DCBOOKS
Malayalam News Literature Website

അടയാളം

ആയിടെയാണ് ഞാന്‍ ആദ്യമായി കട്ടത്. പത്ത് തേങ്ങയായിരുന്നു മോഷണമുതല്‍. മുതലാളിയുടെ പറമ്പുകടന്ന് ഒരു സന്ധ്യയ്ക്ക് വീട്ടിലോട്ട് പോവുകയായിരുന്നു. കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന തേങ്ങ കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. കഞ്ഞിക്ക് ചമ്മന്തിയരയ്ക്കാന്‍ അരമുറിത്തേങ്ങയില്ലാതെ ദൈവത്തിനെ പ്രാകുന്ന അമ്മയെ ഓര്‍ത്തു. എല്ലാം പൊതിയാത്തേങ്ങകളാണ്. മുതലാളിയെപ്പോലെതന്നെ. ഇരുട്ടിയപ്പോള്‍ എവിടന്നോ ഒരു ചാക്ക് തപ്പിയെടുത്ത് പതുക്കെ മുതലാളിയുടെ പറമ്പിലോട്ടിറങ്ങി പത്തുതേങ്ങ ചാക്കില്‍ കെട്ടി വീടിന്റെ പിന്നാമ്പുറത്ത് വന്നു. ഒടിയാനിരിക്കുന്ന പഴയ പാര തപ്പിയെടുത്ത് തേങ്ങ ഓരോന്നായി പൊതിച്ചു.

അപ്പന്‍ പോയപ്പോ പന്ത്രണ്ട് വയസ്സാണ്. വിശന്നാല്‍ മഴക്കാലത്തെ തവളകളെപ്പോലെ പല ശബ്ദത്തില്‍ കരയുന്ന എന്നെയും രണ്ട് ഇളയതുങ്ങളെയും നോക്കാന്‍ അമ്മ ഏതൊക്കെയോ അടുക്കളകളില്‍ പണിയെടുത്തു. ഒന്നും ഒന്നിനും തികയില്ലായിരുന്നു. മൂന്നെണ്ണത്തില്‍ ആണൊരുത്തനായതുകൊണ്ട് പൊതിഞ്ഞുകൊണ്ടുവരുന്ന തീറ്റിമുതലുകളില്‍ മുക്കാല്‍പങ്കും അമ്മ എനിക്കുതന്നെ തന്നു. പെങ്ങമ്മാരും അമ്മയെപ്പോലെതന്നെ വറ്റിവരണ്ടു. എന്നാലും അവരുടെ പാത്രങ്ങളില്‍ ഞാന്‍ കയ്യിട്ടുവാരി. പ്രതിഷേധിച്ചതിന് പെങ്ങമ്മാരെ അമ്മതന്നെ അടിച്ചു. എത്ര വെട്ടിനിരത്തിയാലും എന്റെ ആര്‍ത്തി വീണ്ടും വീണ്ടും മുളച്ചുവന്നു. ഞാന്‍ ഉണരുന്നത് രാവിലെ എന്തെങ്കിലും കഴിക്കാമല്ലോയെന്നാലോചിച്ചുകൊണ്ടായിരുന്നു. രാവിലത്തെ തീറ്റികഴിഞ്ഞാല്‍ അരി തിളയ്ക്കുന്നതിന്റെ ഒച്ചയും താളവും ശ്രദ്ധിച്ച് ഞാന്‍ പുരയ്ക്ക് ചുറ്റും നടന്നു. ആകാശത്തുനിന്ന് അപ്പവും മുട്ടക്കറിയും വര്‍ഷിക്കുന്നത് ഞാന്‍ കിനാവ് കണ്ടു. കുരിശുമായി മലകയറുന്ന മേഘങ്ങള്‍ക്കിടയില്‍നിന്ന് ഇറച്ചിക്കറിയും ചോറുമായി മാലാഖ പ്രത്യക്ഷപ്പെടുമെന്ന് എല്ലാ ദിവസവും വിചാരിച്ചു. അമ്മയും പെങ്ങമ്മാരും അടുപ്പില്‍ വച്ചാല്‍ ഉടനെ കത്തുന്ന കണക്കില്‍ കൂടുതല്‍ ഉണങ്ങിക്കൊണ്ടേയിരുന്നു. ഒരു ദിവസം പട്ടണത്തിലെ ആസ്പത്രിയില്‍ പോയിവന്ന അമ്മയ്ക്ക് ക്ഷയരോഗമാണെന്ന് വീടിന്റെ മൗനം പറഞ്ഞു. പണിയെടുക്കുന്ന വീടുകളില്‍നിന്ന് അമ്മയ്ക്ക് വിലക്കു വന്നു. മറ്റെന്തിനേക്കാളും സങ്കടം എനിക്കതായിരുന്നു. കിട്ടുന്ന എച്ചിലിന്റെ ബാക്കി കഴിക്കാന്‍ വരാറുള്ള തെണ്ടിപ്പട്ടിയെ അന്നാദ്യമായി വീടിന്റെ പിറകില്‍ നിന്ന് ഞാന്‍ കല്ലെറിഞ്ഞോടിച്ചു.

