DCBOOKS
Malayalam News Literature Website

ലാളിത്യത്തിന്റെ ‘അഗ്നിച്ചിറകുകള്‍’

മിസൈല്‍ ടെക്‌നോളജി വിദഗ്ദ്ധനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ  ആത്മകഥ അഗ്നിച്ചിറകുകളുടെ 97-ാം പതിപ്പ് പുറത്തിറങ്ങി. പ്രതിരോധ ശാസ്ത്രജ്ഞനെന്ന നിലയില്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം ലഭിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ് അബ്ദുള്‍ കലാം. അദ്ദേഹത്തിന്റെ വ്യക്തിപരവും ഔദ്യോഗികവുമായ ഉയര്‍ച്ചയുടെയും നിസ്തുലമായ സേവനങ്ങളുടെയുംകഥ പറയുന്നതോടൊപ്പം നമ്മുടെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു മിസൈല്‍ ശക്തിയുടെ തലത്തിലേക്ക് ഉയര്‍ത്തിയ അഗ്നി, പൃഥ്വി, ആകാശ്, ത്രിശൂല്‍ എന്നീ മിസൈലുകളുടെ രൂപകല്‍പന, നിര്‍മ്മാണം, വിക്ഷേപണം എന്നീ വിവിധ ഘട്ടങ്ങളെക്കുറിച്ച് തികച്ചും ആധികാരികവും വിജ്ഞാനപ്രദവുമായി വിവരിച്ചിരിക്കുന്നു. അബ്ദുള്‍ കലാം ഏറെ മമത പുലര്‍ത്തിയിരുന്ന, അദ്ദേഹം പ്രാതിനിധ്യം വഹിക്കുന്ന, സാധാരണക്കാരുടെ സമൂഹത്തിന് ഉത്തേജനവും ആത്മവിശ്വാസവും പകരുംവിധം അദ്ദേഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ചരിത്രം ആലേഖനം ചെയ്തിരിക്കുന്നു ഈ കൃതിയില്‍. പി.വി. ആല്‍ബിയാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

പുസ്തകത്തിന് എ.പി.ജെ. അബ്ദുല്‍ കലാം എഴുതിയ മുഖവുര…

ഭാരതത്തിന്റെ പരമാധികാരം ഊട്ടിയുറപ്പിക്കാനും സുരക്ഷ ശക്തമാക്കാനുമായുള്ള അതിന്റെ സാങ്കേതിക പരിശ്രമങ്ങള്‍ ലോകവ്യാപകമായി പലരാലും ചോദ്യംചെയ്യപ്പെട്ട വേളയിലാണ് ഈ പുസ്തകം പ്രസിദ്ധീകൃതമായത്. ചരിത്രപരമായി നോക്കിയാല്‍ മാനവരാശി എന്നും ഒരു പ്രശ്‌നത്തെപ്രതി അല്ലെങ്കില്‍ മറ്റൊരു പ്രശ്‌നത്തെപ്രതി തമ്മില്‍ത്തമ്മില്‍ പോരടിച്ചുപോന്നിട്ടുണ്ട്. ചരിത്രാതീതകാലത്ത് ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വേണ്ടിയായിരുന്നു യുദ്ധം. കാലംചെന്നതോടെ പോരാട്ടങ്ങള്‍ മതപരവും തത്ത്വശാസ്ത്രപരവുമായ ആശയങ്ങളെ പ്രതിയായി.

