ഒരാളിങ്ങനെ അവനവനെ പാടെ വിസ്മരിച്ച് മറ്റൊരാളെ സ്‌നേഹിക്കേണ്ടതുണ്ടോ?
ഡോ. സതീദേവിയുടെ ‘അഗ്നി ശലഭങ്ങള്‍- എന്നും അഗ്നിയില്‍ ഹോമിക്കപ്പെടുന്ന പെണ്‍ജീവിതങ്ങള്‍’ എന്ന ഓര്‍മ്മപുസ്തകത്തെക്കുറിച്ച് പ്രീതി രാമദാസ് പങ്കുവെച്ച കുറിപ്പ്
എം. ബി. ബി. എസ്സിന് സതി എന്റെ സഹപാഠിയായിരുന്നു. പക്ഷേ സതി ഒരു പുസ്തകം എഴുതി എന്നറിഞ്ഞപ്പോള്‍ അതിശയം തോന്നി. കാരണം അന്നത്തെ ഞങ്ങളുടെ ചെറിയ ചെറിയ കഥ കവിത സിനിമ വര്‍ത്തമാനങ്ങളില്‍ ഒന്നിലും സതി ഒരിക്കലുമുണ്ടായിരുന്നില്ല. സതി 365 ×24 ഒരു മുഴുസമയപ്രണയിനി. പഠനവും പ്രണയവും കഴിഞ്ഞിട്ട് സതിയ്ക്കതിനൊന്നും സമയമുണ്ടായിരുന്നില്ല.
പിന്നീട് ആ പ്രണയത്തിന് സംഭവിച്ചത് ഇങ്ങകലെയിരുന്ന് ഞാനും അറിയുന്നുണ്ടായിരുന്നു … പലരില്‍ നിന്നുമായി. അപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട് സതിയ്ക്കതെങ്ങനെ സഹിക്കാനാവുന്നു എന്ന്. അതു കൊണ്ട് പുസ്തകം കിട്ടിയപ്പോള്‍ ഞാന്‍ തിടുക്കപ്പെട്ട് ഒടുവിലത്തെ അദ്ധ്യായമാണ് ആദ്യം വായിച്ചത്. സത്യം . ആശ്വാസം തോന്നി. എന്നിട്ട് ആദ്യത്തെ പേജ് മുതല്‍ വായിക്കാന്‍ തുടങ്ങി നിര്‍ത്തില്ലാതെ…….. സതിയുടെ അച്ഛന്റെ ഹൃദ്യമായ കുറിപ്പുകളില്‍ തുടങ്ങി , അച്ഛന്‍ നിര്‍ത്തിയേടത്തു നിന്ന്, ലളിതവും മനോഹരവുമായ മലയാളത്തില്‍ സതി തുടരുന്ന കഥ.
തന്റെ എല്ലാ പ്രകാരത്തിലുള്ള സ്വപ്നങ്ങളിലേയ്ക്കും എത്തിച്ചേരാനായി ഈ സഹപാഠി നടത്തുന്ന ശ്രമകരമായ സഞ്ചാരത്തെക്കുറിച്ചാണീ പുസ്തകം. സ്ത്രീയും പുരുഷനും പരസ്പപൂരകങ്ങളായിരിയ്‌ക്കേണ്ടുന്ന ഇടത്തേയ്‌ക്കെത്താനുള്ള ക്ലേശ ദൂരം!
ക്ഷോഭത്തോടെ വളരെ അടുത്ത് നിന്ന് ഞാനും കേട്ടു നിന്നിട്ടുണ്ട് സമാനമായ അനുഭവങ്ങളുള്ള സ്ത്രീകളുടെ സങ്കടം. അവരെയൊക്കെ എനിക്കോര്‍മ്മ വന്നു ഈ പുസ്തകം വായിച്ചപ്പോള്‍. എങ്ങിനെയും നന്നായി സതീ ഈ പുസ്തകം എഴുതിയത്. ഏറ്റവും ആഴത്തില്‍ ഉള്ളില്‍ തൊട്ടത് ഒടുവിലത്തെ അദ്ധ്യായം. തുടങ്ങിയേടത്തു തന്നെ അവസാനിയ്ക്കുന്ന ഒരു പ്രണയകഥ. …. രണ്ടിനും സാക്ഷിയായി പ്രിയപ്പെട്ട ഞാവല്‍ക്കാടുകള്‍, പറങ്കിമാവിന്‍ തോപ്പ്, അതേ ആകാശം അതേ ഭൂമി . ആഴത്തില്‍ ഉള്ളില്‍ പതിഞ്ഞതോ സതിയുടെ അച്ഛനും പണ്ട്, അകലെ നിന്ന് ഈ പ്രണയം കാണുമ്പോഴും ഇപ്പോള്‍ ഈ പുസ്തകം വായിക്കുമ്പോഴും ഒരേ സംശയം …… ഒരാളിങ്ങനെ അവനവനെ പാടെ വിസ്മരിച്ച് മറ്റൊരാളെ സ്‌നേഹിക്കേണ്ടതുണ്ടോ എന്ന്.
Comments are closed.