‘ആധുനിക മലയാളസാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ’
ഡോ. കെ.എം. ജോര്‍ജ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ‘സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ’ എന്ന കൃതിയുടെ തുടര്‍ച്ചയും പൂരണവുമായി 1998-ല്‍ പ്രസിദ്ധീകരിച്ച ‘ആധുനിക മലയാളസാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ’ എന്ന കൃതിയുടെ പരിഷ്‌കരിച്ച് വിപുലീകരിച്ച പുതിയ പതിപ്പാണിത്. ഇത് ഇരുപതാം നൂറ്റാണ്ടുവരെയുള്ള ആധുനിക മലയാളസാഹിത്യത്തിന്റെ ചരിത്രമായിത്തീരുന്നു. ആദ്യപതിപ്പ് പുറത്തിറങ്ങിയതിനുശേഷം ചരിത്രപഠിതാക്കളുടെയും നിരൂപകരുടെയും പല അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ലഭിക്കുകയും, ആ നിര്‍ദ്ദേശങ്ങള്‍കൂടി പരിഗണിച്ച് പുതിയ പതിപ്പു തയ്യാറാക്കുകയുമാണ് ചെയ്തത്.
ആധുനിക മലയാളസാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ’ എന്ന കൃതിയുടെ ഈ പുതുക്കിയ പതിപ്പ് എല്ലാ ഭാഷാസ്‌നേഹികള്‍ക്കും പ്രയോജനപ്രദമാകുന്ന ഒന്നാണ്. കഴിഞ്ഞ ഒന്നേകാല്‍ ശതവര്‍ഷം മലയാളസാഹിത്യം എങ്ങനെ വികസിച്ചുവെന്നും പുഷ്‌കലമായി എന്നും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥം തികച്ചും സഹായകമാണ്.
ആദ്യപതിപ്പിന് ഡോ. കെ.എം. ജോര്‍ജ് എഴുതിയ പ്രസ്ഥാവന
ഈ പ്രസ്താവന എഴുതുമ്പോള്‍, ഏതാണ്ട് നാല്പത്തിരണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് ‘സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ’ എന്ന ഗ്രന്ഥത്തിന് എഴുതിയ ആമുഖത്തിലെ ആദ്യവാക്യം ഞാന്‍ ഓര്‍ക്കുകയാണ്. ആ വാക്യത്തിന്നടിസ്ഥാനം സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ പ്രസിദ്ധീകരണ പരിപാടികളെക്കുറിച്ചുള്ള ഒരു ചര്‍ച്ച ആയിരുന്നു. അന്നത്തെ യോഗത്തിന്റെ അധ്യക്ഷനായിരുന്ന ഈ ലേഖകന്‍ ചര്‍ച്ചയുടെ ഫലമായി ഉരുത്തിരിഞ്ഞ സാഹിത്യചരിത്രരചനയുടെ ഒന്നാംഭാഗത്തിന്റെ ജനറല്‍ എഡിറ്റര്‍ ആകാമെന്ന് സമ്മതിക്കുകയുണ്ടായി. അതിന്റെ ഫലമായി തയ്യാറാക്കപ്പെട്ട ‘സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ’ എന്ന കൃതി 1958-ല്‍ പ്രസാധനം ചെയ്യപ്പെട്ടു. ഈ സാഹിത്യചരിത്രം പ്രസ്ഥാനങ്ങളായി തിരിയേണ്ടതാണെന്നും അവ തമ്മിലുള്ള അതിര്‍ത്തിരേഖ സാഹിത്യത്തില്‍ ദൃശ്യമായിട്ടുള്ള നവോത്ഥാനത്തിന്റെ ആരംഭമായിരിക്കണമെന്നും ആ യോഗം തീരുമാനിച്ചു. രണ്ടാംഭാഗത്തിന്റെ എഡിറ്ററായി ചിലരെ സംഘം അക്കാലത്തുതന്നെ നിര്‍ദ്ദേശിച്ചുവെങ്കിലും എന്തുകൊണ്ടോ ഇതുവരെ ആ ഭാഗം തയ്യാറാക്കപ്പെട്ടില്ല.
