സ്വപ്‌നങ്ങളുടെ അഗ്നിച്ചിറകുകളില്‍ പറന്ന് പറന്ന്; കാലം മായ്ക്കാത്ത കലാം
വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ഇന്ത്യയുടെ മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ.അബ്ദുൾ കലാമിന്റെ ചരമവാര്‍ഷികദിനമാണ് ഇന്ന്. രാമേശ്വരത്തെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച് കഠിനാധ്വാനവും ലാളിത്യവും മുഖമുദ്രയാക്കി രാജ്യത്തിന്റെ പ്രഥമപൗരന്റെ കസേരവരെയെത്തിയ കലാം ആത്മാർഥതയുടെയും സത്യസന്ധതയുടെയും തിളങ്ങുന്ന പര്യായമായി ജനഹൃദയങ്ങളിൽ നിറഞ്ഞു.
ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയാണ് അഗ്നിച്ചിറകുകള്‍. തികച്ചും സാധാരണ ചുറ്റുപാടില്‍ നിന്നുള്ള കലാമിന്റെ ഉയര്‍ച്ചയുടേയും വ്യക്തിപരവും ഔദ്യോഗികവുമായ പോരാട്ടങ്ങളുടേയും കഥപങ്കുവെയ്ക്കുകയാണ് അദ്ദേഹം തന്റെ ആത്മകഥയിലൂടെ. അരുണ്‍ തിവാരിയുടെ സഹായത്തോടെ ഡോ. അബ്ദുല്‍ കലാം ഇംഗ്ലീഷ് ഭാഷയില്‍ രചിച്ച ‘വിങ്‌സ് ഓഫ് ഫയര്‍’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണിത്.
ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയ്ക്ക് അതിപ്രഗത്ഭ രാജ്യങ്ങളിലൊന്നാവാന്‍ നാന്ദി കുറിച്ച എസ്.എല്‍.വി. ത്രീ എന്ന ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെയും അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട പ്രതിരോധ ശക്തിയുടെ തലത്തിലേക്ക് രാജ്യത്തെ ഉയര്‍ത്തിയ മിസൈലുകളുടെ നിര്‍മ്മാണത്തിലും നേതൃത്വം നല്‍കിയ കലാമിന്റെ ജീവിതാനുഭവങ്ങള്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ പ്രചോദനവും ആവേശകരവുമാണ്. രാമേശ്വരത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് ഇന്ത്യയുടെ രാഷ്ട്രപതിയായി മാറിയ അസാധാരണ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു കാട്ടുന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി.സി ബുക്‌സാണ്. 1999-ല്‍ പ്രസിദ്ധീകൃതമായ പുസ്തകത്തിന്റെ 81-ാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഒരു ദശാബ്ദത്തിലേറെക്കാലം തന്നോടൊപ്പം പ്രവര്‍ത്തിച്ച അരുണ്‍ തിവാരിയുമായി അബ്ദുള്‍കലാം പങ്കുവച്ചിട്ടുള്ള അനുഭവങ്ങളുടെ സമാഹാരമായ ഈ പുസ്തകത്തിന്റെ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് പി.വി ആല്‍ബിയാണ്. കലാമിന്റെ ജീവിതത്തിനൊപ്പം ഇന്ത്യയുടെ ആധുനിക ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന്റെയും പ്രതിരോധ ശക്തിയുടേയും ആവേശകരമായ ചരിത്രംകൂടിയാണ് പുസ്തകം പങ്കുവയ്ക്കുന്നത്. പുതുതലമുറയ്ക്ക് ദിശാബോധം നല്‍കാന്‍ പര്യാപ്തമായ ഈ പുസ്തകത്തിന്റെ ലക്ഷക്കണക്കിന് കോപ്പികളാണ് ഇതിനകം വിറ്റഴിഞ്ഞത്.
1999-ല്‍ പുറത്തിറങ്ങിയ വിങ്‌സ് ഓഫ് ഫയറിന്റെ പരിഭാഷകള്‍ ഗുജറാത്തി, തെലുങ്ക്, തമിഴ്, ഒറിയ, മറാത്തി, മലയാളം മുതലായ ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ചൈനീസ്, കൊറിയന്‍ തുടങ്ങിയ വിദേശ ഭാഷകളിലും പുറത്തിറങ്ങിയിട്ടുണ്ട്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കലാമിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.