‘അടി’ത്തട്ടിലെ അന്യരാക്കപ്പെട്ട മനുഷ്യര്‍!
വി. ഷിനിലാലിന്റെ ‘അടി’ എന്ന നോവലിനെക്കുറിച്ച് എൻ. പ്രഭാകരൻ എഴുതിയത്
വി. ഷിനിലാലിന്റെ ‘അടി’ ഞാന്‍ ഇതിനു മുമ്പ് വായിച്ച നോവലുകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ്. മുഖ്യധാരാ ജീവിതം എന്നു പറയപ്പെടുന്ന ജീവിതം അന്യരും അധമരുമായി കാണുന്ന കള്ളവാറ്റുകാര്‍, ചട്ടമ്പികള്‍, തോന്നുംപടി ജീവിക്കുന്ന പെണ്ണുങ്ങള്‍, അവര്‍ക്കൊത്ത ആണുങ്ങള്‍, കള്ളന്മാര്‍ ഇവരൊക്കെയാണ് ഈ ചെറുനോവലിലെ കഥാപാത്രങ്ങള്‍. കഥാപാത്രങ്ങളുടെ സ്വഭാവം നിരീക്ഷിക്കുന്നതിലും അവരുടെ ജീവിതത്തിന്റെ ചില തലങ്ങള്‍ ആവിഷ്കരിക്കുന്നതിലും അനന്യമായ വൈഭവം പുലര്‍ത്തിയിരിക്കുന്ന എഴുത്താണ് ‘അടി’യില്‍ കണ്ടത്. അടിത്തട്ടിലെ അന്യരാക്കപ്പെട്ട മനുഷ്യര്‍ അനുഭവത്തിന്റെ ഓരോരോ അടരുകളെ സമീപിക്കുന്നതിലും വിശ്വാസങ്ങള്‍ രൂപപ്പെടുത്തുന്നതിലും പുലര്‍ത്തുന്ന വ്യത്യസ്തത വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട് ഷിനിലാല്‍.
ഒരു സന്ദര്‍ഭം മാത്രം ഉദാഹരിക്കാം.
തിരുവനന്തപുരത്ത് ഒരു പാര്‍ട്ടി സമ്മേളനത്തില്‍ ‘സിന്ദാബാ’ വിളിക്കാനായി പലരോടൊപ്പം ലോറിയില്‍ കയറി പോയ കാട്ടുമാക്കാന് കൃത്യസമയത്ത് തിരിച്ചെത്താത്തതു കാരണം നാട്ടില്‍ നിന്നു വന്ന ലോറിയില്‍ കയറിപ്പറ്റാന്‍ കഴിയാതെ വരുന്നു. ഒറ്റയ്ക്ക് നാട്ടിലേക്കു നടക്കുന്ന അയാളുടെ അനുഭവങ്ങളിലൊന്നിന്റെ വിവരണം നോക്കുക: “വയല്‍ വരമ്പുകളില്‍ കുതിച്ചു നില്‍ക്കണ കമുകിന്‍ തലപ്പുകളില്‍ നല്ല പൂക്കാടന്‍ പാക്ക് കൊലകൊലയാ പഴുത്ത് നിക്കണ കണ്ടപ്പം കാട്ടുമാക്കാന്റെ കാലും കൈയും വിരുവിരുത്തു.തലയില്‍ കെട്ടിയിരുന്ന തോര്‍ത്തൂരി, ത് ലാപ്പ് കെട്ടി ഒത്ത ഒരു കമുകില്‍ കയറാന്‍ തുടങ്ങി.പെട്ടെന്നു തന്നെ തിരികെ ഇറങ്ങി.എന്നിട്ടു ചിന്തിച്ചു ‘അല്ലെങ്കി വേണ്ട. ആരെങ്കിലും അറിഞ്ഞാ ഈയെമ്മസ്സിന് നാണക്കേടാവും’. നടത്തയ്ക്ക് വേഗം കൂട്ടി.”
Comments are closed.