എന്റെ സപ്തതിയോടനുബന്ധിച്ച് രൂപപ്പെട്ട ‘കെ.എം. ജോര്‍ജ് അവാര്‍ഡ് ട്രസ്റ്റി'(1984)ന് ഇക്കാര്യത്തില്‍ ഉത്സാഹം തോന്നാനും ഈ പുതിയ സമാഹാരത്തിന്റെ ജനറല്‍ എഡിറ്ററായി എന്നെ നിര്‍ദ്ദേശിക്കാനും തോന്നാന്‍ കാരണം, എന്റെ പ്രേഷ്ഠസുഹൃത്തായ ശ്രീ. പി. ഗോവിന്ദപ്പിള്ള 1995 ഏപ്രില്‍മാസത്തില്‍ എന്റെ ജന്മദിനത്തോടനുബന്ധിച്ചു ചെയ്ത മുഖ്യപ്രഭാഷണം ആണെന്നു ഞാന്‍ കരുതുന്നു. അദ്ദേഹം അങ്ങനെ ഒരഭിലാഷം സഭയുടെ മുമ്പില്‍ അവതരിപ്പിച്ചു. അത് കാര്യമായി ട്രസ്റ്റ് കരുതുകയും ചെയ്തു. അധികം താമസിയാതെ ട്രസ്റ്റംഗങ്ങള്‍ ഈ ഉത്തരവാദിത്വം എന്നെ ഏല്പിച്ചപ്പോള്‍ അവരുടെ സഹകരണം ഞാന്‍ തേടുകയുണ്ടായി. ഇതാണ് ‘ആധുനിക മലയാള സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ’ എന്ന കൃതിയുടെ അടിസ്ഥാനനിമിത്തം.
മലയാളനോവലും ചെറുകഥയും ആധുനികകവിതയും പ്രസ്ഥാനങ്ങളായി രൂപംകൊള്ളുന്നത് പാശ്ചാത്യസാഹിത്യങ്ങളുമായി ബന്ധപ്പെട്ടതിന്റെ ഫലമായുണ്ടായ നവോത്ഥാനം മൂലമാണല്ലോ; മൊത്തത്തില്‍ പറഞ്ഞാല്‍, 1875-നുശേഷം. ഈ ചരിത്രകൃതി ഈ ഘട്ടത്തോടെ ആരംഭിക്കുന്നു. അതിനുശേഷമുള്ള ഒന്നേകാല്‍ ശതകമാണ് ഈ ഭാഗത്തിന്റെ കാലഘട്ടം. അങ്ങനെ നോക്കുമ്പോള്‍ ഈ കൃതി ‘സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ’ എന്ന കൃതിയുടെ തുടര്‍ച്ചയും പൂരണവുമാണ്.
ആദ്യഘട്ടത്തില്‍ ഗാഥ, കിളിപ്പാട്ട്, ആട്ടക്കഥ, തുള്ളല്‍ എന്നിങ്ങനെ സാഹിത്യശാഖകളായി വ്യവഹരിക്കപ്പെടേണ്ട ഖണ്ഡങ്ങളെ പ്രസ്ഥാനങ്ങളായി കരുതുവാന്‍ അല്പം പ്രയാസം ഉണ്ടായി. എങ്കിലും അവ പൊതുജനങ്ങളുടെയും പണ്ഡിതന്മാരുടെയും അംഗീകാരം നേടിക്കഴിഞ്ഞു. പുസ്തകത്തിന് സാമാന്യാധികം പ്രചാരം ലഭിക്കുകയും ചെയ്തു. മാത്രമല്ല, മലയാളത്തില്‍ സാഹിത്യചരിത്രങ്ങള്‍ക്ക് പഞ്ഞമില്ലെങ്കിലും പ്രസ്ഥാനങ്ങളിലൂടെ ആസൂത്രണം ചെയ്യപ്പെട്ട ഈ കൃതിക്ക് പ്രതീക്ഷിച്ചതിലധികം സ്വീകാരം ലഭിക്കയും ചെയ്തു.
