അടയാളം-പി.എസ്.റഫീഖ്
ആയിടെയാണ് ഞാന്‍ ആദ്യമായി കട്ടത്. പത്ത് തേങ്ങയായിരുന്നു മോഷണമുതല്‍. മുതലാളിയുടെ പറമ്പുകടന്ന് ഒരു സന്ധ്യയ്ക്ക് വീട്ടിലോട്ട് പോവുകയായിരുന്നു. കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന തേങ്ങ കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. കഞ്ഞിക്ക് ചമ്മന്തിയരയ്ക്കാന്‍ അരമുറിത്തേങ്ങയില്ലാതെ ദൈവത്തിനെ പ്രാകുന്ന അമ്മയെ ഓര്‍ത്തു. എല്ലാം പൊതിയാത്തേങ്ങകളാണ്. മുതലാളിയെപ്പോലെതന്നെ. ഇരുട്ടിയപ്പോള്‍ എവിടന്നോ ഒരു ചാക്ക് തപ്പിയെടുത്ത് പതുക്കെ മുതലാളിയുടെ പറമ്പിലോട്ടിറങ്ങി പത്തുതേങ്ങ ചാക്കില്‍ കെട്ടി വീടിന്റെ പിന്നാമ്പുറത്ത് വന്നു. ഒടിയാനിരിക്കുന്ന പഴയ പാര തപ്പിയെടുത്ത് തേങ്ങ ഓരോന്നായി പൊതിച്ചു.
അപ്പന്‍ പോയപ്പോ പന്ത്രണ്ട് വയസ്സാണ്. വിശന്നാല്‍ മഴക്കാലത്തെ തവളകളെപ്പോലെ പല ശബ്ദത്തില്‍ കരയുന്ന എന്നെയും രണ്ട് ഇളയതുങ്ങളെയും നോക്കാന്‍ അമ്മ ഏതൊക്കെയോ അടുക്കളകളില്‍ പണിയെടുത്തു. ഒന്നും ഒന്നിനും തികയില്ലായിരുന്നു. മൂന്നെണ്ണത്തില്‍ ആണൊരുത്തനായതുകൊണ്ട്
പൊതിഞ്ഞുകൊണ്ടുവരുന്ന തീറ്റിമുതലുകളില്‍ മുക്കാല്‍പങ്കും അമ്മ എനിക്കുതന്നെ തന്നു. പെങ്ങമ്മാരും അമ്മയെപ്പോലെതന്നെ വറ്റിവരണ്ടു. എന്നാലും അവരുടെ പാത്രങ്ങളില്‍ ഞാന്‍ കയ്യിട്ടുവാരി. പ്രതിഷേ
ധിച്ചതിന് പെങ്ങമ്മാരെ അമ്മതന്നെ അടിച്ചു. എത്ര വെട്ടിനിരത്തിയാലും എന്റെ ആര്‍ത്തി വീണ്ടും വീണ്ടും മുളച്ചുവന്നു. ഞാന്‍ ഉണരുന്നത് രാവിലെ എന്തെങ്കിലും കഴിക്കാമല്ലോയെന്നാലോചിച്ചുകൊണ്ടായിരുന്നു. രാവിലത്തെ തീറ്റികഴിഞ്ഞാല്‍ അരി തിളയ്ക്കുന്നതിന്റെ ഒച്ചയും താളവും ശ്രദ്ധിച്ച് ഞാന്‍ പുരയ്ക്ക് ചുറ്റും നടന്നു. ആകാശത്തുനിന്ന് അപ്പവും മുട്ടക്കറിയും വര്‍ഷിക്കുന്നത് ഞാന്‍ കിനാവ് കണ്ടു. കുരിശുമായി മലകയറുന്ന മേഘങ്ങള്‍ക്കിടയില്‍നിന്ന് ഇറച്ചിക്കറിയും ചോറുമായി മാലാഖ പ്രത്യക്ഷപ്പെടുമെന്ന് എല്ലാ ദിവസവും വിചാരിച്ചു. അമ്മയും പെങ്ങമ്മാരും അടുപ്പില്‍ വച്ചാല്‍ ഉടനെ കത്തുന്ന കണക്കില്‍ കൂടുതല്‍ ഉണങ്ങിക്കൊണ്ടേയിരുന്നു. ഒരു ദിവസം പട്ടണത്തിലെ ആസ്പത്രിയില്‍ പോയിവന്ന അമ്മയ്ക്ക് ക്ഷയരോഗമാണെന്ന് വീടിന്റെ മൗനം പറഞ്ഞു. പണിയെടുക്കുന്ന വീടുകളില്‍നിന്ന് അമ്മയ്ക്ക് വിലക്കു വന്നു. മറ്റെന്തിനേക്കാളും സങ്കടം എനിക്കതായിരുന്നു. കിട്ടുന്ന എച്ചിലിന്റെ ബാക്കി കഴിക്കാന്‍ വരാറുള്ള തെണ്ടിപ്പട്ടിയെ അന്നാദ്യമായി വീടിന്റെ പിറകില്‍ നിന്ന് ഞാന്‍ കല്ലെറിഞ്ഞോടിച്ചു.
എനിക്ക് തിന്നണമായിരുന്നു. പടരന്‍ പുല്ലുകളും പൊന്തകളും പറിച്ച് വലിയ കെട്ടുകളാക്കി പശുക്കളും വലിയ ആലകളുമുള്ള വീടുകളില്‍ കൊണ്ടുചെന്നു വിറ്റു. പുല്ലിന്‍കെട്ടിന് കനംകൂട്ടാന്‍ അതിനുള്ളില്‍ കാണാത്തവിധം വലിയ മടലുകളോ കൊതുമ്പുകളോ തിരുകി. പലചരക്കോ മീനോ വാങ്ങിക്കൊടുത്ത് പല വീട്ടുകാരുടെയും സഹായിയായി. അവരുടെ അടുക്കളത്തിണ്ണകളിലിരുന്ന് അവര്‍ക്കു വേണ്ടാത്തതെല്ലാം തിന്നു. ചില വീടുകളിലെ വയസ്സുചെന്ന അപ്പാപ്പന്മാര്‍ക്കോ അമ്മൂമ്മമാര്‍ക്കോ ആശുപത്രിയില്‍ കൂട്ടിരുന്നു. തൂമ്പയെടുത്ത് കിളച്ചു. കല്ലും മണ്ണും ചാണകവും ചുമന്നു. മീന്‍ ചുമന്നു. കിട്ടുന്നതിലൊരു പങ്ക് അമ്മയെയും പെങ്ങമ്മാരെയും തീറ്റി.
