‘അടി’ പേടിച്ചു ജീവിക്കേണ്ടി വന്ന തലമുറകളുടെ ജീവിതം!
വി ഷിനിലാലിന്റെ ‘അടി’ എന്ന നോവലിന് രഞ്ജീവ് പുഷ്കരാനന്ദൻ എഴുതിയ വായനാനുഭവം
ആദ്യം പെലക്രിസ്ത്യാനിയും പിന്നെ പെലപ്പോലീസും ആയിമാറിയ പീലിപ്പോസിനോട് കീഴുദ്യോഗസ്ഥൻ പറയുന്ന “സംഗതി താൻ എസ്.ഐ ഒക്കെ തന്നെ പക്ഷെ തന്നെ പരേഡ് ദിവസങ്ങളിൽ സല്യൂട്ടടിക്കാനൊന്നും എന്നെ കിട്ടില്ല, ഒന്നെങ്കിൽ ആ ദിവസങ്ങളിൽ എനിക്ക് ലീവ് തരണം അല്ലെങ്കിൽ താൻ ലീവ് എടുത്തു പോണം” എന്ന സാമൂഹ്യവിചാരണയിലൂടെയാണ് ഷിനിലാലിന്റെ അടി തുടങ്ങുന്നത്.
ഒരു ബന്ദു ദിനത്തിൽ ബ്രാഞ്ച് സെക്രട്ടറിമാരിൽ ഒരാളായിട്ടു പോലും പോലീസ് ലാത്തിച്ചാർജിൽ നിന്ന് രക്ഷപെടാൻ ഒരു മേൽജാതിക്കാരൻ സഖാവിന്റെ വീട്ടിൽ ഓടിക്കയറിയതിന് കഴുത്തിന് പിടിച്ചു പുറത്താക്കപ്പെട്ട പെലജാതി വിട്ടു ക്രിസ്ത്യാനി ആയപ്പോൾ പെലക്രിസ്ത്യാനിയും പിന്നെ പെലകമ്മ്യൂണിസ്റ്റുമായ പീലിപ്പോസിന്റെ അച്ഛൻ എലിസണിലൂടെ അടി അതിന്റെ നോവൽ സഞ്ചാരം തുടരുന്നു. കാലമെത്ര കഴിഞ്ഞിട്ടും കഴുത്തിന് പുറകിൽ എപ്പോൾ വേണമെങ്കിലും വന്നു വീഴാവുന്ന അടി പേടിച്ചു ജീവിക്കേണ്ടി വന്ന തലമുറകളുടെ ജീവിതം പറഞ്ഞു പോകുന്നു അടി.
നവോത്ഥാന കേരളത്തിൽ ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെ എന്ന് ചോദിച്ചാൽ, കീഴ്ജാതിക്കാരിയായ മേലുദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോൾ പകരം വരുന്ന ആൾ മേൽജാതി ആയതു കൊണ്ട് സ്വന്തം ചിലവിൽ അദ്ദേഹത്തിന്റെ ഓഫീസ് ശുദ്ധികലശം നടത്തിയ നല്ലവരായ സർക്കാരുദ്യോഗസ്ഥരെക്കുറിച്ചുള്ള കഥ ഉൾപ്പെടെ ഒട്ടേറെ ഒറ്റപ്പെട്ട സംഭവകഥകൾ ഓർമ്മയിലേക്ക് കടന്നുവരും, എത്ര പുരോഗമിച്ചിട്ടും ജാതിയും മതവും അതിന്റെ എല്ലാ ഭീകരതയോടെയും ജീവിതത്തിൽ കടന്നുവരുന്നുണ്ടിവിടെ.
വിനോയ് തോമസിന്റെ പുറ്റ് വായിച്ച ശേഷം ഇത്ര മാത്രം നാടൻ ചെറുകഥകൾ വായിക്കുന്നത് ഈ നോവലിൽ അണ്, എലിസൺ പീലിപ്പോസിനോട് പറയുന്ന നാടൻ ചട്ടമ്പികഥകളാണ് നോവലിന്റെ സിംഹഭാഗവും. പുരാണങ്ങളെല്ലാം വലിയ വലിയ രാജാക്കന്മാരുടെ അടിയുടെ കഥപറയുന്നതാണെന്നും നമ്മുടെ മണ്ണിന്റെ സ്വന്തമായ അടി കഥകളാണ് നമ്മൾ കേൾക്കേണ്ടതെന്നുമുള്ള എഴുത്തുകാരന്റെ നിരീക്ഷണത്തോട് പൂർണ്ണമായും യോജിക്കുന്നു,
അണമുറിയാതെ ഒഴുകുന്ന അടി കഥകളുടെ ഇടയിൽ ഒരു പാട് ആശയങ്ങളും വിതറി പോകുന്നുണ്ട് ഷിനിലാൽ “എലിസൺ മോനോട് പറയുന്ന പോലീസാവ്, പോലീസായാൽ നിനക്ക് പോലീസും ആവാം ചട്ടമ്പിയും ആവാം” നമ്മുടെ പോലീസിന്റെ അവസ്ഥയെ കുറിച്ചുള്ള രസകരമായ നിരീക്ഷണം. “മഹായുദ്ധങ്ങൾ ജയിച്ചു മഹാസാമ്രാജ്യങ്ങൾ ഉണ്ടാക്കാൻ ഘടോൽക്കചൻമാരെ ബലി കൊടുക്കേണ്ടി വരും എന്ന നിരീക്ഷണം ”
നൂറ്റാണ്ടുകളായി പിന്തുടരുന്ന ദുഷിച്ച സാമൂഹ്യ ക്രമം അടിയാളരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു ബാധിച്ചുകൊണ്ടിരിക്കുന്നു, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു, അവരുടെ അവസ്ഥയെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നതെല്ലാം ഈ നോവലിലൂടെ ഷിനിലാൽ വിശദമാക്കുന്നുണ്ട്.
