DCBOOKS
Malayalam News Literature Website

അഗതാ ക്രിസ്റ്റിയുടെ ആത്മകഥയിലൂടെ…

അപസര്‍പ്പക കഥകളുടെ റാണി അഗതാ ക്രിസ്റ്റിയുടെ ‘ആത്മകഥ’ യ്ക്ക്  റഫീക്ക് പട്ടേരി എഴുതിയ വായനാനുഭവം

1890 ൽ ജനിക്കുകയും 1976 ൽ അന്തരിക്കുകയും ചെയ്ത ബ്രിട്ടീഷ് നോവലിസ്റ്റും കഥാകൃത്തുമായ അഗതാ ക്രിസ്റ്റിയെ പ്രശസ്തയാക്കിയത് കുറ്റാന്വേഷണ നോവൽ സാഹിത്യമാണ്. ഭീതിയുടെ മുൾമുനയിലേക്കും ധിഷണാപരമായ വൈഭവത്തിലേക്കുമെല്ലാം അത് വായനക്കാരനെ നയിക്കുന്നു. ഹെർകുൾ പൊയ്റോട്ട് എന്ന കുറ്റാന്വേഷകനെ സൃഷ്ടിക്കുകയും അത് കഥാപാത്രത്തിനും അപ്പുറത്തേക്ക്  വളരുകയും ചെയ്തു.  ഏകദേശം 78 ൽ പരം നോവലുകൾ. ‘ദ മൗസ് ട്രാപ്പ്’ എന്ന നാടകം 60 വർഷമായി മുടങ്ങാതെ പ്രദർശിപ്പിച്ചു.  ലോകമഹായുദ്ധ കാലത്തിന് സാക്ഷിയായി തന്റെ കർമ്മം പൂർത്തീകരിച്ചു. അക്കാലത്തെ അനുഭവങ്ങളുടെ തീവ്രതയിലൂടെ Textമുന്നോട്ടുപോയി. പൊതുവേ അന്തർമുഖയായ അഗതാ മേരി ക്ലാരിസ മില്ലർ ക്രിസ്റ്റി വായനയുടെ വിശാലമായ ലോകത്തുനിന്നാണ് എല്ലാം ആർജിച്ചെടുത്തത്. മലയാളത്തിന്റെ എക്കാലത്തെയും മഹത്തായ വിലാപകാവ്യമായ കണ്ണുനീർത്തുള്ളിയും പാവങ്ങളും ആർഷജ്ഞാനവും രതിസാമ്രാജ്യവുമെല്ലാം രചിച്ച, പകരം വെക്കാനില്ലാത്ത വ്യക്തിത്വം ആണ് നാലപ്പാട്ട് നാരായണമേനോൻ.  അദ്ദേഹം തന്റെ അറിവുകൾ  എല്ലാം നേടിയത് വായനയിലൂടെയും സ്വയം പഠനത്തിലൂടെയും ആയിരുന്നു. ഇത്തരത്തിൽ ഒരു ജീവിതക്രമം അഗതാ ക്രിസ്റ്റിയിലും ദർശിക്കാവുന്നതാണ്. പിതാവിന്റെ മരണം ബാല്യത്തിലെ സംഭവിച്ചു. പൊതുസമൂഹത്തിൽ താൻ വല്ലാതെ ഒന്നും ഇടപെട്ടിട്ടില്ലെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ ദിവസങ്ങൾ പുസ്തകങ്ങളായ സഹചാരികളെ കൊണ്ട് നിറഞ്ഞതായിരുന്നു.