ആയിടെയാണ് ഞാന്‍ ആദ്യമായി കട്ടത്. പത്ത് തേങ്ങയായിരുന്നു മോഷണമുതല്‍. മുതലാളിയുടെ പറമ്പുകടന്ന് ഒരു സന്ധ്യയ്ക്ക് വീട്ടിലോട്ട് പോവുകയായിരുന്നു. കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന തേങ്ങ കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. കഞ്ഞിക്ക് ചമ്മന്തിയരയ്ക്കാന്‍ അരമുറിത്തേങ്ങയില്ലാതെ ദൈവത്തിനെ പ്രാകുന്ന അമ്മയെ ഓര്‍ത്തു. എല്ലാം പൊതിയാത്തേങ്ങകളാണ്. മുതലാളിയെപ്പോലെതന്നെ. ഇരുട്ടി
യപ്പോള്‍ എവിടന്നോ ഒരു ചാക്ക് തപ്പിയെടുത്ത് പതുക്കെ മുതലാളിയുടെ പറമ്പിലോട്ടിറങ്ങി പത്തുതേങ്ങ ചാക്കില്‍ കെട്ടി വീടിന്റെ പിന്നാമ്പുറത്ത് വന്നു. ഒടിയാനിരിക്കുന്ന പഴയ പാര തപ്പിയെടുത്ത് തേങ്ങ ഓരോന്നായി പൊതിച്ചു. പത്തും കഴിഞ്ഞപ്പോള്‍ മടലെല്ലാം ചാക്കിലാക്കി പതുക്കെ പുഴയിലേക്ക് നടന്നു. കെട്ടഴിക്കാതെതന്നെ അത് അടങ്കലോടെ വെള്ളത്തിലിട്ടു. ഒഴുക്ക് അതിനെ നേരേ കൊണ്ടുപോയി മുക്കുന്നത് നോക്കി കുറച്ചുനേരം നിന്നു. മുകളില്‍നിന്ന് ചന്ദ്രനും കുറച്ചു നക്ഷത്രങ്ങളും മാത്രം എന്നെ നോക്കിനിന്നു…
എന്റെ വീടിരിക്കുന്നതിന്റെ രണ്ട് പറമ്പപ്പറത്തുള്ള മേനാച്ചേരിക്കാരുടെ അതിരില്‍ കുടമ്പുളി മരത്തിന്റെ കൂമ്പിലിരിക്കുമ്പോ ഞാനൊരു രഹസ്യം കണ്ടുപിടിച്ചു. മേനാച്ചേരിക്കാരുടെ വീട്ടിലെ വല്യകാരണവരും കുടികിടപ്പ് മേടിച്ച് തൊട്ടുതന്നെ താമസിക്കുന്ന കേലന്റെ കെട്ടിയവളും തെങ്ങിനെടുത്ത തടത്തില്‍ കെട്ടിപ്പിടിച്ചു കിടക്കുന്നു. പുളിമരത്തിന്റെ കൂമ്പിലിരുന്ന് ഞാന്‍ മുകളിലിരുന്ന ദൈവത്തെ നോക്കി ഒന്നുചിരിച്ചു. രണ്ടുതരം ചെയ്ത്തുണ്ടെന്ന് എനിക്കപ്പോഴാണ് ബോധ്യത്തില്‍ വന്നത്. ഒളിച്ചു ചെയ്യുന്നതും, വെട്ടത്തിലുള്ളതും. മനുഷ്യമ്മാര്‍ക്ക് ഇതുരണ്ടും ചെയ്യാതെ ജീവിക്കാന്‍ പറ്റില്ലെന്നും എനിക്കുതോന്നി. അന്നുമുതല്‍ കക്കുമ്പോള്‍ ഞാന്‍ വേറൊരാളായി മാറി. പണിയെടുക്കുമ്പോള്‍ ഇനിയും വേറൊരാള്‍. വെട്ടത്തില്‍ പണിയെടുക്കുമ്പോഴല്ല, ഇരുട്ടത്ത് കക്കുമ്പോഴാണ് കൂടുതല്‍ സന്തോഷം കിട്ടുന്നതെന്നും എനിക്കു മനസ്സിലായി.
കക്കാനും പണിയെടുക്കാനും ഒരുപോലെ ശരീരമെളകണം. രണ്ടുംചെയ്ത് എന്റെ ഊരയും കൈത്തണ്ടയും ഉള്ളങ്കൈയുമെല്ലാം തഴമ്പിച്ചു. ഞാന്‍ ഒത്ത ഒരാണായെന്ന് അമ്മയും പെങ്ങമ്മാരും എന്നോട് പറഞ്ഞു. അതിലും എനിക്കൊരു സന്തോഷമുണ്ടായി. ക്ഷയരോഗത്തിനുള്ള അമ്മയുടെ തടിയന്‍ഗുളിക കവലയ്ക്കലുള്ള സര്‍ക്കാരു ഡിസ്‌പെന്‍സറിയില്‍ പോയി ഞാന്‍ വാങ്ങിച്ചു കൊടുക്കാന്‍ തുടങ്ങി. കമ്പോണ്ടര്‍ അലിയാരുകുഞ്ഞ് വരാന്‍ ചിലപ്പോഴൊക്കെ താമസിക്കും. അന്നേരം ഞാന്‍ കുട്ടിമാപ്ലയുടെ ചായക്കടയില്‍ കയറി അടുക്കളപ്പുറത്തുള്ള പാത്രങ്ങളും ചെമ്പുമെല്ലാം കഴുകിക്കൊടുക്കും. മൂന്നോ നാലോ ചായ പ്രത്യേകമായി എടുത്ത് തൂക്കില്‍വെച്ച് കുട്ടിമാപ്ല എന്നെ ഏല്പിക്കും. തൊട്ടുതന്നെയുള്ള കടക്കാര്‍ക്കു കൊടുക്കാനാണ്. ഏറ്റവും അറ്റത്തൊരു പൊസ്തകക്കടയുണ്ട്. ആ നാട്ടിലുള്ള ആരും അവടന്ന് ഒറ്റ പൊസ്തകംപോലും വാങ്ങിക്കുന്നതു കണ്ടിട്ടില്ലെന്ന് കുട്ടിമാപ്ല പറയാറുണ്ട്. അയാള്‍ക്കുള്ള ചായ പ്രത്യേകത്തില്‍ പ്രത്യേകമാണ്. അത് തൂക്കിന്റെ കൃത്യം സ്ഥലത്ത് വയ്ക്കണം. കടയിലേക്കു കയറിയാല്‍ പൊസ്തകക്കടക്കാരന്‍ മുന്‍ഭാഗം കഷണ്ടി കയറിയ തലയും കണ്ണടയും പൊക്കിനോക്കുക പോലുമില്ല. ചായവയ്ക്കുന്ന ശബ്ദം കേട്ടാല്‍ ചെറുതായി ശരീരമൊന്നനങ്ങിയപോലെ നമുക്ക് തോന്നുമെന്നുമാത്രം. തനി വെള്ളജുബ്ബായും മുണ്ടുമാണ് അങ്ങേരുടെ വേഷം. ആര്‍ക്കും അയാളുടെ പേരറിയില്ലെന്നാണ് കുട്ടിമാപ്ല പറയാറ്. നല്ല വിരിഞ്ഞ കൈപ്പത്തിയും തോളിലെ മുഴുപ്പും എടുത്തുപിടിച്ച നടത്തവുമെല്ലാം കണ്ട് നാട്ടുകാര്‍ അയാളെ രഹസ്യമായി ഫയല്‍വാനെന്ന് വിളിച്ചിരുന്നു. നാട്ടിലെ യൂണിയനാപ്പീസിന്റെ സെക്രട്ടറി ചെറിയാച്ചനാണ് ഉടമസ്ഥന്റെ കയ്യീന്ന് കടമുറി വാടകച്ചീട്ടെഴുതിച്ചു കൊടുത്തത്. കപ്പലിലെ ജോലിക്കാരനായിരുന്നുവെന്ന് ചെറിയാച്ചനോടയാള്‍ പറഞ്ഞുവെന്ന് മറ്റൊരു കരക്കമ്പിയുമുണ്ട്.