എന്നാല്‍ ഇന്നാകട്ടെ, സാമ്പത്തികവും സാങ്കേതികവുമായ അധീശത്വത്തിനുവേണ്ടിയാണ് അത്യാധുനികമായ യുദ്ധങ്ങളില്‍ മിക്കവയും നടക്കുന്നത്. തദ്ഫലമായി, സാമ്പത്തിക-സാങ്കേതിക മേധാവിത്തം രാഷ്ട്രീയശക്തിയുമായും ആഗോളനിയന്ത്രണവുമായും തുലനം ചെയ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകള്‍കൊണ്ട് സാങ്കേതികമായി വളരെയധികം ശക്തിപ്രാപിച്ച ചുരുക്കം ചില രാജ്യങ്ങള്‍ തങ്ങളുടെ സ്വന്തം താത്പര്യങ്ങള്‍ക്കു മാത്രമായി നിയന്ത്രണാധികാരങ്ങള്‍ ബലപ്രയോഗംവഴി തങ്ങളുടെ കൈവശമാക്കിയിരിക്കുകയാണ്. പുതിയ ലോകക്രമത്തിന്റെ സ്വയംപ്രഖ്യാപിത നേതാക്കളായി ഈ മുഖ്യശക്തികള്‍ മാറിക്കഴിഞ്ഞു. ഇത്തരമൊരവസ്ഥയില്‍ നൂറുകോടി ജനങ്ങളുള്ള ഇന്ത്യയെപ്പോലൊരു രാജ്യം എന്താണു ചെയ്യേണ്ടത്? സാങ്കേതികശക്തി നേടിയെടുക്കുകയല്ലാതെ നമ്മുടെ മുന്നില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. എന്നാല്‍ ഇന്ത്യയ്ക്ക് സാങ്കേതികരംഗത്തെ ഒരു നായകനാകാന്‍ കഴിയുമോ? ഒരു ഉറച്ച ”ഉവ്വ്” എന്നാണ് എന്റെ ഉത്തരം.

എന്റെ ജീവിതത്തില്‍നിന്നും ചില സംഭവങ്ങള്‍ വിവരിച്ചുകൊണ്ട് ഈ ഉത്തരം സാധൂകരിക്കാന്‍ എന്നെ അനുവദിക്കുക. ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന എന്റെ അനുസ്മരണങ്ങള്‍ ഞാനാദ്യം വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ അവയിലേതാണ് വെളിപ്പെടുത്താന്‍ യോഗ്യമെന്നും അല്ലെങ്കില്‍ അവയ്‌ക്കെന്തെങ്കിലും Textപ്രസക്തിതന്നെ ഉണ്ടോ എന്നുമൊക്കെ എനിക്ക് നിശ്ചയമില്ലായിരുന്നു. എനിക്കെന്റെ ബാല്യം അമൂല്യമാണ്. എന്നുവെച്ച് മറ്റുള്ളവര്‍ക്ക് അതില്‍ താത്പര്യ മുണ്ടാകണമെന്നുണ്ടോ? ഒരു ചെറുപട്ടണത്തിലെ ബാലന്റെ കഷ്ടപ്പാടുകളും വിജയങ്ങളും വായനക്കാരനെ സംബന്ധിച്ചിടത്തോളം പ്രസക്തങ്ങളാണോ എന്നു ഞാന്‍ സംശയിച്ചു. എന്റെ സ്‌കൂള്‍ജീവിതകാലത്തെ ക്ലേശകരമായ ചുറ്റുപാടുകള്‍, എന്റെ സ്‌കൂള്‍ഫീസടയ്ക്കാനായി ഞാന്‍ ചെയ്തുപോന്ന കൊച്ചുകൊച്ചു ജോലികള്‍, കോളജ് വിദ്യാര്‍ത്ഥിയായിരിക്കെ ഭാഗികമായി സാമ്പത്തികകാരണങ്ങളാല്‍ ഒരു സസ്യഭുക്കാകുവാനുള്ള തീരുമാനം ഞാനെങ്ങനെ എടുത്തു എന്നു തുടങ്ങിയവയില്‍ പൊതുജനത്തിന് എന്തുകൊണ്ട് താത്പര്യമുണ്ടാകണം? അവസാനം, ഇവയെല്ലാം പ്രസക്തങ്ങളാണെന്ന് എനിക്ക് ബോധ്യമായി.