എനിക്ക് തിന്നണമായിരുന്നു. പടരന്‍ പുല്ലുകളും പൊന്തകളും പറിച്ച് വലിയ കെട്ടുകളാക്കി പശുക്കളും വലിയ ആലകളുമുള്ള വീടുകളില്‍ കൊണ്ടുചെന്നു വിറ്റു. പുല്ലിന്‍കെട്ടിന് കനംകൂട്ടാന്‍ അതിനുള്ളില്‍ കാണാത്തവിധം വലിയ മടലുകളോ കൊതുമ്പുകളോ തിരുകി. പലചരക്കോ മീനോ വാങ്ങിക്കൊടുത്ത് പല വീട്ടുകാരുടെയും സഹായിയായി. അവരുടെ അടുക്കളത്തിണ്ണകളിലിരുന്ന് അവര്‍ക്കു വേണ്ടാത്തതെല്ലാം തിന്നു. ചില വീടുകളിലെ വയസ്സുചെന്ന അപ്പാപ്പന്മാര്‍ക്കോ അമ്മൂമ്മമാര്‍ക്കോ ആശുപത്രിയില്‍ കൂട്ടിരുന്നു. തൂമ്പയെടുത്ത് കിളച്ചു. കല്ലും മണ്ണും ചാണകവും ചുമന്നു. മീന്‍ ചുമന്നു. കിട്ടുന്നതിലൊരു പങ്ക് അമ്മയെയും പെങ്ങമ്മാരെയും തീറ്റി.

ആയിടെയാണ് ഞാന്‍ ആദ്യമായി കട്ടത്. പത്ത് തേങ്ങയായിരുന്നു മോഷണമുതല്‍. മുതലാളിയുടെ പറമ്പുകടന്ന് ഒരു സന്ധ്യയ്ക്ക് വീട്ടിലോട്ട് പോവുകയായിരുന്നു. കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന തേങ്ങ കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. കഞ്ഞിക്ക് ചമ്മന്തിയരയ്ക്കാന്‍ അരമുറിത്തേങ്ങയില്ലാതെ ദൈവത്തിനെ പ്രാകുന്ന അമ്മയെ ഓര്‍ത്തു. എല്ലാം പൊതിയാത്തേങ്ങകളാണ്. മുതലാളിയെപ്പോലെതന്നെ. ഇരുട്ടിയപ്പോള്‍ എവിടന്നോ ഒരു ചാക്ക് തപ്പിയെടുത്ത് പതുക്കെ മുതലാളിയുടെ പറമ്പിലോട്ടിറങ്ങി പത്തുതേങ്ങ ചാക്കില്‍ കെട്ടി വീടിന്റെ പിന്നാമ്പുറത്ത് വന്നു. ഒടിയാനിരിക്കുന്ന പഴയ പാര തപ്പിയെടുത്ത് തേങ്ങ ഓരോന്നായി പൊതിച്ചു. പത്തും കഴിഞ്ഞപ്പോള്‍ മടലെല്ലാം ചാക്കിലാക്കി പതുക്കെ പുഴയിലേക്ക് നടന്നു. കെട്ടഴിക്കാതെതന്നെ അത് അടങ്കലോടെ വെള്ളത്തിലിട്ടു. ഒഴുക്ക് അതിനെ നേരേ കൊണ്ടുപോയി മുക്കുന്നത് നോക്കി കുറച്ചുനേരം നിന്നു. മുകളില്‍നിന്ന് ചന്ദ്രനും കുറച്ചു നക്ഷത്രങ്ങളും മാത്രം എന്നെ നോക്കിനിന്നു…