ചെറിയ ചെറിയ പണികളില്‍നിന്ന് കുറച്ചു വലിയ അധ്വാനമുള്ള കാര്യങ്ങളൊക്കെ ആളുകളെന്നെ ഏല്പിക്കാന്‍ തുടങ്ങി. ഞാന്‍ തേങ്ങ കട്ട പറമ്പിന്റെ മൊതലാളിതന്നെ വലിയ തേങ്ങാക്കൂമ്പാരം പൊതിക്കാനെന്നെ ഏല്പിച്ചു. പതുക്കെ വീട്ടിലെ പട്ടിണി മാറിത്തുടങ്ങി. അമ്മയ്ക്കും പെങ്ങന്മാര്‍ക്കുമൊക്കെ ഒരുത്സാഹം വന്നു. എങ്കിലും എന്തെങ്കിലുമൊക്കെ കക്കാന്‍ എപ്പഴും എന്റെ കൈതരിച്ചു. ഒന്നും കിട്ടിയില്ലെങ്കില്‍ അറ്റകൈയ്ക്ക് കുട്ടിമാപ്ലയുടെ ചായക്കടയുടെ വലിപ്പിനകത്ത് കയ്യിട്ടു. പക്ഷേ, ഒരുദിവസം മാപ്ലയത് കണ്ടുപിടിച്ചു. അയാളെന്റെ കൊക്കിനു പിടിച്ചു തള്ളി കടയ്ക്ക് പുറത്താക്കി. പോകാതെ നിന്ന എന്നെ കടയ്ക്കകത്തുള്ള വിറകുകൊള്ളികൊണ്ടെറിഞ്ഞു. എല്ലാരും കേള്‍ക്കാന്‍ പാകത്തില്‍ പച്ചത്തെറി പറഞ്ഞു.
അന്ന് രാത്രിയില്‍ മാപ്ലയുടെ കടയുടെ തൊട്ടുനേരേയുള്ള മതിലില്‍ ഞാനൊരു പണിചെയ്തു. ഒരു ചോക്കുവാങ്ങി നേരത്തേ വച്ചിട്ടുണ്ടായിരുന്നു. പാതിരയില്‍ സെക്കന്റ്‌ഷോ കഴിഞ്ഞ് ആളുകള്‍ പോകുന്നതുവരെ ഇരുട്ടത്തിരുന്നു. ഒന്നുരണ്ട് തീപ്പെട്ടി കരുതിയിട്ടുണ്ടായിരുന്നു. മതിലിന്റെ മുമ്പില്‍ ചെന്നുനിന്ന് തീപ്പെട്ടിയുരച്ച് എഴുതാനാരംഭിച്ചു. കൊച്ചൗസേപ്പ് മകന്‍ കുട്ടിമാപ്ല ഒരു തെണ്ടിയാണ് എന്നാണ് ആദ്യമെഴുതിയത്. പണ്ടെങ്ങാണ്ട് വോട്ട് നടന്നപ്പോ പാര്‍ട്ടിക്കാര് വരച്ച അരിവാളും ചുറ്റികയും മാഞ്ഞുതുടങ്ങിയിട്ടുണ്ടായിരുന്നു. അതിന്റെ മുകളിലാണ് എഴുത്ത്. ആദ്യത്തെ എഴുത്ത് കഴിഞ്ഞപ്പോ അതിനടിയില്‍ കുട്ടിമാപ്ലയുടെ അപ്പന്‍ കൊച്ചൗസേപ്പ് മാര്‍ക്കം കൂടിയതാണ് എന്നെഴുതി. മൂന്നാമത്, കുട്ടിമാപ്ല ചായക്കടയുടെ അകത്ത് മൂത്രമൊഴിക്കും എന്നാണെഴുതിയത്. ഇത്രയും കഴിഞ്ഞപ്പോഴേക്കും തീപ്പെട്ടിയിലെ കൊള്ളിയെല്ലാം ഏകദേശം തീരുകയും എന്റെ കൈ ചെറുതായിട്ടു പൊള്ളുകയും എനിക്ക് കുട്ടിമാപ്ലയോടുള്ള പ്രതികാരം തീര്‍ന്നുപോവുകയും ചെയ്തു.
രണ്ടുദിവസം ഞാന്‍ കവലയിലേക്കു പോയില്ല. മൂന്നാമത്തെ ദിവസം ചെല്ലന്റെ പെട്ടിക്കടയുടെ മൂലയില്‍ ചെന്നുനിന്ന് മതിലിലേക്കു കണ്ണേറ് നടത്തി. ആരും അതൊന്നു നോക്കുന്നതുപോലും ഞാന്‍ കണ്ടില്ല. ഇടയ്‌ക്കൊരു പട്ടിവന്ന് മതിലിനോടു ചേര്‍ന്നുനിന്ന് കാലുപൊക്കി മുള്ളിയശേഷം അതിന്റെ പാട്ടിനുപോയി. കുറെനേരം നിന്ന് മടുത്തപ്പോ ഞാന്‍ ഒന്നും പറ്റിയിട്ടില്ലാത്തതുപോലെ മാപ്ലയുടെ കടയിലേക്കു ചെന്ന് ഒരു ചായയ്ക്ക് പറഞ്ഞു. എന്നെ കണ്ട ഉടനെ മാപ്ല പതുക്കെ നടന്നുവന്ന് എന്റെ മുടിയില്‍ കൂട്ടിപ്പിടിച്ച് പൊക്കിക്കൊണ്ടുപോയി വലിയൊരു ചെമ്പില്‍ നിറച്ചുവെച്ചിരുന്ന വെള്ളത്തില്‍ എന്റെ തലമുക്കി. അതുപോലെതന്നെ പുറത്തേക്കു വലിച്ചുകൊണ്ടുവന്ന് എന്റെ നനഞ്ഞമുടി കൂട്ടിപ്പിടിച്ച് മതിലിലെഴുതിയതു മുഴുവന്‍ മായിച്ചു. മാനക്കേടും കരച്ചിലുംകൊണ്ട് വിറച്ച് ഞാന്‍ പതുക്കെ മാപ്ലയുടെ തിണ്ണയില്‍തന്നെയിരുന്നു. അയാളകത്തുപോയി രണ്ടപ്പമെടുത്ത് അതില്‍ കടലപ്പുഴുക്കും ചാറുമൊഴിച്ച് ഒരു ചായയുമെടുത്തു കൊണ്ടുവന്ന് എന്റെ അരികത്ത് വച്ചിട്ടു പറഞ്ഞു:
”കക്കണമെങ്കി, കനപ്പെട്ടത് കക്കണം.”ഒരുദിവസം പൊസ്തകക്കടക്കാരനുള്ള ചായയുംകൊണ്ട് ചെല്ലുമ്പോ അങ്ങേര്‍ കസാലയില്‍ തല ചായ്ച്ചുകിടന്ന് പാട്ടുകേക്കുകയാണ്. പാടുന്നത് ഹിന്ദിയാണെന്നെനിക്ക് മനസ്സിലായി. പാട്ടുവരുന്നത് ഒരു പെട്ടീടേം കോളാമ്പീടേം ഉള്ളീന്ന്. ആരോ കരയുന്നതുപോലെയാണ്
പാട്ട്. അന്നുവരെ അയാളോടു മിണ്ടിയിട്ടില്ലാത്ത ഞാന്‍ ഒന്ന് തൊണ്ടയനക്കി ആരാണു പാടുന്നതെന്ന് ചോദിച്ചു. എന്നെ ഇതുവരെ അങ്ങേര്‍ ശ്രദ്ധിക്കാത്തതുകൊണ്ട് നേരേ മുമ്പില്‍ കേറിനിന്നാണു ചോദിച്ചത്. നെറ്റിയിലോട്ട് പൊക്കിവെച്ചിരുന്ന കണ്ണട പതുക്കെ കൈകൊണ്ട് തട്ടി മൂക്കിലോട്ടു താഴ്ത്തി കയ്യിലിരുന്ന ബീഡി ആഞ്ഞു വലിച്ച് ഹൂ… എന്ന് പുകവിട്ട് അയാളെന്നെ അടിമുടി നോക്കിയിട്ട് എന്തോ പേരുപറഞ്ഞു. കസേരയുടെ തൊട്ടുമുമ്പില്‍ വച്ചിരുന്ന സ്റ്റൂളില്‍ ഒരു തടിയന്‍ പൊസ്തകമിരിപ്പുണ്ട്. പൊസ്തകത്തിന്റെ ഉള്ളില്‍ ഒരു നീളന്‍സ്‌കെയിലും. സാധാരണ ചായ താഴെവെച്ചിട്ട് പോകാറുള്ള എന്റെ നേരേ അങ്ങേര്‍ കൈനീട്ടി. ഞാന്‍ തൂക്കില്‍നിന്ന് ചായയെടുത്തു കൊടുത്തു പോകാന്‍ തുടങ്ങി. ഏകദേശം വാതിലിനടുത്തെത്തിയപ്പോള്‍ ”ഡേയ് പയ്യന്‍” എന്നൊരു വിളി. ഞാന്‍ തിരിഞ്ഞു. അങ്ങേര്‍ കൈനീട്ടി കോളാമ്പിയിലെ പാട്ടുനിര്‍ത്തി ചുണ്ടനക്കി.
