അഗതയുടെ ലോകം
തന്റെ സഹോദരിയായ മാട്ഡ്ജുമായി ബെറ്റ് വച്ചതിനുശേഷം ആണത്രേ അവർ ഡിറ്റക്റ്റീവ് നോവലുകളുടെ ലോകത്തേക്ക് കടന്നുവന്നത്
ജെ എസ് അനന്ത കൃഷ്ണൻ
(ദേശീയ അന്തർദേശീയ പുരസ്‌കാരജേതാവ്, പ്രഭാഷകൻ, വിവർത്തകൻ, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഇംഗ്ലീഷ് വിഭാഗം ഗവേഷകൻ )
ആകാംക്ഷയോടെ, ചടുലമായ ഹൃദയമിടിപ്പിനോട് ചേർന്നു ഏതാണ്ട് അതേ വേഗതയിൽ താളുകൾ മറിഞ്ഞുകൊണ്ടിരിക്കും. പ്രതീക്ഷിച്ച കഥാന്ത്യത്തിന് മൈലുകൾക്ക് അപ്പുറം മറ്റൊരു ധ്രുവത്തിൽ ആയിരിക്കും ഒടുവിൽ നാം എത്തിച്ചേരുക. അതെ, എല്ലാ കാലത്തെയും ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന കഥകൾ എഴുതി എന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് സാക്ഷ്യപ്പെടുത്തുന്ന അഗതാ ക്രിസ്റ്റി എന്ന എഴുത്തിന്റെ രാജ്ഞിയുടെ പുസ്തകങ്ങൾ ഇങ്ങനെയാണ്. അവരുടെ ഏതാണ്ട് 200 കോടി പുസ്തകങ്ങളാണ് ഇതുവരെ വിറ്റുപോയത്. ഒരു താരതമ്യം എടുത്തുനോക്കിയാൽ, വിശ്വപ്രസിദ്ധമായ ജെ കെ റൗളിംഗ് എഴുതിയ ഹാരി പോട്ടർ പുസ്തകങ്ങൾ ആകെ വിറ്റ് പോയിട്ടുള്ളത് 27 കോടി പുസ്തകങ്ങൾ ആണ്. ആകെ അഗതയുടേതായി 80 നോവലുകൾ, 19 നാടകങ്ങൾ, രണ്ട് കവിതാസമാഹാരങ്ങൾ, രണ്ട് ആത്മകഥാംശമുള്ള പുസ്തകങ്ങൾ, ഒരു ബാലസാഹിത്യകൃതി എന്നിവ ജനിച്ചിട്ടുണ്ട്. ചെറുതും വലുതുമായ കഥകൾ വേറെ. ഒരേകദേശ കണക്കെടുത്തു നോക്കിയാൽ ഒരു വർഷം കുറഞ്ഞത് രണ്ട് നോവലുകൾ എഴുതിയിട്ടുണ്ട് അഗത. അതെ കുറിച്ച് ഓർക്കുമ്പോൾ നാം ആദ്യം ഒരു പക്ഷെ ഓർക്കുക അവരുടെ ഡീറ്റെക്റ്റീവ് കഥാപാത്രമായ ഹെർക്യുൾ പൊയ്റോയെ കുറിച്ചാകും. എന്നാൽ ഒരുപക്ഷേ അവരെ സംബന്ധിക്കുന്ന ഏറ്റവും മഹത്തരമായ കാര്യം മൗസ് ട്രാപ്പ് എന്ന നാടകമാണ്. 1952 നവംബർ 25 ന് ആദ്യമായി ലണ്ടനിലെ അംബാസഡർസ് തിയേറ്ററിൽ അരങ്ങേറിയ ഈ നാടകം ഇന്നും എല്ലാ ദിനവും കളിച്ചു പോരുന്നുണ്ട്. യഥാർത്ഥത്തിൽ ഈ നോവൽ എഴുതിയത് ഏതാണ്ട് 20 മിനിറ്റ് ദൈർഘ്യമുള്ള ഒരു റേഡിയോ നാടകം ആയിട്ടാണ്. അടുത്ത വർഷം ഈ നാടകം അതിന്റെ എഴുപതാം ജന്മനാൾ ആഘോഷിക്കുമ്പോഴും ഏതെങ്കിലും ഒരു തിയേറ്ററിൽ അപ്പോഴും കളിച്ചു കൊണ്ടിരിക്കുകയാകാം. അതിലും രസകരം ഈ നാടകം കളിച്ച് കിട്ടുന്ന കാശിന്റെ നല്ലൊരു ശതമാനവും മൗസ് ട്രാപ്പ് ഫൗണ്ടേഷൻ എന്ന, തീയറ്ററിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കായുള്ള സന്നദ്ധ സംഘടനയുടെ ഫണ്ടിലേക്ക് ചെല്ലുന്നു എന്നതാണ്.
