ഇന്ത്യന്‍ നവോത്ഥാനത്തിന് ബൗദ്ധകാലത്തോളം പഴക്കം: കെ. എം. അനില്‍
കേരളത്തിന്റെ സംവാദ പാരമ്പര്യത്തിലെ തിളങ്ങുന്ന നക്ഷത്രമാണ് വാഗ്ഭടാനന്ദന്‍ എന്ന് ഗ്രന്ഥകാരനായ കെ. എം. അനില്‍. കേരള സാഹിത്യോത്സവത്തിന്റെ ആദ്യ ദിനത്തില്‍ ആധുനിക കേരളത്തിന്റെ ശില്പികള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളിയെ ചിന്താപരമായി നയിച്ച നിരവധി നവോത്ഥാന നായകന്മാരുണ്ട്. 17-ാം നൂറ്റാണ്ടോടെ യൂറോപ്പ് ഒരു പ്രബുദ്ധതയുടെ പ്രസ്ഥാനമായി മാറി. യൂറോപ്പില്‍ പ്രബുദ്ധത വരുന്നത് ശാസ്ത്രത്തിലൂടെയും സാങ്കേതിക വളര്‍ച്ചയിലൂടെയുമാണ്. ശാസ്ത്ര സാങ്കേതിക വളര്‍ച്ച മത പൗരോഹിത്യത്തില്‍ മതത്തിന്റെ സ്ഥാപനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഉയര്‍ന്നുവന്നത് ഒരു പ്രത്യേക സന്ദര്‍ഭത്തിലാണ്. അങ്ങനെ മതബോധവും ശാസ്ത്രവും യൂറോപ്പില്‍ പ്രബുദ്ധത സൃഷ്ടിക്കുന്നു. അതേ സന്ദര്‍ഭത്തില്‍ ഇന്ത്യയില്‍ ജാതി സമൂഹ വിരുദ്ധ പ്രസ്ഥാനം നിലകൊള്ളുന്നു. മറ്റു സമൂഹത്തില്‍ നിന്നും ഇന്ത്യന്‍ സമൂഹം വ്യത്യസ്തമായത് ജാതി വ്യവസ്ഥിതികൊണ്ടാണ്. ഇന്ത്യന്‍ ജാതി വ്യവസ്ഥയ്‌ക്കെതിരെ രൂപപ്പെട്ട് വന്ന ദീര്‍ഘമായ ആലോചനകളുടേയും മുന്നേറ്റങ്ങളുടേയും ആകെ തുകയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നവോത്ഥാനം. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നവോത്ഥാനം പതിനെട്ടാം നൂറ്റാണ്ടിലോ പത്തൊമ്പതാം നൂറ്റാണ്ടിലോ ആരംഭിക്കുന്ന ഒന്നല്ല. അതിന്റെ ചരിത്രം പരിശോധിച്ചാല്‍ ഒരുപക്ഷെ ബുദ്ധന്റെ കാലം മുതല്‍ പഴക്കമുണ്ട് എന്ന് പറയാം. അപ്പോള്‍ ബൗദ്ധകാലം മുതലെങ്കിലും ഇന്ത്യന്‍ ജാതി വ്യവസ്ഥയ്‌ക്കെതിരെ നടത്തിയിട്ടുള്ള ദീര്‍ഘമായ സമരങ്ങളുടെ ആകെ തുകയാണ് ഇന്ത്യന്‍ നവോത്ഥാനം. ആ നവോത്ഥാനത്തിന്റെ പരിപ്രേഷ്യത്തിനകത്തുനിന്നു മാത്രമേ കേരളത്തിന്റെ ഈ ആധുനീകരണ പ്രക്രിയ നമുക്ക് വിലയിരുത്താനാവൂ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
കേരളീയ നവോത്ഥാന ചരിത്രത്തില്‍ പ്രധാന പങ്ക് വാഗ്ഭടാനന്ദനുണ്ട്. ആത്മവിദ്യ സംഘടന, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി രൂപീകരണം കൂടാതെ സംസ്‌കൃത പാണ്ഡിത്യത്തിലൂടെ ജ്ഞാനവിദ്യ എല്ലാവര്‍ക്കും പകര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആത്മവിദ്യാസംഘവും രൂപീകരിച്ചു. കേരളീയ നവോത്ഥാനം നല്‍കിയത് പുത്തന്‍ സ്വാതന്ത്ര്യ ബോധമാണെന്നും ബുദ്ധനിലൂടെയും അംബേദ്കറിലൂടെയും മനുഷ്യത്വത്തിന് മറ്റൊരു മാനം നല്‍കാന്‍ സാധിച്ചു എന്നും പറഞ്ഞുകൊണ്ട് സെക്ഷന്‍ അവസാനിച്ചു.
Comments are closed.