”നീയാ മതിലില്‍ എഴുതിയതിനകത്ത് നെറയെ അക്ഷരപ്പെശകുണ്ട്.”നീളന്‍ ജുബ്ബയ്ക്കകത്ത് കയ്യിട്ട് മടക്കിവെച്ചിരുന്ന പകുതി കടലാസെടുത്തു നീട്ടി ഒന്നുകൂടിപറഞ്ഞു. ”കള്ളനാണെങ്കിലും എഴുതുമ്പോ തെറ്റരുത്. നീ എഴുതിയതൊക്കെ ഇതിനകത്തു തെളിയിച്ചെഴുതിയിട്ടുണ്ട്.”
അയാളുടെ കള്ളന്‍വിളി എനിക്ക് ദഹിച്ചില്ല. അങ്ങേര്‌ടെ ഒന്നും ഞാന്‍ കട്ടില്ല. അയാള്‍ ചായയിലോട്ട് കമിഴ്ന്നപ്പോള്‍ കടലാസുചുരുട്ടി ഞാന്‍ കടയുടെ മൂലയ്‌ക്കെറിഞ്ഞു. പുറത്തുകടന്നപ്പോള്‍ ഇങ്ങേരുടെ കടേന്ന് എന്തേലും കക്കണമെന്നെനിക്കു തോന്നി. പൊസ്തകമല്ലാതെ ഒന്നും അവടില്ല. പാട്ടുപെട്ടി പൊക്കിയാല്‍ നാടു മുഴുവനറിയും. എന്നാലും രണ്ടുദിവസം കഴിഞ്ഞ് ചായകൊണ്ടുചെന്നപ്പോള്‍ ഞാനാ തടിയന്‍ബുക്കു പൊക്കാന്‍നോക്കി. ഞങ്ങട ഹെഡ്മാഷായിരുന്ന വേലുപ്പിള്ള സാറിന് കൊടുത്താ എന്തെങ്കിലും തരും. പൊസ്തകത്തിനകത്ത് വച്ചിരുന്ന നീളന്‍ സ്‌കെയിലെടുത്തുമാറ്റി അതിങ്ങ് മോളിലോട്ടു പൊക്കിയതും അങ്ങേര്‍ ഒച്ചയിട്ടു.
”പയ്യന്‍…എന്തിനാ അതെടുക്കുന്നത്?”
ഞാന്‍ വിറച്ച് പൊസ്തകം താഴെവെച്ചു. എന്നിട്ട് അറിയാത്ത ഒരുകാര്യം ചോദിക്കുന്നതുപോലെ ചോദിച്ചു.
”ഈ സ്‌കെയിലിങ്ങനെ വയ്ക്കുന്നത്?”
അയാള്‍ നേരേ എന്റെ മുമ്പില്‍ വന്നുനിന്ന് കണ്ണടയെടുത്ത് ഒരുകയ്യില്‍ പിടിച്ച് രണ്ടു കയ്യും എളിക്കു കുത്തി ഫയല്‍വാനെപ്പോലെ എന്റെ നേരേ നോക്കിപ്പറഞ്ഞു.
”ഡേയ്…അതടയാളമാണ്. വായിച്ചുനിര്‍ത്തിയതിന്റെ മാത്രമല്ല. ഞാനും നീയും ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നതിന്റേം. നീ പോയിക്കഴിയുമ്പോ ഞാന്‍ വീണ്ടുമതെടുത്തു വായിക്കും. അപ്പോള്‍ ഇതുവരെയുള്ള അടയാളം മാഞ്ഞുപോകും.”
ഒന്നും മനസ്സിലാകാതെ ഞാനിറങ്ങിപ്പോന്നു. അയാളുടെ കടയില്‍ നിന്ന് എന്തെടുത്താലും അയാളത് കണ്ടെത്തുമെന്നെനിക്കു മനസ്സിലായി. അല്ലെങ്കില്‍തന്നെ പൊസ്തകം കട്ടിട്ട് ഞാനെന്തു ചെയ്യാനാണ്. വേലുപ്പിള്ളസാറിന് കൊറേ തടിയന്‍ ബുക്കുള്ളതുകൊണ്ട് വേണ്ടെന്നു പറഞ്ഞെങ്കിലോ?
അന്ന് കുട്ടിമാപ്ലയുടെ കടയില്‍ പിടിപ്പത് പണിയുണ്ടായിരുന്നു. വിറക് കീറി എന്റെ കൈയിലെ തഴമ്പടര്‍ന്നു. എന്നാലും എനിക്കെന്തൊക്കെയോ ഉല്ലാസം തോന്നി. പണപ്പെട്ടിയുടെ നേരേ എന്റെ കൈ ചെല്ലാതിരിക്കാന്‍ മാപ്ല അതിന്റരികത്ത് തന്നെ ഉണ്ടായിരുന്നു. വൈകുന്നേരം കൂലിമേടിച്ച് വീട്ടില്‍ പോകാന്‍ നേരം പൊസ്തകക്കടക്കാരന്‍ പടിഞ്ഞാറോട്ട് സൈക്കിളില്‍ പായുന്നത് കണ്ടു. സൈക്കിളിന്റെ പിറകില്‍ പാട്ടുപെട്ടി വച്ചിട്ടുണ്ട്. അതിന്റെ കോളാമ്പി എന്നെ നോക്കുന്നു. വൈകുന്നേരത്തെ വെയില്‍ അയാളുടെ കഷണ്ടിത്തലയില്‍ വീഴുന്നുണ്ട്. ആ തിളക്കവും പെട്ടിയില്‍നിന്ന് അപ്പോഴും വന്നുകൊണ്ടിരുന്ന പാട്ടും അകന്നകന്നുപോയി.
