ദാസ്യവേല വിവാദം: എഡിജിപി സുധേഷ് കുമാറിന് സ്ഥാനചലനം
തിരുവനന്തപുരം: സായുധസേനാ ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് എ.ഡി.ജി.പി സുധേഷ് കുമാറിന് സ്ഥാനചലനം. സായുധ സേനകളില്‍ ജീവനക്കാരെ ദാസ്യവേല അടക്കമുള്ളവയ്ക്ക് നിര്‍ബന്ധിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് എഡിജിപിയെ സ്ഥലംമാറ്റിയത്. അതേസമയം ഇദ്ദേഹത്തിന് പകരം നിയമനം നല്‍കിയിട്ടില്ല. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി എസ് അനന്തകൃഷ്ണന്‍ എസ്.എ.പിയുടെ പുതിയ മേധാവിയാകും.
പൊലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറിന് മര്‍ദ്ദനമേറ്റത് അടക്കമുള്ള പരാതികളില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി സ്വീകരിക്കുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പൊലീസ് അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
അതേസമയം സുധേഷ് കുമാറിന്റെ മകള്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചെന്ന് വ്യക്തമാക്കി മെഡിക്കല്‍ കോളേജിലെ പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. കഴുത്തിന് പിന്നിലെ കശേരുക്കള്‍ക്ക് ക്ഷതമേറ്റിട്ടുള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments are closed.