ഓര്‍മ്മകളുടെ മരണം
അപസര്‍പ്പക കഥകളുടെ റാണി അഗതാ ക്രിസ്റ്റിയുടെ ആത്മകഥ ഡി സി ബുക്‌സിലൂടെ ഉടന്‍ വായനക്കാരിലേക്ക്. പുസ്തകത്തിന് മാത്യു റിച്ചാര്‍ഡ് എഴുതിയ അവതാരികയില്‍ നിന്നും
മുത്തശ്ശിക്ക് വളരെ സന്തോഷകരവും സ്മരണീയവുമായ കുട്ടിക്കാലമാണുണ്ടായിരുന്നത്. അതിനെക്കുറിച്ച് എഴുതുന്നത് അവര്‍ ഇഷ്ടപ്പെട്ടു. 1950-കള്‍, മുത്തശ്ശി തന്റെ ആത്മകഥ രചിച്ചുകൊണ്ടിരുന്നകാലം, അവരെ സംബന്ധിച്ചിടത്തോളം അത്യധികം തിരക്കുറ്റതും സഫലവുമായ ഒരു കാലമായിരുന്നു. ലണ്ടനിലെ നാടകവേദിയില്‍ അവതരിപ്പിച്ച ദി മൗസ് ട്രാപ്പ്, വിറ്റ്‌നസ് ഫോര്‍ ദി പ്രോസിക്യൂഷന്‍ എന്നിവയോ 1950-ലെ എ മര്‍ഡര്‍ ഈസ് അനൗണ്‍സ്ഡ് എന്ന അവരുടെ അതിപ്രശസ്തമായ അമ്പതാമത്തെ പുസ്തകത്തിനുവേണ്ടിയുള്ള പ്രചാരണകോലാഹലങ്ങളോ പോലെയുള്ള വലിയ സംഭവങ്ങള്‍ അവരുടെ മനസ്സിനെ തെല്ലും വ്യതിചലിപ്പിച്ചില്ല. ഈ സംഗതികളെല്ലാം മുറയ്ക്ക് നടന്നുകൊണ്ടിരുന്നു. എങ്കിലും എല്ലാ വര്‍ഷവും തന്റെ ജീവിതകഥയുടെ കുറച്ചു ഭാഗങ്ങള്‍ എഴുതുന്നത് അവര്‍ ചിട്ടയോടെ ചെയ്യുമായിരുന്നു. എന്നിട്ട് മിക്കവാറും മനസ്സില്ലാമനസ്സോടെ അതു മാറ്റിവെച്ച്, താന്‍ ‘യഥാര്‍ത്ഥ ജോലി’ എന്നു വിളിക്കുന്നത് വീണ്ടും ആരംഭിക്കും. അത് ശരിയായ രീതിയില്‍ മാറ്റിയെടുക്കല്‍ ആവശ്യവുമായതും ഏറെനേരം നീണ്ടുനില്‍ക്കുന്നതുമായ ഒരു ജോലിയായിരുന്നു.
എനിക്കറിയാവുന്ന ധാരാളമാളുകള്‍, ഈ ആത്മകഥ വളരെയധികം രസകരമായതിനാല്‍ തങ്ങള്‍ക്കത് നിലത്തുവയ്ക്കാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞിട്ടുണ്ട്. അതു വായിക്കാന്‍ അവര്‍ക്ക് ഏറെക്കുറെ വേണ്ടിവന്നത് രണ്ടാഴ്ചയാണ്. എന്നാല്‍ എന്റെ മുത്തശ്ശിക്ക് അതെഴുതാന്‍ പതിനഞ്ചു വര്‍ഷം വേണ്ടിവന്നു. ‘എഴുതുക’ എന്നു ഞാന്‍ പറയുമ്പോള്‍, മുത്തശ്ശി തന്റെ ആത്മകഥ പറഞ്ഞുകൊടുത്ത് എഴുതിക്കുകയായിരുന്നുവെന്ന് എനിക്കറിയാം. എന്നാല്‍ അവര്‍ അതെങ്ങനെയാണ് ചെയ്തിരുന്നത് എന്നതിന്റെ പ്രക്രിയയെ സംബന്ധിച്ച് എനിക്കറിഞ്ഞുകൂടായിരുന്നു. പിന്നീട്, എന്റെ അമ്മ മരിച്ച് അധികം കഴിയുന്നതിനു
മുമ്പ് ഡെവോണിലെ മുത്തശ്ശിയുടെ ഗ്രീന്‍വേ വീട് വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോള്‍, മുകള്‍നിലയിലെ ഫാക്‌സ് റൂം എന്നു ഞങ്ങള്‍ വിളിക്കുന്ന മുറിയില്‍ പുസ്തകങ്ങള്‍ക്കും കൈയെഴുത്തുപ്രതികള്‍ക്കും പത്രങ്ങള്‍ക്കുമിടയില്‍ ഞാനൊരു പഴയ കാര്‍ഡ് ബോര്‍ഡ് പെട്ടി കണ്ടു.
