‘അടി’ എന്ന അരിക്
വി ഷിനിലാലിന്റെ ‘അടി’ എന്ന നോവലിന് അൻവർ ഹുസൈൻ എഴുതിയ വായനാനുഭവം
വി ഷിനിലാലിന്റെ അടി എന്ന നോവൽ വ്യത്യസ്തമായ വായനാനുഭവം പകരുന്നു. ആരും അധികം പകർത്താത്ത നാട്ടു ചട്ടമ്പികളുടെ ജീവിതമാണ് ഇവിടെ ചുരുളഴിയുന്നത്. തന്റെ തന്നെ കാക്കാല സദ്യ എന്ന കഥയിൽ നിന്നും വികസിപ്പിച്ചെടുത്തതാണ് ഈ നോവൽ. വരാനിരിക്കുന്ന വലിയ ക്യാൻവാസിലുള്ള ഒരു നോവലിന്റെ തുടക്കം മാത്രമാണിതെന്ന് ഷിനിലാൽ അവകാശപ്പെടുന്നു.
എന്നും ചരിത്രത്തോട് ചേർന്ന് നിന്നാണ് ഷിനിലാലിന്റെ എഴുത്ത്. ചരിത്രമെന്നാൽ രാജാക്കന്മാരുടെയും സേനാധിപതികളുടെയും മാത്രമല്ല സാധാരണക്കാരുടെ കൂടിയാണ്. നാട്ടിൻ പുറങ്ങളുടെ ചരിത്രം സൃഷ്ടിക്കുന്നത് പ്രധാനമായി അവിടത്തെ ചന്തകളാണ്. ആ ചന്തകളിലെ ചട്ടമ്പിമാരുടെ കഥകൾ പാട്ടുകളായി തലമുറകൾ പാടി നടന്നിരുന്നു. അവരുടെ നേതൃത്വത്തിൽ നടന്ന ‘ പയങ്കര അടികൾ ‘ പ്രധാന ചർച്ചയായി ദിവസങ്ങളെ ഹരം പിടിപ്പിച്ചിരുന്നു. അവരുടെ കൂട്ടത്തിൽ കായംകുളം കൊച്ചുണ്ണി, ഇത്തിക്കര പക്കി, മുളമൂട്ടിൽ അടിമ തുടങ്ങി ചുരുക്കം ചിലരേ ചരിത്ര പുസ്തകത്തിന്റെ താളുകളിൽ ഇടം പിടിച്ചിട്ടുള്ളൂ. അല്ലാത്തവർക്കും ഉണ്ട് അവരുടെതായ വീര ചരിതം. അത് ഈ നോവൽ രേഖപ്പെടുത്തുന്നു.
ഭാഷയും സംസ്കാരവും എക്കാലവും വരേണ്യവർഗത്തിന്റെതായി കൊട്ടിഘോഷിക്കപ്പെട്ടിരുന്നു. സംസ്കൃതത്തിന്റെ സ്വാധീനമുള്ള ഭാഷയാണ് ശ്രേഷ്ഠ ഭാഷ എന്ന് ഇന്നും കരുതപ്പെടുന്നു. ചില പദങ്ങളെ തെറിയെന്ന് രേഖപ്പെടുത്തി മാറ്റി നിർത്തിയിരിക്കുന്നു. അവയും കൂടി ചേർന്നതാണ് ഭാഷ. ആ തെറി പറയുന്ന സംസ്കാരവും കൂടി ചേർന്നാണ് നമ്മുടെ സംസ്കാരം രൂപപ്പെട്ടത്. ഇതും ഉറക്കെ പറയാൻ ഇവിടെ ശ്രമിക്കുന്നു.
ഈ നോവലിന് ഒരു നായകനില്ല. നായകന്മാരായി കുറെ ചട്ടമ്പിമാരാണുള്ളത്. എലിസൺ തന്റെ മകൻ പീലിപ്പോസിന് പറഞ്ഞു കൊടുക്കുന്ന കഥകളായാണ് ഓരോ കഥയും ഇതൾ വിരിയുന്നത്. മകൻ വളർന്ന് പോലീസാവണം എന്നാണ് അച്ചന്റെ ആശ. കാലം പീലിപ്പോസിനെ പോലീസാക്കി മാറ്റുന്നു. പോലീസായിട്ടും രഹസ്യമായി ആളുകൾ പെലപ്പോലീസ് എന്ന് വിളിക്കുന്നു. പിന്നീട് എസ് ഐ ആയപ്പോഴും പെല എസ് ഐ തന്നെ. നാട്ടിലെ സമപ്രായക്കാരനും പ്രമാണിയുമായ തമ്പിയങ്ങുന്ന് പീലിപ്പോസ് എസ് ഐ യുടെ കീഴിൽ അതേ സ്റ്റേഷനിൽ എ എസ് ഐ ആണ്. തമ്പിക്ക് എസ് ഐ യെ വണങ്ങാൻ കഴിയുന്നില്ല. ജാതി വ്യവസ്ഥ നമ്മുടെ സമൂഹത്തെ എന്നും ശക്തമായി ഗ്രസിക്കുന്നുണ്ട്.
കുണുക്കത്തി രായമ്മയും പാത്തുമ്മയും കലംകാരി കൗസുവും സാവിത്രിയുമടങ്ങുന്ന സ്ത്രീ കഥാപാത്രങ്ങളൊക്കെ അവരുടേതായ മിഴിവോട് കൂടി നോവലിൽ പ്രത്യക്ഷപ്പെടുന്നു. ഓരോ ചട്ടമ്പിമാർക്കും അവരുടേതായ സവിശേഷതയുണ്ട്.
മൂന്ന് ഭാഗങ്ങളായി നോവലിനെ തരം തിരിച്ചിട്ടുണ്ട്. വ്യത്യസ്ത ശീർഷകങ്ങളിൽ ഓരോരുത്തരുടെയും കഥകൾ പറയുന്നു. ചട്ടമ്പിമാർക്ക് വലിയ ജീവിത നിരീക്ഷണങ്ങളൊന്നും രേഖപ്പെടുത്താനില്ല. എന്നാൽ അവരുടെ കഥകളിലൂടെ നമ്മുടെ മുമ്പിൽ ജീവിതം ആടുന്നു.
ദേശീയ നേതാക്കളുൾപ്പെടെ പലരും നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നെഹ്റു പ്രസംഗിച്ച ശേഷം കാമരാജ് നാടാർ സംസാരിക്കുന്നു. ” കാമരാജ് നാടാർക്കും കൂടെ വന്ന മേത്തനുക്കും” ജനം സിന്ദാബാദ് വിളിക്കുന്നു. തൊപ്പിയിട്ട നെഹ്റുവിനെ ജനം മേത്തനായി ധരിക്കുന്നു.
ഈ എം എസും ഏ കെ ജിയും ഒക്കെ നോവലിൽ പല ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. സി പി എം എന്ന പാർട്ടിയും അതിന്റെ ലോക്കൽ ഭാരവാഹികളുമൊക്കെ അസൽ ഭാവഹാദികളോടെ നോവലിൽ പ്രത്യക്ഷപ്പെടുന്നു. ഈ നോവൽ അതിര് വൽക്കപ്പെട്ടവരുടെ കഥയുടെ രേഖപ്പെടുത്തൽ എന്ന നിലയിൽ സവിശേഷ ശ്രദ്ധ അർഹിക്കുന്നു. വരാനിരിക്കുന്ന വലിയ ക്യാൻവാസിലെ നോവലിന്റെ തുടക്കമായി ഇതിനെ കാണാം.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.