എന്റെ വീടിരിക്കുന്നതിന്റെ രണ്ട് പറമ്പപ്പറത്തുള്ള മേനാച്ചേരിക്കാരുടെ അതിരില്‍ കുടമ്പുളി മരത്തിന്റെ കൂമ്പിലിരിക്കുമ്പോ ഞാനൊരു രഹസ്യം കണ്ടുപിടിച്ചു. മേനാച്ചേരിക്കാരുടെ വീട്ടിലെ വല്യകാരണവരും കുടികിടപ്പ് മേടിച്ച് തൊട്ടുതന്നെ താമസിക്കുന്ന കേലന്റെ കെട്ടിയവളും തെങ്ങിനെടുത്ത തടത്തില്‍ കെട്ടിപ്പിടിച്ചു കിടക്കുന്നു. പുളിമരത്തിന്റെ കൂമ്പിലിരുന്ന് ഞാന്‍ മുകളിലിരുന്ന ദൈവത്തെ നോക്കി ഒന്നുചിരിച്ചു. രണ്ടുതരം ചെയ്ത്തുണ്ടെന്ന് എനിക്കപ്പോഴാണ് ബോധ്യത്തില്‍ വന്നത്. ഒളിച്ചു ചെയ്യുന്നതും, വെട്ടത്തിലുള്ളതും. മനുഷ്യമ്മാര്‍ക്ക് ഇതുരണ്ടും ചെയ്യാതെ ജീവിക്കാന്‍ പറ്റില്ലെന്നും എനിക്കുതോന്നി. അന്നുമുതല്‍ കക്കുമ്പോള്‍ ഞാന്‍ വേറൊരാളായി മാറി. പണിയെടുക്കുമ്പോള്‍ ഇനിയും വേറൊരാള്‍. വെട്ടത്തില്‍ പണിയെടുക്കുമ്പോഴല്ല, ഇരുട്ടത്ത് കക്കുമ്പോഴാണ് കൂടുതല്‍ സന്തോഷം കിട്ടുന്നതെന്നും എനിക്കു മനസ്സിലായി.

കക്കാനും പണിയെടുക്കാനും ഒരുപോലെ ശരീരമെളകണം. രണ്ടുംചെയ്ത് എന്റെ ഊരയും കൈത്തണ്ടയും ഉള്ളങ്കൈയുമെല്ലാം തഴമ്പിച്ചു. ഞാന്‍ ഒത്ത ഒരാണായെന്ന് അമ്മയും പെങ്ങമ്മാരും എന്നോട് പറഞ്ഞു. അതിലും എനിക്കൊരു സന്തോഷമുണ്ടായി. ക്ഷയരോഗത്തിനുള്ള അമ്മയുടെ തടിയന്‍ ഗുളിക കവലയ്ക്കലുള്ള സര്‍ക്കാരു ഡിസ്‌പെന്‍സറിയില്‍ പോയി ഞാന്‍ വാങ്ങിച്ചു കൊടുക്കാന്‍ തുടങ്ങി. കമ്പോണ്ടര്‍ അലിയാരുകുഞ്ഞ് വരാന്‍ ചിലപ്പോഴൊക്കെ താമസിക്കും. അന്നേരം ഞാന്‍ കുട്ടിമാപ്ലയുടെ ചായക്കടയില്‍ കയറി അടുക്കളപ്പുറത്തുള്ള പാത്രങ്ങളും ചെമ്പുമെല്ലാം കഴുകിക്കൊടുക്കും. മൂന്നോനാലോ ചായ പ്രത്യേകമായി എടുത്ത് തൂക്കില്‍വെച്ച് കുട്ടിമാപ്ല എന്നെ ഏല്പിക്കും. തൊട്ടുതന്നെയുള്ള കടക്കാര്‍ക്കു കൊടുക്കാനാണ്. ഏറ്റവും അറ്റത്തൊരു പൊസ്തകക്കടയുണ്ട്. ആ നാട്ടിലുള്ള ആരും അവടന്ന് ഒറ്റ പൊസ്തകംപോലും വാങ്ങിക്കുന്നതു കണ്ടിട്ടില്ലെന്ന് കുട്ടിമാപ്ല പറയാറുണ്ട്. അയാള്‍ക്കുള്ള ചായ പ്രത്യേകത്തില്‍ പ്രത്യേകമാണ്. അത് തൂക്കിന്റെ കൃത്യം സ്ഥലത്ത് വയ്ക്കണം. കടയിലേക്കു കയറിയാല്‍ പൊസ്തകക്കടക്കാരന്‍ മുന്‍ഭാഗം കഷണ്ടി കയറിയ തലയും കണ്ണടയും പൊക്കിനോക്കുക പോലുമില്ല. ചായവയ്ക്കുന്ന ശബ്ദം കേട്ടാല്‍ ചെറുതായി ശരീരമൊന്നനങ്ങിയപോലെ നമുക്ക് തോന്നുമെന്നുമാത്രം. തനി വെള്ളജുബ്ബായും മുണ്ടുമാണ് അങ്ങേരുടെ വേഷം. ആര്‍ക്കും അയാളുടെ പേരറിയില്ലെ
ന്നാണ് കുട്ടിമാപ്ല പറയാറ്. നല്ല വിരിഞ്ഞ കൈപ്പത്തിയും തോളിലെ മുഴുപ്പും എടുത്തുപിടിച്ച നടത്തവുമെല്ലാം കണ്ട് നാട്ടുകാര്‍ അയാളെ രഹസ്യമായി ഫയല്‍വാനെന്ന് വിളിച്ചിരുന്നു. നാട്ടിലെ യൂണിയനാപ്പീസിന്റെ സെക്രട്ടറി ചെറിയാച്ചനാണ് ഉടമസ്ഥന്റെ കയ്യീന്ന് കടമുറി വാടകച്ചീട്ടെഴുതിച്ചു കൊടുത്തത്. കപ്പലിലെ ജോലിക്കാരനായിരുന്നുവെന്ന് ചെറിയാച്ചനോടയാള്‍ പറഞ്ഞുവെന്ന് മറ്റൊരു കരക്കമ്പിയുമുണ്ട്.