ഒരേ ഒരു പേജ് മാത്രമുള്ള നോവലിന്റെ രണ്ടാം ഭാഗം ഒരു മികച്ച സറ്റയർ ആയി തോന്നി കാരണം, ആ ഭാഗം സവർണ്ണ വിഭാഗത്തിന് കാലക്രമത്തിൽ വന്ന മാറ്റത്തെ കുറിച്ചാണ്, ഒത്തിരി സിനിമകളും ധാരാളം നോവലുകളും ഈ വിഷയത്തെ കുറിച്ച് വന്നിട്ടുള്ളതു കൊണ്ട് കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർ റോബിൻ ജെഫ്റിയുടെ “നായർ മേധാവിത്വത്തിന്റെ പതനം” പോലെയുള്ള ചരിത്ര പുസ്തകങ്ങൾ വായിക്കാനാണ് കഥാകൃത്തിന്റെ നിർദ്ദേശം. മുടങ്ങിപ്പോയ ഉത്സവങ്ങൾ ആണ് ജനതയുടെ ഏറ്റവും വലിയ ആവശ്യം എന്ന് തിരിച്ചറിഞ്ഞു അതിനു വേണ്ടി ജീവൻ കളയുന്ന തമ്പുരാക്കാൻമാരും, തറവാട്ടു മഹിമ തിരിച്ചുപിടിക്കാൻ കഷ്ട്ടപ്പെടുന്ന ആര്യന്മാരും മാധവനുണ്ണിമാരും ഒക്കെ മലയാളസിനിമയിൽ വളരെ ആഘോഷപൂർവ്വം കൊണ്ടാടപ്പെട്ടിട്ടുണ്ട് . ജീവിതം പച്ചപിടിപ്പിക്കാൻ നെട്ടോട്ടമോടുന്ന പ്രവാസിയോ കീഴാളനോ ഇത്രമേൽ ആഘോഷിക്കപ്പെടുന്നില്ല എന്നതാണ് സത്യം.
ഭൗതികജീവിതം എത്രമേൽ ഉയർന്നിട്ടും ഏതുനിമിഷവും കഴുത്തിന് പിന്നിൽ വന്നു പതിക്കാവുന്ന അടി പ്രതീക്ഷിച്ചു ജീവിതം തള്ളിനീക്കേണ്ടി വന്ന കീഴാളജീവിതങ്ങളുടെ പ്രതീകമാണ് നമ്മുടെ പീലിപ്പോസ് ക്രിസ്ത്യാനിയും, കമ്യൂണിസ്റ്റും, പൊലീസും പിന്നെ എസ്.ഐ ഒക്കെ ആയിമാറിയിട്ടും അടിയുടെ ഭീതി അയാളെ വിട്ടു മാറുന്നില്ല. എപ്പോൾ വേണമെങ്കിലും അടികിട്ടപ്പെടേണ്ടവനോ അപമാനിക്കപ്പെടേണ്ടവനോ ആണ് താൻ എന്ന കീഴാളചിന്ത മാറ്റാൻ സമൂഹത്തിന് ഇതുവരെ കഴിഞ്ഞില്ല എന്ന ചിന്ത ഇവിടെ പങ്കുവെക്കുന്നു നമ്മുടെ എഴുത്തുകാരൻ. അടി ഭൗതികത്തിൽ നിന്ന് മാനസികമായി മാറിയതും നോവൽ പ്രതിപാദിക്കുന്നുണ്ട്. അവനവൻ കടമ്പ കടന്ന് ആത്മവിശ്വാസവും അടിക്ക് പകരം അടി എന്ന മനോഭാവവും മാത്രമേ ഇതിനു മറുമരുന്നായുള്ളു എന്ന് പറഞ്ഞു കൊണ്ട് നോവൽ അവസാനിക്കുന്നു.
സമ്പർക്കക്രാന്തിക്കും 124 ഇനും ശേഷം വായിക്കുന്ന ഷിനിലാലിന്റെ മൂന്നാമത്തെ നോവൽ ആണിത് വളരെ രസകരമായ ഒരു വായനാനുഭവം.
Comments are closed.