പെട്ടെന്നൊരുദിവസം എനിക്കാകപ്പാടെ ഒരു മടുപ്പുതോന്നി. അങ്ങനെ തോന്നിയതും ഞാന്‍ മേനാച്ചേരിക്കാരുടെ പറമ്പിനകത്ത് കടന്നു. എന്തെങ്കിലും ചൂണ്ടാന്‍ വേണ്ടിയാണ് വേലിഞൂണ്ട് അകത്തുകയറിയത്. ഇഷ്ടംപോലെ പുളീം ലൗലോലിക്കയും അമ്പഴങ്ങായും മൂന്നാലുതരം മാവുമൊക്കെയുള്ള പറമ്പാണ്. കൂവച്ചെടികള്‍ കൂട്ടംകൂടിനിക്കുന്ന ചെറിയ കൈത്തോടിന് കുറുകെ വച്ചിരിക്കുന്ന വലയില്‍ ഒരു മൂര്‍ഖന്‍ പെട്ട് മറിയുന്നത് കണ്ടു. അതിനെ കുറച്ചുനേരം നോക്കിനിന്ന് ഞാനാ വീടിന് നേരെ നടന്നു. കഴിഞ്ഞമാസം അവിടെയൊരു കല്യാണമായിരുന്നു. വല്യകാരണവരുടെ മകന്‍ കൊണ്ടുവന്ന പെണ്ണ് ആ നാട്ടിലെങ്ങും കണ്ടിട്ടില്ലാത്തത്രയും വലിയ സുന്ദരിയാണെന്ന് അമ്മേം പെങ്ങമ്മാരും പറഞ്ഞ് കേട്ടിരുന്നു. വീടിന് ചുറ്റുവട്ടത്തൊന്നും ആരുമില്ല. ഒന്നു രണ്ട് ചുറ്റ് നടന്നുനോക്കിയപ്പോ എനിക്കാ വീട്ടി കേറി കക്കണോന്ന് തോന്നി. ഉച്ച കഴിഞ്ഞ സമയമാണ്. എല്ലാരും ഉറക്കത്തിലായതുകൊണ്ടാണ് പൊറത്തില്ലാത്തത്. കേട്ടുകേള്‍വിയിലെ കള്ളമ്മാരൊക്കെ ചെയ്തതു പോലെ ഓട് പൊളിച്ച് അകത്തു കയറാനായിരുന്നു എന്റെ ഉദ്ദേശ്യം. ചെറിയ മരയേണി വെറക് പെരേടെ അകത്തൂന്ന് തപ്പിക്കൊണ്ടുവന്ന് ഞാന്‍ പിന്നാമ്പുറത്തെ ചുമരില്‍ ചാരി പതുക്കെ മേളിലോട്ട് കേറി. തള്ളിനിന്നിരുന്ന കഴുക്കോലില്‍ ചവിട്ടി ഓട്ടിന്‍പുറത്തേക്ക് കവച്ച് അള്ളിപ്പിടിച്ചിരുന്ന് മെല്ലനെ ഒരോട് നീക്കി. ആള്‍ക്കിറങ്ങാന്‍ പാകത്തില്‍ ഓരോടുകൂടി ഇളക്കിയപ്പോഴാണ് അകത്തോട്ടുള്ള കാഴ്ച തെളിഞ്ഞത്. കൃത്യം കുളിമുറിയുടെ മുകളിലാണ് എന്റെ ഇരിപ്പ്. താഴെ ഈ നാട്ടിലേക്കും വച്ച് ഏറ്റവും വലിയ സുന്ദരിയെന്ന് അമ്മയും പെങ്ങമ്മാരുംപറഞ്ഞ പെമ്പ്രന്നോര് നിന്നുകുളിക്കുന്നു. സോപ്പിന്റെ മണം പെട്ടെന്ന് മേലെയെത്തി. എന്റെ അരക്കെട്ട് പെട്ടെന്ന് കനം വെച്ചു. മേലൊക്കെ തീയാളി. സോപ്പും വെള്ളവും അവരുടെമേലും തുളുമ്പിക്കൊണ്ടേയിരിപ്പാണ്. നെറ്റീന്ന് നെഞ്ചുവഴി വെള്ളത്തിന്റെ ചാല് കീറിയൊഴുകുന്നു. തലവഴി വെള്ളമൊഴിച്ചപ്പോ അവരുടെ ദേഹത്തിന് വീണ്ടും തെളിച്ചം വന്നു. ഞാന്‍ തന്നെ എന്തോ ശബ്ദമുണ്ടാക്കിയതു കേട്ട് അവര്‍ മുകളിലോട്ടു നോക്കി. എന്നെയവര്‍ ശരിക്ക് കണ്ടു. പേടിച്ച് തിരിഞ്ഞപ്പോള്‍ അവരുടെ മുലകള്‍ രണ്ടും പെടച്ച് കൂട്ടിത്തല്ലി. ഞാന്‍ ഓടിന്റെ മോളീന്ന് താഴോട്ട് പോന്നു. വീണിടത്ത് നിന്നെഴുന്നേറ്റ് ഞാനോടി. വഴിക്ക് തോടുചാടുമ്പോ വല വീണ്ടും കെണിയാക്കിച്ചുറ്റി മൂര്‍ഖന്‍ രക്ഷയില്ലാതെ കിടക്കുന്നത് വീണ്ടും കണ്ടു. അന്നുരാത്രി എന്നെ കയ്യില്‍ കിട്ടിയാല്‍ ശരിപ്പെടുത്താന്‍ കണക്കാക്കി ആരൊക്കെയോ വീട്ടില്‍ വന്നു. ഞാനന്നേരം ഏതോ കൈതക്കൂട്ടിലായിരുന്നു. എന്നെ കണ്ടുകിട്ടിയാല്‍ ആ നാട്ടിലുള്ള ആരും കൊല്ലുമെന്നെനിക്കു തോന്നി. ബഹളങ്ങളെല്ലാമൊതുങ്ങി പകുതി രാത്രിയായപ്പോള്‍ പതുക്കെ ഞാന്‍ കൈതക്കൂട്ടീന്നിറങ്ങി നടന്നു. ആരൊക്കെയോ പിറകേ വരുന്നെന്നു തോന്നിയപ്പോള്‍ ഓടി. പന്ത്രണ്ടിന്റെ തീവണ്ടി എന്റെ വലത്തുഭാഗത്തെ റെയിലിലൂടെ പാഞ്ഞുപോയി.