ചെറിയ ചെറിയ പണികളില്‍നിന്ന് കുറച്ചു വലിയ അധ്വാനമുള്ള കാര്യങ്ങളൊക്കെ ആളുകളെന്നെ ഏല്പിക്കാന്‍ തുടങ്ങി. ഞാന്‍ തേങ്ങ കട്ട പറമ്പിന്റെ മൊതലാളിതന്നെ വലിയ തേങ്ങാക്കൂമ്പാരം പൊതിക്കാനെന്നെ ഏല്പിച്ചു. പതുക്കെ വീട്ടിലെ പട്ടിണി മാറിത്തുടങ്ങി. അമ്മയ്ക്കും പെങ്ങന്മാര്‍ക്കുമൊക്കെ ഒരുത്സാഹം വന്നു. എങ്കിലും എന്തെങ്കിലുമൊക്കെ കക്കാന്‍ എപ്പഴും എന്റെ കൈതരിച്ചു. ഒന്നും കിട്ടിയില്ലെങ്കില്‍ അറ്റകൈയ്ക്ക് കുട്ടിമാപ്ലയുടെ ചായക്കടയുടെ വലിപ്പിനകത്ത് കയ്യിട്ടു. പക്ഷേ, ഒരു ദിവസം മാപ്ലയത് കണ്ടുപിടിച്ചു. അയാളെന്റെ കൊക്കിനു പിടിച്ചു തള്ളി കടയ്ക്ക് പുറത്താക്കി. പോകാതെ നിന്ന എന്നെ കടയ്ക്കകത്തുള്ള വിറകുകൊള്ളികൊണ്ടെറിഞ്ഞു. എല്ലാരും കേള്‍ക്കാന്‍ പാകത്തില്‍ പച്ചത്തെറി പറഞ്ഞു.

