താഹ മാടായിയുടെ തിരഞ്ഞെടുത്ത ജീവിതമെഴുത്തുകളുടെ സമാഹാരം
മലയാള സാഹിത്യത്തില്‍ ജീവിതമെഴുത്ത് എന്ന സാഹിത്യ ശാഖയ്ക്ക് തന്നെ തുടക്കം കുറിക്കുകയും അതിനു പിന്നീട് വായനക്കാര്‍ക്കിടയില്‍ വലിയ പ്രചാരം നല്‍കുകയും ചെയ്ത താഹ മാടായിയുടെ തിരഞ്ഞെടുത്ത ജീവിതമെഴുത്തുകളുടെ സമാഹാരമാണ് അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും. മുഖ്യധാരാ സാഹിത്യം മുന്‍പ് പരിഗണിക്കാതിരുന്ന ഇത്തരം ആളുകളും ആശയങ്ങളും ഓര്‍മ്മകളും നമ്മുടെ സാമ്പ്രദായിക വായനയെയും സാംസ്‌കാരിക വീക്ഷണങ്ങളെയും വലിയ തോതില്‍ സ്വാധീനിക്കുകയുണ്ടായി.
സമൂഹത്തിന്റെ പുറംവാതിലില്‍ നിന്നവരും ദലിതുകളും സ്വന്തം നിലയില്‍ വാക്കുകളില്‍ ആത്മാവിഷ്‌കാരം സാധ്യമാകാതിരുന്നവരും ഈ ഓര്‍മ്മയെഴുത്തിലൂടെ അവരുടെ ഇരമ്പുന്ന ഓര്‍മ്മകളുമായി നമ്മുടെ വായനാ മുറികളിലെത്തി. ദേശമേ ദേശമേ ഇവരുടെ ജീവിത വര്‍ത്തമാനം കേള്‍ക്ക്, നഗ്‌നജീവിതങ്ങള്‍, 25 അസാധാരണ ജീവിതങ്ങള്‍ എന്നിവ ഡി സി ബുക്‌സ് മുന്‍പേ പ്രസിദ്ധീകരിച്ചിരുന്നവയാണ്. എഴുത്തിന്റെയും വായനയുടെയും ഉള്ളടക്കങ്ങളെ ഈ പുസ്തകങ്ങള്‍ മറ്റൊരു വിധത്തില്‍ സംബോധന ചെയ്യാന്‍ ശ്രമിക്കുകയുണ്ടായി.
അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും എന്ന ഈ പുസ്തകം, നേരത്തേ ഇറങ്ങിയ മേല്പറഞ്ഞ പുസ്തകങ്ങളില്‍നിന്ന് ഡി സി ബുക്‌സ് പബ്ലിക്കേഷന്‍ വിഭാഗം തിരഞ്ഞെടുത്ത രചനകളുടെ സമാഹാരമാണ്. ഒപ്പം പുതുതായി ചില രചനകള്‍ കൂട്ടിച്ചേര്‍ത്തു പരിഷ്‌കരിച്ചിട്ടുമുണ്ട്. ഇന്ത്യ വീണ്ടും ദലിത് വിരുദ്ധ വാര്‍ത്തകള്‍കൊണ്ട് കലുഷിതമാ വുന്ന സന്ദര്‍ഭത്തിലാണ്, എഴുപതു വര്‍ഷം മുന്‍പ് ജാതിപ്പേരില്‍ ടീച്ചര്‍ജോലി രാജി വെക്കേണ്ടി വന്ന സുലോചന ടീച്ചറുടെ അനുഭവംകൂടി ഉള്‍പ്പെടുന്ന ഈ പുസ്തകം പുറത്തിറങ്ങുന്നത്. നമ്മുടെ ചരിത്രവും സംസ്‌കാരവും സാഹിത്യവും ഗൗരവമായി പഠിക്കുന്നവര്‍ക്ക് ഈ പുസ്തകം പ്രിയപ്പെട്ടതായിരിക്കുമെന്നു കരുതുന്നു.
ജാതിപ്പേരില്‍ ടീച്ചര്‍ജോലി രാജിവയ്‌ക്കേണ്ടിവന്ന സുലോചന ടീച്ചര്‍..എല്ലാവര്‍ക്കും ചരിത്രവിസ്മൃതനായ വിഷ്ണുഭാരതീയന്‍, അടിയന്തരാവസ്ഥയില്‍ എരിഞ്ഞുതീര്‍ന്ന രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ തുടങ്ങി തീക്ഷ്ണമായ ജീവിതവിധികളേറ്റുവാങ്ങേണ്ടിവന്ന കുറേ പച്ചമനുഷ്യരുടെ പുസ്തകമാണ് അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും.
ചരിത്രത്തില്‍ ആഘോഷിക്കപ്പെടാന്‍ കാലം അനുവദിച്ച വരേണ്യജീവിതങ്ങളുടെ കഥകളും ചരിത്രങ്ങളും അത്മകഥനങ്ങളും മാത്രം പറഞ്ഞു ശീലിച്ചിരുന്ന നമ്മുടെ സാഹിത്യത്തിലേക്ക് ചരിത്രത്തില്‍ നിന്നും ചവിട്ടിമാറ്റപ്പെട്ട ജീവിതങ്ങള്‍ അവയുടെ സ്മരണകളുമായി ഇരമ്പിക്കയറുന്നു…
Comments are closed.