ഞാന്‍ നിര്‍ത്താതെ വണ്ടിക്കൊപ്പമോടി. ഓടീം നടന്നും പുലര്‍ച്ചയ്ക്ക് ഏതോ പൂട്ടിയിട്ട കെട്ടിടത്തിന്റെ തിണ്ണേലിരുന്ന് ഒറങ്ങിപ്പോയി.വീടിന്റേം കവലേടേം അതിരറ്റത്തുനിന്ന് എവടേം പോയിട്ടില്ലാത്ത ഞാന്‍ പിന്നീട് ഏതു നാട്ടിലൊക്കെ നടന്നെന്ന് എനിക്കുതന്നെ പിടുത്തം പോരാ. ഒരു വെളുപ്പാങ്കാലത്ത് അമ്മ വിളിക്കുന്നപോലെ തോന്നി ഒറക്കം ഞെട്ടിയപ്പോ ഞാനൊരു തമിഴന്റെ ചായക്കടയുടെ മോളിലുള്ള വാടകമുറീലാണ്. എണീറ്റിരുന്ന് ബീഡി തപ്പിയെടുത്തു ചുണ്ടത്തുവെച്ച് കത്തിച്ചപ്പോ വെറുതെയൊരു കൊല്ലക്കണക്കാലോചിച്ചതാണ്. അന്നേക്ക് മൂന്നു കൊല്ലത്തോളമായി അമ്മേം പെങ്ങമ്മാരേം കണ്ടിട്ടെന്ന് വിചാരിച്ചപ്പോഴേക്കും എന്റെ കണ്ണീന്ന് വെള്ളംവന്നു. ഈ മൂന്നുകൊല്ലത്തിനെടേല് കൊറേ നാടുകളുടെ ചെമ്മണ്ണുപൊടി എന്റെ മുടീലും താടീലും പറ്റീട്ടുണ്ട്. ബീഡി വലിച്ചുതള്ളി മീശേടെ ചെല രോമങ്ങളും ചൂണ്ടുവെരലിന്റേം നടുവെരലിന്റേം ഉള്‍വശോം മഞ്ഞിച്ചിട്ടുണ്ട്. ഒച്ച ഒറച്ചിട്ടുണ്ട്. തോളും നെഞ്ചും ഒന്നുകൂടി വിരിഞ്ഞിട്ടുണ്ട്. മുമ്പ് ലോകത്തിനോടൊര് പേടിയൊണ്ടായിരുന്നതു പോയിട്ടുണ്ട്. ഇപ്പോ കയ്യില്‍ തിന്നാനും കുടിക്കാനുമുള്ള കാശുണ്ട്. ഉടനെ തിരിച്ചുവരാമെന്നു തമിഴന് ഉറപ്പുകൊടുത്തിട്ട് ഞാന്‍ അന്നുതന്നെ നാട്ടിലോട്ടു വണ്ടികയറി.
വല്ലാത്തൊരത്ഭുതം. നാട്ടിലുള്ളവരാരും എന്നോടൊരു വിരോധവും കാണിച്ചില്ല. തലേന്ന് രാത്രി കണ്ടുപിരിഞ്ഞതുപോലെയാണ് ഓരോരുത്തനും ഓരോരുത്തിയും എന്നോടു പെരുമാറിയത്. കുട്ടിമാപ്ലയുടെ പുത്തനാക്കിയ ചായക്കടയിലെനിക്ക് വലിയ സ്വീകരണമായിരുന്നു. കുടിച്ച ചായയ്ക്കും കടിക്കുമുള്ള കാശ് കൊടുത്തിട്ടുപോലും മാപ്ല വാങ്ങിയില്ല. അന്നേരം കടയിലുണ്ടായിരുന്ന വേലുപ്പിള്ള സാര്‍ പതിവില്ലാതെ ഓരോ വിശേഷങ്ങള്‍ ചോദിച്ചു. മാപ്ലയുടെ കടേന്നെറങ്ങുമ്പോ ഞാന്‍ പൊസ്തകക്കടയിലേക്കു പാളിനോക്കി. അതടഞ്ഞു കിടപ്പായിരുന്നു. വീട്ടിലോട്ട് നടക്കുമ്പോ മേനാച്ചേരിക്കാരണവരെ വരമ്പീ വെച്ച് കണ്ടു. എന്നെയൊന്ന് നോക്കിയതല്ലാതെ അങ്ങേരുമൊന്നും മിണ്ടിയില്ല. എനിക്ക് വഴിയൊഴിഞ്ഞു തരികയും ചെയ്തു. ഒന്നു ചിരിച്ചോന്നുപോലും സംശയം തോന്നി. വീട്ടിച്ചെല്ലുമ്പ അമ്മ കൊറേ പതം പറഞ്ഞ് കരഞ്ഞതല്ലാതെ വേറൊന്നുമുണ്ടായില്ല. പെങ്ങമ്മാര് രണ്ടും പണിക്ക് പോയിത്തുടങ്ങിയതിന്റെ മാറ്റം അവിടെയുണ്ടായിരുന്നു. അമ്മ ബൈബിളെടുത്ത് എന്റെ മുമ്പില്‍ നിന്ന് തുറന്ന് അടയാളം വെച്ച ചിട്ടിക്കടലാസെടുത്തു മാറ്റി ആ ഭാഗം ഞാന്‍ പോയ അന്നുമുതല്‍ വായിക്കുന്നതാണെന്ന് പറഞ്ഞു. ‘മരുഭൂമിയിലൂടെ വാഹനമേറി വരുന്നവനു വഴിനിരത്തുവിന്‍’ എന്നു തുടങ്ങുന്ന വചനം അമ്മ കുറച്ചുനേരം വായിച്ചു. അല്പം കഴിഞ്ഞ് നല്ല തണുത്ത എണ്ണ തലയിലൊഴിച്ച് മുണ്ടും വാസനസോപ്പും എടുത്തു തന്നു. തോട്ടില്‍ പോയി കുളിച്ചുവന്നപ്പോഴേക്കും ചോറുവിളമ്പി. തേങ്ങ ചുട്ടരച്ച ചമ്മന്തിയും മൊളകിട്ട ആറ്റുമീനും കൂട്ടി ചോറുണ്ടപ്പോഴേക്കും എനിക്കു നന്നായി ഉറക്കം വന്നു. അമ്മ എന്റെ തലയിണയ്ക്കടിയില്‍ ഏതോ പ്രാര്‍ത്ഥനാപ്പുസ്തകം ബൈബിളില്‍ വച്ച അടയാളംപോലെ കൊണ്ടുവന്നുവച്ചു.പിറ്റേന്നു കവലയില്‍ ചെല്ലുമ്പോള്‍ കുട്ടിമാപ്ലയുടെ കടയില്‍ കവലയ്ക്കല്‍ പെട്ടിക്കട നടത്തുന്ന ചെല്ലനിരുന്ന് ചായ കുടിക്കുന്നു. ഒരു കാരണവുമില്ലാതെ അവനെനിക്കും ചായ പറഞ്ഞു. പുറത്തിറങ്ങാന്‍ നേരത്ത് എന്നെ കണ്ണുകൊണ്ട് മാടിവിളിച്ച് പിറകേ കൊണ്ടുപോയി അവന്റെ പെട്ടിക്കടയുടെ അരികത്ത് നിര്‍ത്തി. സിഗരറ്റ് കൂട്ടീന്ന് കൂടിയ ഒരു സിഗരറ്റെടുത്ത് അവന്‍തന്നെ എന്റെ ചുണ്ടില്‍വെച്ച് കത്തിച്ചുതന്നു. ഏതോ പുണ്യാളച്ചനെ നോക്കുംപോലെയാണ് അവനെന്നെ നോക്കുന്നതെന്നെനിക്കു തോന്നി. ഞാന്‍ എന്താ കാര്യമെന്ന് അവനോടു കണ്ണുകൊണ്ട് ചോദിച്ചു. ചെല്ലന്‍ ഇളിച്ചുകൊണ്ട് എന്നോടു മുക്കി മുക്കിപ്പറഞ്ഞു.
