DCBOOKS
Malayalam News Literature Website

‘അഗ്നിസാക്ഷി’ നമ്പൂതിരിസമുദായ ചരിത്രത്തിലെ പരിവര്‍ത്തനദശയുടെ സാഹിതീയസാക്ഷ്യം

നമ്പൂതിരിസമുദായത്തിലെ ആചാരനിഷ്ഠയും അതില്‍ ഞെരിഞ്ഞമരുന്ന അംഗങ്ങളുടെ ജീവിതദൈന്യവും ജീവത്തായ ആവിഷ്‌കാരമായി അഗ്നിസാക്ഷിയില്‍ തെളിയുന്നു

ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്‌കാരവും ആ ജീവിതത്തിന്റെ ഹോമാഗ്‌നിയാക്കിക്കൊണ്ട് ലളിതാംബിക അന്തര്‍ജനം അതുവരെയുള്ള ആഖ്യാനങ്ങളില്‍നിന്നും വേറിട്ട ഒരു നോവല്‍പ്പാത സൃഷ്ടിച്ച നോവലാണ് ‘അഗ്നിസാക്ഷി‘. പുസ്തകത്തിന്റെ 25-ാമത് പതിപ്പ് ഡി സി ബുക്‌സ് പുറത്തിറക്കി.  ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള നോവല്‍ സാഹിത്യമാല’ എന്ന ബൃഹദ് സമാഹാരത്തില്‍ ഡോ.ജയകൃഷ്ണന്‍ പി.ആര്‍.എഴുതിയത്

ജീവിതമാണു ലളിതാംബികാ അന്തര്‍ജ്ജനത്തിന്റെ മഷിപ്പാത്രം. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള യജ്ഞത്തില്‍ ചെറുതല്ലാത്ത സ്ഥാനം ആ കൃതികള്‍ക്കുമുണ്ട്. മാനവികമായ ആര്‍ദ്രതയാണ് ആ രചനകളുടെ മുഖമുദ്ര. ചരിത്രസത്യങ്ങളെ കെട്ടുകഥകളായും ചരിത്രം രചിച്ചവരെ കോമാളികളായും പില്ക്കാലം നോക്കിക്കാണുന്നതു രസകരമായൊരു വൈപരീത്യമാണ്. എല്ലാക്കാലത്തും ഇതുണ്ടായിട്ടുണ്ട്. എന്നാല്‍, ചിലര്‍ തങ്ങളുടെ കാലവും ജീവിതവും വിശ്വാസവുമൊക്കെ ഭാവിയിലേക്കു കൈമുതലായി രേഖപ്പെടുത്തിവയ്ക്കാറുണ്ട്. അവയുടെ ഭാവി എന്തുതന്നെയായാലും ജീവിച്ചിരുന്നുവെന്നതിന്റെ അടയാളം കൊത്തി
വെച്ചേ മതിയാകൂ.

Textനമ്പൂതിരിസമുദായത്തിലെ ആചാരനിഷ്ഠയും അതില്‍ ഞെരിഞ്ഞമരുന്ന അംഗങ്ങളുടെ ജീവിതദൈന്യവും ജീവത്തായ ആവിഷ്‌കാരമായി അഗ്നിസാക്ഷിയില്‍ തെളിയുന്നു. നമ്പൂതിരിസമുദായ ചരിത്രത്തിലെ പരിവര്‍ത്തനദശയുടെ സാഹിതീയസാക്ഷ്യമാണ് ‘അഗ്നിസാക്ഷി’. സാത്വികതയുടെ പരിവേഷത്തിനുള്ളില്‍ ദിവ്യമൂര്‍ത്തിയായി സ്ഥാപിക്കപ്പെടുന്ന ഉണ്ണ്യേട്ടന്‍ എന്ന കഥാപാത്രവും ആദര്‍ശവത്കൃതമായ യോഗിനിയുടെ ഉത്തരാഖണ്ഡത്തിലെ ജീവിതവും അഗ്നിസാക്ഷിയെ വിമലീകരിക്കുന്നുണ്ട്. എങ്കിലും ഇഹത്തിനു കൊള്ളാത്തവര്‍ പരത്തിനും കൊള്ളില്ലെന്ന് ആവര്‍ത്തിക്കുന്നതില്‍ നോവലിസ്റ്റിന്റെ വീക്ഷണം വ്യക്തമാണ്.

മാതൃത്വത്തിന്റെ ഇതിഹാസമായി വാഴ്ത്തപ്പെടാന്‍ പര്യാപ്തമായ നിര്‍വ്വഹണമാണ് ‘അഗ്നിസാക്ഷി’യുടേത്. നമ്പൂതിരിസമുദായപരിഷ്‌കരണ മുന്നേറ്റങ്ങളും ദേശീയസ്വാതന്ത്ര്യ സമരവും ഗാന്ധിജിയും നോവലിന്റെ പ്രചോദനകേന്ദ്രങ്ങളാണ്. ഗാന്ധിജിയുടെ സാന്നിദ്ധ്യം നോവലില്‍ കടന്നു വരുന്നുമുണ്ട്. സ്വാതന്ത്ര്യലബ്ധിയെ സംശയത്തോടെ നോക്കുന്ന നായികയാണു കൃതിയിലുള്ളത്. പ്രോമിത്യൂസിനോ ടാണു നായിക തന്മയീഭവിക്കുന്നത്. ലോക ത്തിന്റെ മുഴുവന്‍ പാപഭാരം ചുമന്നു ക്രൂശിലേറുന്ന യേശുവിന്റെ അമ്മയാണ് അവരുടെ ആദര്‍ശം. നവോത്ഥാനന്തര, സ്വാതന്ത്ര്യാനന്തര മോഹഭംഗങ്ങളുടെ ആവിഷ്‌കാരമെന്ന നിലയില്‍ ‘അഗ്നിസാക്ഷി’യെ നോവല്‍ചരിത്രത്തില്‍ രേഖപ്പെടുത്താവുന്നതാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.