കാലഹരണപ്പെട്ട ഒരു ഗ്രന്‍ഡിഗ് മെമോറെറ്റ് റീല്‍ ടു റീല്‍ കേട്ടെഴുത്തുയന്ത്രവും കൊച്ചു കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായി നിരവധി ടെയ്പുകളും അടങ്ങിയതായിരുന്നു ആ പെട്ടി. എന്റെ മുത്തശ്ശിയും അവരുടെ സെക്രട്ടറിയും അങ്ങുമിങ്ങുമായി സൂക്ഷിച്ചതായിരുന്നു അവയെന്നു വ്യക്തം. ഇവ അധികമൊന്നും ഉപയോഗയോഗ്യമാകാന്‍ പോകുന്നില്ലെന്നതായിരുന്നു എന്റെ ആദ്യചിന്ത. കാരണം ഇവ ചുരുങ്ങിയത് അമ്പതോ അറുപതോ വര്‍ഷം പഴക്കമുള്ളതായിരുന്നു. മാത്രമല്ല, യന്ത്രം വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ഒരിക്കലും കഴിയില്ലെന്നു വന്നേക്കാം.
എന്നാല്‍ ടെയ്പ്പിന്മേല്‍ അഗതാ ക്രിസ്റ്റിയുടെ ഏതാനും കുറച്ച് സ്വരങ്ങള്‍ ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് ഞാന്‍ കൃത്യമായും ബോധവാനായിരുന്നു. അവരുടെ സ്വരത്തില്‍ ഒരു
പിടി റെക്കോര്‍ഡിങ്ങുകള്‍ മാത്രമേ നിലവിലുള്ളതായി അറിയുകയുള്ളൂ. ഇവയില്‍ ബി.ബി.സിക്കുവേണ്ടിയുള്ള 1955-ലെ അഭിമുഖവും 1974-ലെ ശബ്ദലേഖനസൂക്ഷിപ്പുകേന്ദ്രത്തിനു
വേണ്ടിയുള്ള ഒന്നാം ലോകയുദ്ധകാലത്തെ ആശുപത്രിഫാര്‍മസിയിലെ അവരുടെ അനുഭവങ്ങളെക്കുറിച്ചുള്ള ‘ഇംപീരിയല്‍ വാര്‍ മ്യൂസിയം’ റെക്കോര്‍ഡിങ്ങുകളും ഉള്‍പ്പെടുന്നു.