”ഡേയ് അന്നുണ്ടായ കഥയൊന്ന് പറ.”ഒരു നിമിഷം എനിക്കൊന്നും മനസ്സിലായില്ല. ഏതെന്ന് ഞാന്‍ സംശയിച്ചു നില്‍ക്കുമ്പോള്‍ മേനാച്ചേരീടെ മരുമോളു പെണ്ണിന്റെ കുളി കണ്ട കഥയെന്ന് അവന്‍തന്നെ ഇങ്ങോട്ടു പറഞ്ഞു. ദേഷ്യം വന്ന് ഞാന്‍ കുട്ടിമാപ്ലയുടെ കടയിലേക്കുതന്നെ ചെന്നു. കടയില്‍ നല്ല തിരക്കായതുകൊണ്ട് കൊറേനേരം പതിവുപോലെ മാപ്ലയെ സഹായിച്ചു. പൊസ്തകക്കടക്കാരന്‍ പോയതീപ്പിന്നെ ആ മുറിയൊഴിവാണെന്ന് അപ്പോഴാണ് മാപ്ലയെന്നോടു പറഞ്ഞത്. അവിടെയുണ്ടായിരുന്ന കൊറേ പൊസ്തകങ്ങള്‍ മാപ്ലയുടെ കടയ്ക്കകത്തിരിക്കുന്ന പഴേ അലമാരയിലുണ്ട്. നല്ലൊരു വെലയ്ക്ക് അതൊക്കെ വേലുപ്പിള്ള സാറു വാങ്ങിച്ചുവെച്ചിരിക്കയാണ്. സാറിന്റെ വീടു പുതുക്കുന്ന പണി നടക്കുന്നതുകൊണ്ടാണ് അതൊക്കെ ഇവിടെത്തന്നെ വെച്ചിരിക്കുന്നത്. ”ആ കട എനിക്ക് ചീട്ടെഴുതി മേടിച്ചുതരാ”മെന്ന് മാപ്ലയെന്നോട് പറഞ്ഞു. ചെറിയൊരു പലവ്യജ്ഞനശാല തൊടങ്ങാന്‍ സഹായിക്കേം ചെയ്യും. മാപ്ലയ്ക്കിതെന്തു പറ്റിയെന്ന് പണിയെടുക്കുന്നതിനിടയിലൊക്കെ ഞാന്‍ ആലോചിക്കുന്നുണ്ട്. ആളൊഴിഞ്ഞ നേരത്ത് പുട്ടിനകത്ത് നല്ലവണ്ണം എറച്ചിക്കറിയൊഴിച്ച് എന്റെ മുമ്പില്‍ വെച്ചുതന്നിട്ട് അങ്ങേരെന്റെ മുമ്പില്‍വന്നുനിന്ന് വായ തൊറന്നു.
”നീയൊരുത്തന്‍ മാത്രമേ ഉടുതുണിയില്ലാതെ അവളെ കണ്ടിട്ടൊള്ള്. നീയതൊന്ന് പറഞ്ഞേടാ കൊച്ചേ…”കുറെനേരം ഞാന്‍ മിണ്ടാതിരുന്നു. എനിക്കു മാപ്ലയോട് ചെടിപ്പ് തോന്നി. ഒരുപാട് നിര്‍ബന്ധിച്ചപ്പോ അന്ന് കണ്ട കാര്യം ഞാന്‍ മുക്കീം മൂളീം ഒരുവിധം പറഞ്ഞു. മാപ്ലയ്ക്കതൊന്നും പോരായിരുന്ന്. തുടയുടെ വലിപ്പോം താഴോട്ടെങ്ങനെയെന്നും പിന്‍ഭാഗത്തിന്റെ കനോം ഒക്കെ വിശദമായിട്ട് ചോദിച്ചു. അങ്ങനെയൊന്നും ഞാനവരെ കണ്ടില്ലെന്നു പറഞ്ഞിട്ടും മാപ്ല വിശ്വസിച്ചില്ല. അതുപോലൊരു സുന്ദരിയെ ഈ എഴുപതുവയസ്സിന്റെടേ കണ്ടിട്ടില്ലെന്നാണ് മാപ്ല പറയുന്നത്. ദോഷമെന്താണെന്നു വച്ചാ ആണുങ്ങളെക്കൊണ്ട് അവളു തൊടീക്കുകേല. ഒരു ദിവസം വേലക്കാരിപ്പെണ്ണുമായിട്ട് അരേലൊരു നൂലുപോലുമില്ലാതെ കെട്ടിപ്പിടിച്ചു കെടക്കുന്ന കണ്ടോണ്ട് കാര്‍ന്നോരുടെ ചെക്കന്‍ വന്നു. അന്നുതന്നെ പെണ്ണിനെ സ്ത്രീധനമായിട്ട് മേടിച്ച പൊന്നടക്കം വീട്ടിലെത്തിച്ച് ചെറുക്കന്‍ പോന്നു. ഞാന്‍ കണ്ണുതുറിച്ച് മിണ്ടാനാവാതെ ഇരിപ്പായിരുന്ന്. ഇതൊക്കെ എന്നോട് പറഞ്ഞിട്ട് ഒരു വലിയ ശ്വാസം വിട്ടുകൊണ്ട് കുട്ടിമാപ്ല, ആരോ മുമ്പിലുണ്ടെന്ന് വിചാരിച്ചിട്ടെന്നപോലെ അങ്ങോട്ട് നോക്കിപ്പറഞ്ഞു.
”പെണ്ണും പെണ്ണും കെടന്നാ എന്നാ ഒണ്ടാക്കാനാ… പെലയാടി..കര്‍ത്താവേ…”
എന്തൊക്കെ അതിശയങ്ങളാണ് ഒരു മനുഷ്യന്റെ ആയുസ്സിനകത്ത് ദൈവം വച്ചിരിക്കുന്നതെന്നാലോചിച്ചുകൊണ്ട് പിറ്റേദിവസം ഞാനെന്റെ വീടിന്റെ തിണ്ണയില്‍ത്തന്നെയിരുന്നു. അമ്മ കുറച്ച് പച്ചയണ്ടി മുറത്തിലിട്ട് എന്റെ മുമ്പീ വന്നിരുന്ന് പൊളിക്കാന്‍ തുടങ്ങി. അണ്ടി സൂക്ഷിച്ച് പൊളിച്ചുകൊണ്ട് ”ഓരോന്നിന്റെ ഉള്ളിലും ദൈവം ഓരോന്നു കുഴിച്ചിട്ടുണ്ടെന്ന്” അമ്മ പറഞ്ഞു. ”മൃഗത്തിന്റെ ഉള്ളീ അതിന്റെ ജീവിതം. മനുഷ്യരുടെ ഉള്ളീ അവരുടെ ജീവിതം. അണ്ടിക്കകത്ത് അതിന്റെ ജീവിതം.” ഞാന്‍ ആലോചിച്ചുകൊണ്ടിരുന്ന കാര്യം അമ്മ പറയുന്നതു കേട്ട് അതിശയപ്പെട്ടുകൊണ്ടിരിക്കുമ്പോ വേലുപ്പിള്ള സാറു വിളിക്കുന്നെന്ന് പറയാന്‍ അങ്ങേരുടെ കാര്യക്കാരന്‍ വീട്ടിലോട്ട് വന്നു. വീട്ടീപ്പണി നടക്കുന്നതുകൊണ്ട് സഹായിക്കാനും വല്ലോം ആകുമെന്നാണു കരുതിയത്. അയാളുടെ സൈക്കിളിന്റെ പൊറകിലിരുന്ന് സാറിന്റെ വളപ്പിലോട്ടു ചെല്ലുമ്പോ മുറ്റത്ത് തല്‍ക്കാലം കെട്ടിയ ഒരു കുടിലിനകത്ത് മലേടെ മുമ്പീ എലിയെന്ന കണക്ക് കൊറേ പൊസ്തകങ്ങളുടെ നടുക്കീ വേലുപ്പിള്ള സാറിരിക്കുന്നു. അപ്പഴും ഏതോ തടിയന്‍ ബുക്ക് വായിച്ചുകൊണ്ടിരിപ്പാണ്. എന്നെ കണ്ട് ബുക്കു മടക്കിവെച്ചു തൊട്ടടുത്ത് ഒഴിഞ്ഞുകെടന്ന കസേരയിലേക്കു ചൂണ്ടി. ഞാന്‍ സാറിന്റെ മുമ്പീ അതുവരെ ഇരുന്നിട്ടില്ല. മടിച്ചപ്പോ നിര്‍ബന്ധിച്ചിരുത്തി. ആ കഥയൊന്നു പറഞ്ഞേടാന്ന് ഇങ്ങേരും ഛര്‍ദ്ദിക്കാന്‍ പോവുകയാണെന്ന് എനിക്കു മനസ്സിലായി. പക്ഷേ… ഞാന്‍ പ്രതീക്ഷിച്ച രീതിയിലല്ല അങ്ങേരെന്നോടത് പറഞ്ഞതെന്നു മാത്രം. കണ്ണടയൂരി ശബ്ദം താഴ്ത്തി വേലുപ്പിള്ള സാര്‍ എന്റെ ചെവിക്കരികിലേക്കു ചുണ്ടുമായി വന്നു.