അങ്ങനെ നീണ്ട കാലത്തെ തന്റെ ജീവിതത്തെ ആത്മകഥയിലൂടെ അഗത പറയുന്നു. വിവർത്തനസാഹിത്യമാണ് ഭാഷയെ പരിപോഷിപ്പിക്കുന്നത്. അത്തരത്തിൽ മലയാളവിവർത്തന സാഹിത്യത്തിന് നിരവധി സംഭാവനകൾ നൽകിയ, ലോകസാഹിത്യത്തിലെ അത്ഭുതകരമായ കൃതി യുലീസസ് മലയാളത്തിൽ എത്തിച്ച  എൻ. മൂസകുട്ടിയാണ് അഗതാ ക്രിസ്റ്റിയുടെ ആത്മകഥ വിവർത്തനം ചെയ്തിരിക്കുന്നത്. മൂലകൃതിയോട് നീതിപുലർത്തുന്ന പദാനുപദ വിവർത്തനമാണ് അദ്ദേഹം നിർവഹിച്ചിട്ടുള്ളത്. നീതിപൂർവ്വമായ വിവർത്തനത്തിന്റെ സൗന്ദര്യം വായനക്കാരന് ആസ്വാദ്യകരമാകുക തന്നെ ചെയ്യും.

പരിപൂർണമായ തുറന്നുപറച്ചിലുകൾ അല്ലെങ്കിൽ സത്യസന്ധമായ ആത്മകഥാഖ്യാനം മനുഷ്യന് അത് വെല്ലുവിളിയാണ്. എഴുത്തുകാരന്റെ മാനസികവ്യാപാരങ്ങളടക്കം പ്രകടമാക്കി കൊണ്ടുള്ള എഴുത്ത്  വിരളമായി മാത്രം സാധ്യമാകുന്നതാണ്. കൂടുതൽ പേരും ഒരു തിരശ്ശീല അകത്തു നിന്നാണ് ആത്മകഥാരചന നിർവ്വഹിക്കാറ്. സ്വകാര്യതകൾ പറയേണ്ടതില്ല എന്ന ചിന്ത, അല്ലെങ്കിൽ അത് പറയുക വഴി താൻ സ്വയം നിന്ദിതനാകുമോ എന്ന ഭയം. പല ബിംബങ്ങളും തകർന്നടിയും, അതുകൊണ്ട് മനപ്പൂർവ്വം അതിനെ വിട്ടു കളയും. അഗതാ ക്രിസ്റ്റി എന്ന എഴുത്തുകാരിയുടെ ആത്മകഥയിലൂടെ സഞ്ചരിക്കുമ്പോൾ  ഭീതി നിറഞ്ഞ ആകാംക്ഷയുടെ മിനിറ്റുകൾ സൃഷ്ടിച്ച അവരുടെ തികച്ചും വ്യത്യസ്തമായ, ഒരുതരം സാത്വിക ഭാവത്തോടെയാണ് ആത്മകഥ പറയുന്നത്. മുമ്പ് പറഞ്ഞപോലെ ചിലതെല്ലാം അവർ വിട്ടു കളഞ്ഞിട്ടുണ്ട് എങ്കിലും…

അമ്പത്തി മൂന്നാമത്തെ പേജിൽ ഇങ്ങനെ വായിക്കാം ‘നാലാമത്തെ വയസ്സിൽ ഞാൻ പ്രണയബദ്ധയായി  അത് ഞെട്ടിപ്പിക്കുന്നതും മനോഹരവുമായ ഒരു അനുഭവമായിരുന്നു.’ ഏകാന്തതയും വായനയും ചിന്തയും അങ്ങനെ അനന്തമായ മനനങ്ങളിലൂടെ അക്ഷരങ്ങൾ ചേർത്ത് വെച്ച് വാക്കുകൾ സൃഷ്ടിക്കുക എന്ന മാന്ത്രികത അഗതാക്രിസ്റ്റി നിർവഹിക്കുന്നു. വിവർത്തകൻ ഭാഷാപരമായ ലാളിത്യവും അന്യതാബോധം ഇല്ലാതെ ഏറ്റവും അടുത്തുനിന്ന് വായിക്കാൻ കഴിയുന്നവിധവും കൃതി പരിഭാഷപ്പെടുത്തിരിക്കുന്നു.

നാം അഗതയുടെ ആത്മകഥയിലേക്ക് ഒഴുകുന്ന പുഴയിലേക്ക് എന്നപോലെ നയിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.