വ്യക്തിഗതമായ ഭാഗധേയവും അത് നിക്ഷിപ്തമായിരിക്കുന്ന സാമൂഹികഘടനയും പരസ്പരം വേര്‍പെടുത്തിക്കാണാനാകുന്നവയല്ല എന്നതിനാല്‍, മറ്റൊന്നുമില്ലെങ്കിലും, ആധുനിക ഭാരതത്തിന്റെ കഥയെക്കുറിച്ച് ഇവയ്ക്ക് ചിലതെല്ലാം പറയാനുണ്ടാകും. ഇപ്രകാരം, ഒരു വ്യോമസേനാ വൈമാനികനാകാനുള്ള എന്റെ നിഷ്ഫലയത്‌നത്തെക്കുറിച്ചും ഞാനൊരു കളക്ടറാകുമെന്ന പിതാവിന്റെ സ്വപ്നത്തില്‍നിന്നും വ്യത്യസ്തമായി ഞാനെങ്ങനെയൊരു റോക്കറ്റ് സാങ്കേതികവിദഗ്ധനായി എന്നതിനെക്കുറിച്ചുമുള്ള വിവരണങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നത് പ്രസക്തമാണെന്ന് എനിക്കു തോന്നി. അവസാനമായി, എന്റെ ജീവിതത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയ വ്യക്തികളെക്കുറിച്ച് വിവരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഈ പുസ്തകം ഒരു തരത്തില്‍ എന്റെ മാതാപിതാക്കള്‍ക്കും ഉറ്റ ബന്ധുക്കള്‍ക്കും പിന്നെ, ഒരു വിദ്യാര്‍ത്ഥി എന്ന നിലയിലും ഔദ്യോഗികജീവിതത്തിലും എനിക്കു ലഭിക്കാന്‍ ഭാഗ്യമുണ്ടായ അധ്യാപകര്‍ക്കും മേലധികാരികള്‍ക്കുമുള്ള ഒരു കൃതജ്ഞതാസമര്‍പ്പണംകൂടിയാണ്. ഞങ്ങളുടെ സംയുക്തമായ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനുവേണ്ടി സഹായിച്ച എന്റെ യുവസഹപ്രവര്‍ത്തകരുടെ അക്ഷീണമായ ആവേശത്തിനും പ്രയത്‌നത്തിനുമുള്ള ആദരാജ്ഞലിയുമാണ് ഈ പുസ്തകം.

അതികായരുടെ ചുമലില്‍ കയറി നില്‍ക്കുന്നതിനെക്കുറിച്ചുള്ള ഐസക് ന്യൂട്ടന്റെ സുപ്രസിദ്ധമായ വാക്കുകള്‍ ഓരോ ശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളവും പ്രസക്തമാണ്. അപ്രകാരം വിക്രം സാരാഭായി, സതീഷ്ധവാന്‍, ബ്രഹ്മപ്രകാശ് എന്നിവരടങ്ങിയ വിശിഷ്ടരായ ഭാരതീയ ശാസ്ത്രജ്ഞരുടെ പരമ്പരയോട് വിജ്ഞാനത്തിന്റെ കാര്യത്തിലായാലും പ്രചോദനത്തിന്റെ കാര്യത്തിലായാലും ഞാന്‍ നിശ്ചയമായും വളരെയേറെ കടപ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തിലും ഭാരതീയ ശാസ്ത്രചരിത്രത്തിലും അവര്‍ക്കു വലിയ സ്ഥാനമുണ്ട്. എനിക്ക് 1991 ഒക്‌ടോബര്‍ 15-ന് അറുപതു വയസ്സ് പൂര്‍ത്തിയായി. ശിഷ്ട ജീവിതകാലം, സാമൂഹികസേവനരംഗത്ത് എന്റെ കടമകളായി ഞാന്‍ വിചാരിച്ചിരുന്നതെന്തോ അവയുടെ പൂര്‍ത്തീകരണത്തിനായി സമര്‍പ്പണം ചെയ്യണമെന്ന് നിശ്ചയിച്ചിരുന്നു. പക്ഷേ, മറ്റു രണ്ടു കാര്യങ്ങള്‍ ഒരേ സമയത്തു സംഭവിച്ചു. ഒന്നാമതായി, സര്‍ക്കാര്‍സേവനത്തില്‍ മൂന്നു വര്‍ഷംകൂടി തുടരാന്‍ ഞാന്‍ സമ്മതിച്ചു. രണ്ടാമതായി, തനിക്ക് രേഖപ്പെടുത്താന്‍ തക്കവിധം എന്റെ സ്മരണകള്‍ പങ്കുവയ്ക്കണമെന്ന് ഒരു യുവസഹപ്രവര്‍ത്തകന്‍, അരുണ്‍ തിവാരി എന്നോട് അഭ്യര്‍ത്ഥിച്ചു.