തന്റെ സഹോദരിയായ മാട്ഡ്ജുമായി ബെറ്റ് വച്ചതിനുശേഷം ആണത്രേ അവർ ഡിറ്റക്റ്റീവ് നോവലുകളുടെ ലോകത്തേക്ക് കടന്നുവന്നത്. 1916 അങ്ങനെ എഴുതിയ ദ മിസ്റ്റീരിയസ് അഫേർ അറ്റ് സ്റ്റൈൽസ് (The Mysterious Affair at Styles) ഏതാണ്ട് അഞ്ച് വർഷത്തിനു ശേഷമാണ് ഒന്ന് അച്ചടിച്ച് കിട്ടുന്നത്. അതിന് ശേഷം വന്ന രചനകളിൽ അഗതയുടെ ജീവിതത്തിലെ രണ്ട് സംഭവങ്ങളാണ് ഏറ്റവും സ്വാധീനം ചെലുത്തിയത്. ഒന്നാമത്തേത് 1930-ലെ മാക്സ് മാലോവൻ എന്ന പുരാവസ്തുശാസ്ത്രകാരനുമായുള്ള വിവാഹം ആണ്. അവരുടെ പുസ്തകങ്ങളിൽ പലതിലും പുരാവസ്തുക്കളെ കുറിച്ചും അവയുടെ നിഗൂഢതകളെപറ്റിയുമുള്ള പരാമർശങ്ങൾ ഇങ്ങനെ വന്നുകൂടിയതാകാം. എന്തിനേറെ പറയുന്നു, അഗതയുടെ ഈ താല്പര്യം ആകാം അവരുടെ മകളെ കൊണ്ട് പൊയ്‌റോ കേന്ദ്രകഥാപാത്രമായി വരുന്ന തന്റെ അമ്മയുടെ ചില നോവലുകളുടെ റോയൽറ്റി തുക മുഴുവനായും ഇറാക്കിൽ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് സ്കൂൾ ഓഫ് ആർക്കിയോളൊജിക്കു സംഭാവന ചെയ്യാൻ പ്രേരിപ്പിച്ചത്. രണ്ടാമത്തെ സംഭവം ഒരു യാത്രയാണ്. യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന അഗത 1928ൽ ഓറിയന്റ് എക്സ്പ്രസിൽ തന്റെ ആദ്യ യാത്ര നടത്തി.. ഈ യാത്രയിലെ അനുഭവങ്ങൾ അവരുടെ പുസ്തകങ്ങളുടെ കഥാപരിസരത്തെ സാധ്യമാക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ടെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഡീറ്റെക്റ്റീവ് നോവലുകളുടെ ചരിത്രം പരിശോധിച്ചാൽ മിക്കവാറും കേന്ദ്രകഥാപാത്രങ്ങൾക്ക് എഴുത്തുകാരനോടുള്ള സാദൃശ്യം കാണാനാകും. എന്നാൽ ഇവിടെയും അഗത വ്യത്യസ്തയാണ്. ആകെ അഗതയുമായി ഒരു സാമ്യം കാണാൻ ആകുക പൊയ്‌റോയുടെ അസിസ്റ്റന്റ് ആയി അവർ സൃഷ്ടിച്ച അരിയാൻ ഒലിവർ എന്ന കഥാപാത്രത്തിലാണ്.