തന്റെ പുസ്തകങ്ങളില്‍ പില്‍ക്കാലത്ത് പ്രതിപാദിച്ച വിഷയങ്ങളെക്കുറിച്ച് വളരെയധികം കാര്യങ്ങള്‍ അഗത ആശുപത്രിയില്‍നിന്നാണ് പഠിച്ചത്. യാന്ത്രികമനസ്‌കനാകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ടെയ്പ്പുകളുടെ ഈ പഴയ പെട്ടിയില്‍നിന്ന് എന്തെങ്കിലും രസകരമായ വസ്തുത ആര്‍ക്കെങ്കിലും ഉയിര്‍ത്തെടുക്കാന്‍ കഴിയുമെന്ന് ഒരു നിമിഷംപോലും ഞാന്‍ വിശ്വസിച്ചില്ല. ഭാഗ്യവശാല്‍, ഇലക്ട്രോണിക്സില്‍ പ്രതിഭാശാലിയായ എന്റെയൊരു സുഹൃത്ത് യൂറിയന്‍ ബ്രൗണ്‍ എല്ലാ സാധനങ്ങളും എടുത്തുകൊണ്ടുപോവുകയും ടെയ്പ്പുകള്‍ പ്രവര്‍ത്തിപ്പിച്ച് പകര്‍ത്തുന്നതിനുള്ള ഒരു വഴി തട്ടിക്കൂട്ടിയെടുക്കുകയും ചെയ്തു. ഏതാനും ആഴ്ചകള്‍ അദ്ദേഹത്തില്‍ നിന്ന് ഒന്നുംതന്നെ കേള്‍ക്കാതിരുന്നതിനുശേഷം, ഒരു വെള്ളിയാഴ്ച രാവിലെ എനിക്കു ഫോണ്‍ ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘പ്രശ്‌നത്തിന് ഞാന്‍ പരിഹാരം കണ്ടെത്തിയിരിക്കുന്നുവെന്നു കരുതുന്നു!’ അതിനാല്‍ ഞാനെന്റെ പ്രാദേശിക പട്ടണമായ കൗബ്രിഡ്ജിലേക്കു കുതിച്ചു. അങ്ങനെ അമ്പതോ അറുപതോ വര്‍ഷങ്ങള്‍ക്കുശേഷം എന്റെ മുത്തശ്ശിയുടെ സ്വരം വീണ്ടും കേള്‍ക്കാനായി.
എനിക്ക് ആ നിമിഷം എത്രത്തോളം ഓര്‍മകള്‍ ഉണര്‍ത്തുന്നതായിരുന്നുവെന്നു നിങ്ങളോടെനിക്ക് പറയാന്‍ കഴിയില്ല. മുത്തശ്ശിയെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. അവരുടെ സ്വരം മറ്റൊരു ലോകത്തുനിന്നെന്നപോലെ ഏറക്കുറെ ഭീതിദമായിരുന്നു. വാക്യങ്ങള്‍ക്കിടയില്‍ നേരിയൊരു ചുമപോലെ ഇത്തിരി ഭാവഹാവാദികള്‍ അവര്‍ക്കുണ്ടായിരുന്നു. അതെല്ലാം ഞാന്‍ മറന്നുപോയിരുന്നു. ഇവയെല്ലാം എന്നിലേക്ക് തിരികെ ഇരമ്പിവന്നു.
അഗതാ ക്രിസ്റ്റി ജീവിച്ചിരുന്നപ്പോള്‍ അവരെ അറിയാമായിരുന്ന നിരവധി ആളുകള്‍ക്ക് ടെയ്പ്പുകളില്‍നിന്നുള്ള ഭാഗം ഞാന്‍ കേള്‍പ്പിച്ചു. ഞാന്‍ ടെയ്പ്പ് കേള്‍പ്പിച്ച ആദ്യവ്യക്തികളില്‍ ഒരാള്‍ എന്റെ മകന്‍ ജെയിംസ് ആയിരുന്നു. അവന്റെ മുതുമുത്തശ്ശിയെ വളരെ നന്നായി ഓര്‍ക്കാന്‍ കഴിയാത്തവിധം ചെറുപ്പമായിരുന്നുവല്ലോ അവന്‍. എന്റെ മകനെ വിശിഷ്യാ ഒരു വൈകാരിക വ്യക്തിയായി ഞാന്‍ കണക്കാക്കുന്നില്ല. എങ്കിലും അവന്‍ പറഞ്ഞു: ‘എന്റെ ദൈവമേ, എന്താണ് കൈയില്‍ കിട്ടിയിരിക്കുന്നത് എന്നതിന്റെ പ്രാധാന്യം നിങ്ങള്‍ തിരിച്ചറിയുന്നു എന്നു ഞാന്‍ കരുതുന്നില്ല!’
ഈ ടെയ്പ്പുകളുടെ വീണ്ടെടുപ്പ് മുത്തശ്ശിയുടെ ആത്മകഥ പുനഃപ്രസിദ്ധീകരിക്കാന്‍ ഞങ്ങളെ സഹായിച്ചിരിക്കുന്നു എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. പുതിയൊരു വെളിച്ചത്തില്‍ ഈ ‘ആത്മകഥ’ നിങ്ങള്‍ വായിക്കു.
Comments are closed.