അന്ന് രാത്രിയില്‍ മാപ്ലയുടെ കടയുടെ തൊട്ടുനേരേയുള്ള മതിലില്‍ ഞാനൊരു പണിചെയ്തു. ഒരു ചോക്കുവാങ്ങി നേരത്തേ വച്ചിട്ടുണ്ടായിരുന്നു. പാതിരയില്‍ സെക്കന്റ്‌ഷോ കഴിഞ്ഞ് ആളുകള്‍ പോകുന്നതുവരെ ഇരുട്ടത്തിരുന്നു. ഒന്നുരണ്ട് തീപ്പെട്ടി കരുതിയിട്ടുണ്ടായിരുന്നു. മതിലിന്റെ മുമ്പില്‍ ചെന്നുനിന്ന് തീപ്പെട്ടിയുരച്ച് എഴുതാനാരംഭിച്ചു. കൊച്ചൗസേപ്പ് മകന്‍ കുട്ടിമാപ്ല ഒരു തെണ്ടിയാണ് എന്നാണ് ആദ്യമെഴുതിയത്. പണ്ടെങ്ങാണ്ട് വോട്ട് നടന്നപ്പോ പാര്‍ട്ടിക്കാര് വരച്ച അരിവാളും ചുറ്റികയും മാഞ്ഞുതുടങ്ങിയിട്ടുണ്ടായിരുന്നു. അതിന്റെ മുകളിലാണ് എഴുത്ത്. ആദ്യത്തെ എഴുത്ത് കഴിഞ്ഞപ്പോ അതിനടിയില്‍ കുട്ടിമാപ്ലയുടെ അപ്പന്‍ കൊച്ചൗസേപ്പ് മാര്‍ക്കം കൂടിയതാണ് എന്നെഴുതി. മൂന്നാമത്, കുട്ടിമാപ്ല ചായക്കടയുടെ അകത്ത് മൂത്രമൊഴിക്കും എന്നാണെഴുതിയത്. ഇത്രയും കഴിഞ്ഞപ്പോഴേക്കും തീപ്പെട്ടിയിലെ കൊള്ളിയെല്ലാം ഏകദേശം തീരുകയും എന്റെ കൈ ചെറുതായിട്ടു പൊള്ളുകയും എനിക്ക് കുട്ടിമാപ്ലയോടുള്ള പ്രതികാരം തീര്‍ന്നുപോവുകയും ചെയ്തു.

രണ്ടുദിവസം ഞാന്‍ കവലയിലേക്കു പോയില്ല. മൂന്നാമത്തെ ദിവസം ചെല്ലന്റെ പെട്ടിക്കടയുടെ മൂലയില്‍ ചെന്നുനിന്ന് മതിലിലേക്കു കണ്ണേറ് നടത്തി. ആരും അതൊന്നു നോക്കുന്നതുപോലും ഞാന്‍ കണ്ടില്ല. ഇടയ്‌ക്കൊരു പട്ടിവന്ന് മതിലിനോടു ചേര്‍ന്നുനിന്ന് കാലുപൊക്കി മുള്ളിയശേഷം അതിന്റെ പാട്ടിനുപോയി. കുറെനേരം നിന്ന് മടുത്തപ്പോ ഞാന്‍ ഒന്നും പറ്റിയിട്ടില്ലാത്തതുപോലെ മാപ്ലയുടെ കടയിലേക്കു ചെന്ന് ഒരു ചായയ്ക്ക് പറഞ്ഞു. എന്നെ കണ്ട ഉടനെ മാപ്ല പതുക്കെ നടന്നുവന്ന് എന്റെ മുടിയില്‍ കൂട്ടിപ്പിടിച്ച് പൊക്കിക്കൊണ്ടുപോയി വലിയൊരു ചെമ്പില്‍ നിറച്ചുവെച്ചിരുന്ന വെള്ളത്തില്‍ എന്റെ തലമുക്കി. അതുപോലെതന്നെ പുറത്തേക്കു വലിച്ചുകൊണ്ടുവന്ന് എന്റെ നനഞ്ഞമുടി കൂട്ടിപ്പിടിച്ച് മതിലിലെഴുതിയതു മുഴുവന്‍ മായിച്ചു. മാനക്കേടും കരച്ചിലുംകൊണ്ട് വിറച്ച് ഞാന്‍ പതുക്കെ മാപ്ലയുടെ തിണ്ണയില്‍തന്നെയിരുന്നു. അയാളകത്തുപോയി രണ്ടപ്പമെടുത്ത് അതില്‍ കടലപ്പുഴുക്കും ചാറുമൊഴിച്ച് ഒരു ചായയുമെടുത്തു കൊണ്ടുവന്ന് എന്റെ അരികത്ത് വച്ചിട്ടു പറഞ്ഞു: ”കക്കണമെങ്കി, കനപ്പെട്ടത് കക്കണം.”

തുടര്‍ന്നു വായിക്കാം

പി.എസ്.റഫീഖിന്റെ കഥയുടെ പൂര്‍ണ്ണരൂപം സെപ്റ്റംബര്‍ ലക്കം പച്ചക്കുതിരയില്‍

Comments are closed.