എന്റെ പരീക്ഷണശാലയില്‍ 1982 മുതല്‍ക്കേ പ്രവര്‍ത്തിച്ചുപോരുന്ന ഒരാളായിരുന്നുവെങ്കിലും 1987 ഫെബ്രുവരിയില്‍ ഹൈദരാബാദിലെ നിസ്സാംസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ഹൃദ്രോഗ തീവ്രപരിചരണ വിഭാഗത്തില്‍വെച്ച് സന്ദര്‍ശിക്കുംവരെ ഞാനദ്ദേഹത്തെ ശരിക്കും മനസ്സിലാക്കിയിരുന്നില്ല. കേവലമൊരു 32 വയസ്സുകാരനായിരുന്നുവെങ്കിലും അദ്ദേഹം തന്റെ ജീവന്‍ നിലനിറുത്താന്‍വേണ്ടി ധൈര്യപൂര്‍വം മല്ലിടുകയായിരുന്നു അവിടെ. അദ്ദേഹത്തിനുവേണ്ടി ഞാനെന്തെങ്കിലും ചെയ്തുതരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്നു ഞാന്‍ ചോദിച്ചു. ”സര്‍, അങ്ങയുടെ അനുഗ്രഹം എനിക്കു തന്നാലും,” അദ്ദേഹം പ്രതിവചിച്ചു, ”അങ്ങനെ അങ്ങയുടെ പ്രോജക്ടുകളില്‍ ഒരെണ്ണമെങ്കിലും പൂര്‍ത്തീകരിക്കാന്‍ കഴിയുംവിധം എനിക്കു കുറെക്കൂടി നീണ്ടൊരു ജീവിതം കിട്ടുമല്ലോ.” ആ യുവാവിന്റെ സമര്‍പ്പണബോധം എന്നെ വല്ലാതെ ഉലച്ചു. അന്നു രാത്രി മുഴുവന്‍ അദ്ദേഹത്തിന്റെ രോഗശാന്തിക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു. സര്‍വേശ്വരന്‍ എന്റെ യാചന കേള്‍ക്കുകയും ഒരു മാസത്തിനകം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ തിവാരിക്ക് കഴിയുകയും ചെയ്തു. കേവലം മൂന്നു വര്‍ഷത്തിനകം ഒന്നുമില്ലായ്മയില്‍നിന്നും ‘ആകാശ്’ മിസ്സൈലിന്റെ വ്യോമഘടന പൂര്‍ത്തീകരിച്ച യത്‌നത്തില്‍ അദ്ദേഹം ഉജ്ജ്വലമായൊരു പങ്കുവഹിക്കുകയുണ്ടായി. പിന്നെ അദ്ദേഹം എന്റെ കഥ തയ്യാറാക്കുന്ന യത്‌നം ഏറ്റെടുത്തു.

കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് അദ്ദേഹം എന്റെ തുണ്ടും നുറുങ്ങുമായ വിവരണങ്ങളെ ശ്രദ്ധാപൂര്‍വ്വം കോര്‍ത്തിണക്കി അനര്‍ഗളമായൊരു ആഖ്യാനമാക്കി അതിനെ മാറ്റി. മാത്രമല്ല, അദ്ദേഹം എന്റെ സ്വകാര്യ ഗ്രന്ഥശേഖരമെല്ലാം അതിവിശദമായി പരിശോധിക്കുകയും ഞാന്‍ പാരായണവേളയില്‍ അടിവരയിട്ടുപോന്ന കാവ്യശകലങ്ങളില്‍നിന്നും പ്രസക്തമായവ തിരഞ്ഞെടുത്ത് പുസ്തകത്തില്‍ ചേര്‍ക്കുകയും ചെയ്തു. ഈ ആഖ്യാനം കേവലം എന്റെ വ്യക്തിഗത വിജയങ്ങളുടെയും വേദനകളുടെയും ഒരു വിവരണമല്ല, പ്രത്യുത, സാങ്കേതികവിദ്യയുടെ മുന്‍നിരയില്‍ സ്വസ്ഥാനമുറപ്പിക്കുന്നതിനുവേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്ന ആധുനിക ഭാരതത്തിലെ ശാസ്ത്രസ്ഥാപനങ്ങളുടെ വിജയങ്ങളുടെയും തിരിച്ചടികളുടെയും ചരിത്രംകൂടിയാകുമെന്ന് ഞാന്‍പ്രത്യാശിക്കുന്നു.