ആധുനികഘട്ടത്തില്‍ പ്രവേശിക്കുമ്പോള്‍ പ്രശ്‌നം അതല്ല. കവിത, നോവല്‍, ചെറുകഥ, നാടകം, ജീവചരിത്രം, ആത്മകഥ, ഉപന്യാസം, യാത്രാവിവരണം എന്നിവ പ്രസ്ഥാനങ്ങളായി കലര്‍പ്പില്ലാതെ പോകുമെങ്കിലും ബാക്കിയുള്ളവയ്ക്ക് അത്രത്തോളം അംഗീകാരം ലഭിച്ചിട്ടില്ല. ഒന്നുകില്‍ അവ ചില പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിരിക്കും. (ഉദാ: പഴയ ചെടികള്‍ പുതിയ പൂക്കള്‍, നിരൂപണം, ബാലസാഹിത്യം). അല്ലെങ്കില്‍ അവ സ്ഥാനം ഉറയ്‌ക്കേണ്ട പുതിയ മേഖലകള്‍ ആയിരിക്കും. (ഉദാ: ഗവേഷണം, ശാസ്ത്രസാഹിത്യം…). ഇതുരണ്ടുമല്ലെങ്കില്‍ സ്ഥാനം ഉറപ്പിക്കേണ്ട മേഖലകള്‍ ആണെന്നു വരും. (ഉദാ: പത്രമേഖല, റഫറന്‍സ് കൃതികള്‍). ഇവയെല്ലാം ചേരുമ്പോള്‍ കൃതിക്ക് ഒരു പൂര്‍ണത ലഭിക്കുമെന്നതിന് സംശയമില്ല. അങ്ങനെ ഒരു കൃതി ഇതുവരെ ലഭ്യമായിട്ടില്ല. അതാണ് ഈ പുതിയ ഗ്രന്ഥത്തിന്റെ മുഖ്യ പ്രസക്തി.
ഇക്കഴിഞ്ഞ ഒരു ശതകത്തില്‍ നമ്മുടെ സാഹിത്യം ഗണ്യമായി വികസിച്ചിട്ടുണ്ട്. പുസ്തകപ്രസാധനം നോക്കിയാല്‍ ഏതാണ്ട് പത്തിരട്ടി എന്നുതന്നെ പറയണം. അക്കാരണം കൊണ്ടുതന്നെ ആയിരം പുറങ്ങളില്‍ ഒരു സാഹിത്യചരിത്രത്തിന്റെ നവോത്ഥാനഘട്ടം മുഴുവന്‍ ഒതുക്കുക വളരെ പ്രയാസമുള്ള ഒരു കാര്യമാണ്–പ്രത്യേകിച്ച് ഇപ്പോഴും ധാരാളമായി എഴുതിക്കൊണ്ടിരിക്കുന്ന ആളുകളുടെ രചനയെ വിലയിരുത്താന്‍ ശ്രമിക്കുമ്പോള്‍. അതിനാല്‍ തിരഞ്ഞെടുപ്പ് അനിവാര്യമായിത്തീരുന്നു. ഈ വിഷയത്തില്‍ ഗണ്യമായ സ്വാതന്ത്ര്യം ലേഖകര്‍ക്ക് ജനറല്‍ എഡിറ്റര്‍ നല്കിയിട്ടുണ്ട്.
പ്രസ്ഥാനങ്ങളിലൂടെ ഒരു സാഹിത്യചരിത്രം നിര്‍മ്മിക്കുമ്പോള്‍ സ്വാഭാവികമായി വരുന്ന ന്യൂനതകളെക്കുറിച്ച് ‘സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ’ എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ട്. ചില ഭാഗങ്ങള്‍ പുറമ്പോക്കുകളായി പോകുമ്പോള്‍, മറ്റുചിലത് ഒന്നിലധികം എഴുത്തുകാര്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ട്. പുറമ്പോക്കുകളായി അധികം വരാതിരിക്കാനാണ് ഖണ്ഡങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നത്. ആവര്‍ത്തനം ഒഴിവാക്കാന്‍ കഴിവതും ശ്രമിച്ചിട്ടുണ്ട്. കുറേ ഘട്ടങ്ങളില്‍ പരസ്പരബന്ധങ്ങള്‍ സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. ബാക്കിയുള്ള ആവര്‍ത്തനങ്ങള്‍ ക്ഷന്തവ്യങ്ങളാണെന്നും ഓരോ ഖണ്ഡത്തിന്റെയും പൂര്‍ണതയ്ക്ക് അനുപേക്ഷണീയങ്ങളാണെന്നും ജനറല്‍ എഡിറ്റര്‍ കരുതുന്നു.