”മേനാച്ചേരീലെ വേലക്കാരിപ്പെണ്ണ് കൊറച്ച് കാലം ഇവടൊണ്ടായിരുന്നെന്ന് നിനക്കറിയാലോ…”ഞാന്‍ അറിയാതെ തലയാട്ടി.
“അവളുവായിട്ട് എനിക്കൊരു ചിറ്റമൊണ്ടായിരുന്ന്. ആ ഏന്ധ്യാനിയാ പറഞ്ഞത് മറ്റവട ചന്തീല് പൊട്ടിന്റെ വലിപ്പത്തി സ്വര്‍ണ്ണക്കളറൊള്ള മറുകൊണ്ടെന്ന്. ഒള്ളതാണോടാ.”
എനിക്കത് അല്ലെന്ന് പറയാന്‍ തോന്നിയില്ല. ഞാന്‍ നേരെ കേറിയങ്ങ് സമ്മതിച്ചു. മാത്രമല്ല അവിടെയിരുന്നുകൊണ്ട് ഞാന്‍ കൊറേ വച്ചുകെട്ടി ഇല്ലാത്തതൊക്കെ പറഞ്ഞു. സാറിന്റെ ചുണ്ടുവെറയ്ക്കുന്നതും മൂക്ക് വിയര്‍ക്കുന്നതുമൊക്കെ കണ്ട് എനിക്ക് ഉത്സാഹം കൂടി. പറഞ്ഞതുതന്നെ പറയാന്‍ സാറെന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. കൊറേ പ്രാവശ്യം പറഞ്ഞു മടുത്തേപ്പോ ഞാന്‍ വേറേയും കഥകള്‍ പറഞ്ഞു. പലരേം പ്രേമിച്ചതും തൊട്ടതും തൊടാതിരുന്നതും ഒക്കെ. അന്ന് വൈകുന്നേരമാണ് ഞാന്‍ സാറിന്റവടന്നു പോന്നത്. ചോറും ചായേമൊക്കെ സാറുതന്നു. പോരാന്‍ നേരം നൂറിന്റെ ഒരു നോട്ടും. വീട്ടിലോട്ട് പോകുന്ന വഴി നാളെ സാറിനോടു പറയാനൊള്ള കഥകളൊക്കെ ഞാന്‍ ആലോചിച്ചുകൊണ്ടിരുന്നു.
അങ്ങനെയാണ് ഞാന്‍ കഥകളുണ്ടാക്കാന്‍ തുടങ്ങിയത്. ഞാന്‍ പറയുന്ന കഥകള്‍ കേട്ട് കുട്ടിമാപ്ലയും ചെല്ലനും വേലുപ്പിള്ള സാറുമൊക്കെ ഞെട്ടിത്തരിച്ചിരുന്നു. എന്നെത്തേടി കഥകള്‍ കേള്‍ക്കാന്‍ ഒരുപാടുപേര്‍ വന്നുകൊണ്ടിരുന്നു. ഇടക്കാലത്ത് ഞാന്‍ കവലയില്‍ പലവ്യജ്ഞനക്കട തുടങ്ങി. എപ്പോ
ഴും എന്റെ തിണ്ണയില്‍ ആരെങ്കിലുമൊക്കെയുണ്ടാകും. പലരും അവരുടെ കഥ എന്നോടു വന്ന് പറഞ്ഞു. അതുതന്നെ ചെത്തീം ചീവീം പുതിയതാക്കി ഞാന്‍ അവരോടുതന്നെ പറഞ്ഞു. അവസാനമായി ഒന്നുകൂടി മോഷ്ടിക്കണമെന്നു തോന്നിയ ഒരു ഞായറാഴ്ച, അടച്ചിട്ട കുട്ടിമാപ്ലയുടെ കടയ്ക്കകത്തു കയറി പൊസ്തകക്കടക്കാരന്‍ വിട്ടേച്ചുപോയ പൊസ്തകങ്ങളൊക്കെ ഞാന്‍ ചാക്കിനകത്താക്കി. പണ്ട് ഞാന്‍ പൊക്കാനുദ്ദേശിച്ച തടിയന്‍ പൊസ്തകം കണ്ടപ്പോള്‍ കൗതുകത്തോടെ ഞാനതൊന്നു മറിച്ചു നോക്കി. അന്നയാള്‍ എനിക്ക് നീട്ടിയ, ചുരുട്ടി മൂലയിലെറിഞ്ഞ കടലാസുകഷണം അതിനുള്ളില്‍ അടയാളം വെച്ചിരുന്നു. ഞാനാ കടലാസുചുരുള്‍ നിവര്‍ത്തി. അതില്‍ അങ്ങേരന്ന് പറഞ്ഞ കാര്യങ്ങളൊന്നുമായിരുന്നില്ല. ആദ്യത്തെ വരികള്‍ വായിച്ചപ്പോഴേക്കും ഒരുകാരണവുമില്ലാതെ എന്റെ കണ്ണുകള്‍ നിറഞ്ഞു. ‘നീയും ഞാനുമെന്ന യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഒടുവില്‍ നീ മാത്രമായി അവശേഷിക്കാന്‍ പോവുകയാണ് എന്നോ മറ്റോ ആയിരുന്നു അതിന്റെ തുടക്കം. പെട്ടെന്ന് പൊസ്തകക്കടക്കാരന്റെ ബീഡിയുടെ മണം അവിടെ പരന്നതുപോലെ എനിക്കുതോന്നി. ദൂരെ ഏറുവെയിലില്‍ തിളങ്ങുന്ന കഷണ്ടിയുമായി പാട്ടുപെട്ടി സൈക്കിളിന്റെ പിറകില്‍ വെച്ചുകെട്ടി അയാള്‍ പോകുന്നതെനിക്ക് കാണാമായിരുന്നു. നേര്‍ത്ത് നേര്‍ത്ത് ‘സോജാ രാജകുമാരീ’ എന്ന പാട്ടും.
(2019 സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്)
Comments are closed.