ഇത് ദേശീയമായ ആത്മപ്രചോദനത്തിന്റെയും സഹകരണമനോഭാവത്തോടുകൂടിയ മുന്നേറ്റയത്‌നങ്ങളുടെയും കഥയാണ്. മാത്രമല്ല, എന്റെ കാഴ്ചപ്പാടില്‍, ശാസ്ത്രീയമായ സ്വയംപര്യാപ്തതയ്ക്കും സാങ്കേതിക മികവിനുമായുള്ള ഇന്ത്യയുടെ തെരച്ചിലിന്റെ ഇതിഹാസം കൂടിയായ ഇത് നമ്മുടെ ഈ കാലഘട്ടത്തിന്റെ ഒരു അന്യാപദേശ കഥകൂടിയായിരിക്കും.

താന്താങ്ങളുടെ സവിശേഷമായൊരു പങ്ക് നിര്‍വഹിക്കാന്‍വേണ്ടിയാണ് ഈ മനോഹരഗ്രഹത്തിലെ ഓരോ ജീവിയും സര്‍വേശ്വരനാല്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ജീവിതത്തില്‍ ഞാന്‍ നേടിയതെല്ലാം അവിടുത്തെ സഹായത്താല്‍ മാത്രമാണ്, അവിടുത്തെ ഇച്ഛയുടെ ഒരു പ്രകാശനമാണ്. പ്രതിഭാശാലികളായ ചില അധ്യാപകരിലൂടെയും സഹപ്രവര്‍ത്തകരിലൂടെയും ദൈവം തന്റെ അനുഗ്രഹം എന്റെമേല്‍ വര്‍ഷിച്ചു. ഈ മഹദ്‌വ്യക്തികള്‍ക്ക് ആദരാñലികളര്‍പ്പിക്കുമ്പോള്‍ ഞാന്‍ അവിടുത്തെ മഹത്ത്വത്തെ വാഴ്ത്തിപ്പാടുകമാത്രമാണ് ചെയ്യുന്നത്. ഒരിക്കലും സ്വയം ചെറുതാണെന്നോ നിസ്സഹായരാണെന്നോ തങ്ങള്‍ക്ക് തോന്നരുതെന്ന് ഇന്ത്യയിലെ ജനകോടികളോടു പറയുന്നതിനുവേണ്ടി, കലാം എന്ന ഒരു ചെറിയ മനുഷ്യനിലൂടെ അവിടുന്നു ചെയ്ത കാര്യങ്ങള്‍ മാത്രമാണ് ഈ റോക്കറ്റുകളും മിസ്സൈലുകളുമെല്ലാം. ദിവ്യമായൊരു അഗ്നിജ്വാല ഹൃദയത്തില്‍ പേറിക്കൊണ്ടാണ് നാമെല്ലാം ജനിക്കുന്നത്. ഈ അഗ്നിക്ക് ചിറകുകള്‍ നല്കാനും അതിന്റെ നന്മയുടെ തിളക്കംകൊണ്ട് ഈ ഭുവനത്തെ നിറയ്ക്കാനും വേണ്ടിയുള്ളതായിരിക്കണം നമ്മുടെ പ്രയത്‌നങ്ങളെല്ലാം.

സര്‍വേശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ!

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കൂ

Comments are closed.