ഇതിനുവേണ്ട സാമാന്യനിര്‍ദ്ദേശങ്ങള്‍ 1996-ല്‍ കൊടുത്തതാകയാല്‍ 1995 വരെയുള്ള കൃതികള്‍ ഗണിച്ചാല്‍ മതിയെന്ന് ലേഖകര്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നു. എങ്കിലും ചില ലേഖകര്‍ 1996, 97ലെ ചില പ്രധാനകൃതികളെക്കുറിച്ച് പറഞ്ഞിട്ടുള്ളത് നിലനിര്‍ത്തിയിട്ടുണ്ട് എന്നുകൂടി പറയട്ടെ. സമകാലികകൃതികളുടെ വിലയിരുത്തലുകള്‍ക്ക് അതിന്റേതായ ദൗര്‍ബല്യങ്ങള്‍ സ്വതസ്സിദ്ധമാണ് എന്നതും ശ്രദ്ധിക്കേണ്ടതുതന്നെ.
ചില സാഹിത്യകാരന്മാരെ ഒന്നിലധികം ഖണ്ഡങ്ങളില്‍ പരാമര്‍ശിക്കേണ്ടതുണ്ടല്ലോ. അപ്പോള്‍ ആവര്‍ത്തനം വരാതിരിക്കാനും സാഹിത്യചരിത്രത്തില്‍ ജീവചരിത്രരേഖയ്ക്ക് അധികം പ്രസക്തി വരാതിരിക്കാനും ഉദ്ദേശിച്ച് നൂറ്റെണ്‍പതോളം എഴുത്തുകാരുടെ ജീവചരിത്രക്കുറിപ്പുകള്‍ ഒടുവില്‍ കൊടുത്തിട്ടുണ്ട്. (ഗ്രന്ഥകാരപരിചയം) പ്രബന്ധകര്‍ത്താക്കളുടെ പേരുകള്‍ അതില്‍ വരുന്നതല്ല, അവരുടെ വിലാസം വേറെ ചേര്‍ത്തിരിക്കുന്നു.
പ്രസ്ഥാനങ്ങളിലൂടെ ഒരു ചരിത്രംകൂടെ രചിക്കുവാന്‍ സൗമനസ്യം പ്രകടിപ്പിച്ച പ്രഗല്ഭരായ എല്ലാ ലേഖകരോടും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. മലയാളത്തെ സംബന്ധിച്ചിടത്തോളം ‘കോപ്പി എഡിറ്റിങ്’ എന്ന പ്രക്രിയ പുതിയതാണ്. ഇക്കാര്യത്തില്‍ എന്നെ സഹായിച്ച ശ്രീ. എം.വി. തോമസ് കോപ്പി എഡിറ്റിങ്ങും പ്രൂഫ് നോട്ടവും ശ്രദ്ധിച്ച് നിര്‍വഹിക്കുകയുണ്ടായി. അദ്ദേഹത്തിന് എന്റെ അകമഴിഞ്ഞ നന്ദി പ്രകാശിപ്പിച്ചുകൊള്ളട്ടെ. ഇതിന്റെ പ്രസാധനം നിര്‍വഹിക്കുന്നത് ഡി.സി. ബുക്‌സ് ആണ്. ഭംഗിയായും ഉറപ്പായും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ അവര്‍ക്കുള്ള പ്രാവീണ്യം ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഈ കൃതിയുടെ പ്രസിദ്ധീകരണവും ഭിന്നമല്ല. അവര്‍ക്കും നന്ദിപറയട്ടെ.
Comments are closed.