായി.
തുടര്‍ന്നുവായിക്കാം നവംബര്‍ ലക്കം പച്ചക്കുതിരയില്‍
(‘പെരുന്തച്ചന്‍’ എന്ന ഒരൊറ്റ സിനിമയിലൂടെ ശ്രദ്ധയനായിത്തീര്‍ന്ന സംവിധായകനാണ് അജയന്‍. അജയന്‍ പറഞ്ഞുകൊടുത്തതു പ്രകാരം എഴുതിയ അദ്ദേഹത്തിന്റെ ആത്മകഥയില്‍ നിന്നുള്ള ചില ഭാഗങ്ങളാണ് ഇത്. അജയന്‍ 2018-ല്‍ അന്തരിച്ചു. ‘മാണിക്യക്കല്ല്’ എന്ന തന്റെ നടക്കാതെപോയ സ്വപ്‌നപദ്ധതിക്കു പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതടക്കം സാമാന്യം ദീര്‍ഘമായ ആത്മകഥാപുസ്തകം ഡി സി ബുക്‌സ് ഉടന്‍ പുറത്തിറക്കും.)
എഴുത്ത്: ലക്ഷ്മണ്‍ മാധവ്
Comments are closed.