യാത്രക്കും പുരാവസ്തുക്കൾക്കും ഒപ്പം തന്നെ അഗതക്കു പ്രിയപ്പെട്ടതാണ് വിഷങ്ങളുടെയും കെമിക്കലുകളുടേയും ലോകം.. അഗതയുടെ കഥകളിലെ വിഷകൂട്ടുകളെ കുറിച്ച് കാതറിൻ ഹാർകപ് (Kathryn Harkup)എന്ന കെമിസ്റ്റ് ” A is for Arsenic: The Poisons of Agatha Christie” എന്ന പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. ഈ വിശേഷപ്രണയത്തിനു ഒരു കാരണമുണ്ട്. അത് അഗതയുടെ ഇരുപതാം വയസ്സിൽ അവർ നേടിയ കെമിസ്ട് ആയുള്ള ലൈസെൻസ് ആണ്.
ഇത്രയും വിശദമായ അന്വേഷണങ്ങളും ശാസ്ത്രീയമായ അന്വേഷണ ത്വരയും പുസ്തകലേഖനത്തിൽ ഉൾപ്പെടുമ്പോൾ വരാൻ സാധ്യതയുള്ള ഒരു ന്യൂനത എഴുത്തിന്റെ അളവിലെ കുറവാണ്. ഇവിടെയാണ് നമ്മെ അഗത ഞെട്ടിക്കുന്നത്.
1948 എന്ന വർഷം മാത്രം നോക്കാം. ആ ഒരു വർഷം ഒരേ സമയം പെൻഗ്വിൻ പ്രസിദ്ധീകരിക്കുന്നത് അഗതയുടെ 10 നോവലുകളാണ്. ഈ പത്തു നോവലുകളാകട്ടെ ഒരു ലക്ഷം കോപ്പി വീതമാണ് ആ വർഷം പുറത്തിറങ്ങിയത് എന്നോർക്കണം.
ഇതൊക്കെ നിസ്സാരം ആയി പോകുന്നത് അഗതയുടെ Murder on the Orient Express എന്ന ഒറ്റ പുസ്തകത്തിനു മുന്നിലാണ്. ഒന്നിനുമേൽ ഒന്നായി ഇറങ്ങിയ എഡിഷനുകൾ എല്ലാം അടുക്കി വച്ചാൽ ഭൂമിയിൽ നിന്ന് ചന്ദ്രൻ വരെയുള്ള ദൂരം ഉണ്ടാകും എന്നാണ് കണക്കു.
ഇത് മാത്രമല്ല അഗതയെ വ്യത്യസ്തമാക്കുന്നത് . എഴുത്തിന്റെ കാലം മുഴുവനും ഒട്ടും മടുപ്പിക്കാതെ ബെസ്റ്റ് സെല്ലർ ലിസ്റ്റുകളുടെ തലപ്പത്തു നിൽക്കാൻ കഴിഞ്ഞ ഭാവനാവിലാസം കൂടിയാണ്. ഭൂമിയിലെ അരങ്ങോഴിഞ്ഞു അഗത 1976 സെപ്തംബറിൽ വിടവാങ്ങുന്ന ദിനത്തിലും ഏറ്റവും വിറ്റു പോയ്കൊണ്ടിരുന്ന പുസ്തകം അവരുടെ “Curtain : Poirot’s Last Case” ആയിരുന്നു.
യുനെസ്കോയുടെ അഭിപ്രായത്തിൽ ഏറ്റവും കൂടുതൽ തർ ജ്ജമ ചെയ്യപ്പെട്ട എഴുത്തുകാരിയായ അവരുടെ കൃതികൾ ഇന്ന് മലയാളം ഉൾപ്പെടെ എഴുപതോളം ഭാഷകളിൽ ലഭ്യമാണ്. അവരുടെ പുസ്തകങ്ങളെക്കാൾ ആകെ കൂടുതൽ വിറ്റ്പോകുന്നത് ഷേക്സ്പിയറും ബൈബിളും മാത്രമാണ്.
അഗതയുടെ ലോകം നമ്മെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അഗതാ ക്രിസ്റ്റിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.